Jump to content

മഗ്ദലമോഹിനി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മഗ്ദലമോഹിനി (ഖണ്ഡകാവ്യം)

രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള

മി. മുണ്ടശ്ശേരിയുടെ നിർദ്ദേശാനുസരണമല്ല ഞാൻ മഗ്ദലമോഹിനി എഴുതുന്നത്. ന്യായമായിതോന്നുന്ന നിർദ്ദേശങ്ങൾ ആരുടെതായാലും സ്വീകരിയ്ക്കുവാൻ ഞാൻ സദാസന്നദ്ധനാണ്; പക്ഷേ, കവന കലയിൽ ഓരോരുത്തരുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുവാൻ ഇന്നിതുവരെ ഞാൻ ഒരുമ്പെട്ടിട്ടില്ല. മേലിൽ ചെയ്യുകയുമില്ല. എട്ടുകൊല്ലങ്ങൾക്കുമുമ്പ്[1] മെറ്റർ ലിങ്കന്റെ 'മേരീമഗ്ദലിൻ' എന്ന മനോഹരമായ നാടകം വായിച്ചതു മുതൽ ആ കഥയെ ആസ്പദമാക്കി നാടകീയമായ രീതിയിൽ ഒരു കൃതി എഴുതണമെന്നു ഞാൻ ആഗ്രഹിച്ചുതുടങ്ങിയതാണ്. പക്ഷേ, അതിനൊരുമ്പെട്ടില്ല എന്നേയുള്ളൂ. പൊൻകുന്നം ദാമോദരന്റെ മറിയത്തെക്കണ്ടപ്പോൾ ഏതായാലും ഇനിയതിനുദ്യമിക്കുകതന്നെ എന്നു ഞാൻ നിശ്ചയിച്ചു. മെറ്റർലിങ്കിന്റെ കൃതിയിലെ രംഗങ്ങളെല്ലാം മറന്നുകഴിഞ്ഞിരിയ്ക്കുന്നു. ഇന്നിപ്പോൾ നാടകീയമായ രീതിയിൽ അതെഴുതണമെന്ന് ഉദ്ദേശിക്കുന്നില്ല. വള്ളത്തോളിന്റെയോ മെറ്റർലിങ്കിന്റെയോ മേരിയല്ല എന്റെ മഗ്ദലമോഹിനിയെന്നു നിങ്ങൾക്കു കാണാം. പശ്ചാത്താപത്തിനു മുമ്പുള്ള വിലാസിനിയായ മേരിയെ കാമുകസമ്പന്നയും കലാരസികയുമായ മേരിയെ ചിത്രീകരിയ്ക്കുകയാണ് എന്റെ ലക്ഷ്യം. അവളുടെ സുഖതൃഷ്ണയും തത്ഫലമായി അവൾ സമാർജ്ജിയ്ക്കുന്ന പാപഭാരവും ആദ്യമായി പ്രത്യക്ഷപ്പെടുത്തുക. ക്രിസ്തുവിന്റെ സഹവാസത്താൽ അവളുടെ ജീവിതത്തിന് അൽപാൽപമായമാറ്റം വന്നു. ഒടുവിൽ തന്റെ അപരാധത്തെക്കുറിച്ചു പൂർണ്ണബോധമുണ്ടാവുക. തജ്ജന്യമായ പശ്ചാത്താപത്തിന് അവളുടെ ഹൃദയം വിധേയമാവുക. ഇങ്ങനെ മനശ്ശാസ്ത്രപരമായ ഒരു മേഖലയിൽക്കൂടി മേരിയെ ആനയിയ്ക്കുവാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ബൈബിളിലെ മേരിയോ ശീമോനോ അല്ല എന്റെ കൃതിയിൽ പ്രത്യക്ഷപ്പെടുന്നതെന്നും കാണാം.

(പ്രൊ:എസ്'ഗുപ്തൻ നായരുടെ 'കാറ്റിൽ പറക്കാത്ത കത്തുകൾ' എന്ന കൃതിയിൽ നിന്ന്.)

