മലയാളശാകുന്തളം/ഏഴാം അങ്കം
←ആറാം അങ്കം | മലയാളശാകുന്തളം രചന: ഏഴാം അങ്കം |
(അനന്തരം രഥത്തിൽ കയറി രാജാവും മാതലിയും ആകാശമാർഗ്ഗമായി പ്രവേശിക്കുന്നു.)
രാജാവ്:
- ദേവേന്ദ്രൻ എന്നെ സത്കരിച്ചതിന്റെ ഗൗരവം നോക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ ആജ്ഞ അനുഷ്ഠിച്ചു എന്നല്ലാതെ അദ്ദേഹത്തിന് ഒരു സഹായംചെയ്തു എന്നു പറവാൻ വക കാണുന്നില്ല.
മാതലി:
- (പുഞ്ചിരിയോടെ) മഹാരാജാവേ, രണ്ടുകൂട്ടർക്കും തൃപ്തിയില്ലെന്നാണ് ഞാൻ വിചാരിക്കുന്നത്.
- ഇങ്ങേറ്റ സത്ക്രിയ നിനച്ചു ഭവാനു ഭാവ-
- മങ്ങോട്ടു ചെയ്തൊരുപകാരമസാരമെന്ന്;
- നിൻ വിക്രമത്തിനണുവും മതിയായതില്ല
- തൻ സത്കൃതിപ്പൊലിമയെന്നു പുരന്ദരന്നും. 1
രാജാവ്:
- മാതലീ, അങ്ങനെയല്ല; യാത്രയയച്ച സമയത്തെ സത്കാരം ആശയ്ക്കുകൂടി എത്താൻ പാടില്ലാത്ത വിധത്തിൽ കേമമായിരുന്നു. ദേവന്മാരുടെ സമക്ഷം എന്നെ അർദ്ധാസനത്തിലിരുത്തീട്ട്
- നിജാന്തകത്തിൽ സ്പൃഹപൂണ്ടു നിൽക്കും
- ജയന്തനിൽ സസ്മിതദൃഷ്ടിയോടെ
- തന്മാറിലെച്ചന്ദനമുദ്ര ചേർന്ന
- മന്ദാരമാല്യം ഹരിയങ്ങണച്ചാൻ 2
മാതലി:
- അമരേശ്വരൻ അങ്ങേക്ക് എന്തുതന്നെ സത്കാരം ചെയ്യേണ്ട! വിചാരിച്ചുനോക്കൂ!
- രണ്ടെണ്ണമായി സുഖലോലുപനാം ഹരിക്കു
- വേണ്ടിസ്സുരാരികുലകണ്ടകമുദ്ധരിപ്പാൻ
- പണ്ടുഗ്രനായ നരകേസരിതൻ നഖങ്ങൾ
- ചണ്ഡങ്ങളീയിടയിൽ നിന്നുടെ സായകങ്ങൾ 3
രാജാവ്:
- ഇതിലും സ്തുതിക്കാനുള്ളത് ശതക്രതുഭഗവാന്റെ മാഹാത്മ്യം തന്നെയാണ്.
- സാരം കലർന്ന പല കാര്യവുമോർക്കിലാൾക്കാർ
- നേരേ നടത്തുവതധീശ്വരഗൗരവത്താൽ;
- സാരഥ്യമർക്കനരുളാതെയിരിക്കിലല്ലു
- ദൂരീകരിപ്പതരുണന്നെളുതായിരുന്നോ? 4
മാതലി:
- അങ്ങേക്കിങ്ങനെ തോന്നുന്നതു യുക്തം തന്നെ.
- (കുറേ ദൂരം യാത്രചെയ്തിട്ട്) മഹാരാജാവേ, ഇവിടെ നോക്കുക, സ്വർഗ്ഗലോകത്തിൽ പ്രതിഷ്ടിസിദ്ധിച്ചിട്ടുള്ള അങ്ങേ യശസ്സിന്റെ ഭാഗ്യം:
- സുരനാരികൾ ചാർത്തുമംഗരാഗം
- പരിശേഷിച്ചതെടുത്തു നിർജ്ജരന്മാർ
- വരകല്പലതാം ശുകങ്ങളിൽ ത്വ-
- ച്ചരിതം ചേർത്തെഴുതുന്നു കീർത്തനങ്ങൾ. 5
രാജാവ്:
- മാതലീ, ഇന്നലെ അങ്ങോട്ടു പോകുമ്പോൾ യുദ്ധത്തിന്റെ വിചാരംകൊണ്ടു സ്വർഗ്ഗമാർഗ്ഗം ഒന്നും നല്ലവണ്ണം നോക്കുകയുണ്ടായില്ല. നാം ഇപ്പോൾ ഏതു വായുസ്കന്ധത്തിലാണ് ഇറങ്ങിയിരിക്കുന്നതെന്ന് പറക.
മാതലി:
- സ്വർഗ്ഗംഗതാങ്ങി, മുനിപുംഗവരേഴുപേരെ
- മാർഗ്ഗത്തിൽ രശ്മി വിഭജിച്ചു നയിച്ചു നിത്യം
- വീശുന്നൊരാപ്പരിവഹന്റെ വശത്തിലാണി-
- ദ്ദേശം പതിഞ്ഞു ഹരിപാദമതിൽ ദ്വിതീയം 6
രാജാവ്:
- ഇതുകൊണ്ടുതന്നെ ആയിരിക്കണം എന്റെ ഇന്ദ്രിയങ്ങൾക്കും അന്തരാത്മാവിനും ഒരു തെളിമ തോന്നുന്നത്. (രഥചക്രം നോക്കീട്ട്) നാം മേഘമാർഗ്ഗത്തിൽ വന്നിരിക്കുന്നു.
മാതലി:
- എങ്ങനെ അറിഞ്ഞു?
രാജാവ്:
- ആരക്കാലിനിടയ്ക്കുകൂടി നെടുകേ
- നൂഴുന്നു വേഴാമ്പൽ വ-
- ന്നേറെക്കാന്തി കലർന്നു മിന്നലുമിതാ
- വീശുന്നിതശ്വങ്ങളിൽ
- ഊറിക്കാണ്മതുമുണ്ടു പട്ടവഴിയേ
- നീർത്തുള്ളിയിങ്ങാകയാൽ
- കാറുൾക്കൊണ്ടൊരു കൊണ്ടലിൻ വഴിയിൽ നാം
- വന്നെത്തിയെന്നോർത്തിടാം. 7
- ആരക്കാലിനിടയ്ക്കുകൂടി നെടുകേ
മാതലി:
- ക്ഷണനേരത്തിനുള്ളിൽ മഹാരാജാവ് തന്റെ അധികാരഭൂമിയിൽച്ചെന്നെത്തും.
രാജാവ്:
- (കീഴ്പ്പോട്ടു നോക്കീട്ട്) വേഗത്തിൽ ഇറങ്ങിക്കൊണ്ട് ഈ നിലയിൽനിന്നു നോക്കുമ്പോൾ ഭൂലോകത്തിന്റെ കാഴ്ച്ച വളരെ ആശ്ചര്യമായിരിക്കുന്നു. എങ്ങനെയെന്നാൽ,
- പാരിപ്പൊങ്ങിവരുന്ന ശൈലശിഖരം
- കൈവിട്ടിറങ്ങുന്നിതോ?
