രക്തപുഷ്പങ്ങൾ/രാഗഗീതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വാനിൽ നീളെപ്പാടിപ്പാടിക്കാലം പോക്കും വാനമ്പാടി
വാടിപ്പോയ താരിനോടു ചോദിച്ചിടുന്നു:-
'സുലളിതദലാകുലേ, സുരഭിലസുധാപൂർണ്ണേ,
സുമുഖി, നിൻ മുഖമിത്ര വിളർത്തതെന്തേ?'

ഒരു ചുടുനെടുവീർപ്പമ്മലരിൽ നിന്നുയർന്നത-
ത്തരുനിരകളിൽത്തട്ടിത്തകർന്നിരിക്കാം.
മരുത്തോടിയടുത്തെത്തി മുഖമ്പൊത്താതിരുന്നെങ്കിൽ
മറുമൊഴി പറഞ്ഞേനേ മനോജ്ഞഗാത്രി.
തുടരുന്നു വിഗഹം:- 'നിൻ നില നിനയ്ക്കവേ, മന-
മിടറുന്നി, തെന്നെ നീയിന്നറിയില്ലല്ലീ?
ലസൽച്ചെമ്പട്ടുടുത്തെത്തിച്ചിരിച്ചു നിൽക്കുമിക്കൊച്ചു-
വസന്തത്തിൻ വീട്ടിൽ നിന്നു വരികയാം ഞാൻ.
പലനാളായ് പാടിയിട്ടും ഫലമില്ലാതലയുന്ന
പറവജാതിയിലൊന്നായറിയുകെന്നെ.
പരിഭവമരുതെന്നി, ലൊരു വാക്കു പറയുവാൻ
തരികെനിക്കനുമതി, പനിമലരേ!
ക്ഷണികജീവിതം സഖി, സുഖദമോ, മരണത്തിൻ
ക്ഷണത്തിനു നിനക്കിത്ര കുതുകമെന്തേ?
ഒരു നിശ പിറക്കുവാ, നൊരു പകൽ മരിക്കുവാ,-
നരുതോതാനമലേ, നിൻ വിധിവിഹിതം!

പുലരിതൻ കവിൾക്കൂമ്പും പുളകത്താൽ തുടുപ്പിക്കാൻ
മലരേ, നീ മിഴി തുറന്നുലകിലെത്തി.
ഹിമകണമണിമാല്യമണിഞ്ഞു നീയണഞ്ഞപ്പോൾ
ക്ഷമയുമക്ഷമയായ് നിൻ ഹസിതം കാണ്മാൻ.
പരിതാപഭരിതയായ് പകൽ പോകാൻ തുനിയുന്നു
പരമശോഭനേ, നിന്റെ വിയോഗം മൂലം.
ഒരു പിഞ്ചുമന്ദഹാസം- നിരുപമശ്രീവിലാസം
പര, മിരുൾപ്പര, പ്പയ്യോ ചതിച്ചു കാലം!
കിളിയെത്ര കരഞ്ഞാലു, മളിയെത്ര പറഞ്ഞാലും
ഫലമെന്തു?- ശൂന്യതേ, നീ മദിച്ചുകൊള്ളൂ!
അവസാനപ്രാർത്ഥനയും വിറച്ചീടുമധരത്താ-
ലവശേ, നീയുച്ചരിക്കൂ- പോകട്ടെ ഞാനും!
ഒരു രാഗ ശൃംഖല നാമറിയാതെ നമ്മെ ബന്ധി-
ച്ചിരുന്നതുമിതാ, കഷ്ടം, ശിഥിലമായി!
ഇതിൻശ്ലഥവലയത്താലിനിയുമെത്രയോ തീർക്കാൻ
ക്ഷിതി കരുതിയിട്ടില്ല ശൃംഖലയാവോ!
ശ്മശാനത്തിൻ മാറി, ലലിഞ്ഞെത്ര മണ്ണു മണ്ണടിഞ്ഞു
വിശിഷ്ടപുഷ്പങ്ങളതിലുദിപ്പു വീണ്ടും.
തകരുന്ന തലയോടിൻ തരികളിൽ തഴയ്ക്കുമ-
ത്തകരയും തങ്കത്താലിയണിഞ്ഞു നിൽപൂ!
മരണത്തിൻ മരവിച്ച മറവിയാം മടിത്തട്ടിൽ
മരുവുന്ന മകുടങ്ങൾ മന്ദശോഭങ്ങൾ,
ഒരിക്കൽക്കൂടിയെടുത്തു പുതുക്കുവാനോർക്കാലോകം
തിരിക്കുന്ന കാലം പിന്നെത്തിരിഞ്ഞു നോക്കാ!
ചിരിക്കും നൽത്താരകങ്ങളിരിക്കും വിൺമണ്ഡപത്തിൽ
ചിരിക്കുമ്പോഴെന്നെയെങ്ങാൻ സ്മരിക്കില്ലല്ലീ?
സുമമേ, നീ വിരിഞ്ഞാലും, സുമംഗളം, ദിവ്യനാക-
ദ്രുമമൊന്നിൽ ദർശിച്ചാവൂ തവ വികാസം!! ....