    ഒന്നാം ഭാഗം
            1

മഗ്ദല, മഗ്ദല, മാദകദാഹങ്ങൾ
മത്തടിച്ചാർക്കുന്ന മദ്യശാല-
മഗ്ദല മഗ്ദല, മായികമോഹങ്ങൾ
മത്സരിച്ചാടുന്ന നൃത്തശാല-
മാനവപ്രജ്ഞയെ കിക്കിളികൂട്ടുന്ന
മാഹേന്ദ്രജാലമൊന്നുണ്ടവിടെ,
മാനസം തന്നിലണച്ചു മദിക്കുന്ന
മായാമരാളിയൊന്നുണ്ടവിടെ,
വിശ്വഗണനയ്ക്കു മറ്റൊരുമട്ടിലും
വിത്തുപാകാത്തൊരശ്ശൂന്യരംഗം!
അറ്റമില്ലാതെഴും പേരും പെരുമയു-
മൊറ്റത്തടിൽക്കൊടി ചൂടിനേടി.

            2

മഗ്ദല, മഗ്ദല, മേരിയെപ്പെറ്റൊരാ-
മഗ്ദല, മന്നിന്റെ മുത്തുമാല!
വിശ്വശൃംഗാരം മുഴുവനുൾച്ചേർന്നൊരു
വിദ്രുമവല്ലരി പൂത്തുനിൽക്കേ
തേനും സുഗന്ധവുമേകുവാനെപ്പൊഴു-
മാനന്ദപൂർവ്വമൊരുങ്ങി നിൽക്കേ
അത്ഭുതമെന്തുണ്ടിരുണ്ടെഴും വ്യാമോഹ-
മദ്ദിക്കിലൊന്നു ചേർന്നാർത്തണഞ്ഞാൽ?
മേരിയി,ലല്ലെങ്കിൽ, മാന്മഥമാസ്മര-
ഭേരിയിൽ മത്തുപിടിച്ച ലോകം
മത്സരിക്കുന്നൂ സലര്യകൾക്കെത്തിയാ-
മഗ്ദലമോഹിനിതൻ പദത്തിൽ!

            3

കട്ടിപ്പൊൻ ചങ്ങലത്തുമ്പത്തു തൂങ്ങും പൊൻ-
കട്ടിലിൽ, പട്ടുകിടക്കയിന്മേൽ,
ചെണ്ടും ചെടികളും തുന്നിപ്പിടിപ്പിച്ചു
കണ്ടാൽക്കൊതിക്കും തലയണകൾ
ചേലിൽത്തലയ്ക്കലും കാൽക്കലും പാർശ്വത്തിൽ
പോലും യഥോചിതം ചേർന്നിണങ്ങി.
താരകപ്പുള്ളികൾ മിന്നുന്ന മേലാപ്പിൻ
താഴെത്തിരകൾപോൽ നാലുവക്കിൽ
നീലനീരാളഞെറികളിൽ നീളെക്കൊ-
ച്ചാലിലപ്പൊൻകുണുക്കാടിയാടി;
ചട്ടറ്റ കാഞ്ചനഗാളങ്ങൾപോൽ രസ-
ക്കട്ടകൾ തൂങ്ങിത്തിളങ്ങിമിന്നി
ചുറ്റുമുയരെച്ചുമരിലൊരേ വരി-
യ്ക്കൊപ്പം വിടവിട്ടണിയണിയായ്
ഫുല്ലസുഷമയാർന്നുല്ലസിച്ചീടുമ-
ച്ചില്ലണിച്ചിത്രാവലിക്കുകീഴിൽ
കണ്ണഞ്ചും കാന്തികലർന്നെഴും വാർനില-
ക്കണ്ണാടി നീളെ നിരന്നുമിന്നി.
ചിത്രാങ്കിതോജ്ജ്വലകംബളാലംകൃത-
സ്നിഗ്ദ്ധസ്ഫടികത്തറയിലെല്ലാം
മുത്തണിപ്പട്ടുവലത്തിരച്ചുറ്റിലും
തത്തും ശരറാന്തലിങ്കൽനിന്നും
സ്വർണ്ണാംശുമാലകളൂർന്നൂർന്നുതിർന്നോരോ-
വർണ്ണപ്പകിട്ടുകൾ വാർന്നുലാവി;
ആ ദർപ്പണങ്ങളിലൊപ്പമതൊക്കെയോ-
ത്തായിരം രംഗങ്ങളായി മാറി.
ബന്ധുരമാകുമാക്കേളിയറയൊരു
ഗന്ധർവ്വലോകം തുറന്നു കാട്ടി.

