രചയിതാവ്:പന്തളം കേരളവർമ്മ/സദാചാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സന്മാർഗമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

സദാചാരം[തിരുത്തുക]

സജ്ജനങ്ങൾ നടത്തും സദാചാര -
മിജ്ജനങ്ങളനുഷ്ഠിക്കുവാൻ സദാ
സജ്ജരാകിലോ ജീവിതയാത്രയിൽ
സജ്ജയം പൂണ്ടു സൗഖ്യത്തെ നേരിടാം

പണ്ടു പണ്ടേ മഹാത്മാക്കൾ ചെയ്‌വതി
ലുണ്ടു വേണ്ടുന്ന വൈശിഷ്ട്യമെന്നു നാം
കണ്ടനുഭവമില്ലാത്തതിലുൾ -
തണ്ടിലെന്നും ദൃഢമായ് ധരിക്കണം

നിഷ്ഠുരത്വം പിടിക്കാതെ സന്മാർഗ-
നിഷ്ഠ പൂണ്ടു നിവസിപ്പി നേവരും
ദിഷ്ട ദോഷമതിനാലകന്നു മേൽ
ദൃഷ്ടമായീടുമെന്നും സുമംഗളം

പ്രാത: കാലത്തിലേ നാമെഴുന്നേറ്റു
പ്രീതരായ് ദേഹശുദ്ധി വരുത്തണം,
ചേതസാതൻ ഗുരുനാഥനേയുമാ
ത്താത മാതാക്കളേയും സ്മരിക്കണം

ഇക്കണക്കിൽ നാം കാണും ജഗത്തിനേ -
യൊക്കെയും ചമച്ചുള്ളോരു ദൈവത്തിൽ
ഉൾക്കളം ചേർത്തു സർവപ്രവൃത്തിയും
സൽ ക്രമത്തിൽ ശുചിയായ് നടത്തണം.

ഹൃത്തിനേറ്റം വിവേകം വരുത്തിടു -
മുത്തമങ്ങളാം ഗ്രന്ഥങ്ങളെ സ്വയം
നിത്യവും നാം പഠിക്കേണമെങ്കിലേ -
കൃത്യ ബോധം ശരിയായ് ഭവിച്ചിടൂ.

ശ്രോത്രദാരുണമാകുന്ന ദുർമൊഴി
ശത്രുവിനോടു മോതാതിരിക്കണം
അത്രയല്ല സമസ്ത ജനത്തൊടും
മിത്ര ഭാവത്തിൽ വർത്തിപ്പതുത്തമം

കൈവശത്തിങ്കലുള്ളതപരർക്കു
മാവതോളം സഹായമാക്കീടണം
ഏവരോടും പ്രിയ വാക്കുരയ്ക്കണം
ദൈവകോപത്തെ നാം ഭയന്നീടണം