മൂടുപടം
ദൃശ്യരൂപം
മൂടുപടം (സരസകാവ്യം) രചന: (1922) |
[ 4 ]
മൂടുപടം
അളികളൊടടരാടിടുന്ന വർണ്ണ-
പ്പുതുമ കലർന്ന മനോജ്ഞമാം കചത്താൽ
നവകമലകളാഭയിൽക്കുളിക്കും
തവ മുഖമെന്തു മറച്ചിടുന്നു ബാലേ!
കലൂഷതയഖിലം കളഞ്ഞു കാറിൻ
നിര, കമനീമണി! നിൻകരങ്ങളാലേ,
സദയമകലെ മാറ്റി, മാത്രനേരം,
വിധൂമുഖി! നിൻ വദനം വെളിക്കുകാട്ടൂ!
അമലഹിമകണങ്ങൾ ചാർത്തി മഞ്ജു-
ദ്യുതിയെഴൂമംബുജകോരകങ്ങളാകും
വിമലമണിഗണം ധരിച്ച നിൻ പോർ-
മുലകളൊളിപ്പു, ഹിമാംബരത്തിനുള്ളിൽ.
കനകസുഷമയൊത്തുചേർന്ന വിദ്യു-
ല്ലതികകണക്കു വിളങ്ങിടുന്ന നിന്നെ,
സുമസമമൃദുഗാത്രി! മൂടൽ നീങ്ങി-
പ്പെരിയ കൃതാർത്ഥത പൂണ്ടു കാണ്മനോ ഞാൻ?
(1922)