രചയിതാവ്:പന്തളം കേരളവർമ്മ/ഉത്സാഹം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സന്മാർഗമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

ഉത്സാഹം[തിരുത്തുക]

(ഓട്ടൻതുള്ളൽ)[തിരുത്തുക]

ദുസ്സാധകമെന്നാകിലുമുലകിൽ
സത്സാധകമാം കാര്യമശേഷം
നിസ്സാരതവിട്ടുളെളാരു സത്താ-
മുത്സാഹത്താൽ സാധിച്ചീടും.


നീണ്ടുകിടക്കും കടലിന്റെ മറുകര
പൂണ്ടു ധനങ്ങളെ നേടുന്നതിനും
കുണ്ടിനു കുന്നും കുന്നിനു കുഴിയും
രണ്ടും മാറ്റി മറിച്ചീടാനും


പക്ഷികണക്കുവിയത്തിൻ നടുവേ-
തൽക്ഷണമങ്ങു ചരിച്ചീടാനും
അക്ഷതമാററിയൊരുത്സാഹത്താ¬-
ലിക്ഷിതിതന്നിൽ പുരുഷനു സുലഭം.


അയ്യോ ദുർഘടമിതിലേർപ്പെട്ടാൽ
കയ്യോ കാലോ പൊയ്പോയേക്കും
വയ്യായെന്നു ഭയന്നുമടിച്ചാ-
ലയാളെക്കൊണ്ടെന്തിനുകൊള്ളാം?


മേരുവിലെന്തു കടപ്പാൻ വിഷമം
വാരിധികുടിത്തരണം ചെയ്യാം.
പാരിലസാധ്യമായിട്ടൊന്നും
നേരൊടുമുത്സാഹിപ്പവനില്ല.


കുഴിമടി പൂണ്ടാരു മൂലയിലെന്നും
മിഴിയുമടച്ചു കിടന്നാൽ പോരാ
വഴിയും മുത്തൊടുമുത്സാഹികളായ്
കഴിയുംമാതിരി യത്നിക്കേണം.


കാലേക്കൂട്ടി മുറയ്ക്കത്സാഹ-
ത്താലേ ചെയ്‌വതു ഫലവത്താകും
ആലോചിക്കുവിനുത്സാഹിപ്പവ-
നീലോകത്തിൽ സുലഭമശേഷം.


ചൊല്ലാളുന്ന സമുത്സാഹം പൂ-
ണ്ടുല്ലാസത്തോടു വർത്തിച്ചവരിൽ
സല്ലാളിതമാം മംഗള സമുദയ-
മെല്ലാസമയവുമുളവായീടും.