            4


വിഭ്രമദായിനിയായൊരച്ചഞ്ചല-
വിദ്യോതിനിക്കു വിധേയരായി
വിശ്രമം തേടുന്നിതാ മച്ചിലായിരം
വിശ്രുതവിത്താധിനായകന്മാർ.
വിസ്മയ,മാണവൾ കൺമുനക്കോണിനാൽ
വിശ്വം മുഴുവനും കീഴടക്കി
സേവിച്ചുനിൽപായി സൗഭാഗ്യപൂർത്തികൾ
ആ വരവർണ്ണിനിതന്നരികിൽ.
ചെറ്റക്കുടിലിൽപ്പിറന്നു വളർന്നൊരു
കറ്റക്കുഴലാൾതൻ കാൽച്ചുവട്ടിൽ
നിസ്ത്രപമിന്നിതാ കാവൽകിടക്കയാ-
ണെത്രയോ രത്നസിംഹാസനങ്ങൾ!
ചിന്തിച്ചുനോക്കിയാൽ മന്നിലൊരംഗന-
യ്ക്കെന്തുണ്ടിതിൽപ്പരം ഭാഗധേയം!

            5

അന്തിയപ്പൂനണിമേടയി,ലുല്ലസൽ-
ച്ചെന്താരിതളൊളിവീശിനിൽക്കേ;
അഭ്രരംഗത്തുനിന്നൂർന്നുവീണിടിനോ-
രപ്സരസ്സെന്നപോലേകയായി;
നീളെച്ചുരുളലച്ചാർത്തുലഞ്ഞീടുമാ-
നീലക്കാർകൂന്തലും മാടിമാടി;
സ്വർണ്ണവർണ്ണാംഗിയാണെങ്കിലും, പിന്നെയും
പൊന്നിൽക്കുളിച്ചു മദാലസയായ്;
നിത്യവും കാണാമജ്ജാലകപാർശ്വത്തിൽ
നിൽപ്പതാ വിശ്വവിലാസിനിയെ.
'എങ്ങുലകിലിതിലീദൃശ്രസൗന്ദര്യ?'-
മെന്നു ചോദിച്ചുകൊണ്ടെന്നപോലെ!
ഒന്നതുകാണുവാനൊത്താ,ലൊരിക്കലും
പിന്നെ മറക്കില്ല സ്സ്വപ്നചിത്രം!

            6

കാമദനൃത്തങ്ങളാടിയും, പാടിയും
കാലം കഴിക്കുമാക്കാമിനിയെ,
മെല്ലെത്തഴുകിത്തഴുകിസ്സുഖിപ്പിച്ചു
നല്ലകാലത്തിൻ കരാംഗുലികൾ!

തെല്ലുനാൾക്കുള്ളി,ലൊരാത്മസുഷുപ്തിയിൽ
നിർല്ലീനയായിതപ്പല്ലവാംഗി.
കണ്ടിതവളതിൽ ഭൗതികസ്വപ്നങ്ങൾ
ചെണ്ടിട്ടുനിൽക്കുന്ന മണ്ഡലങ്ങൾ.
ഭോഗമരന്ദം തുളുമ്പിത്രസിക്കുമ-
ബ്ഭാഗധേയത്തിൻ വിശാലതയിൽ.
മത്തുപിടിച്ചു ചിറകടിച്ചാക്കൊച്ചു-
ചിത്രപതംഗി പറന്നലഞ്ഞു!

ഓരോദിനവുമവൾക്കൊരജ്ഞാതമാ-
മോടക്കുഴല്വിളിയായിരുന്നു!
നിത്യ, മാസ്വാദന, മുത്സവ, മുന്മദം,
നിസ്തുലോല്ലാസം, മധുരമദ്യം;
നർത്തനം, ഗാനം!-ജഗത്തി,ലിതിൽപര-
മുത്തേജനത്തിനൊന്നെന്തുവേണം?

താനേ മതിമറ,ന്നേന്തിത്തുളുമ്പുന്നൊ-
രാനന്ദകല്ലോലമാലകളിൽ,
ദിക്കാലചിന്തയും ലക്ഷ്യവുമ, റ്റേവ-
മക്കളിത്തോണി തളർന്നോഴുകി!

