രചയിതാവ്:പന്തളം കേരളവർമ്മ/കൃതജ്ഞത

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സന്മാർഗമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

കൃതജ്ഞത[തിരുത്തുക]

ഒരുവനിങ്ങു തനിക്കുപകാരമൊ
ന്നൊരുവിധത്തിൽ നടത്തുകിലെന്നുമേ
ചെറുതുമായതുമാനസമേ മറ-
ക്കരുതു നീ കരുതീടണമിന്നതും.

പ്രതിഫലേച്ഛയൊടല്ല നമുക്കു സ-
ന്മതികൾ വല്ലതുമേകുവതെങ്കിലും
അതിനു തക്കതു ചെയ്തിനായി നാ-
മതിരസത്തൊടുനോക്കണമെപ്പോഴും.

ഉപകരിച്ചവനെ പ്രിയമോടു നാ-
മുപചരിക്കണമേതുവിധത്തിലും
ഉപകൃതി സ്മൃതിപൂണ്ടുവസിപ്പതാ
ണുപരിയായ് ശുഭസാധനമേവനും.

ഒരു സഹായമൊരിക്കലൊരുത്തനി
ങ്ങരുളിയാലതു നാം മൃതിയോളവും
കരുതി വാഴുകിലന്യജനങ്ങളും
കരുണപൂണ്ടു നമുക്കു തുണച്ചിടും.

ഉരുളയൊന്നു ലഭിക്കുകമൂലമായ്
പെരുതുനന്ദി വെറും ശുനകങ്ങളും
കരുതലോടിഹ കാട്ടിവരുന്നു ദു
ഷ്പുരുഷരാണു കൃതഘ്നരതോർക്കണം.

നലമിയന്നൊരു തെങ്ങുകൾ മുന്നമേ
ജലമൊഴിച്ചുവളർത്തുക മൂലമായ്
തലയിൽ നൻമധുരോദകപൂർണമാം
ഫലഗണത്തെ വഹിപ്പതുകാൺക നാം.

അകമലിഞ്ഞു തെളിഞ്ഞുതുണപ്പവർ
ക്കകലുഷം ചെറുതായ സഹായവും
പകരമായ് തുടരാത്തവനിൽപരം
പകയൊടും വിധിതന്നെ പഴിച്ചിടും.

പലസുഖങ്ങൾ നമുക്കുതരുന്ന സൽ
ഫലദനായിക ഭൂപതിതന്നിലും
ഉലകുതീർത്തൊരു ദേവനിലും ശരി
ക്കലഘുനന്ദിജനത്തിനുദിക്കണം.