Jump to content

രക്തപുഷ്പങ്ങൾ/ആ കൊടുങ്കാറ്റ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

രിവെയ്ലേറ്റെറ്റയേ്യാ, സർവ്വാംഗം പൊള്ളുന്നല്ലോ
വരുനീ, വരുവേഗം, വർഷത്തിൻ കൊടുങ്കാറ്റേ!
ഉൽക്കടപ്രഭാവോഗനായ നിന്നിടിവെട്ടിൽ
ചക്രവാളാന്തമ്പോലും ചിതറിത്തെറിക്കട്ടെ!
ഒന്നൊന്നായ് പൊടിമണ്ണിൽ ഞെട്ടടർന്നടിയട്ടേ
പൊന്നിന്റെ ഗർവ്വം കാട്ടി മിന്നുമാ നക്ഷത്രങ്ങൾ!
ഇല്ലൊരു സമാധാനമിങ്ങെങ്ങും- ചുറ്റും വെറും
പൊള്ളലാ, ണടങ്ങാത്ത ദാഹമാണിവിടത്തിൽ
ഉമിനീർപോലും വറ്റിവരളും തൊണ്ടയ്ക്കക-
ത്തമരാനാവതുള്ളു പൊട്ടീടും ഞെരക്കങ്ങൾ
നിമിഷം തോറും മേന്മേലെൻ ചുറ്റും പൊതിയുന്നൂ!
നിയമം വടിയോങ്ങി, 'നിശ്ശബ്ദ' മെന്നോതുന്നു!
മർത്ത്യസംസ്കാരത്തിന്റെ നേട്ടമാണത്രേ, സാധു-
മർദ്ദനം, പരിഷ്കാരമാണത്രേ, രക്തോത്സവം!
അരുതിപ്പൊരിവെയിലിലിനിയും കഴിക്കുവാൻ
വരുനീ, വരുവേഗം, വർഷത്തിൻ കൊടുങ്കാറ്റേ!

കാലികളേക്കാൽ കഷ്ടം നിങ്ങ, ളെൻ സഹജരേ,
കാലിലാക്കിടക്കുന്ന ചങ്ങല കാണുന്നില്ലേ?
ഒന്നതുപൊട്ടിക്കാതെ നിങ്ങളായ്ത്തീരാൻ നിങ്ങൾ-
ക്കെന്നിനിക്കഴിയും?- ഹാ, പരതന്ത്രന്മാർ നിങ്ങൾ.
അടികൊണ്ടനങ്ങാതെ ഭാരവും പേറിപ്പോവൂ-
മടിമക്കഴുതകളല്ലല്ലി, കഷ്ടം നിങ്ങൾ!
നമിക്കാൻ മാത്രം നിങ്ങൾക്കുണ്ടൊരു ശിര, സ്സെന്തും
ക്ഷമിക്കാൻ മാത്രം വേണ്ടി സ്പന്ദിക്കും നെഞ്ഞിങ്കൂടും.
സ്തുതികീർത്തനം പാടാനുണ്ടൊരു ജിഹ്വാനാളം
സതതം ദാസ്യചെയ്യാനുണ്ടൊരു കരാഞ്ചലം
എന്നിട്ടും സർവ്വജ്ഞരാണെന്നാണു ഭാവം നിങ്ങൾ-
ക്കെന്നിനി നോക്കിക്കാണും നിങ്ങൾ നിങ്ങളെത്തന്നെ?

