Jump to content

രക്തപുഷ്പങ്ങൾ/പരിവർത്തനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഭാവസാന്ദ്രോദ്യുത്സ്മിതാങ്കിതോത്ഫുല്ലമാം
ജീവിതത്തിന്റെ വസന്തം കഴിഞ്ഞുപോയ്.
എങ്ങോ പറന്നുപോയെന്നിൽനി, ന്നെപ്പൊഴും
സംഗീതധാര ചൊരിഞ്ഞൊരച്ചിന്തകൾ.
എല്ലാം കഴിഞ്ഞു, വിരിഞ്ഞമലരുക-
ളെല്ലാം കൊഴിഞ്ഞു, മറഞ്ഞു പരിമളം!

സ്പന്ദിപ്പതില്ലെൻപരിസരം, സൗന്ദര്യ-
ശിഞ്ജിതത്താലിന്നു, പണ്ടത്തെ മാതിരി.
കാണുമാറില്ല ഞാനിന്നു, വന്നെൻമുന്നിൽ
നാണം കുണുങ്ങുന്ന പൊന്നിൻകിനാക്കളെ.
കൽപനകോടികൾതൻ കണ്മുനകളാ-
ലുൽപലമാലകൾ ചാർത്തിടാറില്ല ഞാൻ.
നീറുന്ന മന്മനം, ഹന്ത ദുഷ്കാലമേ,
നീയെന്തിനേകിയതിപ്പരിവർത്തനം?

കർമ്മക്രമങ്ങൾതന്നുത്തുംഗഭീമമാം
കന്മതിലാണിന്നു, കഷ്ട, മെൻ ചുറ്റിലും
ചൂടും വെളിച്ചവും കേറാത്ത പാഴ്നിഴൽ-
പ്പാടുകൾതൻ പ്രേതലോകത്തിലാണു ഞാൻ.
ഒന്നനങ്ങാൻകൂടി വയ്യെനി,യ്ക്കെൻകാൽക-
ളൊന്നിച്ചുപൂട്ടുമിച്ചങ്ങലച്ചുറ്റിനാൽ!
ശുഷ്കിച്ചുണങ്ങിവരണ്ടൊരക്കങ്ങളെ
ഞെക്കിഞെരടിക്കുഴയുമെൻകൈകളാൽ
മാടിവിളിപ്പൂ ഞാൻ പിന്നെയും നിങ്ങളെ-
മൂടുപടമിട്ട തങ്കക്കിനാക്കളേ!

പ്രജ്ഞയ്ക്കൊരെത്തുംപിടിയും കൊടുക്കാത്തൊ-
രജ്ഞാതമാം ശപ്തസർഗ്ഗപ്രഭാവമേ,
ഈ വിശപ്പിക്കുന്ന ലോകത്തിൽ, മർത്ത്യനാ-
യാവിർഭവിപ്പിച്ചതെന്തിനാണെന്നെ നീ?
നാക്കും പുറത്തിട്ടലഞ്ഞു നടക്കുമാ-
നായ്ക്കൾക്കുപോലും കഴിയാം സ്വതന്ത്രമായ്!
ജീവിതഭാരവും പേറി, യനങ്ങുവാ-
നാവാതിരുന്നു നരകിപ്പതില്ലവ!
ആരുമവയോടസൂയപ്പെടുന്നുമി-
ല്ലാരുമപഹസിയ്ക്കുന്നില്ലൊരിക്കലും.
ജീവിതത്തോടു ചെന്നേറ്റുമുട്ടുമ്പോഴെൻ-
ജീവൻ മുഴുക്കെപ്പരുക്കെറ്റടിവു ഞാൻ.
അൽപേതരോന്മദം താവും ഹൃദയവു-
മശ്രൂബിന്ദുക്കളണിയും മുഖവുമായ്,
മൽപതനത്തിനു സാക്ഷ്യം വഹിക്കുവാൻ
സസ്പൃഹമെത്തുന്നു ചുറ്റും സഖാക്കളും!
എന്തിതോ ലോകം; 'ഇവിടെ ജീവിക്കലാ-
ണെന്തിനേക്കാളും വിഷമം നിനയ്ക്കുകിൽ!! ....

പോകട്ടെ സർവ്വവും, പൊള്ളയായ്ത്തീരട്ടെ
ലോക, മെനിക്കതിലില്ല മേ കുണ്ഠിതം.
മുന്നേക്കണക്കിനി മേലിലു, മാക്കുളിർ-
പ്പൊന്നിൻ കിനാക്കളെൻമുന്നിൽ വന്നാൽ മതി,
ശോകം തുളുമ്പുമെന്നേകാന്തതയിലും
നാകം രചിക്കാനവയ്ക്കുണ്ടു വൈഭവം!
കോമളമാമക്കരസ്പർശമാത്രയിൽ-
ക്കോള്മയിർക്കൊള്ളുമെന്നാത്മാവു കൂടിയും!
നിസ്തുലമാമൊരു നിർവൃതിതൻ ഹൃദ്യ-
മദ്യലഹരിയിൽ മത്തടിച്ചങ്ങനെ,
ആടിയും പാടിയും ശാന്തിതൻ കൽപക-
വാടിയിൽ നീളെ വിഹരിക്കുമെൻ മനം.
ഇന്നിക്കൊടും കൽത്തുറുങ്കിനകത്തുനി-
ന്നെന്നെ നീ കാലമേ വിട്ടയയ്ക്കേണമേ!
                               -29-7-1943.