മരണം ജയിച്ച വീരാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മരണം ജയിച്ച വീരാ

രചന:വി. നാഗൽ

 
മരണം ജയിച്ച വീരാ എൻ കർത്താവാം യേശുവെ!
എന്റെ മരണവും തീരെ വിഴുങ്ങിയ ജീവനെ!
നിന്റെ ജീവൻ എന്നിൽ വേണം വേണ്ട സ്വന്ത ജീവിതം
നീ എന്നുള്ളിൽ വസിക്കേണം എന്നത്രേ എൻ താല്പര്യം

ലോകത്തിന്നും പാപത്തിന്നും ക്രൂശിന്മേൽ താൻ മരിച്ചു
ജീവന്റെ പുതുക്കത്തിന്നും ഉടൻ നിന്നെ ധരിച്ചു.
സ്വർഗ്ഗത്തിലിപ്പോളെൻ ജീവൻ യേശു താനെൻ പാർപ്പിടം
ഉന്നതങ്ങളിൽ ഈ ഹീനർ വാഴുന്നെന്തോരാശ്ചര്യം!

ജീവവെള്ളം ഒഴുകുന്നു നനയ്ക്കുന്നെൻ ഹൃദയം
പുഷ്പങ്ങളായ് പുഷ്പ്പിക്കുന്നു ശാന്തി സ്നേഹം ആനന്ദം
ഇതെൻ പ്രിയന്നുള്ള തോട്ടം ഇതിൽ ഞാൻ നടക്കുന്നു
രാവും പകലും തൻ നോട്ടം ഉണ്ടതിന്മേൽ കാക്കുവാൻ

നിന്റെ ശക്തി എന്റെ ശക്തി എല്ലാറ്റിന്നും മതി ഞാൻ
നിന്റെ ശക്തി എന്റെ ഭക്തി ഹാ! നിന്നിൽ ഞാൻ ധനവാൻ
എന്റെ പ്രിയനെനിക്കുള്ളോൻ അവനുള്ളോൻ ഞാനുമേ
ക്രൂശിൽ സ്വന്ത രക്തം തന്നോൻ എന്നെ വാങ്ങി തനിക്കായ്

യേശു! എൻ വിശ്വാസകണ്ണു കാത്തു സൂക്ഷിക്കേണമേ
അതിൽ ഇഹ ലോക മണ്ണു വീണു മയക്കരുതേ!
സാത്താൻ ഓരോ ചിന്തകളെ ഈച്ചകളെ എന്ന പോൽ
അയച്ചാൽ കൺപോളകളെ ഉടൻ നീ അടച്ചു കൊൾ,

ലോകം വേണ്ട ഒന്നും വേണ്ട യേശു മതി എനിക്ക്
സാത്താനേ നീ ആശിക്കേണ്ട കൊണ്ടുപോ നിൻ സമ്പത്ത്
കഴുകൻ പോൽ പറക്കുന്നു മേലോട്ടെന്റെ ഹൃദയം
ഭൂമി താഴെ കിടക്കുന്നു ദൂരെയതിൻ അശുദ്ധി

യേശുവേ നീ ജീവിക്കുന്നു ഞാനുമെന്നും ജീവിക്കും
നിത്യ ജീവൻ നിന്നിൽ നിന്നു എന്നിലെന്നും ഒഴുകും
സ്വർഗ്ഗത്തിൽ നീ ഇരിക്കുന്നു, ഞാനുമെന്നും ഇരിക്കും
സ്നേഹത്തിൻ സംസർഗ്ഗത്തിന്നു നിന്റെ കൂടെ വസിക്കും

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഈ കീർത്തനം ”ഓ മൈ ഡാർളിങ്ങ് ക്ലമന്റൈൻ”എന്ന അംഗലേയ ഗാനത്തിന്റെ രാഗത്തിൽ ആണു രചിച്ചിട്ടുള്ളതു [[1]]

"https://ml.wikisource.org/w/index.php?title=മരണം_ജയിച്ച_വീരാ&oldid=42066" എന്ന താളിൽനിന്ന് ശേഖരിച്ചത്