- ചേരുന്നോ തടിയങ്ങിലച്ചുലച്ചലിനിട-
- യ്ക്കായിട്ടു വൃക്ഷങ്ങളിൽ?
- നേരേ നീർ തെരിയാതിരുന്നൊരു നദീ-
- ജാലങ്ങൾ വായ്ക്കുന്നിതോ?
- ചാരത്തേക്കൊരുവൻ വലിച്ചുടനെറി-
- ഞ്ഞീടുന്നിതോ ഭൂമിയെ? 8
- പാരിപ്പൊങ്ങിവരുന്ന ശൈലശിഖരം
മാതലി:
- അങ്ങു പറഞ്ഞതുപോലെ ഇതു നല്ല കാഴ്ച്ച തന്നെ. (ബഹുമാനത്തോടുകൂടി നോക്കീട്ട്) ഭൂലോകം ഉദാരരമണീയമായിരിക്കുന്നു.
രാജാവ്:
- മാതലി, കനകം ഉരുക്കി ഒഴിച്ചതുപോലെ കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രംവരെ ഇറങ്ങിക്കാണുന്ന ഈ പർവ്വതം ഏതാണ്?
മാതലി:
- കിമ്പുരുഷന്മാരുടെ വാസസ്ഥലമായ ഹേമകൂടം എന്ന പർവ്വതമാണിത്. തപസ്സിദ്ധികൊണ്ട് ലഭിക്കാവുന്നതിൽ ഉത്തമസ്ഥാനവും ആണ്. നോക്കുക:
- വിരിഞ്ചദേവന്റെ മനസ്സമുത്ഥനാം
- മരീചിതന്നാത്മഭവൻ പ്രജാപതി,
- സുരാസുരർക്കും ജനകൻ സഭാര്യനായ്-
ച്ചരിച്ചിടുന്നൂ തപമിങ്ങു കശ്യപൻ. 9
രാജാവ്:
- ശ്രേയസ്സു ലഭിക്കുന്നതിനുള്ള സൗകര്യം നേരിടുന്നത് ഉപേക്ഷിക്കരുതല്ലോ. കശ്യപഭഗവാനെ വന്ദിച്ചുപോകാൻ ആഗ്രഹമുണ്ട്.
മാതലി:
- നല്ല ആലോചനതന്നെ. (ഇറങ്ങുന്നതു നടിക്കുന്നു.)
രാജാവ്: (പുഞ്ചിരിയോടെ)
- കുറിപ്പതോ ചാടുരുളുന്ന നിസ്വനം?
- പറന്നുപൊങ്ങും പൊടിയെങ്ങു പാർത്തിടാൻ?
- തെറിപ്പതില്ലൊട്ടു, നിലംതൊടായ്കയാ-
ലിറങ്ങി തേ,രെന്നറിയുന്നതെങ്ങനെ? 10
മാതലി:
- ഇത്രമാത്രമേ ഉള്ളൂ, അങ്ങയുടെ രഥത്തിനും ദേവേന്ദ്രന്റെ രഥത്തിനും തമ്മിലുള്ള ഭേദം.
രാജാവ്:
- ഏതു ദിക്കിലായിട്ടാണ് മരീചാശ്രമം?
മാതലി: (കൈ ചൂണ്ടിക്കാണിച്ചുകൊണ്ട്)
- പുറ്റിൽപ്പാതി മറഞ്ഞു മെയ്യതിനുമേൽ-
- പ്പാമ്പിന്റെ തോൽ മാറിലും
- ചുറ്റിപ്പറ്റിയ ജീർണ്ണവള്ളി വലയ-
- ക്കൂട്ടങ്ങൾ കണ്ഠത്തിലും
- ചുറ്റും പക്ഷികൾ കൂടുകെട്ടിയ ജടാ-
- ജൂടങ്ങൾ തോളത്തുമായ്
- കുറ്റിക്കൊത്ത മുനീന്ദ്രനർക്കനെതിരായ്
- നിൽക്കുന്നൊരദ്ദിക്കിലാം. 11
- പുറ്റിൽപ്പാതി മറഞ്ഞു മെയ്യതിനുമേൽ-
രാജാവ്:
- കൊടും തപസ്സുചെയ്യുന്ന ഇദ്ദേഹത്തിനു നമസ്കാരം!
മാതലി:
- (കുതിരകളെ നിർത്തിയിട്ട്) ഇതാ നാം നട്ടുവളർത്തിയ മന്ദാരവൃക്ഷങ്ങളുള്ള കശ്യപാശ്രമത്തിലെത്തിയിരിക്കുന്നു.
രാജാവ്:
- ഈ സ്ഥലം സ്വർഗ്ഗത്തെക്കാൾ ആനന്ദകരമാണ്. എനിക്ക് അമൃതത്തിലിറങ്ങി മുങ്ങിയതുപോലെ ഒരു സുഖം തോന്നുന്നു.
മാതലി:
- (രഥം ഉറപ്പിച്ചുനിർത്തിയിട്ട്) മഹാരാജാവിറങ്ങാം.
രാജാവ്:
- (ഇറങ്ങിയിട്ട്) അങ്ങ് എന്താണ് ഭാവം?
മാതലി:
- രഥം നിറുത്തി ഞാനും ഇറങ്ങാം. (ഇറങ്ങിയിട്ട്) മഹാരാജാവ് ഇതിലേ വരാം.
(രണ്ടുപേരും ചുറ്റിനടക്കുന്നു.)
മാതലി:
- ഇതാ, മഹാതപസ്വികളുടെ ആശ്രമസ്ഥലങ്ങൾ നോക്കുക.
രാജാവ്:
- ഞാൻ കാണുന്നുണ്ട്. ഇവരുടെ തപസ്സ് വളരെ ആശ്ചര്യമായിരിക്കുന്നു.
