രചയിതാവ്:പന്തളം കേരളവർമ്മ/ശുചിത്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സന്മാർഗമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

ശുചിത്വം[തിരുത്തുക]

എല്ലാവർക്കും വൃത്തിചേരും ശുചിത്വം
ചൊല്ലാർന്നീടും കാന്തിപൊന്തിച്ചിടുന്നു
ഫുല്ലാരോഗ്യം കൂടിടാനിന്നു മറെറാ-
ന്നില്ലാമർത്ത്യർക്കംഗശുദ്ധിക്കു തുല്യം.


മാലിന്യത്താൽ മാനവൻ രോഗബാധാ
മാലിന്നേററം പാത്രമായ് തീർന്നുപോകും
മേലിൽ തെല്ലും ശുദ്ധി ചേരാത്തവണ്ണം
ശീലിക്കൊല്ലാ വൃത്തികെട്ടുളള മാർഗം.


പങ്കം പററിപ്പോകിലാമാറ്റുകൂടും-
തങ്കത്തിന്നും കാന്തി കാണുന്നതില്ല
തങ്കൽക്ലാവും മററുമേൽക്കാതിരുന്നാൽ
തങ്കുന്നല്ലോ പിച്ചളയ്ക്കും പ്രകാശം.


സത്തായീടും വൃത്തി ചേരുന്ന ദിക്കിൽ
ചിത്താനന്ദംപൂണ്ടു പൂമങ്ക നിത്യം
അസ്ത്രാശങ്കം കേളിയാടുന്നു; ശോഭാ-
വത്തായ് തീർന്നാലേതിലും പ്രീതികൂടും.


കണ്ടാൽ കൊള്ളില്ലെന്നു വന്നാലവററ
യ്ക്കുണ്ടാകട്ടേ മററു വേണ്ടും ഗുണങ്ങൾ
രണ്ടായാലും വൃത്തിയില്ലാതെ പോയാൽ
കൊണ്ടാടില്ലാമാനവന്മാരശങ്കം.


ചെമ്മേ തങ്ങൾക്കുള്ളതെല്ലാം വിശോധി-
ച്ചുന്മേഷത്തോടേററവും വൃത്തിയാക്കി
തന്മേനിക്കും ശുദ്ധിചേർക്കുന്നതായാൽ
നമ്മേ സ്വൈരം ലക്ഷ്മി താനേ വരിക്കും.


ആരോഗ്യം, ശ്രീ, പുഷ്ടി, സന്തുഷ്ടി,യായു-
ന്നോരോന്നേവം ചേർന്നിണക്കും ശുചിത്വം
നേരോടും നാമാദരിക്കുന്നതായാൽ
സാരോൽക്കർഷം സർവഥാ വന്നുചേരും.