മേഘദൂതം വിവർത്തനം
കാളിദാസന്റെ സന്ദേശകാവ്യമായ "മേഘസന്ദേശം" മലയാളം വിദ്വാനും സംസ്കൃത പണ്ഠിതനുമായിരുന്ന അന്തരിച്ച മുഖത്തല ജി.അർജ്ജുനൻ മന്ദാക്രാന്ത വൃത്തത്തിൽ തന്നെ വിവർത്തനം ചെയ്തിരിക്കുന്നു.
പൂർവ്വഭാഗം
[തിരുത്തുക]
കർത്തവ്യത്തിൻ പിഴയിലൊരു സംവത്സരം കാന്ത വേറായ്
വർത്തിച്ചീടാൻ ധനപതി വിധിച്ചീടിനാൽ പ്രാഭവം പോയ്,
പാർത്താൻ യക്ഷൻ ഗുരു വിരഹിയായ് സീതനീരാടി നന്നായ്
തീർത്ഥം ചേർന്നത്തണലെഴുമൊരോ രാമഗിര്യാശ്രമത്തിൽ.
അന്നപ്പാവം പ്രിയയൊടു പിരിഞ്ഞാധിയാലാ മുഴങ്കൈ-
തന്നിൽനിന്നും കനക വളയൂർന്നൊട്ടു മാസം കഴിച്ചാൻ;
കുന്നിൻചോട്ടിൽ പുതിയ മുകിലെ,ക്കൊമ്പുകുത്തിക്കളിക്കും
നന്നായ് ക്കൊമ്പന്നഴകിനൊടുകണ്ടാടിമാസാദ്യ നാളിൽ
ചിന്താധീനൻ കുതുകമരുളും കൊണ്ടലിൻ മുന്നിലപ്പോൾ
സന്താപത്തെച്ചിതമൊടകമേ വച്ചവൻ നിന്നുപോയി;
ചന്തം ചേരും മുകിലു സുഖിയെപ്പോലുമസ്വസ്ഥനാക്കും;
കാന്താശ്ളേഷം പരമഭിലഷിച്ചീടുവോർക്കെത്രയാകും?
മാലാൽ വർഷാഗമമതിലവൾ ക്കേതുമാപത്തെഴാം, തൻ-
മൂലം സ്വന്തം കുശലമവനിൽക്കുടിയെത്തിച്ചിടാനായ്,
പാലപ്പൂക്കൾ പുതിയവയതിൻ മുന്നിലർപ്പിച്ചു മോദാൽ
ചാലെപ്പൂജിച്ചിനിയ മൊഴിയാൽ സ്വാഗതം ചെയ്തു ചൊന്നാൻ.
ധൂമം കാറ്റും ജലമനലനും ചേർന്നൊരീ മേഘമെങ്ങോ?
ധീമാൻമാരാൽ വിരുതൊടു നടത്തേണ്ട സന്ദേശമെങ്ങോ?
കാമാർത്തന്മാർ ചെറുതുമറിയാ ജീവനിർജ്ജീവ ഭേദം
കാമം നേടാനിതുവിധമപേക്ഷിച്ചു മേഘത്തൊടായാൾ.
"ഇഷ്ടം പോൽത്തൻ വടിവിയലുവോൻ, പുഷ്കലാവർത്തകത്തിൻ
ശ്രേഷ്ഠം വംശേ ജനിത, നമരാധീശ ഭൃത്യൻ ധരിപ്പേൻ;
ദിഷ്ടക്കേടാൽ പ്രിയയൊടു പിരിഞ്ഞെന്റെ യഭ്യർത്ഥനം നീ
ശ്രേഷ്ഠൻ ചെയ്യായ്കിലുമതു ഗുണം, നീചർ ചെയ്യുന്നതേക്കാൾ.
സന്തപ്തൻമാർക്കഭയമരുളും മേഘമേ! ദൂരെയാമെൻ
സന്ദേശം കൊണ്ടളകയിലണഞ്ഞെൻ പ്രിയയ്ക്കേകിയാലും;
പൂന്തോട്ടത്തിൽ മരുവിന ശിവൻ മൗലിയിൽ ചേർത്തു ചൂടും
വെൺതിങ്കൾപ്പാലൊളിയിലഴകാ മേടകൾ കാൺക ഭംഗ്യാ.
നിന്നെക്കണ്ട ക്കുറുനിരയുയർത്തി പ്രിയം നോക്കി നിൽക്കേ
'വന്നെത്തീടും പ്രിയനുടനേ' യെന്നിഷ്ടമാരാശ്വസിക്കും;
അന്യാധീനർക്കൊഴികെയൊരുവന്നാകുമോ വിട്ടുപോവാ-
നെന്നെപ്പോൽത്തൻ കമനിയെ, മഴക്കാലമിങ്ങെത്തി നിൽക്കേ.
നേരം യാത്രയ്ക്കതി ശുഭ, മിതാ വാതവും നിൻ വഴിക്കായ്
സാരംഗങ്ങൾ കള രവ മുതിർക്കുന്നിടം കോണിലിപ്പോൾ;
ചേരും നിന്നോടിണയണി നിരന്നങ്ങു സേവിക്കുവാനായ്
പോരും മാരോത്സവ നിരതരായ് വാനിൽ വെള്ളിൽപ്പിറാക്കൾ.
കാണാമിന്നസ്സതിയെ യുടനേ യെത്തിയാൽ, നാളുമെണ്ണി
പ്രാണൻ പേറിക്കഴിയുമവൾ നിൻ സോദരൻ തൻ കളത്രം;
വീണീടാ മക്ഷണമൊരു സുമം പോലെഴും സ്വന്ത ജീവൻ
ത്രാണം ചെയ്യുന്ന ബലകൾ വിയോഗത്തിലും മോഹബദ്ധർ.
നന്നായ്ഭൂവിൻ പെരുമ വെളിവാക്കും വിധം കൂണുയർത്തും
നിൻ നാദത്തെ ക്കുതുകമൊടു കേട്ടങ്ങു കൈലാസ മാർഗ്ഗേ
നിന്നോടൊപ്പം കമലവളയം ചുണ്ടിലേന്തിപ്പറക്കു-
ന്നന്നങ്ങൾ നിൻ വഴിയിലുളവാം മാനസത്തിന്നു പോകാൻ.
നേരേമുന്നിൽ പതിവിലണയും നിന്നെ മോദേന കണ്ടാൽ
തീരും ദുഃഖം, പ്രിയമൊടുടനാനന്ദ ബാഷ്പം പൊഴിക്കും
ശ്രീരാമൻ തൻ ചുവടുകൾ പതിഞ്ഞുള്ളൊരീ പർവ്വതത്തെ-
പാരം പുൽകീട്ടുടനേ വിടയും സാദരം ചൊല്ലി നീങ്ങൂ.
പോവാൻ നേരാം വഴിയുമുരചെയ്യേണ്ട സന്ദേശവും ഞാ-
നാവും മട്ടോതുവനതുരസം നല്കു;മീയാത്രയിങ്കൽ
മേവീടാമങ്ങിടയിൽ മലകൾ തോറുമാ ക്ലേശമാറ്റാൻ,
സേവിച്ചീടാമരുവികളിലെ സ്സ്വച്ഛനീർ ദാഹമാറ്റാൻ.
