Jump to content

രക്തപുഷ്പങ്ങൾ/കൊടുങ്കാറ്റ് കഴിഞ്ഞ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
  • ചോദ്യം:


യുദ്ധം കഴിഞ്ഞു;- പടക്കളത്തിങ്ക, ലീ-
ത്തപ്താശ്രുവും തൂകി നിൽപവളാരു നീ?
അന്തിക്കുരുതി കഴിഞ്ഞതാ കൂരിരുൾ
ചിന്തിക്കറുത്തുതുടങ്ങുന്നു ദിങ്മുഖം.
അസ്ഥിഖണ്ഡങ്ങളെക്കൊണ്ടു നിറഞ്ഞുപോ-
യസ്താഭമായ് നിന്നൊരാകാശ വീഥികൾ.
അന്തിമശ്വാസം വലിച്ചു, മുറിപ്പെട്ടു
നൊന്തു കിടന്നു പിടഞ്ഞ സമീരണൻ.
ഞെട്ടറ്റുവീണു പകലിന്റെ തോപ്പിലെ-
പ്പൊട്ടിച്ചിരിച്ചു കളിച്ച മലരുകൾ-
ഈ ദു:ഖരംഗത്തെ, നിശ്ശബ്ദ, മേകാന്ത-
രോദനംകൊണ്ടു നനയ്ക്കുവോളാരു നീ?

  • ഉത്തരം:


ലോകം മുഴുവൻ മുറവിളി കൂട്ടിയി-
ട്ടാഗതമായതാണീരുധിരോത്സവം!
ആശിച്ചു, മർത്ത്യ, നിയുദ്ധക്കളത്തിലൂ-
ടഭ്യുദയത്തിൻ നടപ്പടികെട്ടുവാൻ!-
പാരിൻ പുരോഗതയ്ക്കങ്കുശമിട്ടിടും
പാരതന്ത്യ്രത്തിനെത്തച്ചുപായിക്കുവാൻ!-
മർദ്ദനമന്ത്രം ജപിച്ചു നശിക്കുന്ന
മർത്ത്യനെ മർത്ത്യനോടേകീകരിക്കുവാൻ!-
പൂതമാം ശാശ്വതശാന്തിതൻ കോവിലിൽ
സ്വാതന്ത്യ്രമണ്ഡപം സജ്ജമാക്കീടുവാൻ!-
എന്നിട്ടുമെന്തായി?- നോക്കൂ, സഹജ, നിൻ-
മുന്നിലൊഴുകുമാ രക്തപ്പുഴകളെ!
മണ്ണിൽ വളം കുറെച്ചേർത്തതല്ലാതെ, യീ
മന്നെന്തിതിൽനിന്നു നേടിയിതുവരെ?
ഇന്നിച്ചിതറിക്കിടക്കും കബന്ധങ്ങൾ
മുന്നോട്ടു നീങ്ങിനിന്നൊന്നു നീ നോക്കുമോ?
ഞെട്ടിത്തെറിക്കുന്നതെന്തേ? - മനുഷ്യന്റെ
പുഷ്ടപരിഷ്കാരലക്ഷ്യങ്ങളാണവ!
നീ വിറയ്ക്കുന്നോ? - നിനക്കു പുകഴ്ത്തേണ്ട
ഭാവിചരിത്രവിജയങ്ങളാണവ!
സംഭ്രമിക്കായ്ക, നവീനശാസ്ത്രങ്ങൾതൻ
സംഭാവനകളാണോ നിണച്ചാലുകൾ!
ഇന്നവയിങ്കലൂടുത്ക്കർഷപൂർത്തിതൻ
പൊന്നിങ്കളിത്തോണി പോവതു കാൺക നീ!