- ജീവിക്കാൻ കല്പവൃക്ഷാവലിയുടെ നടുവിൽ,-
- ബ്ഭക്ഷണം വായു മാത്രം;
- ശുദ്ധിക്കായ് സ്നാനകർമ്മം കനകകമലിനീ-
- ധൂളിയാളും ജലത്തിൽ;
- ധ്യാനിക്കാൻ രത്നപീഠം; ത്രിദിവതരുണിമാർ
- ചൂഴവേ ബ്രഹ്മചര്യം;
- പ്രാപിക്കേണം തപസ്സാൽപ്പദമിതിവിടെയീ-
- ത്താപസന്മാർ തപിപ്പോർ. 12
- ജീവിക്കാൻ കല്പവൃക്ഷാവലിയുടെ നടുവിൽ,-
മാതലി:
- മഹാത്മാക്കളുടെ പ്രാർത്ഥനകൾ മേൽക്കുമേൽ ഉയർന്നുകൊണ്ടിരിക്കും. (ചുറ്റിനടന്ന് ആകാശത്തിൽ ലക്ഷ്യം ബന്ധിച്ച്) ഹേ വൃദ്ധശാകല്യ! മാരീചഭഗവാന്റെ സന്നിധാനത്തിലിപ്പോൾ എന്തു സമയമാണ്? (കേട്ടതായി ഭാവിച്ച്) 'മഹർഷിമാരുടെ സദസ്സിൽവെച്ച് അദിതിദേവി ചോദിച്ചിട്ട് പാതിവ്രത്യധർമ്മം അവർക്കുപദേശിക്കയാണ്' എന്നോ
പറഞ്ഞത്? എന്നാൽ, ഈ പ്രസ്താവത്തിൽത്തന്നെ അവസരം കിട്ടാനിടയുണ്ട്. കാത്തിരിക്കാം. (രാജാവിന്റെ നേരെ നോക്കീട്ട്) മഹാരാജാവ് ഈ അശോകത്തറയിൽ ഇരിക്കണം. ഞാൻ ചെന്നു സന്നിധാനത്തിൽ കാത്തുനിന്നു സമയമറിഞ്ഞുവരാം.
രാജാവ്:
- അങ്ങേ യുക്തംപോലെ. (അശോകച്ചുവട്ടിൽ നിൽക്കുന്നു.)
മാതലി:
- എന്നാൽ, ഞാൻ പോകട്ടെ. (പോയി)
രാജാവ്: (ശുഭലക്ഷണം നടിച്ചിട്ട്)
- ആയാശ പൊയ്പ്പോയതിലില്ല മോഹം;
- കയ്യേ, തുടിക്കുന്നതു നീ വൃഥാതാൻ;
- ശ്രേയസ്സൂ കൈവന്നതൊഴിച്ചുവിട്ടാ-
- ലായാസമല്ലാതെ ഫലിപ്പതുണ്ടോ? 13
(അണിയറയിൽ)
അരുത് ഉണ്ണീ. ചാപല്യം കാണിക്കരുത്. ജാതിസ്വഭാവം വന്നുപോകുന്നല്ലോ!
രാജാവ്:
- (കേട്ടതായി നടിച്ച്) ഇവിടെ അവിനയം വരുന്നതല്ല. പിന്നെ ആരെയാണ് നിരോധിക്കുന്നത്? (ശബ്ദം അനുസരിച്ചുനോക്കീട്ട്) ഏതാണീ ബാലൻ? പിന്തുടരുന്ന താപസിമാരെ ഒട്ടും വകവെക്കുന്നില്ല. ഇവനാകട്ടെ,
- മുല പാതി കുടിച്ചുനിൽക്കവേ
- ഗളരോമങ്ങൾ പിടിച്ചുലച്ചിതാ
- ബലമോടു വലിച്ചിടുന്നിതേ
- കളിയാടാനൊരു സിംഹബാലനെ. 14
(മേൽ പറഞ്ഞ പ്രകാരം ബാലനും താപസിമാരും പ്രവേശിക്കുന്നു.)
ബാലൻ:
- വായ് പൊളിക്കൂ സിംഹക്കുട്ടീ. നിന്റെ പല്ല് ഞാൻ എണ്ണട്ടെ!
ഒന്നാം താപസി:
- ഛീ ചണ്ടിത്തരം കാണിക്കരുത്. ഞങ്ങൾ മക്കളെപ്പോലെ വളർത്തുന്ന മൃഗങ്ങളെ ഉപദ്രവിക്കന്നോ? നിന്റെ തുനിവ് കുറേ കൂടീപ്പോകുന്നു. സർവ്വദമനൻ എന്ന് മഹർഷിമാർ നിനക്കു പേരിട്ടത്ുശരിതന്നെ.
രാജാവ്:
- എന്താണ് ഈ ബാലനെക്കണ്ടിട്ട് എനിക്ക് സ്വന്തം പുത്രനെപ്പോലെ സ്നേഹം തോന്നുന്നത്? പുത്രനില്ലായ്മകൊണ്ടുതന്നെ ആയിരിക്കാം.
രണ്ടാം താപസി:
- സർവ്വദമനാ, നീ ഈ സിംഹക്കുട്ടിയെ വിട്ടില്ലെങ്കിൽ അതിന്റെ തള്ള നിന്റെ നേരെ ചാടിവീഴുമേ!
ബാലൻ:
- (പുഞ്ചിരിച്ചിട്ട്) അബ്ബ! വലിയ പേടിതന്നെ. (ചുണ്ടുപിളർത്തിക്കാണിക്കുന്നു.)
രാജാവ്:
- എരിയാൻ വിറകിന്നു കാത്തിടും
പൊരിയായുള്ളോരു ഹവ്യവാഹന് ശരിയായി നിനച്ചിടുന്നു ഞാൻ പെരിയോർക്കുള്ളോരു വീരബാലനെ. 15
ഒന്നാം താപസി:
- കുഞ്ഞേ, ഈ സിംഹക്കുട്ടിയെ വിട്ടേയ്ക്കൂ! നിനക്കു കളിക്കാൻ വേറെ ഒന്നു തരാം.
ബാലൻ:
- എവിടെ! വരൂ. (കൈമലർത്തിക്കാണിക്കുന്നു.)
രാജാവ്:
- (നോക്കീട്ട് ആശ്ചര്യത്തോടേ) എന്ത്, ഇവന്റെ കയ്യിൽ ചക്രവർത്തിലക്ഷണവും കാണുന്നുണ്ടല്ലോ. ഇവനാകട്ടെ,
- കളിക്കോപ്പേൽക്കാനായ് കുതുകമൊടു നീട്ടീ-
- ടിന കരം
- വിളക്കിച്ചേർത്തോണം വിരൽനിര ഞെരുങ്ങി-
- ത്തൊടുകയാൽ
- വിളങ്ങുന്നൂ രാഗം ദൃശമെഴുമുഷസ്സിൽ-
- ദ്ദലകുലം
- തെളിഞ്ഞീടാതൊന്നായ് വിടരുമൊരു തണ്ടാർ-
- മലരുപോൽ. 16
- കളിക്കോപ്പേൽക്കാനായ് കുതുകമൊടു നീട്ടീ-
രണ്ടാം താപസി: സുവ്രതേ, ഇവൻ വാക്കുകൊണ്ടു മാത്രം തൃപ്തിപ്പെടുന്നവനല്ല. അതുകൊണ്ട് നീ എന്റെ പർണ്ണശാലയിൽ ചെന്ന് മാർക്കണ്ഡേയന്റെ ചായം തേച്ച മണ്മയിലിനെ എടുത്തുകൊണ്ടുവരൂ.
ഒന്നാം താപസി:
- അങ്ങനെതന്നെ. (പോയി)
ബാലൻ:
- അതുവരെ ഞാൻ ഇതിനെക്കൊണ്ടു കളിക്കും. (എന്നു താപസിയെ നോക്കി ചിരിക്കുന്നു.)
രാജാവ്: ഈ ദുസ്സാമർത്ഥ്യക്കാരൻ കുട്ടിയോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹം തോന്നുന്നു.