പൊങ്ങിപ്പോമ്പോൾ കൊടുമുടി കൊടുങ്കാറ്റിലാപ്പെട്ടതാമെ-
ന്നെങ്ങും സിദ്ധാംഗനകൾ ഭയമാർന്നമ്പരന്നങ്ങു നോക്കും;
ദിങ്നാഗത്തിൻ പിടിയിലമരാതങ്ങു മാനത്തു പൊങ്ങി
നീങ്ങേണം നീ രസനിചുളമീ ദിക്കിൽ നിന്നേറെ വേഗം.
മുറ്റും രത്ന പ്രഭ കലരുമാ മട്ടെഴും മാരിവില്ലാ-
പുറ്റിൻ മേലായ് പെരിയൊരഴകിൽക്കാണു, മക്കാന്തി നിന്മേൽ
പറ്റീടുമ്പോൾ കരിനിറമെഴും നിന്റെ മെയ് പീലി ചൂടും
കറ്റക്കാറിൻ നിറമുടയ ഗോപാലനെപ്പോൽ വിളങ്ങും.
ഗ്രാമീണപ്പെൺകൊടികൾവിളയേകുന്ന നിന്നെക്കടക്കൺ-
സാമർത്ഥ്യം തെല്ലളവിലറിയാ കണ്ണിനാലാസ്വദിക്കും;
നീ മന്ദം, മണ്ണെഴുതു മണമാർന്നുള്ള പാടം കടന്നി-
ട്ടാമാലം വിട്ടതുവഴി പടിഞ്ഞാട്ടു;പോകാം വടക്കായ്.
വെള്ളം ചീറ്റിപ്പലവുരു വനം തീയിൽ നിന്നങ്ങു രക്ഷി-
ച്ചുള്ളോനാം നീ വിവശമണയെ ത്താങ്ങുമങ്ങാമ്രകൂടം
തള്ളാറില്ലങ്ങധമനു മൊരാളാശ്രയിച്ചെത്തീടുമ്പോൾ;
ഉള്ളം നല്ലോർ ചരിതമുപകാരിക്കു നേർക്കെന്തു പിന്നെ?
മാവിൻകൂട്ടം പഴമൊടുനിറഞ്ഞും തടങ്ങൾ മറഞ്ഞും
മേവും കുന്നിൽ കരികുഴൽ നിറം ചേർന്ന നീ ചേർന്നിടുമ്പോൾ
ദേവീദേവർ, നടുവതുകറുത്തങ്ങു ചുറ്റും വെളുത്തും
ഭൂവിന്നോലുന്നരിയ കുചമായ് ക്കാണുമപ്പർവ്വതത്തെ.
കാട്ടാളപ്പെൺകൊടികളമരും കുഞ്ജമാർന്നുള്ള മേട്ടിൽ,
വാട്ടം തീരുന്നതുവരെയിരുന്നൊട്ടു പെയ്തിട്ടു പോകൂ;
മുട്ടിച്ചിന്നിശ്ശിലകളിൽ വലഞ്ഞീടുമാ 'രേവ'കാണാം
ത്വിട്ടോടാനയ്ക്കുടലിലെഴുതും ഭസ്മരേഖയ്ക്കു തുല്യം.
തൂവിത്തീർന്നാൽ കരിമദ സുഗന്ധത്തൊടും ചാഞ്ഞുവീഴും
ഞാവൽത്തുമ്പാലിടറിയൊഴുകും രേവ തൻ നീർകുടിക്കാം;
ആവില്ലെന്നാൽ പവനനിനിയും നിന്നെ വിണ്ണിൽപ്പറത്താൻ;
കൈവന്നീടും ഗുരുത നിറവാൽ, ശൂന്യമാകിൽ ലഘുത്വം.
സാരംഗങ്ങൾ, ശബള സുഭഗം, പൂക്കടമ്പിൽ രസിച്ചും
തീരംതോറും മുളയിൽ മലരാർന്നുള്ള പുൽനാമ്പു തിന്നും
ആരണ്യത്തിൽ ചെറുമഴ പൊഴിച്ചങ്ങു നീ പോയ മാർഗ്ഗം
പാരിൻ ഗന്ധം പലവഴി മണത്തും സദാ വ്യക്തമാക്കും.
എൻ താപം ക, ണ്ടലിവൊടുഴറിപ്പോകിലും പാലപൂക്കും
ഗന്ധം വീശും മലകളിൽ ഭവാൻ തങ്ങിയാൽ താമസിക്കും;
സന്തോഷത്തിൻ നിറമിഴിയുമായ് സ്വാഗതം ചെയ്യുമപ്പോൾ
ചന്തം ചേരും സ്വരമൊടു മയിൽ ക്കൂട്ട, മങ്ങേറ്റു പോകൂ.
പൊട്ടും മൊട്ടാൽ വിളറി നിറയും കൈത വേലിപ്പടർപ്പും
കൂട്ടിൻ വേലക്കലപിലയൊടേ കാകനാർക്കും മരങ്ങൾ
ഒട്ടേ നാൾകൾ പുലരുമരയന്നങ്ങൾ ചേർന്നുള്ള ഞാവൽ-
ക്കാട്ടിൽ ചേലും കനികൾ നിറയും മട്ടു കാണാം ദശാർണ്ണം.
ആ രാജ്യത്തിൻ നഗരി വിദിശാപട്ടണം, പാരിലെങ്ങും
പേരേറും നാ, ടവിടമരുളും പൂർണ്ണമാം കാമുകത്വം നിനക്കും
തീരത്തിൽ നീ, രവമൊടണയേ 'വേത്ര' തന്നോളമോലും
നീരം മോന്താം പുരികമൊടിയും നാരിതൻ ചുണ്ടുപോലെ.
പാരം "നീചൈസ്സ്", മലനിര നിറഞ്ഞുള്ള നീപങ്ങളാൽ നിൻ
സാരംസംഗം പുളകമവനിൽ ചേർത്തപോൽ കാണുമപ്പോൾ
വാര സ്ത്രീകൾ രതി പരിമളം ശൈല ഗേഹങ്ങൾ തോറും
പൗരന്മാരിൽ യുവത പുളയും മട്ടു കീർത്തിക്കുമേറ്റം.
ആറ്റിൻ വക്കിൽ കുറുമുഴി വളർന്നുള്ള പൂങ്കാവിലെല്ലാം
നീറ്റിൻ പുത്തൻ കണിക ചൊരിയൂ മുല്ലമൊട്ടിന്നു നന്നായ്
ഊറ്റും വേർപ്പെ, ശ്രവണ കുസുമം വാട്ടു മാറൊപ്പുവോർ തൻ
നീറ്റൽ മാറ്റാൻ നിഴലു പകരൂ തെല്ലു പൂക്കാരി മാരിൽ.
പിന്നീടല്പം വഴിവളയുകിൽ പേരെഴും നാടവന്തി-
തന്നിൽച്ചെല്ലാ, മവിടെ മണിമേടപ്പുറക്കാഴ്ച കാണാം;
മിന്നൽ വീശീട്ടൊളി വിതറവേ ഭീതരായ് നിന്നിലെയ്യും
കന്നൽക്കണ്ണിക്കട മിഴികൾ നീ പാഴിലാക്കീടിൽ മന്ദൻ.
ഓളം കൊണ്ടങ്ങിളകു മരയന്നങ്ങളാം കാഞ്ചി ശബ്ദി-
പ്പോളായ്, നാഭിച്ചുഴിയലസമായ് കാട്ടി നിർവിന്ധ്യ നീങ്ങും
കോളായ് ക്കൊള്ളാമവളൊടു രസം, നാരിമാർക്കിഷ്ടമേറു-
ന്നാളിൽ പ്രേമപ്രകടന മതാണാദ്യ മാധുര്യ വാക്യം.