ഭാവശുദ്ധകളെന്ന കീർത്തിമുദ്രയും ചാർത്തി-
ഭാരതാംഗനകളേ, ഞെളിയുന്നല്ലോ നിങ്ങൾ!
സീതയും, സാവിത്രിയും, ഭാമയും ഞങ്ങൾക്കുണ്ടെ-
ന്നോതിയാൽക്കഴിഞ്ഞെന്നോ നിങ്ങൾതൻ സമാധാനം?
അക്കഥയെല്ലാമിരുന്നിന്നയവിറക്കിയാ-
ലുത്ക്കർഷമായെന്നാണോ നിങ്ങൾതന്നഭിമാനം?
മാമരത്തണലത്തു വട്ടമിട്ടേവം നിന്നു
മാവേലിപ്പാട്ടും പാടിക്കൈകൊട്ടിക്കളിക്കുമ്പോൾ
മന്മഥൻ മഷിതേച്ചമട്ടെഴും നീലോജ്ജ്വല-
ക്കൺമുന മിന്നൽപ്പിണരോരോന്നായെറിയുമ്പോൾ,
മുത്തണിപ്പൊന്മാലകൾ മാറിൽ വീണുലഞ്ഞുല-
ഞ്ഞൂത്തും ഗവക്ഷോജങ്ങളിളകിത്തുളുമ്പുമ്പോൾ,
അറിയാ, തതു കണ്ടിട്ടെൻ മിഴികളിൽപ്പേർത്തും
നിറയുന്നൂ ഹാ ചുടുകണ്ണീർക്കണികകൾ!
അമൃതം തുളുമ്പുമപ്പോർമുലക്കുടം, നിങ്ങൾ-
ക്കടിമപ്പുഴുക്കളെപ്പാലൂട്ടിപ്പോറ്റാനല്ലേ?
താമരത്താരൊത്തൊരാക്കൈയുകൾ, ദാസന്മാരെ-
ത്താരാട്ടു പാടിപ്പാടി, ത്തൊട്ടിലാട്ടുവാനല്ലേ?
കർമ്മധീരരാമേറെ മക്കളെ പ്രസവിച്ച
കർമ്മഭൂവേ, നീ നിരാധാരയാണെന്നോ വന്നു?

ചെന്നിണം പെയ്തെങ്ങെങ്ങും വിപ്ലവക്കനൽ മേഘ-
മെന്നെന്നും പടിഞ്ഞാറു നടന്നാൽ മതിയെന്നോ?
ഒന്നിതിങ്ങോട്ടേയ്ക്കെത്തിനോക്കുമ്പോഴേയ്ക്കും ത്യാഗ-
തുന്ദിലേ, ഭാരതാംബേ, നീ മുഖം പൊത്തുന്നെന്തേ?
പണ്ടത്തെ 'ശ്ശിബി'കളും'രന്തിദേവ' രുമാരും
കണ്ടിടാനില്ലിന്നെങ്ങും 'വ്വേനർ' മാത്രമേയുള്ളൂ!
സ്വന്തസോദരന്മാർതൻ ഹൃദ്രക്തമൂറ്റിക്കുടി-
ച്ചന്തസ്സിൽ തല പൊക്കുമന്തകന്മാരേയുള്ളൂ!
പാടത്തു പണിചെയ്യും പട്ടിണിക്കാരെപ്പേർത്തും
പാദത്താൽച്ചവിട്ടുന്ന പാപിഷ്ഠന്മാരേയുള്ളൂ!
അവർ നിൻ സുതന്മാരാണെങ്കിലെ, ന്താദ്യം ഞങ്ങൾ-
ക്കവരെ- ക്കുറച്ചിട കണ്ണടച്ചാലും മാതേ!

ആ രക്തക്കളമെല്ലാം വറ്റിപ്പോം, ഞൊടിക്കുള്ളി
ലാരമ്യാമൃതസരസ്സാഗതമാമങ്ങെല്ലാം
മുന്നിലക്കാണും കുന്നും കുഴിയും നീങ്ങിപ്പച്ച-
മിന്നിടും സമതലമുയരും സസ്യാഢ്യമായ്!
അവിടെപ്പാടിപ്പാടിപ്പറക്കും ക്ഷേമത്തിന്റെ
പവിഴക്കതിർ കൊത്തിത്തിന്നുകൊ, ണ്ടാശ്വാസങ്ങൾ
ദാസനാഥന്മാരറ്റോരാ നവനാകത്തിങ്കൽ
ഭാസുരേ, നീ രാജിയ്ക്കും സ്വച്ഛന്ദം, സ്വതന്ത്രയായ്!
ഇപ്പൊരിവെയില,ത്തമ്മേ, നിന്നു നീ കേഴുന്നല്ലോ!
കൽപിക്കുകൊന്നാ, വർഷക്കൊടുങ്കാറ്റടിയ്ക്കട്ടേ!
                               -12-2-1938