- പല്ലിന്മൊട്ടുകൾ ഹേതുവെന്നിയെ ചിരി-
- ച്ചൽപ്പം തെളിച്ചും രസി-
- ച്ചുല്ലാസത്തൊടു ചൊല്ലിയും ചില വച-
- സ്സവ്യക്തമുഗ്ദ്ധാക്ഷരം
- അങ്കത്തിൽക്കുതുകത്തൊടേറിയമരും
- ബാലന്റെ പൂമേനിമേൽ-
- ത്തങ്കും പങ്കമണിഞ്ഞിടുന്നു സുകൃതം
- ചെതോരു ധന്യം ജനം. 17
- പല്ലിന്മൊട്ടുകൾ ഹേതുവെന്നിയെ ചിരി-
താപസി:
- ആകട്ടെ. ഇവൻ എന്നെ കൂട്ടാക്കുന്നില്ല. (ഇരുപുറവും തിരിഞ്ഞുനോക്കീട്ട്) ആരാ അവിടെ ഋഷികുമാരന്മാരുള്ളത്? (രാജാവിനെക്കണ്ടിട്ട്) ഭദ്ര, ഇങ്ങോട്ടു വരണേ. ഇതാ, ഇവൻ കളിയായിട്ടു സിംഹക്കുട്ടിയെ മുറുക്കിപ്പിടിച്ചുവലിച്ചുപദ്രവിക്കുന്നു. ഒന്നു പിടിക്കണേ!
രാജാവ്:
- അങ്ങനെതന്നെ. (അടുത്തുചെന്ന് പുഞ്ചിരിയോടെ) എടോ മഹർഷി ബാലക,
- തെറികാട്ടിയാശ്രമവിരുദ്ധവൃത്തി നീ
- ചെറുപാമ്പു ചന്ദനമരത്തിനെന്നപോൽ
- വെറുതേ വിശുദ്ധതരസത്വസൗമ്യമാം
പിറവിക്കു ദോഷമുളവാക്കിവെക്കൊലാ. 18
താപസി:
- ഭദ്ര, ഇവൻ മഹർഷിബാലനല്ല.
രാജാവ്:
- അത് ഇവന്റെ ആകൃതിക്കു ചേർന്ന പ്രകൃതികൊണ്ടുതന്നെ അറിയാം. സ്ഥലഭേദംകൊണ്ടു ഞാൻ ശങ്കിച്ചുപോയതാണ്. (പറഞ്ഞതുപോലെ ബാലനെ വിലക്കീട്ടു ബാലന്റെ സ്പർശനസുഖം അനുഭവിച്ച്, വിചാരം)
- ഗോത്രാദിയൊന്നുമറിയാതെയെനിക്കിവന്റെ
- ഗാത്രങ്ങളിൽത്തൊടുകയാൽ സുഖമിത്രമാത്രം
- എത്രയ്ക്കുവേണമിവനെ പ്രതിപത്തിയോടെ
- പുത്രത്വമോർത്തു പുണരുന്നൊരു പുണ്യവാന്ന്? 19
താപസി:
- (രണ്ടുപേരെയും നോക്കി) ആശ്ചരമാശ്ചര്യം!
രാജാവ്:
- എന്താണ്!
താപസി:
- അങ്ങേക്കും ഇവനും ഛായ നന്നേ യോജിച്ചു കണ്ടതിനാൽ എനിക്കു വിസ്മയം തോന്നിയതാണ്. മുൻപരിചയമില്ലെങ്കിലും അങ്ങേക്കിവൻ വഴിപ്പെടുകയും ചെയ്തു.
രാജാവ്:
- (ബാലനെ ലാളിച്ചുകൊണ്ട്) ആര്യേ, മുനികുമാരനല്ലെങ്കിൽ ഇവന്റെ കുലം ഏതാണ്?
താപസി:
- പൂരുവംശമാണ്.
രാജാവ്:
- (വിചാരം) എന്ത്! എന്റെ വംശം തന്നെയോ? അതാണ് ഇവന് എന്റെ ഛായയുണ്ടെന്ന് താപസിക്കു തോന്നിയത്. പൗരവർക്ക് ഇങ്ങനെ അന്ത്യമായ കുലവ്രതമുണ്ടല്ലോ.
- ധരണീഭരണത്തിനായി മുന്നം
പുരുസൗധങ്ങളിൽ വാണതിന്റെ ശേഷം തരുമൂലഗൃഹസ്ഥരായ്ച്ചരിപ്പൂ പുരുവംശോദ്ഭവരേകപത്നിയോടെ. 20
- (വെളിവായിട്ട്) മനുഷ്യർക്കു ബോധിച്ചതുപോലെ കടന്നുവരാവുന്ന സ്ഥലമല്ലല്ലോ ഇത്.
താപസി:
- അങ്ങു പറഞ്ഞത് ശരിതന്നെ, അപ്സരസ്സംബന്ധംകൊണ്ട് ഈ ബാലന്റെ മാതാവ് ദേവഗുരുവായ കശ്യപന്റെ ഈ ആശ്രമത്തിൽ ഇവനെ പ്രസവിച്ചു.
രാജാവ്:
- (വിചാരം) എന്റെ ആശയ്ക്ക് ഒരു താങ്ങലുംകൂടി ആയി. (വെളിവായി) എന്നാൽ ശ്രീമതിയുടെ ഭർത്താവായ രാജർഷിയുടെ പേരെന്താണ്?
താപസി:
- ധർമ്മപത്നിയെ ഉപേക്ഷിച്ചുപോയ അയാളുടെ നാമം ആര് ഉച്ചരിക്കും?
രാജാവ്:
- (വിചാരം) ഈ പറയുന്നത് എന്നെത്തന്നെ ഉദ്ദേശിച്ചായിരിക്കണം. ഈ കുട്ടിയുടെ അമ്മയുടെ പേര് ചോദിച്ചാലോ? അല്ലെങ്കിൽ പരസ്ത്രീപ്രസംഗം ശരിയല്ല.
ഒന്നാം താപസി:
- (പ്രവേശിച്ചു മയിലിനെ ആടുന്ന ഭാവത്തിൽപിടിച്ചുകൊണ്ട്) സർവ്വദമന, ഇതാ ശകുന്തലാസ്യം നോക്കൂ.
ബാലൻ:
- (ചുറ്റും നോക്കീട്ട്) അമ്മ ഇവിടെ ഇല്ലല്ലോ.
താപസി:
- (ചിരിച്ചുകൊണ്ട്) മാതൃവത്സലനായ ബാലൻ അർത്ഥം മാറിദ്ധരിച്ചു.
രണ്ടാം താപസി:
- വത്സ, മയിലാടുന്നതു നോക്കൂ എന്നാണ് പറഞ്ഞത്.
രാജാവ്:
- (വിചാരം) ഇവന്റെ മാതാവിന്റെ പേർ ശകുന്തള എന്നാണോ? എന്നാൽ, അനേകം പേർക്ക് ഒരു പേരുതന്നെ വരാറുണ്ടല്ലോ. ഈ പ്രസ്താവം കാനൽജ്ജലം പോലെ ഒടുവിൽ എനിക്കു വിഷാദത്തിന് ഇടയാക്കാതിരുന്നാൽ കൊള്ളാമായിരുന്നു.
