മൗനഗാനം/ഒരു കത്ത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മൗനഗാനം
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ഒരു കത്ത്
[ 32 ] ഒരു കത്ത്

രിശുദ്ധസൗഹൃദപൂരം-പൂണ്ടു
പരിചിൽ നിൻലേഖനസാരം.
മമ ചിത്തഭൃംഗം നുകർന്നു-ചിന്താ-
മലരണിത്തോപ്പിൽപ്പറന്നു.
പരിപൂതസ്നേഹമരന്ദം-പൂശി
പരിമളം വീശിയമന്ദം
തവ രമ്യലേഖനസൂനം-കാവ്യ-
തരളതയാലാകമാനം.
ഹൃദയം കവർന്നു ലസിപ്പൂ-ജീവൻ
മദഭരം മന്ദഹസിപ്പൂ!
അനുപദസാന്ത്വനസാന്ദ്രം-അതെ-
ന്തനവദ്യനിർവാണകേന്ദ്രം!
അതിനിതാ നല്കുന്നേനാദ്യം-ഞാനെ-
ന്നനുമോദനാർദ്രാഭിവാദ്യം!

പരമാർത്ഥസ്നേഹത്തിൻ സത്തേ!-വെല്ക
കരുണതൻ ചെന്തളിർത്തൊത്തേ!
സതതം. ഞാൻ താവകമിത്രം-നീയെൻ-
സമുചിതവാത്സല്യപാത്രം!
തണൽവിരിച്ചത്യനുകൂലം-ശാന്തി
തളിരിട്ടുനില്ക്കുമിക്കാലം.
അതിനുടെ ചോട്ടിലിരിക്കാം-നമു-
ക്കതുമിതുമോതി രസിക്കാം!
അണിയാം വിവിധപ്രതാപം-പക്ഷേ,
ക്ഷണികമിജ്ജീവിതദീപം.
വിരലുകൊണ്ടെന്നാലും തൊട്ടാൽ-പൊള്ളു-
മിരുളാണതെങ്ങാനും കെട്ടാൽ.
നിലനില്ക്കുമസ്വല്പകാലം-പക്ഷേ,
വിലസുമതുജ്ജ്വലശ്രീലം.
കരിപിടിപ്പിക്കായ്ക ലേശം- അതിൻ
കനകപ്രഫുല്ലപ്രകാശം!

[ 33 ]

പൊരിയുക മേല്ക്കുമേൽ സ്നേഹം-കാന്തി-
ത്തിരയിൽ മുങ്ങട്ടാത്മഗേഹം!
ഇതു നിത്യമുള്ളിൽ സ്മരിക്കൂ-ദേവി,
സതതം നീ ശാന്തി ഭജിക്കൂ!

തവ ചിത്തം പുല്കിയെന്നുൾപ്പൂ-ഞാനും
തരസാ മറുകത്തയപ്പൂ.
സകലസൗഭാഗ്യസമേതം-വെല്ക
സഹജേ, നീ സഞ്ചിതാമോദം!
വിജയം നേർന്നേവം സുശീലേ! - ജ്യേഷ്ഠൻ
വിരമിച്ചിടുന്നു വിമലേ!

(To Miss T.R.Vimala)
40
ആയിരംകൂട്ടമനുനയമോർത്തുകൊ-
ണ്ടാമണിത്തെന്നലടുത്തിടുമ്പോൾ
മൊട്ടിട്ട മുല്ലപോലെങ്ങാനും ഞാനൊന്നു
തൊട്ടാൽ,ക്കുണുങ്ങു,മക്കോമളാംഗി
മിന്നലുലയുന്ന കണ്ണേറിനാലവ-
ളെന്നെയനങ്ങാതുടക്കിനിർത്തും.
പെട്ടെന്നു തൂവെള്ളിപ്പൂക്കളുതിർത്തപോൽ
പൊട്ടിച്ചിരിച്ചവൾ കണ്ണു പൊത്തും!