വറ്റിച്ചാലായ് ജലമൊഴുകിലും തീര വൃക്ഷം പൊഴിച്ചി-
ട്ടാറ്റിൽ വീണുള്ളിലകൾ ജടതീർത്തീടിലും കാമ്യയാൾ താൻ
ഏറ്റം വൈകീട്ടണകിലുമുടൻ വർഷപാതത്തിനാലേ
പോറ്റെണം നീയവളെ, വിരഹ ക്ലിഷ്ടതൻ പോഷണം പോൽ.
മാർഗ്ഗം പിന്നിട്ടുദയന യശസ്സോതിടും വൃദ്ധരോടും
ചീർക്കും സമ്പത്തികവൊടുമെഴും നൽപ്പുരം കാൺകവന്തി;
സ്വർഗ്ഗം പൂക്കോർ തിരികെ വരവിൽ, ശിഷ്ട പുണ്യം നിമിത്തം
സ്വർഗ്ഗത്തിൽത്തെല്ലവരിവിടെ യെത്തിച്ചതാണ പ്പുരത്തെ.
ഇമ്പംകോലും മദഭര മരാളസ്വരം ചേർന്നു,മെന്നും
സമ്പർക്കത്താൽ കമലമലരിൻ തൂമണത്താൽ നിറഞ്ഞും
സംഭോഗത്തിൻ വിവശതയൊഴിച്ചിടുമാ 'ശിപ്ര' തൻ കാ-
റ്റൻപാൽ വീശും പ്രണയ ചടുവാക്കോതിടും കാമുകൻ പോൽ.
ഡംഭാൽ സ്ത്രീകൾ ചികുരമൊഴിയും ഗന്ധധൂപങ്ങളേൽക്കാം,
വമ്പിപ്പിക്കാം തനുവെ, മയിലിൻ ഹർഷനൃത്തം സ്വദിക്കാം;
ചെമ്പഞ്ഞിച്ചാറടികൾ പതിയും മേടമേൽ വിശ്രമിക്കാം,
സമ്പത്തേകുന്നഴകു നുകരാം, പൂമണം ഹൃദ്യമേൽക്കാം.
മാനിച്ചീടും ഗണനിര, ഭവാനാ മഹാകാള ഭൂവിൻ
സ്ഥാനം ചേർന്നാൽ ശിവഗളമതിൻ കാർഷ്ണ്യമെന്നോർത്തു നിന്നെ
സ്നാന ദ്രവ്യം, കുമുദമിവതൻ, തൂമണം ചേർന്ന കാറ്റ-
ന്യൂനം വീശും വനിയിൽ സുഖദം, ഗന്ധവത്യാറ്റിൽ നിന്നും.
സന്ധിച്ചീടാം പകലിലവിടെന്നാകിലും തങ്ങണം നീ-
യന്തിക്കർക്കൻ മറവതു വരെപ്പുണ്യമാമസ്ഥലത്തിൽ;
സന്ധ്യാ പൂജയ്ക്കവിടെയിടിയാൽ തപ്പു കൊട്ടിടീലീശൻ
സന്തോഷത്താൽ കനിയു, മതിനാൽ പൂർണ്ണസാഭല്യമുണ്ടാം.
രത്നക്കൽ ക്കൈവളയൊളി പതിഞ്ഞുള്ള വെഞ്ചാമരത്തിൻ
തായ് തണ്ടാട്ടിഗ്ഗണികളരഞ്ഞാൺ കിലിങ്ങീടുമാറായ്
നൃത്തം വയ്ക്കേ നഖമുറിവുതൻ നീറ്റലാറ്റാൻ കുളിർ നീർ
വീഴ്ത്തും നിന്മേൽ ഭ്രമര നിരപോൽ ചാർത്തിടും നൽക്കടാക്ഷം.
നൃത്തോദ്യുക്തൻ ശിവനുടെ ഭുജോത്തുംഗ വൃക്ഷങ്ങളിൽ നീ
വൃത്തത്തിൽച്ചേർന്നമരുക കടും ചെമ്പരത്തിച്ചുവപ്പായ്
മത്തേഭത്തിൻ ചുടുനിണ മുണങ്ങാത്ത തോലിങ്കലാശ
ഭക്തൻ നിന്നാൽ ശിവനു കുറയും ദേവി സന്തുഷ്ടയാകും.
തൂശിക്കേറാൻ പഴുതിലിരുളാൽ പാതകാണാതെ രാവിൽ
ക്ളേശിച്ചീടും തരുണിക, ളവർ ഭർത്തൃഗേഹം ഗമിപ്പൂ;
വിശാം മിന്നൽ നികഷമതിലെത്തങ്കരേഖയ്ക്കു തുല്യം,
ലേശം പോലും മഴയുമിടിയും കൊണ്ടു ഭീതിപ്പെടുത്താ.
കാന്തന്മാർ തന്നപഥഗമനം കൊണ്ടു തൂകുന്ന ബാഷ്പം
കാന്തയ്ക്കൊപ്പും പതികൾ പുലരിൽ, കൈവിടുന്നൂ സൂര്യമാർഗ്ഗം;
ചെന്താരാകും നളിനിവദനം പേറിടും മഞ്ഞു കണ്ണീർ
മന്ദം മായ്ക്കും രവി, യതു തടഞ്ഞാലവന്നീർഷ്യയുണ്ടാം.
'ഗംഭീരാ'റ്റിൻ വിമല ഹൃദയം പോലെഴും നീരിൽ നിൻമെയ്
ബിംബിക്കേണം സുഭഗ നിഴലായെങ്കിലും; നിന്നിലപ്പോൾ
ആമ്പൽച്ചേലാർന്നിളകിന പരൽമീൻ കടാക്ഷങ്ങൾ വീഴും
വമ്പാൽ നീയങ്ങതിനെ ഫലമില്ലാതെയാക്കൊല്ല തോഴാ!
മിന്നും മിന്നൽ പ്രിയയൊടവശൻ, പ്രാക്കൾ ചേക്കേറീടും വീ-
ടിന്നും മേലായിരവിലവിടെത്തങ്ങണം വിശ്രമിക്കാൻ;
പിന്നെസ്സൂര്യന്നുദയമഴകിൽ ക്കണ്ടുടൻ ശിഷ്ടമാർഗ്ഗം
പിന്നിട്ടിടാം; പ്രിയജനഹിതം ചെയ്യുവോർ വൈകുകില്ലാ.
തെല്ലൊന്നാറ്റിൻ കരയര വിടും നീല നീർച്ചേല, വഞ്ഞി-
ച്ചില്ലത്തുമ്പാം കരമതിൽ വഹിച്ചീടുമ്പോൾ തൻരസത്തെ,
വല്ലാതേറ്റം നുകരുകിൽ ഭവാനായിടാ പോയിടാനായ്;
നല്ലാൾ മദ്ധ്യം തുകിലകലുകിൽ പോരുമോ സ്വാദറിഞ്ഞോൻ.
പുത്തൻമാരിക്കുയരു മിളതൻ ഗന്ധമൻപോടിയന്നും
മത്തേഭത്തിൻ ശ്വസന നിനദം ചേർന്നു, മക്കാട്ടിലെങ്ങും
അത്തിക്കായ് കൾ പരിചൊടു പഴുപ്പിച്ചു ശീതാർദ്രമായും
പുത്തൻകാറ്റാ സുരഗിരിയണഞ്ഞീടവേ നിന്നെ വീശും.