ബാലൻ:
- എനിക്കീ മയിലിനെ നന്നേ രസച്ചു. ഞാനിതമ്മയുടെ അടുക്കലേക്ക് കൊണ്ടുപോകും. (കളിക്കോപ്പു വാങ്ങുന്നു.)
ഒന്നാം താപസി:
- (നോക്കി സംഭ്രമിച്ച്) അയ്യോ! കുഞ്ഞിന്റെ കയ്യിൽ കെട്ടിച്ചിരുന്ന രക്ഷ കാണുന്നില്ലല്ലോ.
രാജാവ്:
- പരിഭ്രമിക്കേണ്ട. സിംഹക്കുട്ടിയുമായുള്ള കലശലിൽ താഴെ വീണുപോയി. (എടുക്കാൻ ഭാവിക്കുന്നു.)
താപസിമാർ:
- അരുതേ, തൊടരുതേ. അല്ല! ഇദ്ദേഹം എടുത്തുകഴിഞ്ഞോ? (വിസ്മയിച്ചു മാറത്തു കൈവെച്ചുകൊണ്ട് അന്യോന്യം നോക്കുന്നു.)
രാജാവ്:
- എന്തിനാണ് നിങ്ങൾ എന്നെത്തടഞ്ഞത്?
ഒന്നാം താപസി:
- മഹാരാജാവ് കേട്ടുകൊണ്ടാലും! ഈ രക്ഷ അപരാജിത എന്നു പേരായ ഔഷധിയാണ്. ഇവന്റെ കാതകർമ്മസമയത്തിൽ മാരീചഭഗവാൻ ഇത് ഇവനെ ധരിപ്പിച്ചു. അച്ഛനോ അമ്മയോ താനോ അല്ലാതെ ആരും ഇത് താഴെവീണാൽ എടുത്തുകൂടാ എന്നും കല്പിച്ചു.
രാജാവ്:
- അല്ല, എടുത്താലോ?
ഒന്നാം താപസി:
- ഉടൻതന്നെ സർപ്പമായിത്തീർന്ന് എടുത്തവനെ കടിക്കും.
രാജാവ്:
- ഈ മാറ്റം എപ്പോഴെങ്കിലും നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടോ?
താപസി:
- പല പ്രാവശ്യം.
രാജാവ്:
- (സന്തോഷത്തോടുകൂടി വിചാരം) എന്റെ മനോവിചാരം പൂർണ്ണമായി സിദ്ധിച്ചു. ഇനി എന്തിന് അഭിനന്ദിക്കാതിരിക്കുന്നു? (ബാലനെ ആലിംഗനം ചെയ്യുന്നു)
രണ്ടാം താപസി:
- സുവ്രതേ, വരൂ: ഈ വർത്തമാനം വ്രതനിഷ്ഠയിൽ ഇരിക്കുന്ന ശകുന്തളയോടു ചെന്നുപറയാം.
(താപസിമാർ പോയി)
ബാലൻ:
- എന്നെ വിടൂ! എനിക്ക് അമ്മയുടെ അടുക്കൽ പോകണം.
രാജാവ്:
- മകനേ, എന്നോടൊരുമിച്ചുതന്നെ ചെന്ന് അമ്മയെ ആനന്ദിപ്പിക്കാം.
ബാലൻ:
- എന്റെ അച്ഛൻ ദുഷ്ഷന്തനാണ്, താനല്ല.
രാജാവ്:
- (ചിരിച്ചിട്ട്) ഈ തർക്കംതന്നെ എനിക്കു വിശ്വാസം ഉറപ്പിക്കുന്നു.
(അനന്തരം കെട്ടാതെ അഴിഞ്ഞുകിടക്കുന്ന തലമുടിയുമായി ശകുന്തള പ്രവേശിക്കുന്നു.)
ശകുന്തള:
- മാറ്റം വരേണ്ട കാലത്തിൽപ്പോലും സർവ്വദമനന്റെ രക്ഷ അതേ സ്ഥിതിയിൽത്തന്നെ ഇരുന്നു എന്നു കേട്ടിട്ടും എനിക്ക് എന്റെ ഭാഗ്യത്തിൽ വിശ്വാസം വരുന്നില്ല. അല്ലെങ്കിൽ, സാനുമതി പറഞ്ഞതുപോലെ സംഭവിക്കാവുന്നതാണല്ലോ.
രാജാവ്:
- (ശകുന്തളയെ കണ്ടിട്ട് ആശ്ചര്യത്തോടെ)
- ഇതാ ശ്രീമതി ശകുന്തള!
- മലിനം വസനദ്വയം, വ്രതത്താൽ
മെലിവേറ്റം; കുഴൽകറ്റയൊറ്റയായി; പലനാളിവളുണ്ടു കാത്തിടുന്നൂ ഖലനാമെന്റെ വിയോഗദീക്ഷ സാദ്ധ്വി. 21
ശകുന്തള:
- (പശ്ചാത്താപംകൊണ്ടു വിധംമാറിയ രാജാവിനെക്കണ്ടിട്ട് വിചാരം) ഇത് എന്റെ ആര്യപുത്രനെപ്പോലെ ഇരിക്കുന്നില്ലല്ലോ. പിന്നെ ആരാണ് രക്ഷ കെട്ടാതിരിക്കുന്ന എന്റെ കുഞ്ഞിനെ തൊട്ടു ദുഷിപ്പിക്കുന്നത്?
ബാലൻ:
- (അമ്മയുടെ അടുത്തുചെന്ന്) അമ്മേ, ഇതാ ആരോ വന്ന് എന്നെ ‘മകനേ’ എന്നു വിളിക്കുന്നു.
രാജാവ്:
- പ്രിയേ, ഞാൻ പ്രവർത്തിച്ചത് ക്രൂരതയാണെങ്കിലും അതു നിന്റെ പേരിലാകയാൽ അനുകൂലമായി കലാശിച്ചു. എന്നെ ഇപ്പോൾ നീ ഭർത്താവെന്നോർമ്മിച്ചറിയണമെന്നു പ്രാർത്ഥിക്കേണ്ടിവന്നിരിക്കുന്നു.
ശകുന്തള:
- (വിചാരം) ഹൃദയമേ, ഇനി ആശ്വസിക്കാം. ദൈവം മത്സരം വിട്ട് എന്റെ നേരേ കരുണ ചെയ്തു എന്നുതോന്നുന്നു. ഇത് ആര്യപുത്രൻ തന്നെ.
