മുന്നം മലങ്കര
മുന്നം മലങ്കര കുടിയേറുമതിനാലെ
തൊമ്മൻ കീനാനെന്ന ദേഹം മുതിർന്നവാറെ - മെയ്യെ
രാജാമക്കളെണ്ണൊൻപതും കൂടി പൂകിന്ത്
കുടിയൊരുത്തമരാകുമിവർ നാലു നൂറും
കാസോലിക്കായരുളാലെ കപ്പൽ പൂകിന്ത് - മെയ്യെ
വന്ന പരദേശി കൊടുങ്ങല്ലൂർ പൂകിന്ത്
പൂകിന്താർ ചേരകോനെകണ്ടു പരിശധികമായ്
പൊന്നും പവിഴം മുത്തും വച്ചു രാജ്യം കൊണ്ടാറെ - മെയ്യെ
വന്നു പൊഴുതു തീർന്നു മുതിർന്നു കാര്യം കണ്ടാറെ
കൊടുത്താൽ പദവികൾ പഞ്ചമേളം പതിനെട്ടും
കൊമ്പും കൊഴലാലവട്ടം ശംഖും വിതാനം - മെയ്യെ
പൊന്മുടിയും മറ്റും നല്ല ചമയമെല്ലാം
കൊടുത്താർ പദവികൾ പാവാട പകൽവിളക്കും
രാജാവാദ്ദീയങ്ങളേഴും കുരവ മൂന്നും - മെയ്യെ
കൊട്ടും കുരവയും നല്ലലങ്കാരമെല്ലാം
ഇഷ്ടത്തോടെ കൊടുത്തിട്ടങ്ങരചനും
എന്നിവയെല്ലാം വാങ്ങിക്കൊണ്ടാൻ തൊമ്മൻ കിനാനും - മെയ്യെ
ചേർച്ചയാൽ കുറിച്ചെടുത്ത ചെപ്പേടും വാങ്ങി
അരചർക്കരചൻ കൊടുത്തൊരു പദവികൾ
ആദിത്യനും ചന്ദ്രനുമങ്ങുള്ള നാളൊക്കെ - മെയ്യെ
ആദിത്യനും ചന്ദ്രനുമങ്ങുള്ള നാളൊക്കെ