ദേവൻ സ്കന്ദൻ മരുവുമവിടെ, പുഷ്പമേഘങ്ങളായ് നീ
തൂവേണം വിൺനദിജലമണിഞ്ഞുള്ള പൂവർഷമപ്പോൾ
ദേവേന്ദ്രൻ തൻപടയുടെതുണയ്ക്കായ് സ്വതേജസ്സുദേവ-
ദേവൻ വഹ്നിക്കഴകൊടു സമർപ്പിച്ചതാം ദിവ്യമൂർത്തി.
വൃത്തത്തിൽ നല്ലഴകു പൊഴിയും പീലി ചൂടുന്നു ഗൗരി
പുത്രസ്നേഹാൽ, കൂവളമണിയും കാതിലാഹ്ളാദ പൂർവ്വം;
അത്യാനന്ദം ഗുഹയിലിടിയാലേറ്റി ശർവ്വേന്ദു ചന്തം
വർദ്ധിപ്പിക്കും മയിലിനെ ഭവാൻ നൃത്തമാടിച്ചിടേണം.
വന്ദിക്കേണം ഗുഹനെയവിടെ, സിദ്ധ വീണാധരർതൻ
ദ്വന്ദ്വം പായും ഭയമൊടു ജലം വീണയിൽ വീണിടാതെ,
ചിന്തും ഗോവിൻ രുധിരമതിനാൽ രന്തിദേവന്റെ കീർത്തി-
ബന്ധം ചേരും നദിയിലുടനേ താണു തീർത്ഥം കുടിക്കാം.
ശ്രീനാഥൻ തൻ നിറമപഹരിച്ചോരു നീ പുണ്യതീർത്ഥം
പാനം ചെയ്കേ യവളെയകലെക്കൊച്ചുചാൽപോലെ കാൺകെ
വാനോരെണ്ണും മണിയൊരിഴയായ് നേർനടുക്കിന്ദ്ര നീലം
നൂനം കോർത്തിട്ടവനിയണിയും മുത്തുമാലയ്ക്കു തുല്യം.
വല്ലീലീലയ്ക്കഴകിലിളകും ചില്ലിയോടൊത്തു പായും
മെല്ലേ മേലായ് മിഴി കറുകുറെക്കാന്തിപൂരം പൊഴിക്കും
മുല്ലപ്പൂവിൻ ചലനഗതിയിൽ വണ്ടുപോൽ സഞ്ചരിക്കും
നല്ലാർനോട്ടം ദശപുരമതിൽ, സ്വീകരിച്ചങ്ങു പോകൂ.
ബ്രഹ്മാവർത്തം കഴിയുമുടനേ കണ്ടിടാം കൗരവൻമാർ
തമ്മിൽത്തല്ലിക്കുലമൊടു മുടിഞ്ഞക്കുരുക്ഷേത്ര ലക്ഷ്യം
എമ്മട്ടോ നീ കമല മലരിൽ മാരിയേൽപ്പിച്ചിടുന്ന-
തമ്മട്ടായിട്ടരി മുഖമതിൽ പാരമമ്പെയ്തു പാർത്ഥൻ.
ബന്ധുക്കൾ തന്നടരിൽ വിമുഖൻ രാമ, നപ്പാന പാത്രേ
കാന്താ നേത്രം തെളിയുമിതമാം മദ്യവും കൈ വെടിഞ്ഞാൻ;
സന്തോഷിച്ചാൻ വിമലതര സാരസ്വതം തന്നിൽ നീയും
അന്ത:ശുദ്ധിക്കതു നുകരുകിൽ ബാക്കിയാം ബാഹ്യകാർഷ്ണ്യം
ശൈലേന്ദ്രങ്കൽ കനഖല സമീപം പിറന്നോരു ഗംഗ
ചാലെക്കാണാം സഗര സുതർ തൻ സ്വർഗ്ഗ സോപാനമായോൾ
കാലുഷ്യത്താൽ പുരികമൊടിയും ഗൗരിയെ വെണ്ണൂരച്ചാർ-
ത്താലേ നിന്ദിച്ചിളകു മലയാ ലീശ കേശം പിടിച്ചോൾ.
ആറ്റിൽ നീ ദിഗ്ഗജസമ മുടൽ പിൻ പുറം വാനിലാക്കി
നീറ്റിൽത്താഴും മറുപുറവുമായ് നീർ കുടിക്കാൻ ശ്രമിക്കേ
പറ്റീടും നിൻ നിഴൽ തെളി ജലത്തിങ്കലാ ശോഭ, ദേശം-
തെറ്റിച്ചേരും യമുനയവളോടെന്നപോൽ ത്തന്നെ തോന്നും.
നൽക്കസ്തൂരിമണമെഴുമിടം ഗംഗയാറുത്ഭവിക്കും
ദിക്കായ്, മഞ്ഞിൽ ഹിമഗിരി വിരാജിച്ചിടും വെൺമയോടേ;
തീർക്കാം യാത്രാ വിഷമ, മവിടെ ത്തങ്ങിയാൽ നീ വിളങ്ങും
മുക്കണ്ണൻ തൻ ധവള വൃഷഭം കൊമ്പിലേന്തുന്ന ചേർ പോൽ.
ചീറും കാറ്റിൽ ചളർ മരമുരഞ്ഞഗ്നി ബാധിച്ചു ചുറ്റും
പാറുമ്പോഴാ ചമരിയുടെ വാൽ കാട്ടുതീ പെട്ടു വെന്താൽ
ചീറിപ്പെയ്തിട്ടുടനതു ശമിപ്പിക്കണം; സജ്ജനങ്ങൾ-
ക്കേറും സമ്പത്തവശനു വിപത്തിൽ സഹായത്തിനല്ലോ?
ശൈലാഗ്രത്തിൽ തവ വഴി തടഞ്ഞങ്ങപായം വരുത്താൻ
മേലേയ്ക്കായെട്ടടി മൃഗമുടൻ ചാടി വന്നാക്രമിച്ചാൽ
ആലിക്കായ് കൾ തുരുതുരെയെറിഞ്ഞങ്ങു പായിക്കണം, പാഴ്-
വേലയ്ക്കാർക്കും വരുമനുഭവം നിന്ദയാമെന്നു നൂനം.
ശോഭിച്ചീടുന്നവിടെ വിശദം ശംഭുവിൻ പാദമുദ്ര,
സേവിച്ചീടും മുനികളതിനെ, ച്ചുറ്റി വന്ദിക്ക നീയും;
പാപം തീർന്നിട്ടുടലിനു വിനാശം ഭവിക്കുന്ന കാലം
പ്രാപിച്ചിടാം പരമ പദ, മേതാൾക്കുമാ ദർശനത്താൽ.
ചൂളം മൂളും സുഷിരമുളകൾ കാറ്റിനാൽ, കിന്നര സ്ത്രീ
ജാലം പാടും ത്രിപുര വിജയം രമ്യമായ സ്ഥലത്തിൽ;
താളം കൊട്ടിഗ് ഗുഹയിലിടിയാൽ നീ മൃദംഗം കണക്കേ
മേളം ചേർത്താൽ ശിവനു സദിരും പൂർണ്ണമായ് മോദമുണ്ടാം.
തഞ്ചത്തിൽ നീ ഹിമഗിരിതടം തന്നിലെക്കാഴ്ചകൾക-
ണ്ടഞ്ചാതമ്പാൽ ഭൃഗുപതി പിളർ, ന്നന്ന മെന്നും ചിരിക്കും
ക്രൗഞ്ച ദ്വാരം പരിചൊടു വിലങ്ങീടവേ, വിഷ്ണുപാദം
തഞ്ചും, മന്നൻ ബലിയുടെ ശിരസ്സിന്നു മേലെന്നു തോന്നും.
