Jump to content

രക്തപുഷ്പങ്ങൾ/ജീവിതത്തിന്റെ നെടുവീർപ്പ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ന്തിക്കതിരോൻ മറഞ്ഞു, ലോക-
മന്ധകാരത്തിലടിഞ്ഞു.
കാലത്തുതൊട്ടേ നടപ്പാ, ണെന്റെ
കാലുകളയ്യോ, കുഴഞ്ഞു.
ഇന്നിനിയാ മരച്ചോട്ടിൽ, ഞാൻ ചെ-
ന്നൊന്നെൻ നടുവു നീർത്തട്ടെ!

വാഴക്കുടപ്പനിൽത്തത്തിത്തൂങ്ങും
വാവൽക്കിടാവിനെപ്പോലെ,
എൻമുലക്കണ്ണുകൾ ചപ്പിച്ചപ്പി
യിമ്മണികൈക്കുഞ്ഞുറങ്ങി,
എത്രവിശന്നു പൊരിഞ്ഞു, പാവ-
മെത്ര കിടന്നു കരഞ്ഞു!
വീടായവീടൊക്കെത്തെണ്ടിത്തെണ്ടി
നാടൊട്ടുക്കിന്നു ഞാൻ ചുറ്റി;
എന്നിട്ടുരിക്കഞ്ഞിവെള്ളം, കിട്ടീ-
ലെന്നോമൽക്കുഞ്ഞിനു കഷ്ടം!
അല്ലലെരിയുമെൻ നെഞ്ചിങ്കൂട്ടി-
ലില്ല മുലപ്പാലുപോലും!
നിദ്രയിൽക്കൈവിരൽത്തുമ്പും നുണ-
ഞ്ഞെത്രയും ദീനമാം മട്ടിൽ,
മണ്ണിൽക്കിടക്കുമിക്കുഞ്ഞിൻ നേർക്കു
കണ്ണൊന്നയച്ചിടും നേരം,
പെറ്റുപോയില്ലേ ഞാൻ?- അയ്യോ, നീറി-
പ്പൊട്ടുകയാണെൻഹൃദയം.

പിച്ചതെണ്ടീടുവാൻപോലും, തീരെ-
പ്പറ്റാത്തതായ്ത്തീർന്നു ലോകം!
എച്ചിലും കൂടിയില്ലെങ്ങും കിട്ടാ-
നെത്ര മാറിപ്പോയി കാലം!
"നെല്ലില്ല, രിയില്ല, തേയ്ക്കാനെണ്ണ-
യില്ല, തുണിയില്ലുടുക്കാൻ!
ഞങ്ങൾക്കുകൂടിയില്ലൊന്നും- പിന്നെ-
യെങ്ങനെ നിങ്ങൾക്കു നൽകും?"
പാവങ്ങൾ ഞങ്ങൾതൻ നേരേ നോക്കി-
യേവം പുലമ്പുന്നു ലോകം.
ശബ്ദിച്ചിടാതെ ശിരസ്സും താഴ്ത്തി-
ശ്ശപ്തരാം ഞങ്ങൾ തിരിക്കേ,
പട്ടണവീഥിയിലെത്തും നേരം
ഞെട്ടുന്നു മാനസം വീണ്ടും!

ഓരോ കടയിലും കാൺമൂ, പട്ടു-
സാരികൾ വിൽക്കും ബഹളം.
മേൽക്കുമേൽ മറ്റൊരു ദിക്കി, ലരി-
ച്ചാക്കടുക്കീടുന്ന ഘോഷം,
വിറ്റിടുന്നുണ്ടു സുഗന്ധമേറെ
മുറ്റുന്ന കുന്തളതൈലം,
എത്രയ്ക്കു തിക്കും തിരക്കും ചല-
ച്ചിത്രശാലയ്ക്കകത്തിന്നും!
അത്ഭുത, മിപ്പൊഴും കാണ്മൂ, മേന്മേ-
ലശ്വശകടവും കാറും.
നിന്നിട്ടില്ലൊട്ടും, പണക്കാർക്കിട-
യ്ക്കിന്നും വിരുന്നുസൽക്കാരം!
ത്യക്തവിവിക്തമല്ലൊട്ടും, ഹൃദ്യ-
മദ്യാലയോത്സംഗരംഗം!
വൈദ്യുതപ്പങ്കയ്ക്കരികി, ലോരോ
വൈശ്രവണന്മാരിരിപ്പൂ.
ആടലകന്നവർ കാലും നീട്ടി
'റേഡിയോ' കേട്ടു രസിപ്പൂ.
പട്ടിണിക്കാർ ഞങ്ങൾ ചെന്നാൽ, ചൊല്ലാൻ
'യുദ്ധ' മെന്നുണ്ടൊരു ശന്ദം.
'ഇല്ലക്കമ്പാട' ലിതെല്ലാമാണു
കല്ലേറിനേക്കാളസഹ്യം!