-29-3-1935
41
കർത്തവ്യലോപം നിമിത്തം, നിജാധീശ-
കർക്കശശാപേന കാന്താവിയുക്തനായ്,
അസ്തംഗതപ്രഭാവാപ്തനായ് മേവിനാൻ
ദുസ്തരക്ലേശം സഹിച്ചൊരുവത്സരം,
ജാനകീദേവതൻ സ്നാനസമ്പൂതമാം
കാനനതീർത്ഥങ്ങളുല്ലസിച്ചങ്ങനെ
ശ്യാമളച്ഛായാതരുക്കൾ നിറഞ്ഞിടും
രാമഗിരിയിലൊരേകാന്തകാമുകൻ.

ജായാവിയുക്തപരവശൻ, ഭ്രംശിത-
ജാതരൂപോജ്ജ്വലകങ്കണഹസ്തവാൻ
ദീനനായ് മാസങ്ങൾ മൂന്നുനാലമ്മട്ടി-
ലാനയിച്ചാനാ നഗത്തിലക്കാമുകൻ.
ആഷാഢമാസപ്രഥമദിവസത്തി-
ലാശ്ലിഷ്ടസാനുവായാകമ്രരൂപമായ്

[ 34 ]

ഉത്തുംഗമാം കൊടുമ്പാറയെ നേരിട്ടു
കുത്തുപിടിച്ചു കൂത്താടിസ്സകൗതുകം
ഖേലനലോലനായ് മേവും ഗജത്തിനെ-
പ്പോലെ കണ്ടാനൊരു കാളമേഘത്തിനെ.
കാമിതോൽപാദനകാരണമാകുമാ-
ക്കാർമുകിൽപ്പൂൺപിന്റെ മുന്നിലെ,മ്മട്ടിലോ
വിസ്തംഭിതാത്മബാഷ്പാർദ്രനായാർത്തനായ്
വിത്തേശ്വരൻതന്നനുചരനാമവൻ
ചിന്തയിലാണ്ടുകൊണ്ടേറെനേരം മനം
നൊന്തുനൊന്തങ്ങനെ നോക്കിനിന്നീടിനാൻ.
കേവലം കാർമുകിൽ കാൺകെപ്പകർന്നുപോം
ഭാവം മനസ്സിൽ സുഖികൾക്കുപോലുമേ;
ഓമൽപ്രിയാശ്ലേഷസക്തനാം ദൂരസ്ഥ-
കാമുകൻതൻ കഥ പിന്നെയെന്തോതുവാൻ?

(അപൂർണ്ണം)


3-1-1941
42
മഹിതസേവനമന്ദാരദാരുവിൻ
മലർവിരിച്ച മരതകച്ഛായയിൽ
അവശലോകത്തെയാനയിച്ചാനയി-
ച്ചവധിയില്ലാത്ത ശാന്തിയേകി സ്വയം
അനുദിനം മാനവോൽക്കർഷപൂർത്തിത-
ന്നടിയുറപ്പിനായർപ്പിച്ചു ജീവിതം
വിലസുമുജ്ജ്വലനായകതാരക-
വിമലഹീരമേ, നീണാൾ ജയിക്ക നീ!

വിവിധഭാവന തട്ടിയുണർത്തുമീ-
നവസുമംഗളഷഷ്ടിപൂർത്ത്യുത്സവം,
ജനിതമോദം നവോൽക്കൃഷ്ടംജീവിത-
ജയപതാക പറത്തിടട്ടെന്നുമേ!
പരിചരിച്ചിടട്ടങ്ങയെസ്സന്തതം
പരമസൗഭാഗ്യപൂർത്തികൾ മേല്ക്കുമേൽ!
(മന്നത്തു പത്മനാഭപിള്ളയുടെ ഷഷ്ട്യബ്ദപൂർത്തി സംബന്ധിച്ചു കൈനിക്കര കുമാരപിള്ളയുടെ അപേക്ഷപ്രകാരം, എറണാകുളം മഹാരാജകീയകലാശാലയിൽ പഠിക്കുമ്പോൾ എഴുതിക്കൊടുത്ത മംഗളാശംസ)"https://ml.wikisource.org/w/index.php?title=മൗനഗാനം/ഒരു_കത്ത്&oldid=38720" എന്ന താളിൽനിന്ന് ശേഖരിച്ചത്