രാജാവ്:
- പ്രിയേ,
- മോഹമകന്നു തെളിഞ്ഞേൻ
- മോഹനതനു! വന്നു നീയുമെന്നരികിൽ
- രാഹുവിനെ വിട്ടു ചന്ദ്രൻ
- രോഹിണിയോടടുത്തുചേർന്നു ഭാഗ്യവശാൽ. 22
ശകുന്തള:
- ആര്യപുത്രന്നു വിജയം! (തൊണ്ടയിടറി പാതിയിൽ നിർത്തുന്നു)
രാജാവ്:
- ഇന്നിജ്ജയപ്രാർത്ഥന ഗദ്ഗദത്താൽ
- മന്ദിക്കിലും ഹന്ത! ഫലിച്ചിതെന്നിൽ,
- താംബൂലരാഗം കലരാതെ നിന്റെ
- ബിംബാധരം സുന്ദരി, കാൺകയാലേ. 23
ബാലൻ:
- അമ്മേ ഇതാരാണ്?
ശകുന്തള:
- കുഞ്ഞേ നിന്റെ ഭാഗ്യത്തോടു ചോദിക്കൂ.
രാജാവ്:
- (ശകുന്തളയുടെ കാൽക്കൽ വീണിട്ട്)
- തെല്ലും ഞാൻ തള്ളിയെന്നുള്ളൊരു പരിഭവമുൾ-
- ക്കൊള്ളൊലാ വല്ലഭേ നീ,
- വല്ലാതെന്നുള്ളമന്നാളൊരു മലിനതയേ-
- റ്റേറെ മന്ദിച്ചിരുന്നു:
- കല്യാണം കൈവരുമ്പോൾ കലുഷമതികളി-
- മ്മട്ടിലും ചേഷ്ടകാട്ടും;
- മാല്യം മൂർദ്ധാവിലിട്ടാൽ തല കടയുമുടൻ
- പമ്മ്പിതെന്നോതിയന്ധൻ. 24
- തെല്ലും ഞാൻ തള്ളിയെന്നുള്ളൊരു പരിഭവമുൾ-
ശകുന്തള:
- (കരഞ്ഞുകൊണ്ട്) എണീക്കണം, എണീക്കണം ആര്യപുത്രൻ. എന്റെ മുജ്ജന്മപാപം അന്നു ഫലോന്മുന്മായിരുന്നിരിക്കണം, അതാണ് ദയാലുവായ ആര്യപുത്രൻ അന്ന് എന്നോടങ്ങനെ പ്രവർത്തിച്ചത്.
(രാജാവ് എഴുന്നേൽക്കുന്നു.)
- പിന്നെ എങ്ങനെയാണ് ഇദ്ദുഃഖത്തിനു പാത്രമായ എന്നെ ഓർമ്മ വന്നത്?
രാജാവ്:
- വിഷാദശല്യം ഉള്ളിൽനിന്നു നീക്കിക്കളഞ്ഞിട്ടു പറയാം.
- സമ്മോഹത്താലവശനതുനാ-
- ളേതു ഞാൻ തുള്ളിയായി-
- ബ്ബിംബോഷ്ഠത്തിൽ പരിചിനൊടു പതി-
- ക്കുന്നതും പാർത്തുനിന്നേൻ,
- ഇന്നക്കണ്ണീർ ചുളിവെഴുമിമയ്-
- ക്കുള്ളിൽനിന്നേ തുടച്ചി-
- ട്ടന്തസ്താപം സുമുഖി, ദയിതേ!
- ചെറ്റു ഞാനാറ്റിടട്ടെ. 25
- സമ്മോഹത്താലവശനതുനാ-
(പറഞ്ഞ പ്രകാരം ചെയ്യുന്നു.)
ശകുന്തള:
- (മുദ്രമോതിരം നോക്കിയിട്ട്) ആര്യപുത്ര, ഇത് ആ മോതിരമല്ലേ?
രാജാവ്:
- അതേ, ഈ മോതിരം കണ്ടിട്ടാണല്ലോ എനിക്കോർമ്മ വന്നത്.
ശകുന്തള:
- ഇതു വൈഷമ്യക്കാരനാണ്. അന്ന് ആര്യപുത്രനെ ഓർമ്മിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ കിട്ടാതെ പോയല്ലോ.
രാജാവ്:
- എന്നാൽ, വള്ളി ഋതുയോഗത്തിന്റെ ചിഹ്നമായ പുഷ്പത്തെ ധരിക്കട്ടെ.
ശകുന്തള:
- എനിക്കതിനെ വിശ്വാസമില്ല. ഇത് ആര്യപുത്രൻ ധരിച്ചാൽ മതി.
മാതലി: (പ്രവേശിച്ച്) ഭാഗ്യവശാൽ മഹാരാജാവിനു ധർമ്മപത്നിയുടെ യോഗവും പുത്രമുഖദർശനവുമുണ്ടായല്ലോ. ഞാൻ അഭിനന്ദിക്കുന്നു.
രാജാവ്:
- സ്നേഹിതൻ മുഖാന്തരം ലഭിക്കയാൽ ഈ മനോരഥഫലത്തിനു രുചി അധികം തോന്നുന്നുണ്ട്. മാതലി, ദേവേന്ദ്രഭഗവാൻ ഈ സംഗതി അറിയാതിരിക്കുമോ? അല്ലെങ്കിൽ എന്താണ് ഈശ്വരന്മാർക്ക് അപ്രത്യക്ഷമായിട്ടുള്ളത്?
മാതലി:
- (പുഞ്ചിരിയോടെ) ശരിയാണ്. മഹാരാജാവ് വരണം. കാശ്യപഭഗവാൻ അങ്ങേയ്ക്ക് ദർശനം തരാൻ കാത്തിരിക്കുന്നു.
രാജാവ്:
- ശകുന്തളേ, കുഞ്ഞനെ എടുത്തുകൊള്ളൂ. നിന്നെ മുമ്പിൽ നിർത്തിക്കൊണ്ടു ഭഗവാനെ ദർശിക്കണമെന്നാണ് എന്റെ ആഗ്രഹം.
ശകുന്തള:
- ആര്യപുത്രനോടുകൂടി ഗുരുസമീപത്തിൽ പോകുന്നതിന് എനിക്കു ലജ്ജയുണ്ട്.
രാജാവ്:
- അഭ്യുദയകാലങ്ങളിൽ ഇങ്ങനെ വേണം ചെയ്യാൻ. വരൂ!
(എല്ലാവരും ചുറ്റിനടക്കുന്നു.
- അനന്തരം ഇരിക്കുന്ന ഭാവത്തിൽ മാരീചനും അദിതിയും പ്രവേശിക്കുന്നു.)
മാരീചൻ:
- (രാജാവു വരുന്നതു നോക്കീട്ട്) ദാക്ഷായണീ,
- ഭവതിയുടയ പുത്രന്നെന്നുമേ പോരിൽ മിമ്പൻ;
- ഭുവനഭരണകർത്താ ഹന്ത! ദുഷ്ഷന്തനീയാൾ;
- ഇവനുടെ കുലവില്ലാലസ്ത്രകാര്യം നടന്നി-
ട്ടവനു കൊടിയ വജ്രം ഭൂഷണപ്രായമായി. 46
അദിതി:
- ആകൃതികൊണ്ടുതന്നെ ഇദ്ദേഹം മഹാനുഭാവനാണെന്ന് അറിയാം.
മാതലി:
- ഇതാ, ദേവതകളുടെ മാതാപിതാക്കന്മാർ പുത്രസ്നേഹത്തോടുകൂടെ മഹാരാജാവിനെ നോക്കുന്നു. അടുത്തുചെല്ലാം.