സന്ധീബന്ധം ദശമുഖനുലച്ചോരു കൈലാസമപ്പോൾ
സന്ധിച്ചീടാം സുരവനിതകൾക്കായവൻ ദർപ്പണം താൻ,
പൊന്തും വെള്ളാമ്പലിനു സമമാം ശൈല, മങ്ങേക ദിക്കിൽ
ചെന്താരമ്പന്നരിയുടെ ചിരിച്ചാർത്തു മൂർത്തീഭവിച്ചോ?
ആനക്കൊമ്പിൻ മുറിനിറമെഴുന്നദ്രിപാർശ്വത്തിലായ ന്യൂനം,
സ്നിഗ്ദ്ധാ ഞ്ജനമൊടു സമം നിന്നുടൽ ചേർന്നിടുമ്പോൾ
നൂനം, തോളിൽ ബലനണിയുമാ നീലമാം ചേല ചേർന്നോ-
രാനന്ദം കൈ വരു മതിമ പൂട്ടാതെ കാണേണ്ടതല്ലോ
മുക്കണ്ണൻ തന്നുരഗ വളകൾ വിട്ടൊരക്കൈ പിടിച്ചി-
ട്ടക്കേളിക്കുന്നതിലുമ നടന്നീടിൽ നീരുള്ളിലാക്കി
ചിക്കെന്നക്കോൾ മണിമയതടം തന്നിലേറീടുവാനായ്
തീർക്കേണം നിന്നുടലു പടവിൻ മട്ടിൽ നീ മുന്നിലെത്തി.
നിന്മേൽ ദ്ദേവാംഗനകൾ വളതൻ കോണുരച്ചംബു ചോർത്തി
നിർമ്മിച്ചീടും മലയിൽ ജലധാരഗൃഹം തന്നെ നൂനം,
ഘർമ്മ ക്ലേശാൽ വിടുതൽ തരുകി, ല്ലക്കളിമ്പത്തി മാരെ-
ച്ചുമ്മാ ഗർജ്ജിച്ചുരു ഭയമണച്ചങ്ങു പൊയ്ക്കൊൾക വേഗം.
മുറ്റും സ്വർണ്ണംബുജ രുചിരമാം മാനസേ നീർ കുടിച്ചും
നെറ്റിപ്പട്ടായ് സുരപതി ഗജത്തിന്നതിപ്രീതി ചേർത്തും
കാറ്റിൽ പട്ടിൻ സമമിളകിടും കൽപ്പക പ്പല്ലവത്താ-
ലേറ്റം മഞ്ഞിൻ മലയുടെ വിനോദങ്ങൾ കണ്ടും രസിക്കാം.
വെള്ളിക്കുന്നിൽ പ്രിയനുടെ മടിത്തട്ടിലെപ്പോലെ ഗംഗാ
വെള്ളപ്പൂമ്പട്ടഴിയുമളകാ പട്ടണം കാൺകെ തോഴാ!
തുള്ളിപ്പെയ്യും മഴ മുകിലുകൾ മേടമേൽ ശോഭതേടും
തുള്ളും മുക്താസരമതണിയും തന്വിതൻ വേണി പോലെ.
ഉത്തരഭാഗം
[തിരുത്തുക]
മിന്നൽക്കൊപ്പം തരുണീമണികൾ, മാരിവിൽപോലെ ചിത്രം,
നിൻ നാദംപോൽ സദിരിലെ മൃദംഗങ്ങൾ തൻ മന്ദ്ര ഘോഷം,
നിന്നിൽച്ചേരും ജലകണികപോൽ മുത്തണിക്കൽത്തളങ്ങൾ,
നിന്നെപ്പോലങ്ങുയര, മളകാപട്ടണം നിൻ സമാനം.
മുല്ലപ്പൂക്കൾ കുറുനിരകളിൽ, താമരപ്പൂ കരത്തിൽ,
തില്വത്തിൻ പൂമ്പൊടി മുഖമതിൽ വേണിയിൽ ചെങ്കുറിഞ്ഞി,
മല്ലക്കാതിൽ പരിചൊടു ശിരീഷത്തെ, സീമന്ത ദേശേ
നല്ലാർ ചൂടും പ്രിയക സുമവും കാലാഭേദക്രമത്തിൽ.
യക്ഷൻമാർ, നൽസ്ഫടിക നിലമാർന്നെത്രയും ചിത്രമാകും
നക്ഷത്രപ്പൂപ്പടകൾ തെളിയും മേടമേലമങ്ങു നിത്യം
രൂക്ഷം പൊന്തുന്നിടയൊലികൾ കേ, ട്ടിഷ്ടമാരൊത്തു കല്പ-
വൃക്ഷം നൽകും മധു 'രതിഫലം' സേവചെയ്തുല്ലസിപ്പൂ.
ഗംഗാതീരത്തണലിലമരന്മാരുമാശിക്കുമാറായ്
തിങ്ങിക്കൂടും കമനികളിളം കാറ്റിനാൽ നീറ്റലാറ്റും;
തങ്കംപോലാം മണലിലൊളിവിൽ വയ്ക്കുമോരോരു രത്നം
ഭംഗ്യാ ഭാഗ്യം തിരയുമവർതൻ കേളികാണേണ്ടതത്രേ.
പ്രാണേശന്മാരുടെ വികൃതിയാം കൈമടിക്കുത്തഴിക്കേ
നാണക്കേടാൽ വിവശമറിയും കുങ്കുമചൂർണ്ണമെല്ലാം;
ചേണായ്ക്കത്തും വലിയ മണിദീപങ്ങൾ നേർക്കെത്തിടുമ്പോൾ
കാണാമേറെപ്രഭ, യതിൽ വലഞ്ഞിടുമേറ്റം വധുക്കൾ.
പൊങ്ങും മേടപ്പുറമതിൽ ഭവാനൊപ്പമായുള്ള കൂട്ടർ
തങ്ങിച്ചിത്രങ്ങളെ ജലകണം കൊണ്ടു കേടാക്കിവേഗം
തങ്ങൾചെയ്തപ്പിഴയിൽ ഭയമൊടെന്നപോൽ ധൂമമായ് പിൻ-
വാങ്ങിപ്പായും വെളിയിലൊളിവിൽ ജാലകം തന്നിലൂടെ.
നീലക്കാർ പോയ് തെളിയുമിരവിൽ പൂനിലാവേറ്റു വീടിൻ
മേലാപ്പിൽ നിന്നുതുരുമവിടെച്ച ന്ദകാന്തക്കുളിർ നീർ,
ലീലാസക്തർ പതികൾ രതിയിൽ ഗാഢരാഗം പുണർന്ന-
ങ്ങാലസ്യം പൂണ്ടൊരു തരുണികൾ മെയ്യിലേറ്റാശ്വസിപ്പൂ.
വീടിന്നുള്ളിൽ ബഹുനിധിയെഴും കാമുകർ, 'ചൈത്ര'മാകും
വാടിക്കുള്ളിൽ സുരഗണികമാരോട് ചേർന്നങ്ങു നിത്യം
പാടും വിത്തേശ്വരനുടെ പുകൾ കിന്നരന്മാ, രതിങ്കൽ
കൂടീട്ടെന്നും പകലളകയിൽ സല്ലപിച്ചുല്ലസിക്കും.
