മരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മരണം

രചന:ഇടപ്പള്ളി രാഘവൻ പിള്ള


[ 101 ]

മരണം
മരണം മനോഹരപ്പച്ചിലവിരിപ്പിട്ട
ഗിരിതൻ സാനുപ്രാന്തം തഴുകും തരംഗിണി;
തളിരും വാടാമലർക്കുലയുമിടതിങ്ങി-
ത്തളരാതെന്നും തെന്നലേറ്റാടും ലതകളാൽ
നിത്യസൗന്ദര്യത്തിന്റെ നർത്തനമാമാരംഗ-
മെത്തുവായിട്ടെന്തെൻ മാനസം പതറുന്നൂ?
അഴലിൻ കയ്ക്കും കായ്കളെത്ര തിന്നാലും വെറും
നിഴലാം മർത്ത്യന്നതിലില്ല വിശ്വാസം തെല്ലും!
ദ്യോവിനെക്കണ്ടെത്തുവാനായിട്ടു സന്തപ്തമാം
ജീവിതമണൽക്കാട്ടിൽപ്പെട്ടുകൊണ്ടനാരതം
വരളും നാവാലുപ്പുകലരും കണ്ണീർദ്ധാര
വളരെക്കുടിച്ചു തൻതൃഷ്ണയെ വളർത്തുന്ന
നരനച്ചിദാനന്ദപ്പാൽപ്പുഴയൊഴുക്കിൽ ചെ-
ന്നൊരു കൈക്കുമ്പിൾ പൂർണ്ണമാക്കുവാൻ മടിപോലും!

"https://ml.wikisource.org/w/index.php?title=മരണം&oldid=62757" എന്ന താളിൽനിന്ന് ശേഖരിച്ചത്