യേശുവേ! നീയൊഴിഞ്ഞെനിക്കു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
                      ക്രിസ്തുയേശുവിൽ പ്രശംസിക്ക
                                (ഫിലി.3:3)

ഡപ്പാ ആദിതാളം
                                    (എ)

1. യേശുവേ നീയൊഴിഞ്ഞെനിക്കു പുകഴാനില്ലാ മറ്റാരുമെ
   ദാസൻ നിന്നെ കണ്ടീടുന്നു മഹി-മാസനത്തിൻ വലഭാഗേ

2. നീയിറങ്ങിവന്നെന്നുള്ളിൽ നിൻ സിംഹാസനമിട്ടിരിക്കുന്നു
    ആയതെന്നുമെനിക്കു വിശ്വാസമായ് ഭവിക്കട്ടെ എൻ പ്രഭോ!

3. നിൻ വിശുദ്ധാത്മാവാലെന്നെയഭിഷേകം ചെയ്ക എന്നേശുവേ!
   നിൻ പരിശുദ്ധാവിയിന്മന്ദിരം ഈയടിയൻ താൻ നിർണ്ണയം

4. എന്നിലെന്നും കുടികൊണ്ടെന്നേശുകർത്തനേ- നീ, പുകഴ്ത്തുക
    നന്ദിയോടെ വണങ്ങുന്നിതാ നിൻ-സന്നിധിയിങ്കലെന്നുമേ

5. യേശുവിൻ ഭംഗി ഓരോന്നെന്നെ നീ കാണിക്ക വിശുദ്ധാത്മാവേ
   പാശങ്ങളറത്തെന്നെ നീ ജഡ-ദോഷത്തിൽനിന്നു രക്ഷിക്ക

6. എന്നുടെ മുഴുപ്രശംസയുമെൻ യേശുവിൽ മാത്രമാകട്ടെ
    എന്നുമെന്നെ നിൻ ആത്മാവു പരിപാലിച്ചു നടത്തീടട്ടെ

7. ആത്മാവിൽ വന്ദിക്കുന്നതെന്നെ പഠിപ്പിക്കയേശുരാജനെ
    ആശ്രയം ജഡം തന്നിലൊട്ടും കടന്നീടാതെ രക്ഷിക്കുക.
                         (ബി)
8. എന്നുടെ അന്തരംഗത്തിൽ പരി-ശുദ്ധൻ വാസം ചെയ്യുന്നതു
   എന്നുമെന്നിൽ സ്ഥിരവിശ്വാസമതായ് ഭവിക്കേണമേശുവേ!

9. എന്നിൽനിന്നേശു ദൂരമല്ലവൻ എന്നകമതിൽ പാർക്കുന്നു
    തന്നാത്മാവു വെളിപ്പെടുത്തി തൻ തേജസ്സെന്നിൽ കാണിക്കുന്നു

10. ആത്മാവാൽ ഞാൻ മുഴുവനും ഭരിക്കപ്പെട്ടീടുന്നേരമെന്നിൽ
     ആത്മാവു താനിച്ഛിക്കയും ക്രിയതാൻ നടത്തുകയും ചെയ്യും

11. ജഡമായതിൻ ക്രിയകളപ്പോൾ മരിക്കുന്നനുനിമിഷം
    ജഡം ക്രൂശിന്മേൽ ശാപമുള്ളോരു വസ്തുപോൽ ഭവിച്ചീടുന്നു

12. എന്തു ചൊല്ലുന്നു ദൈവമേ! ഈ വിധം നിന്നനുഗ്രഹമെല്ലാം
     സന്തതം വാങ്ങി നിന്നെ സ്തുതിച്ചങ്ങല്ലേലൂയ്യാ ഞാൻ പാടുമേ.