പത്തിക്കീറ്റിൻ കല, കുറനിരപ്പൂക്കൾ, വേണിക്കു ചാർത്തും
മുത്താരങ്ങൾ, ചെവിയിലണിയും പൊൻനിറത്താമരപ്പൂ
മുത്തിൻമാല്യം മുലയുലയവേ പൊട്ടിവീണായതെല്ലാം
നിത്യം ചൊല്ലു, ന്നിരവിലഭിസാരീഗണം പോയ മാർഗ്ഗം.
പ്രത്യക്ഷത്തിൽ ധനപതി സഖൻ ശംഭു വാഴുന്നതോർത്തി-
ട്ടത്താരമ്പന്നരുതു മലരമ്പെയ്യുവാൻ പേടിയത്രേ
മുഗ്ദ്ധ സ്ത്രീകൾ പുരികമൊടിയും കൺവിലാസം പൊഴിക്കേ
സിദ്ധിച്ചീടും മദനശരമേൽക്കുന്നൊരാനന്ദമപ്പോൾ.
നാനാവർണ്ണപ്പുടവ മിഴിയുന്മത്തമാക്കുന്ന മദ്യം
സൂനങ്ങൾ, നൽത്തളിരൊടു പലേ കന്യകാ ഭൂഷണങ്ങൾ
ഊനംകൂടാതടികളീലണിഞ്ഞീടുവാൻ നല്ല ചെഞ്ചാർ
നൂനം വേണ്ടും ചായമഖിലം നൽകിടും കല്പവൃക്ഷം.
മാരിക്കാർ വില്ലഴകൊടവിടെൻ മന്ദിരത്തിൽ കമാനം
ദൂരെക്കാണാമരചമണിമേടയ്ക്കുമല്പം വടക്കായ്;
ചാരെപ്പൂവാർന്നരുമ സുതനെപ്പോലെ പോറ്റുന്നതുണ്ടെൻ
ദാരങ്ങൾ, കൈയുയരമിയലും കൊച്ചു മന്ദാര വൃക്ഷം.
പച്ചക്കല്ലിൻ പടവുകളൊടും സ്വർണ്ണവർണ്ണാംബുജങ്ങൾ
മെച്ചത്തിൽ ചേർന്നൊരു ചെറുതടാകം നിനക്കങ്ങു കാണാം
സ്വച്ഛന്ദം ചേർന്നവിടെ മരുവും മാനസത്തിന്നു പോകാ-
നിച്ചിച്ചീടാ തനിശമരയന്നങ്ങൾ, നീയെത്തിയാലും.
കേളിക്കുന്നുണ്ടതിനുടെ കരയ്ക്കിന്ദ്ര നീലത്തിലേറ്റം
മേളിച്ചീടും കനക നിറമാം വാഴയാൽ വേലിയാർന്നും
നീളേ മിന്നുന്നഴകൊടു ഭവാനിഷ്ടനായ് മുന്നി നില്ക്കേ
വേളിക്കേറ്റം പ്രിയഗിരിയതിൻ ഭംഗി ഞാനോർത്തിടുന്നു.
മല്ലീവല്ലിക്കുടിലിനരുകിൽ ചെങ്കുറിഞ്ഞി വളപ്പു-
ണ്ടല്ലോ, ചാരെത്തെളിരിടു മശോകത്തൊടേ പൂത്തുലഞ്ഞി;
എല്ലാനാളും പ്രിയയുടെ ചവിട്ടേൽക്കുവാൻ പൊന്നശോകം
നല്ലാൾ വായ്ക്കൊണ്ടമൃതപരനും കാംക്ഷയെന്നോടു തുല്യം.
പൊന്നിൻ കൂടുണ്ടതിനിടയിലായ് ത്തട്ടു കണ്ണാടിയാർന്നും
മിന്നും രത്നത്തറയൊ, ടവിടെൻ കാന്തയാളന്തിതോറും
മുന്നിൽ ത്തങ്കത്തരിവള കിലുങ്ങും വിധം താളമിട്ടാ
നന്നായാടും മയിലുക, ളതിൻ ശേഷമക്കൂട്ടിലേറും.
മിത്രം! നീ കണ്ടറിയുക ഗൃഹം, ലക്ഷ്യമായ് വാതിലിങ്കൽ
ചിത്രം കാണാമിരു വശവുമായ് ശംഖ പത്മങ്ങളോടേ;
പാർത്താൽ കാന്തിക്കിടിവു വരുമിന്നെന്നതും വാസ്തവം താൻ;
മിത്രൻ പോയാൽ കമലമലരിൻ കാന്തിയും മങ്ങുമല്ലോ?
നന്നെക്കുട്ടിക്കരിവര സമം മെയ്യൊതുക്കീട്ടു കേളി-
ക്കുന്നിൽ ച്ചേർന്നാൽ ജലധര! നിനക്കേറിടാമുള്ളിൽ വേഗം
മിന്നാമിന്നിൻ നിരയൊടു സമം മിന്നലാ കണ്ണു മെല്ലേ
മിന്നിക്കേണം ഗൃഹമതിനകത്തല്പമായിഷ്ട തോഴാ!
ബിംബം പോലാം ചെടികൾ, കൃശമെയ്, കൊച്ചരിപ്പെല്ല്, പാരം
വെമ്പും മാൻ നേർ മിഴിക, ളൊടിയും മദ്ധ്യ, മത്താണ പൊക്കിൾ,
പിൻഭാരത്താൽ മൃദുഗതി, കുചം കൊണ്ടു ചാ,ഞ്ഞീവിധം നീ-
യൻപിൽക്കാണും തരുണിയവൾ താൻ മങ്കമാർക്കാദ്യ സൃഷ്ടി
കൂട്ടാൾ കോകപ്പിടയൊടു സമം വേർപിരിഞ്ഞേകയായ് മി-
ണ്ടാട്ടം വിട്ടങ്ങുഴറുമവളെന്നന്യമാം പ്രാണനല്ലോ!
വാട്ടും വേർപാടുടലുമധികം, രൂപവും മാറിയേക്കാം
കോട്ടം മഞ്ഞാൽ വരുമൊരു സരസ്സെന്നപോലിന്നു നൂനം.
ഏറെക്കേണങ്ങിരു മിഴികളും വീർത്തു, ചൂടുള്ള വീർപ്പാൽ
മാറും ചുണ്ടിൻ നിറമോടലസം വാർമുടിച്ചാർത്തു വീണും
പേറീടും കൈത്തലമതിൽ മുഖം ശ്രീ കുറഞ്ഞൊട്ടു കാൺകേ
കാറിൽപ്പെട്ടങ്ങൊളി കുറയുമത്തിങ്കൾ പോൽ ദൈന്യമാകും.
പൂജിക്കുന്നോൾ പതിയണയുവാ നിഷ്ട ദൈവത്തെ, യെന്നോ,
ഭാവിക്കുന്നോളെഴുതുവതിനെൻ രൂപമോർക്കുന്നുവെന്നോ,
ചോദിക്കുന്നോൾ മധുര മൊഴിയാം തത്തയോ "ടിഷ്ടനേ നീ
യോർമ്മിക്കുന്നോ പറക രസികേ"? കണ്ടിടാമീവിധം നീ.
അല്ലെന്നാകിൽത്തനിയെയെഴുതിസ്സാധകം ചെയ്ത ഗാനം
എല്ലാനാളും മലിന വസനാരമ്യയാൾ വീണയൂടേ
മെല്ലെപ്പാടാൻ തൂനിയവെയതിൽ കണ്ണുനീർ വീണു മീട്ടാ-
നൊല്ലാതായിസ്സ്വരജതി മറന്നാകുലം പൂണ്ടിരിക്കാം.