രാജാവ്:
- മാതലീ,
- പന്ത്രണ്ടായിപ്പിരിഞ്ഞീടിന പെരിയ മഹ-
- സ്സഞ്ചയത്തിൻ നിദാനം,
- മന്ത്രാഢ്യം ഹവ്യമേൽക്കുന്നൊരു ജഗദധിപൻ-
- തന്റെ മാതാപിതാക്കൾ.
- ബ്രഹ്മാവിൻ പൂർവ്വനാമപ്പരമപുരുഷനും
- ജന്മദാതാക്കളാകും
- ശ്രീമന്മാരീചദാക്ഷായിണികളിവർ വിധി-
- ക്കൊന്നുവിട്ടുള്ള പുത്രർ. 27
- പന്ത്രണ്ടായിപ്പിരിഞ്ഞീടിന പെരിയ മഹ-
മാതലി:
- അങ്ങനെ തന്നെ.
രാജാവ്:
- (അടുത്തുചെന്നിട്ട്) ഇന്ദ്രഭഗവാന്റെ ആജ്ഞാകരനായ ദുഷ്ഷന്തൻ രണ്ടുപേരെയും നമസ്കരിക്കുന്നു.
മാരീചൻ:
- ഉണ്ണീ, വളരെക്കാലം രാജ്യം വാഴ്ക!
അദിതി:
- അപ്രതിരഥനായി ഭവിക്കുക!
ശകുന്തള:
- ശകുന്തളയും പുത്രനും ഇതാ നിങ്ങളുടെ പാദവന്ദനം ചെയ്യുന്നു.
മാരീചൻ:
- വത്സേ,
- പുരന്ദരസമൻ കാന്തൻ;
- ജയന്തസദൃശൻ സുതൻ;
- ചൊല്ലാമാശിസ്സു മറ്റെന്ത്?
- പൗലോമീതുല്യയാക നീ!
അദിതി:
- കുഞ്ഞേ, ഭർത്താവു നിന്നെ ആദരിക്കട്ടെ! നിന്റെ പുത്രൻ ദീർഘായുസ്സായിരുന്ന് ഇരുവംശക്കാരെയും ആനന്ദിപ്പിക്കട്ടെ! ഇരിക്കുവിൻ!
(എല്ലാവരും മാരീചന്റെ ഇരുവശവുമായി ഇരിക്കുന്നു.)
മാരീചൻ:
- (ഓരോരുത്തരെയും ചൂണ്ടിക്കാണിച്ചുകൊണ്ട്)
- ഭവാൻ സ്വയം, പുത്രരത്നം
- ഇവൾ സാധ്വി ശകുന്തള
- വിധി, വിത്തം, ശ്രദ്ധയെന്ന
- സാധനത്രയമൊത്തുതേ. 29
രാജാവ്:
- ഭഗവാൻ, മുമ്പേ ഇഷ്ടസിദ്ധി: ദർശനം പിന്നെ! ഭഗവാന്റെ അനുഗ്രഹത്തിന്റെ മട്ട് അപൂർവ്വമായിരിക്കുന്നു. നോക്കുക:
- പൂവാദ്യമുണ്ടാകുമനന്തരം ഫലം
- നവാംബുദം മുന്നിലതിന്നുമേൽജ്ജലം;
- ഈവണ്ണമാം കാരണകാര്യസംഗമം
- ഭവത്പ്രസാദത്തിനു മുന്നമേ ശിവം. 30
മാതലി:
- പ്രപഞ്ചപിതാക്കന്മാർ പ്രസാദിച്ചാൽ ഇങ്ങനെയാണ്.
രാജാവ്:
- ഭഗവാന്റെ ആജ്ഞാകാരിണിയായ ഇവളെ ഞാൻ ഗാന്ധർവ്വവിധിപ്രകാരം വേളികഴിച്ചതിന്റെ ശേഷം കുറച്ചുകാലം കഴിഞ്ഞു ബന്ധുക്കൾ ഇവളെ എന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നപ്പോൾ ഓർമ്മക്കേടുകൊണ്ട് ഉപേക്ഷിക്കയാൽ ഭഗവാന്റെ സഹോത്രനായ കണ്വനു ഞാൻ അപരാധം ചെയ്തുപോയി. പിന്നീട് മോതിരം കണ്ടിട്ട് ഇവളെ വിവാഹംചെയ്തതായി എനിക്ക് ഓർമ്മവന്നു. ഇതു വലിയ ആശ്ചര്യമായിട്ടു തോന്നുന്നു.
- നേരേ നിൽക്കുമ്പോഴതു ഗജമല്ലെന്നുതാ-
- നോർത്തു; പിന്നെ-
- ദ്ദൂരെപ്പോകുന്നളവു ഗജമോ എന്നു
- സന്ദേഹമാർന്നൂ;
- ചാരെച്ചെന്നിട്ടതിനുടെ പദം
- കണ്ടുതാൻ നിർണ്ണയിക്കും;
- തീരെബ്ഭ്രാന്തന്നുചിതവിധമാ-
- യെന്റെ ചേതോവികാരം.
- നേരേ നിൽക്കുമ്പോഴതു ഗജമല്ലെന്നുതാ-
മാരീചൻ:
- താൻ തെറ്റുചെയ്തതായി അങ്ങേയ്ക്കു സംശയം വേണ്ട. അങ്ങേ ഓർമ്മക്കേടിനു കാരണമുണ്ട്. കേട്ടുകൊണ്ടാലും.
രാജാവ്:
- കാത്തിരിക്കുന്നു.
മാരീചൻ:
- അങ്ങുപേക്ഷിക്കയാൽ കുഴങ്ങിവശായ ശകുന്തളയെ മേനക ദാക്ഷായണിയുടെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നപ്പോൾത്തന്നെ, ദിവ്യചക്ഷുസ്സുകൾകൊണ്ടു ഞാൻ സംഗതി അറിഞ്ഞിരിക്കുന്നു. ദുർവ്വാസാവിന്റെ ശാപത്താലാണ് പാവപ്പെട്ട ഈ സഹധർമ്മചാരിണിയെ അങ്ങു നിരാകരിക്കാനിടയായത്. വേറെയൊന്നുമല്ല കാരണം. മോതിരം കണ്ടതോടുകൂടി ശാപമോക്ഷവും വന്നു.
രാജാവ്:
- (നെടുവീർപ്പുവിട്ടിട്ട്) ആവൂ! എന്റെ പേരിലുള്ള അപവാദം തീർന്നു.
ശകുന്തള:(വിചാരം)
- ആര്യപുത്രൻ കാരണംകൂടാതെയല്ല എന്നെ ഉപേക്ഷിച്ചത് എന്നു വന്നല്ലോ, ഭാഗ്യമായി. എന്നാൽ, എനിക്ക് ശാപമോക്ഷം കിട്ടിയതായി ഓർമ്മയില്ല. അഥവാ ഞാൻ വിരഹംകൊണ്ടു ശൂന്യഹൃദയയായിരുന്നപ്പോൾ ആയിരിക്കണം ശാപമുണ്ടായത്. അതാണ്. 'ഭർത്താവിനെ മോതിരം കാണിക്കണം' എന്നു സഖിമാർ എന്നോടു വളരെ കാര്യമായി പറഞ്ഞതിന്റെ അർത്ഥം.