വിത്തേശ്വരർക്കല്ല ഞങ്ങൾക്കാണീ
യുദ്ധവും ക്ഷാമവുമെല്ലാം.
ഒട്ടിയിട്ടില്ലവർക്കാർക്കുംതന്നെ-
യൊട്ടും കുടവയറിന്നും,
തപ്തരാം ഞങ്ങളെ നോക്കൂ, ഞങ്ങ-
ളസ്ഥിയും തോലുമായ്ത്തീർന്നു.
ഇല്ല, പാവങ്ങൾക്കുടലിന്നക-
ത്തില്ലിറച്ചിക്കവകാശം!

ഹന്ത, യിക്ഷുദ്രലോകത്തിൽ വന്ന-
തെന്തിനെന്നോമനേ, നീയും?
മന്ദഹസിപ്പിതോ, ഹാ, നീ? -ഉണ്ടോ
മന്ദസ്മിതങ്ങൾ നിനക്കും?
സങ്കലിതോന്മാദമോമൽക്കുളിർ-
ത്തങ്കച്ചിറകുകൾ വീശി,
സ്വപ്നസ്വരൂപിണിമാരാം ലസൽ-
സ്വർഗ്ഗീയദേവിമാരാരാൽ,
ഓരോരോ ചില്ലപ്പഴുതിൽകൂടി-
ച്ചോരുന്ന പൈമ്പാൽനിലാവിൽ,
ഉദ്രസമൂർന്നൂർന്നിറങ്ങി, ച്ചിരി-
ച്ചെത്തുന്നുവോ, നിന്നടുത്തും?
മന്നിൽനിനക്കുമുണ്ടെന്നോ ചില
പൊന്നിൻകിനാക്കളെൻകുഞ്ഞേ?
ആകട്ടെ; നീയെന്തറിഞ്ഞൂ!- നിന്റെ
ലോകത്തിലുണ്ടോ വെളിച്ചം?
വാർമണിപ്പൈതലേ, കഷ്ടം, മന്നി-
ലാർ നിനക്കേകി നിൻജന്മം?
അന്തവുമാദിയുമില്ലാതുള്ളൊ-
രന്ധകാരത്തിൻ ഗുഹയിൽ,
എങ്ങോമറഞ്ഞുകിടപ്പാ, ണെനി-
ക്കിന്നുമജ്ഞാതമസ്സത്യം!
ദേഹത്തെസ്നേഹിച്ചമൂലം, എന്റെ
ദേഹത്തെ വിറ്റു ഞാൻ, കുഞ്ഞേ!
ഭോഗം മെതിച്ചൊരെന്ദേഹം, ഇന്നു
രോഗം മദിക്കുന്ന ഗഹം!
മൽക്കരൾ പൊട്ടി ഞാൻ ചത്താ, ലൊരു
പുൽക്കൊടിയില്ലൊന്നു കേഴാൻ!
ഈ വിധം ജീവിപ്പതേക്കാൾ വീണു
ചാവുന്നതെത്രയോ ഭേദം!

കാളും വിശപ്പിൽ നീ തേങ്ങിത്തേങ്ങി-
ക്കാലടിച്ചാർത്തു പിടയ്ക്കേ;
നിൻമുഖത്തിറ്റിറ്റു വീണോ, രെന്റെ
കണ്ണീർ നീ നക്കിക്കുടിയ്ക്കേ;
അക്കാഴ്ച കാൺകെ ഞാൻ പേർത്തും പേർത്തും
പൊക്കിയിട്ടുണ്ടെന്റെ കൈകൾ,
നെഞ്ഞടിച്ചീടവേ, മേന്മേൽ, നിന്റെ
കുഞ്ഞിക്കഴുത്തു ഞെരിക്കാൻ!
ശക്തിവന്നില്ലെനിക്കെന്നാൽ, നീയെൻ-
രക്തവും മാംസവുമല്ലേ?
കൊല്ലുന്നതാണിതിൽഭേദം, പക്ഷെ
കൊല്ലുമോ?- ഞാൻ തള്ളയല്ലേ?

കഷ്ട, മിതെന്തൊരു ലോകം-ഇതിൽ-
പ്പട്ടിണിക്കാർക്കെന്തു കാര്യം?
വേണ്ട, വേണ്ടീ, ലോകം വേണ്ടേ, വേണ്ടി-
താണ്ടുകൊള്ളട്ടെ കടലിൽ?
കൽപോഗനൈദാഘം കത്തിക്കാളി-
ക്കൽക്കിവരാനെന്തമാന്തം? .....
                               -28-8-1943