ഒന്നൊന്നായിപ്പടിയിലവധിക്കെണ്ണിവച്ചുള്ള പൂക്കൾ
ഇന്നോരോന്നായിനിയുമവശേഷിച്ച മാസങ്ങളെണ്ണും
എന്നിൽച്ചേരും രസമതു നിനച്ചാശ്വസിക്കുന്നുമാവാ-
മെന്നും വേർപാടതിലുഴലുവോർക്കിത്തരം ചിത്തമോദം.
ലീലാലോലം പകലധികമായ് വേദനിപ്പിക്കയില്ല,
മാലേറ്റിടാമിരവു സഖിയാൾ നിഷ്ക്രിയം പോക്കിടുമ്പോൾ;
കാലേചെന്നെൻ കഥപറയണം ജാലകം തന്നിലേറി-
ച്ചാലേ കാൺകത്തറയിലവൾ നിർന്നിദ്രയായ് രാവു പോക്കും.
പൂർവ്വാകാശച്ചരുവിലുയരും ചന്ദ്രലേഖയ്ക്കു തുല്യം
ഈ വേർപാടാൽ കൃശയൊരുവശം ചേർന്നു മഞ്ചത്തിൽ മേവും;
രാവങ്ങോടും സുരത സമയത്തെന്നു മുന്നം പറഞ്ഞോൾ
തൂവും കണ്ണീർ മിഴിയൊടു നെടും രാവുകൾ പോക്കിടുന്നു.
ജന്നൽ മാർഗം കുളിരുചൊരിയും പൂനിലാവിങ്കലിമ്പം
തോന്നും പിന്നെത്തിരിയുമതുപോൽ കണ്ണുകൾ ദുഃഖപൂർണ്ണം;
ഇന്നക്കണ്ണീർ നിറമിഴി, മുകിൽ മൂടിടും വാസരത്തിൽ
നന്നെച്ചൂടാ, തഴകിൽ വിടരാതംബുജം പോലെ കാണാം.
ശുദ്ധ സ്നാനം തുടരുമവൾതൻ ചുണ്ടുവാട്ടുന്ന വീർപ്പാൽ
മുഗ്ദ്ധയ്ക്കപ്പോൾ കവിളിലളകം പാറിടും മന്ദം മന്ദം;
സിദ്ധിച്ചീടും കനവിലിവനിൽ ച്ചേരുവാനായ് ക്കോതിക്കും,
നിദ്രയ്ക്കെന്നാൽ മിഴികളിലിടം കണ്ണുനീരാൽ ലഭിക്കാ.
കെട്ടാക്കിക്കാർ കുഴലവൾ മലർമാല ചൂടാതെയെന്നേ,
കഷ്ടം! ശിക്ഷാവിധി കഴിയവേ ഞാനഴിക്കേണ്ടതിപ്പോ
തൊട്ടാൽ നോവുംപടി ജടപിടിച്ചക്കവിൾത്തട്ടിൽ വീഴ്കേ
നീട്ടും നീളൻ നഖവിരലിനാൽ നീക്കിടും മെല്ലെ മെല്ലേ.
ശോഷിച്ചേറ്റം തളരുമുടലെന്നാകിലും സുന്ദരം താൻ,
ഭൂഷാജാലം വെടിയുമതിനെ ശയ്യയിൽ പയ്യെവയ്ക്കും;
വർഷാംബുക്കൾ നയനജലമായ് വാർത്തിടും കാൺകിൽ നീയും
ഈഷൽ വേണ്ടാ കരുണയലീവുള്ളോരിലേറീടുമല്ലോ?
എന്നോടുള്ളിൽ പ്രണയമധികം നിൻ സഖിക്കുണ്ടുതോഴാ!
വന്നീടാമീനില, യതറിവേനാദ്യ വേർപാടിതിങ്കൽ;
തന്നെത്താനെൻ മഹിമയഭിമാനിച്ചു ഞാൻ ചൊൽവതല്ല
നിൻ നേത്രങ്ങൾക്കുടനെ വെളിവായ് ത്തീരുമിച്ചൊന്നതെല്ലാം.
ചിന്നും കൂന്തൽ മിഴികളെ മറച്ചഞ്ജനശ്രീയൊഴിഞ്ഞി-
ട്ടിന്നച്ചില്ലീലതമധുവുമുപേക്ഷിച്ചു ലീലാവിഹീനം;
നിന്നെക്കാൺകെ പ്രിയമൊഴിയുടൻ കേൾക്കുവാനായ് ത്തുടിക്കും
കന്യയ് ക്കപ്പോളിടതു മിഴിയോ മെല്ലെ നില്ലോല്പലം പോൽ.
മുത്താരങ്ങൾ ഹതവിധിവശാൽ വിട്ടുമെൻ കൈനഖത്തിൻ
ചിത്രാംമാഞ്ഞും സുരത സമയാന്ത്യത്തിൽ ഞാൻ പ്രേമപൂർവ്വം
നിത്യം മന്ദം തഴുകുമഴകിൽപച്ചവാഴത്തടയ്ക്കൊ-
ത്തത്തയ്യൽക്കുള്ളിടതു തുടയും മെല്ലെമെല്ലെത്തുടിക്കും.
നീയെത്തുമ്പോൾ പ്രണയിനിയവൾ ദുർല്ലഭം നിദ്രപൂണ്ടെ-
ന്നായാൽ ചാരത്തുണരുവതിനായ് കാത്തുവാഴ് കൊച്ചയെന്യേ;
പ്രേയാനെന്നെക്കമനികനവിൽക്കണ്ടുടൻ പുൽകിയേക്കാം
നീയെൻ തോഴാ! തടയരുതിവൾക്കിന്നു കൈവന്ന ഭാഗ്യം.
നിൻ നീർത്തുള്ളിക്കുളിരെഴുമിളം കാറ്റിനാലങ്ങുണർന്നാൽ
മിന്നും കണ്ണിന്നൊരു തെളിമ നൽപ്പിച്ചകപ്പൂവുപോലെ;
ജന്നൽ ഭാഗത്തുടനവൾ തുറിച്ചങ്ങു നിൻനേർക്കുനോക്കും
മിന്നൽ കൂടാതിടിയൊലികളാം വാക്കുകൾ ചെൽക ധീരം.
കാന്തന്നിഷ്ടൻ മുകിലറിക ഞാൻ, ഹേ സനാഥേ! പ്രിയൻ തൻ
സന്ദേശം കൊണ്ടരികിൽ വരുവേൻ നിന്നൊടോതീടുവാനായ്
പാന് ഥൻമാരാം പതികളെ ഗൃഹം പൂകിയാക്കാന്തൻമാർ തൻ
കൂന്തൽ വേർക്കാൻ ചടുലമിടിയാലാസ്ഥയേറ്റുന്നവൻ ഞാൻ.
ആശാപൂർവ്വം കമനിതിരിയും ബാക്കികേട്ടീടുവാനീ-
പേശൽ കേട്ടാൽ പ്രിയമൊടു ഹനുമാനെയസ്സീത പോലെ;
വിശ്വസ്ഥൻമാരരുളിയറിയും ഭർത്തൃവൃത്താന്തമേതു-
മാശ്വാസത്തിൽ രതിസുഖ സമം നാരിമാരെണ്ണുമല്ലോ?
ദീർഘായുഷ്മൻ! പറക സഖിയോടെന്റെ വാക്കായു മങ്ങേ-
ഭാഗ്യത്തിന്നും "ദയിത നബലേ! രാമഗിര്യാശ്രമത്തിൽ
ഭാഗ്യത്താലിന്നപകടമെഴാതുണ്ടു ചോദിപ്പൂ സൗഖ്യം;"
യോഗ്യ വാക്യം നിയതമിതു താനാർത്തരോടാദ്യമോദാൻ.