മാരീചൻ:
- കുഞ്ഞേ, കാര്യം മനസ്സിലായല്ലോ! ഇനി ഭർത്താവിനെപ്പറ്റി അന്യഥാ ശങ്കിക്കരുത്. നോക്കൂ.
- ഊക്കേറുംശാപമൂലം സ്മൃതി മറയുകയാൽ
- വല്ലഭ ൻനിന്നെയന്നാൾ
- കൈക്കൊണ്ടി,ല്ലിന്നു പിന്നെക്കലുഷമകലവേ
- സാദരം സ്വീകരിച്ചു.
- ഉൾക്കൊള്ളും ധൂളിമൂലം പ്രതിഫലനബലം
- മാഞ്ഞുനിൽക്കുന്നനേര-
- ത്തേൽക്കാ കണ്ണാടീയൊന്നും, മലിനതയൊഴിയു-
- ന്നേരമെല്ലാം ഗ്രഹിക്കും. 32
- ഊക്കേറുംശാപമൂലം സ്മൃതി മറയുകയാൽ
രാജാവ്:
- ഭഗവാൻ അരുളിച്ചെയ്തതുപോലെതന്നെ.
മാരീചൻ:
- ഉണ്ണീ! വിധിപോലെ ഞങ്ങൾ ജാതകർമ്മം കഴിച്ച് വളർത്തിയ ഈ പുത്രനെ ഭഗവാൻ അഭിനന്ദിച്ചില്ലയോ?
രാജാവ്:
- ഭഗവാനേ, എന്റെ വംശപ്രതിഷ്ഠ ഇവനിലാണ്.
മാരീചൻ:
- അങ്ങേ ഈ പുത്രൻ മേലിൽ ചക്രവർത്തിയായ്ച്ചമയും എന്ന് അറിഞ്ഞുകൊള്ളുക.
- സത്ത്വോദ്രിക്തനനർഗ്ഗളപ്രസരമാം
- തേരിൽക്കരേറിസ്വയം
- സപ്താംഭോധികളും കടന്നിവനട-
- ക്കീടും ജഗത്താകവേ,
- സത്ത്വൗഘത്തെ ദമിച്ചു സർവ്വദമനാ-
- ഖ്യാനം ലഭിച്ചോരിവൻ
- സംസ്ഥാനങ്ങൾ ഭരിച്ചു മേൽ ഭരതനെ-
- ന്നുള്ളോരുപോരാളുവോൻ. 33
- സത്ത്വോദ്രിക്തനനർഗ്ഗളപ്രസരമാം
രാജാവ്:
- തൃക്കൈകൊണ്ട് ജാതകർമ്മം ചെയ്യാൻ ഭാഗ്യമുണ്ടായ ഇവനിൽ ഇതൊക്കെയും ആശിക്കാവുന്നതാണ്.
അദിതി:
- ഭഗവാനേ, പുത്രിയുടെ ഈ മനോരഥം സിദ്ധിച്ച വിവരം ആളയച്ചു കണ്വനെ ഗ്രഹിപ്പിക്കണം. പുത്രിയുടെ പേരിലുള്ള വാത്സല്യത്താൽ, മേനക എന്നെ ഉപചരിച്ചുകൊണ്ട് ഇവിടെത്തന്നെ താമസിക്കുന്നുണ്ട്.
ശകുന്തള: (വിചാരം)
- എന്റെ മനോരഥം ഭഗവതി പറഞ്ഞല്ലോ.
മാരീചൻ:
- അദ്ദേഹത്തിനു തപോപ്രഭാവംകൊണ്ട് ഇതെല്ലാം പ്രത്യക്ഷമാണ്.
രാജാവ്:
- അതാണ് ഗുരു എന്റെ നേരെ കോപിക്കാഞ്ഞത്.
മാരീചൻ:
- എന്നാലും ഈ സന്തോഷവർത്തമാനം പറഞ്ഞറിയിക്കേണ്ടതാണ്. ആരവിടെ?
ശിഷ്യൻ: (പ്രവേശിച്ചിട്ട്)
- ഭഗവാനേ, ഞാൻ ഇതാ, ഇവിടെയുണ്ട്.
മാരീചൻ:
- വത്സ ഗാലവ, ഇപ്പോൾത്തന്നൊകാശമാർഗ്ഗമായിപ്പോയി കണ്വമഹർഷിയോടു ഞാൻ പറഞ്ഞയച്ചതായി സന്തോഷവർത്തമാനം പറയണം. എങ്ങനെയെന്നാൽ, ദുർവ്വാസാവിന്റെ ശാപം നിവർത്തിച്ചതോടുകൂടി ഓർമ്മവന്നിട്ട് ദുഷന്തമഹാരാജാവ് പുത്രനെയും ശകുന്തളയെയും സ്വീകരിച്ചിരിക്കുന്നു എന്ന്.
ശിഷ്യൻ:
- അരുളിച്ചെയ്തതുപോലെ. (പോയി)
മാരീചൻ:
- ഉണ്ണീ, നീയും പുത്രഭാര്യാസമേതം സുഹൃത്തായ ഇന്ദ്രന്റെ രഥത്തിൽക്കയറി രാജധാനിയിലേക്ക് യാത്രപുറപ്പെടാം.
രാജാവ്:
- ഭഗവാന്റെ ആജ്ഞ.
മാരീചൻ:
- ഋതുവിൽ മഴപൊഴിച്ചീടട്ടെ നിൻനാട്ടിലിന്ദ്രൻ
- ക്രതു പലതു ഭവാനും ചെയ്തു വിണ്ണോർക്കുവേണ്ടി
- ഉതവികളിതുമട്ടിൽത്തങ്ങളിൽച്ചെയ്തു ലോക-
- ദ്വിതയഹിതകൃതിക്കായ് വാഴുവിൻ ദീർഘകാലം.
രാജാവ്:
- യഥാശക്തി ശ്രേയസ്സിനുവേണ്ടി യത്നം ചെയ്യാം.
മാരീചൻ:
- ഉണ്ണീ, ഇനി എന്തുപകാരമാണ് നിനക്ക് ഞാൻ ചെയ്യേണ്ടത്?
രാജാവ്:
- ഇതിൽപ്പരം പ്രിയം എന്താണു വേണ്ടത്? എന്നാലും ഇരിക്കട്ടെ.
(ഭരതവാക്യം)
- നിനയ്ക്കണം പ്രകൃതിഹിതം പ്രജേശ്വരൻ
- ജയിക്കണം മഹിമയെഴും സരസ്വതി
- എനിക്കുമിജ്ജനിമൃതിമാലകറ്റണം
- സശക്തിയായ് വിലസിന നീലലോഹിതൻ.
(എല്ലാവരും പോയി)
-ശുഭം-