പാരതന്ത്ര്യത്തെക്കഴുകിക്കളയുവാൻ
പാവങ്ങളർപ്പിച്ചു ദേഹവും പ്രാണനും;
വിത്തേശ്വരർക്കോ?- പതിന്മടങ്ങായ്, ക്ഷണം
വിസ്തൃതമായ്ത്തീർന്നു ഭണ്ഡാരവീഥികൾ!
പിന്നെയും ദാസ്യം, ഭയങ്കരദാരിദ്യ്ര-
മുന്നതനാശം പതിതസമ്മർദ്ദനം;
രോഗം, വിയോഗം, മുറിപ്പെട്ട ജീവിതം,
ശോകം, മുറവിളി, ഘോരനിരാശയും!-
നിങ്ങളൊന്നായ്ച്ചേർന്നു സൃഷ്ടിച്ചൊരാ യുദ്ധ-
രംഗ, മിതല്ലേ സമാർജ്ജിച്ച ഭാവുകം?
രക്തഗന്ധത്താലെരിപൊരികൊള്ളുന്നു
ശക്തിതന്നുന്മത്തവേതാളതാണ്ടവം,
ഘോരവിഷപ്പികകൊണ്ടു മൂടിടുന്നു
പാരിന്റെ ശുഭ്രാന്തരീക്ഷവിശുദ്ധിയെ
നീയഭിമാനിപ്പൂ നിൻ ജയപ്രാപ്തിയിൽ,
നീതിതൻ പേരിലീ നിൻശവത്തീറ്റയിൽ
മർത്ത്യര, ല്ലയ്യോ, വെറും വെറുംഗൃദ്ധ്രങ്ങൾ
രക്തം കുടിക്കും ചുടലപ്പിശാചുകൾ!
നിങ്ങളെമ്മട്ടിനിക്കാണു, മെൻനാട്ടിലെ-
പ്പൊന്നിൻപുലരിയെ-സ്വാതന്ത്രദീപ്തിയെ?

ആരു ഞാനെന്നോ?- കവേ, നിഷ്ഫലമെന്റെ
പേരും പറഞ്ഞിന്നു പാടുവോനല്ലി നീ?
എന്നെ, ഞാനായി, നീ കണ്ടിട്ടുകൂടിയി-
ല്ലിന്നോളവും - വൃഥാ തെറ്റിദ്ധരിച്ചു നീ
എന്നെ, യല്ലെൻ നിഴലാണു നീ കണ്ടതീ
മന്നി, ലെന്നാടു വിണ്ണാ, ണകന്നാണു ഞാൻ!
യുദ്ധത്തിനെക്കൊണ്ടൊരിക്കലുമാവുകി-
ല്ലുദ്ധരിച്ചീടാൻ സമാധാനനീതികൾ;
എന്നെ പ്രതിഷ്ഠിച്ചു പൂജിച്ചു സേവിക്കു-
കൊന്നായി നിങ്ങൾ മനസ്സിന്റെ കോവിലിൽ
ഞാനുതിർത്തീടും വെളിച്ചത്തു കണ്ടിടാം
മാനവത്വത്തിൻ മഹിമവിശുദ്ധികൾ!
എന്റെ കണ്ണിൽകൂടി നോക്കീടുകിൽ
കണ്ടിടാമൊന്നായ് വിഭിന്നരാം മർത്ത്യരെ!
എന്തിനും മാപ്പുകൊടുക്കാൻ, കരുണയാർ-
ന്നെന്തും മറക്കാൻ, പഠിപ്പിച്ചിടുന്നു ഞാൻ.
ശാന്തികിടക്കുന്നതൈക്യത്തിലാ, ണാത്മ-
കാന്തി വർദ്ധിപ്പൂ സമഭാവസക്തിയിൽ!
നേരിൻ നിറകതിർ വീശുവോളാണു ഞാൻ
പാരിലൈശ്വര്യം വിതയ്ക്കുവോളാണു ഞാൻ,
എന്നും സമത്വം പുലർത്തുവോളാണു ഞാൻ.
എന്നെയാരാധിക്കു, കെന്മുന്നിൽ നിങ്ങൾ വ-
ന്നൊന്നായ്ക്കരംകോർത്തു നിൽക്കുവിനേവരും!
അന്നു നിങ്ങൾക്കു കാണായ്വരും സ്വാതന്ത്യ്ര-
സുന്ദരസുപ്രഭാതത്തിൻ കുളിരൊളി.
അന്നേ മനുഷ്യൻ മനുഷ്യനാകു, നിങ്ങ-
ളന്നോളവും ശവംതീനിക്കഴുകുകൾ!

ആരു ഞാനെന്നോ?-പറയാം കവേ, തവ
ചാരുവിശാലസങ്കൽപത്തിനപ്പുറം,
തൂവെൺകതിരൊളി വീശി, മനുഷ്യനെ
ദേവനാക്കീടുമാ 'പ്രേമ' മാകുന്നു ഞാൻ!!!
                                        -24-1-1937