"ദൂരത്തായ് ദുർവ്വിധിയിലുഴലും തോഴനുൽകണ്ഠയാലുൾ-
ച്ചേരും വീർപ്പിട്ടതി കൃശവൻ തപ്തബാഷ്പം പൊഴിപ്പൂ.;"
തോരാക്കണ്ണീരൊഴുകി മുഴുകുന്നാധിയാൽ വീർപ്പിടും നിൻ
പാരം നേർത്തൊരുടലിനൊടവൻ ഭാവന സംഗമേൽപ്പൂ.
ഓതാമേതും സഖികളറികെക്കാര്യമെന്നാകിലും നിൻ
കാതിൽച്ചൊല്ലും മുഖമിതു തൊടാൻ കൗതുകത്തോടെ മുന്നം;
കാതങ്ങൾക്കിന്നകലെ മിഴിയും കാതുമെത്താത്തിടത്താ-
യോതുന്നീമട്ടഴലൊടു വിശേഷങ്ങളെൻ നാവിലൂടെ.
കാണ്മൂ ഞാഴൽ ക്കൊടിയിലുടൽ, വെൺതിങ്കളിൽ നിന്മുഖശ്രീ,
പെണ്മാൻ കണ്ണിൽ ചലമിഴി മയിൽപ്പീലിയിൽ കേശഭാരം,
കുഞ്ഞോളത്തിൽ പുരികവിളയാട്ടങ്ങളും കോപശീലേ!
കാണ്മീലിന്നിങ്ങെവിടെയുമിവൻ നിന്റെ രൂപത്തെയൊന്നായ്.
നിന്നെ പ്രേമക്ഷുഭിതവതിയായ് കാവി മണ്ണാൽ വരച്ചി-
ട്ടെന്നെക്കാൽക്കൽ വീഴുവതിവിധം ചേർത്തീടാനാഗ്രഹിക്കേ,
ചിന്നും കണ്ണീർ തടയുവതിനാലാവതില്ലിന്നു ചിത്രം-
തന്നിൽപ്പോലും ഹതവിധി സഹിപ്പീല നാമൊത്തുചേരാൻ.
ഞാനേറെക്കാത്തൊരു കനവിൽ നിൻമേനി കണ്ടൊന്നു പുൽകാ-
നാനന്ദത്തോടിരുകരമുടൻ വായുവിൽ നീട്ടിടുമ്പോൾ
ദീനത്വം ക, ണ്ടഴലൊടടവീ ദേവകൾ തപ്ത ബാഷ്പം
നൂനം വീഴ്ത്തും തളിരിലകളിൽ മുത്തിനോളം മുഴുപ്പായ്.
ദാരുക്കൾ തൻ തളിരുകൾ മുറിച്ചായതിൻ പാൽ സുഗന്ധം-
ചോരും കാറ്റാ ഹിമഗിരിതടം തന്നിൽ നിന്നെത്തിടുമ്പോൾ
പാരം പുൽകും പതിവിലതിനെ,സ്സൽഗുണേ! നിത്യവും ഞാൻ
നേരേ നിന്നെത്തഴുകി വരുവോനെന്നതോർത്തിന്നു മോദാൽ.
നീളും രാവിക്ഷണ മകലുവാനെന്തുപായം സുമാംഗീ?
കാളും ചൂടിപ്പകലിനു കുറഞ്ഞീടുവാനെന്തു മാർഗ്ഗം?
പാളും മോഹം പലതുമിതുപോൽ വ്യർത്ഥമോർക്കുന്നു ഞാനി-
ന്നാളല്ലാതിക്കഠിന വിരഹം നിസ്സഹായൻ സഹിപ്പൂ.
പാരാതീനാ, മണയുമൊരുമിച്ചെന്നു ഞാനോർത്തു ധൈര്യം-
ചോരാതെണ്ണിക്കഴിവു, സുമുഖീ! നീയുമമ്മട്ടു വാഴ്ക;
ആരുണ്ടെന്നും സുഖമോ, ടഥവാ ദുഃഖമൊന്നെന്നുമുള്ളോർ?
പാരിൽ മർത്ത്യസ്ഥിതിയൊരു രഥത്തിന്റെ ചക്രത്തിനൊപ്പം.
ഉത്ഥാനൈകാദശിയിൽ ഹരിതാൻ നിദ്രവിട്ടങ്ങെണീക്കേ-
യെത്തും ശിക്ഷാവിധി, യതിനിനിക്കാക്കണം നാലുമാസം,
ചിത്തേ വായ്ക്കും വിരഹമതിനാൽ വ്യർത്ഥമാം മോഹമെല്ലാം
മെത്തും രാഗാൽ തുടരെ നുകരാം ശാരദപ്പൂനിലാവിൽ.
"ഏണാക്ഷീ നാമിരവിലൊരുനാൾ മെത്തമേൽ നിദ്രചെയ്കേ
കേണാൾ, ഞെട്ടിഭയമൊടുടനേ നീയുണർന്നങ്ങെണീറ്റാൾ;
നാണം ചേരും ചിരിയൊടിവനോടോതി സ്വപ്നത്തിലെന്നെ-
ക്കാണായേതോ യുവതിയൊടുടിവൻ സംഗമിക്കുന്നുവെന്നായ്."
ഈ വാക്യം നീ തെളിവിനു ധരിച്ചിന്നു ഞാൻ പ്രാണനേന്തി-
ജ്ജീവിക്കുന്നന്നറിക, നുണകൾ വിശ്വസിക്കൊല്ല നാഥേ!
"പോവും പ്രേമം നെടിയ വിരഹത്താ;ലിതിൽ സത്യമില്ല,
കൈവന്നീടാൻ കൊതിയിൽ നിധിയായ് മാറുമക്കാമമെല്ലാം."
വല്ലതിന്നീ വിരഹമറിയും ഖിന്നയേയാശ്വസിപ്പി-
ച്ചുല്ലാസത്തോടിവിടെ യടയാളം ഗ്രഹിച്ചെത്തി വേഗം
മുല്ലപ്പൂപോലുടനുതിരുമാറായൊരെൻ ജീവനേയും
നല്ലോൻ വന്നെന്നരികിലറിയിച്ചക്ഷണം രക്ഷ ചെയ്യൂ.
അൻപാൽ നീയെന്നഭിമതമുടൻ ചെയ്യുവാൻ നിശ്ചയിച്ചോ?
ഗംഭീരൻ നീ മറുപടി പറഞ്ഞീടുകില്ലെന്നുറച്ചേൻ,
അൻപായ് വേഴാമ്പലിനു ജലമേകുന്നു നീ മൗനമായ് ത്താൻ;
മുമ്പിൽച്ചെല്ലുന്നവരുടെ ഹിതം ചെയ്തീടുന്നുത്തമന്മാർ.
സ്നേഹത്തലോ, മുകിൽവര! യിവന്നാധികണ്ടുള്ളലിഞ്ഞോ,
മോഹത്താൽ ഞാനനുചിതമപേക്ഷിക്കിലും ചെയ്തിടേണം;
ദേഹത്തെപ്പിന്നഴകൊടുധരി,ച്ചിഷ്ടദേശം ഗമിക്കാം
ശോകം മിന്നൽക്കൊടിയൊടു വിയോഗം വരാതങ്ങുവാഴ്ക!