രമണൻ/ഭാഗം ഒന്ന്/രംഗം നാല്
(വനം. ഒരു മരച്ചുവട്ടിൽ രമണനും മദനനും ഇരിക്കുന്നു. ഇടതു ഭാഗത്തായി കളകളാരവത്തോടെ പുളഞ്ഞൊഴുകുന്ന ഒരു കൊച്ചരുവി. ചുറ്റുപാടും പുഷ്പനിബിഡങ്ങളായ വല്ലിപ്പടർപ്പുകൾ. അരുവിക്കരയിൽ ആടുകൾ പുല്ലുമേഞ്ഞുകൊണ്ട് സ്വച്ഛന്ദം വിഹരിക്കുന്നു. സമയം മദ്ധ്യാഹ്നത്തോടടുത്തിട്ടുണ്ട്. രമണന്റെ മുഖം അവ്യക്തമായ എന്തോ ഒരു ശങ്കയെ ദ്യോതിപ്പിക്കുന്നതെങ്കിലും പ്രസന്നവും സുസ്മേരസുന്ദരവുമായി കാണപ്പെടുന്നു.
- രമണൻ
ആനന്ദത്തിന്റെ വെളിച്ചത്തിലിങ്ങനെ
ഞാനെന്നുമെന്നും കഴിഞ്ഞുവെങ്കിൽ!
സങ്കല്പലോകത്തിലെങ്കിലുമിങ്ങനെ
സംഗീതമായിട്ടലഞ്ഞുവെങ്കിൽ!
എന്നോടു ചൊല്ലു, മദന, നീ-യിസ്വർഗ്ഗ-
നെന്നെന്നുമെൻ മുന്നിൽ നില്പതാണോ?
വഞ്ചിതനാകുകയില്ലേ ഞാനിന്നിതിൻ
പുഞ്ചിരി നോക്കി മദിച്ചു നിന്നാൽ?
- മദനൻ
(ദൃഡസ്വരത്തിൽ)
എന്തിനു പേർത്തുമിസ്സംശയ,മാനന്ദ-
ചിന്തകൾകൊണ്ടു നീയാശ്വസിക്കൂ!
അപ്രേമതാരകമേതിരുളിങ്കലും
സുപ്രഭമാക്കും നിൻ ജീവിതാങ്കം!
- രമണൻ
(വികസിച്ച മുഖത്തോടുകൂടി)
നിത്യവുമന്തിയിൽക്കണ്ടിടാറുണ്ടു ഞാ-
നൊറ്റയ്ക്കാപ്രേമസ്വരൂപിണിയെ.
അത്തളിർച്ചുണ്ടിൽനിന്നോമനപ്പുഞ്ചിരി-
പ്പിച്ചകപ്പൂക്കളടർന്നുവീഴും!
മന്ദാക്ഷലോലമാമാ മധുരസ്വര-
ബിന്ദുക്കളോരോന്നും മന്ദമന്ദം
എന്നന്തരാത്മാവിൽ വീണലിയുമ്പോഴേ-
ക്കെന്നെ ഞാൻ തീരെ മറന്നുപോകും!
എന്തൊരു മായാവിലാസമാണോർക്കില-
തെന്തൊരു വിഭ്രമരംഗമാവോ!
- മദനൻ
അല്ലിയലാത്ത രണ്ടുജ്ജ്വലരശ്മിക-
ളുല്ലസൽപ്രേമത്തിന്മേഖലയിൽ
അന്യോന്യം കാണുന്ന രംഗങ്ങളൊക്കെയു-
മിങ്ങനെയുള്ളവയായിരിക്കും!
- രമണൻ
അന്യോന്യദർശനമമ്മട്ടു ഞങ്ങൾക്കൊ-
രന്യൂനനിർവൃതിയേകിയിട്ടും,
നിർണ്ണയ,മംഗുലീസ്പർശനമെങ്കിലു-
മിന്നോളമുണ്ടായിട്ടില്ല തമ്മിൽ-
പങ്കിലമാക്കുകില്ലാ രാഗരശ്മി ഞാൻ
സങ്കല്പരംഗത്തിൽവെച്ചുപോലും!
- മദനൻ
നിൻമനോനർമ്മല്യം ഞാനറിയാത്തത;-
ല്ലെന്നുമതിനെ ഞാനാദരിപ്പൂ!
ആദർശവീണയിൽപ്പാട്ടുപാടുന്ന ര-
ണ്ടാനന്ദതന്ത്രികളാണു നിങ്ങൾ!
എത്താതിരിക്കുമോ, നിങ്ങൾതൻ ചാരത്തു
നിത്യാനുഭൂതിതന്നംഗുലികൾ?
- രമണൻ
മാമകജീവിതാകാശത്തിലുണ്ടു, ര-
ണ്ടോമനത്തോരങ്ങൾ നിർമ്മലങ്ങൾ:
എത്രമാത്രം ശ്രമിച്ചുനോക്കിയാ
നിസ്തുലാമലമാനസൻ!
മാമകാർദ്രനയോക്തിയാലൊരു
മാനസാന്തരമേകി ഞാൻ;
ഒന്നു നീ, മറ്റേതക്കണ്മണി-നിങ്ങളോ-
ടൊന്നിച്ചിതുപോൽക്കഴിയുമെങ്കിൽ
മൃത്യുവിന്നപ്പുറത്തുണ്ടെന്നു കേൾക്കുമാ
സ്വർഗ്ഗവുംകൂടി ത്യജിക്കുവാൻ ഞാൻ!
നിങ്ങളെക്കണ്ടെന്റെ കണ്ണടഞ്ഞീടുകിൽ
മന്നിലെൻ ജന്മം സഫലമായി!
(കാടിന്റെ മറ്റൊരു ഭാഗത്തുകൂടി കൂട്ടുകാരായ മറ്റു ചില ഇടയന്മാർ പ്രവേശിക്കുന്നു. രമണന്റെ സംഭാഷണം പെട്ടെന്ന് നിലയ്ക്കുന്നു. അവർ എല്ലാവരും ഒത്തൊരുമിച്ച് വനത്തിന്റെ വേറൊരു ഭാഗത്തേക്ക് അത്യുത്സാഹത്തോടെ ആർത്തുവിളിച്ചുകൊണ്ടു മറയുന്നു)
(അണിയറയിൽ)
- ഗായകസംഘം
ഏകാന്തകാമുക, നിന്റെ രഹസ്യങ്ങൾ
ലോകം മുഴുവനറിഞ്ഞുപോയി
കുറ്റപ്പെടുത്തലിൻ കൂരമ്പേൽക്കാം പട-
ച്ചട്ട നീ വേഗം തിരഞ്ഞുകൊള്ളൂ!
തങ്കക്കിനാവേ, നീ താലോലിക്കുന്നൊര-
സ്സങ്കല്പലോകമല്ലീ പ്രപഞ്ചം!