അലരോതി സഗദ്ഗതം: 'പ്രിയസഖേ, നീ കഥിച്ച-
തഖിലവുമറിവൂ ഞാനകക്കുരുന്നിൽ.
പലകാലമിരുന്നാലും, ഞൊടിക്കുള്ളിൽ മറഞ്ഞാലു-
മുലകിനെന്നവതാരം പുതുമയാണോ?
പലതും വന്നുദിക്കുന്നു, ചിലതുപോയ് മറയുന്നു,
നിലയെന്നാലൊന്നുതന്നെ നിയതിക്കെന്നും!
അവൾക്കായിട്ടെനിക്കുള്ളതഖിലവും സമർപ്പിച്ചേ-
നതു മതി;- മറയുവൻ കൃതാർത്ഥനായ് ഞാൻ!
അനേകനാൾ തിരഞ്ഞാലുമണുപോലും ലഭിക്കാത്തോ-
രനഘരത്നങ്ങൾ ഞാനിന്നവനിക്കേകി.
ആ മൽപ്രേമഗീതികൾ ഞാൻ പാടവേ മതിമറന്നു
മാമരങ്ങൾപോലും തല കുലുക്കിപ്പോയി.
തൈച്ചെടികൾ നൃത്തമാടി, കൊച്ചുകാറ്റുമൊത്തുകൂടി,
പച്ചക്കുന്നും മലകളും പകച്ചുനിൽപായ്.
എളിയ ഞാനിളയിങ്കൽ കുളിരൊളി കിളരുമാ-
റിളവെയ്ലിലിതൾ വിടർന്നുയർന്നു നിൽക്കേ
കമനീയകാവ്യലക്ഷ്മി കരനികരത്താലെന്നിൽ
കനിവാർന്നു പൊഴിക്കയായ് കനകമാരി!
ഭ്രമരങ്ങൾ-വെറും കൊച്ചു തിമിരപിണ്ഡങ്ങൾ-എന്നെ
ഭ്രമിപ്പിക്കാനോരോ രാഗമെടുത്തുപാടി.
പലനിറം പതിഞ്ഞുള്ള പത്രപുടം വിരിച്ചോരോ
ശലഭങ്ങളടുത്തെത്തിക്കുശലമോതി.
പരഭൃതം പഞ്ചമത്തിൽപ്പലപല പാട്ടുപാടി,
തരളമാരുതൻ വന്നെൻ തനു തലോടി.
ഇത്രമാത്രം യശസ്സെനിക്കെങ്ങുനിന്നു ലഭിച്ചു?-ഞാ-
നെത്തിയിട്ടു കഴിഞ്ഞിട്ടില്ലൊരു നാൾപോലും!
ഭുവനത്തിൻ മനമൊരു മന്ദഹാസം കൊണ്ടുമാത്രം
കവരുവാനാകുമെന്നു കരുതീലല്ലോ!
ഹൃദയമല്ലാതെനിക്കിങ്ങൊന്നുമില്ലിപ്രപഞ്ചത്തിൽ
സദയം ഞാനതേവനും തുറന്നുകാട്ടി.
മ്ളാനമായി മമ മുഖം മാറിയതു കണ്ടു, പാരം
ദീനയായി മറയുന്നു ദിവസദേവി
അവൾ ചെന്നുമറയുന്ന ശൂന്യതയെത്തന്നെ, യെന്നു-
മധിവസിപ്പതാണെനിക്കെന്തിലുമിഷ്ടം.
ഒരുമിച്ചു പിറന്നവ, രൊരുമിച്ചു പുലർന്നവ-
രൊരുമിച്ചുതന്നെ ഞങ്ങൾ പിരിഞ്ഞീടട്ടേ!
വെറും കൊച്ചു പുൽക്കൊടിയും, വെറുപ്പിയറ്റുവാൻ, മുഖം
കറുത്തൊരു വാക്കുപോലും കഥിച്ചിടാതെ,
ഒഴിഞ്ഞൊരുകോണിൽ വന്നു തൊഴുകൈയുമായിനിന്നു
കഴിവോളം സൗരഭം ഞാൻ പകർന്നു തന്നു.
അഴലിന്റെ നിഴലിലല്ലഴകിന്റെ നിലാവിൽ വീ-
ണൊഴുകണമലയാർന്നെൻ സ്മൃതികൾപോലും!
പ്രകൃതിമാതനുഗഹിച്ചരുളും ഞാനെത്രമാത്രം
സുകൃതിയാ, ണെന്നെച്ചൊല്ലിക്കരയരുതേ!
അശുഭാശങ്കകൾ പെയ്യുമസുഖാശ്രുധാരയി, ലെ-
ന്നവസാനസ്മിതമയ്യോ, നനയ്ക്കരുതേ!
വാനിൽ നി, ന്നെൻ സ്നേഹമോർത്തു ദിവസവും ഭവാനൊരു
ഗാനം ചെയ്താൽ മതി - പോട്ടേ, കൃതാർത്ഥയായ് ഞാൻ!!

ഇതളറ്റാ മലർ മണ്ണിൽക്കൊഴിയവേ- കഠിനമാം
വ്യഥ തിങ്ങിപ്പകൽ മങ്ങി മറഞ്ഞതെങ്ങോ!
നിശ വന്നാമൃദുമെയ്യിലസിതാവരണം ചാർത്തി,
നിഴലുകൾ നിറുകയിൽ ചുംബനം തൂകി.
ഇവ കണ്ടു, മരപ്പൊത്തിൽ, ചിറകടിച്ചഴൽ വളർ-
ന്നവശർദ്രവിഹംഗമം കരഞ്ഞുപോയി!
പിന്നെയുമുദിച്ചു താരം, പിന്നെയും മദിച്ചു കാലം
മന്നിനെന്തു മടുമലർ മണ്ണടിഞ്ഞെങ്കിൽ?
                               -22-11-1932

"https://ml.wikisource.org/w/index.php?title=രക്തപുഷ്പങ്ങൾ/രാഗഗീതി&oldid=64594" എന്ന താളിൽനിന്ന് ശേഖരിച്ചത്