രചയിതാവ്:പന്തളം കേരളവർമ്മ/പൗരുഷം
സന്മാർഗമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
പൗരുഷം
[തിരുത്തുക]പാരിച്ചപൗരുഷമിയന്ന ജനത്തിനിഷ്ടം
പൂരിപ്പതിന്നൊരു ഞെരുക്കവുമേൽക്കയില്ല
പാരിൽ പഠിപ്പുധനമെന്നിവയൊക്കെവന്നു
ചേരുന്നു പുരുഷനു പൗരുഷമൊന്നിനാലേ
ആണത്തമോടുമനുജൻ തുടരുന്നതെല്ലാ-
മാണത്തലെന്നിയെമുറയ്ക്കു ഫലിപ്പതിപ്പോൾ
വേണുന്നതൊക്കെവഴിപോലിഹ വന്നുചേരാൻ
വേനം ജഗത്തിലിഹ പൗരുഷമേതവർക്കും.
ദൈവമ്പ്രമാണമഖിലത്തിനുമെന്നുറച്ചു
പാവം കണക്കിഹ പരുങ്ങൽ നടിച്ചുവാണാൽ
ഏവർക്കുമോർക്കിലൊരു കാമിത സിദ്ധിപോലും
കൈവന്നുന്നതിനു തെല്ലുമെളുപ്പമില്ല
ആവശ്യമുള്ളതഖിലം നിജപൗരുഷത്താൽ
വൈവശ്യമേതുമിയലാതെ വശത്തിലാക്കാം
ഏവം ഹൃദിസ്ഥിരത പൂണ്ടു പരിശ്രമിച്ചാൽ
ദൈവത്തിനും നിയതമായതു ബോധ്യമാവും.
ഇപ്പാരിലേറിയ ബലം കലരുന്ന റഷ്യ-
യ്ക്കുൽപ്പാതമുൽക്കടമിയറ്റിയ പൗരുഷത്താൽ
ജപ്പാൻഭടാഗ്രണികൾ വെന്നു വിശങ്കയെന്ന്യേ
കെൽപ്പാർന്നിടും വിജയഭേരി മുഴക്കിയല്ലോ.
എല്ലാം നമുക്കു വിധിപോലെ വരട്ടെയെന്തെ-
ന്നില്ലാതെയെങ്ങനെ നിനച്ചു മടിച്ചിടാതെ
ചൊല്ലാളിടും പെരിയ പൗരുഷമാശ്രയിപ്പോർ-
ക്കുല്ലാസമോടഖിലവും സഫലീഭവിക്കും.