   രണ്ടാം ഭാഗം
            1

ഗദീശചൈതന്യം മൂർത്തിമത്തായ്
ജറുസലമേന്തിയ ദിവ്യദീപം,
കപടാന്ധകാരത്തിലാകമാനം
കതിർവാരിവീശിനിന്നുജ്ജ്വലിക്കേ;
നിരുപിച്ചിരിക്കാതൊരത്ഭുതമാം
നിരുപമചൈതന്യം പുൽകിലോകം
ഒരുഞൊടികൊണ്ടതിൻ ലൗകികത്വം
കുരുടനു കാഴ്ച കൊടുത്തുപോലും!
അവശബധിരനതിങ്കൽനിന്നും
ശ്രവണപ്രവണത കിട്ടിപോലും!
തടവില്ലപോലതിൻശക്തിമൂലം
കടലലച്ചാർത്തിൽ നടന്നുപോകാൻ!
മൃതരതിൻ സ്പർശനമാത്രയിങ്കൽ
പുതുജീവൻ സിദ്ധിച്ചുയർന്നിടുമ്പോൽ!
തൊടുകയാൽ കേവലം പച്ചവെള്ളം
തുടുമുന്തിരിച്ചാറായ് മാറിപോലും!
ഇതുവരെക്കേട്ടിട്ടില്ലിക്ഷിതിയി-
ലിതുപോലൊരത്ഭുതവാർത്തയെങ്ങും!-

"പലതും, പലരും, പറഞ്ഞുകേൾപ്പൂ
പരമാർത്ഥമെന്താണെന്നാരുകണ്ടു?"
'ശരിതന്നെ, പക്ഷെ, പരീശരേ, ഞാ-
നൊരുവാക്കിടയ്ക്കൊന്നു ചോദിച്ചോട്ടെ!'
മൃദുമർമ്മരത്തിലൂടോതിയേവം
ബദൽഹേമിൽനിന്നെത്തും ശീതവാതം:
പലരും പലതും പറവൂ-പക്ഷേ,
പതിരുകളാണവയെന്നിരിക്കിൽ,
മതതത്ത്വസംഹിതാസംഹതിയി-
ലെതിരറ്റ പാണ്ഡിത്യമാർന്ന നിങ്ങൾ
പരിഭവഭാവത്തിലിത്രമാത്ര-
മെരിപൊരിക്കൊള്ളുവാനെന്തുബന്ധം? ...

"ശകലവും ശങ്കവേണ്ടിക്കഥകൾ
സകലവും ശപ്തമാമാഭിചാരം!-
കുരിശിൽ തറച്ചു തുലച്ചിടേണ്ടും
കുടിലതമുറ്റിയ കൂടപത്രം! ..."

ക്ഷിതിയിൽ, സ്വാർത്ഥതേ, നിൻവെളിപാ-
ടതു,മതിൻ മീതെയു, മാചരിക്കും!'

വിരവിൽക്കുളിർകാറ്റിതോതിയപ്പോൾ
വിറകൊണ്ടു നിന്നുപോയ് പച്ചിലകൾ!

            2

ചതിതന്നെ-സർവ്വവും കൂടപത്രം-
ചകിതന്മാർ, പക്ഷേ, പരീശർ മാത്രം!
അയുതായുതാബ്ദങ്ങൾക്കപ്പുറം തൊ-
ട്ടണുപോലും ചാഞ്ചല്യമേശിടാതെ,
ബലിപീഠത്തിന്മേലധിഷ്ഠിതമായ്
പുളയും യഹൂദപുരോഹിതത്വം,
ഭരിതശക്ത്യാധിപത്യാഭിഗുപ്തം
സ്ഫുരിതപ്രഭാവസ്ഫുലിംഗദീപ്തം;
പതികയോ പെട്ടെന്നതിൻഫണത്തിൽ
പഥികഹതകഹസ്താശ്മപാതം!
കുരുതിക്കളത്തിൽ തലമുറയായ്-
ക്കുലധനം പൂത്തു പൂത്തുല്ലസിക്കേ;
അതിനെഴും ശ്യാമളച്ഛായകളി-
ലതുലാത്മസംതൃപ്തരായ് സുഖിക്കേ;
അവിടെന്നെണീറ്റവർ പോകണമ്പോ-
ലഭിനവാദർശമരുപ്പരപ്പിൽ!
സിനഗാഗിൻ വെണ്മയിൽ ചേറെറിയാൻ
തുനികയോ വിപ്ലവക്ഷുദ്രഹസ്തം!-

അതുപോട്ടെ, കേവലം ഭ്രാന്തനുമു-
ണ്ടതി, രതുംപോ,ട്ടൊരാൾ ഭ്രാന്തനായാൽ,
തൊഴുകൈയുമായിട്ടവന്റെ പിൻപേ
തൊഴിലൊന്നുമില്ലാത്ത മൂഢവർഗ്ഗം!
അവതാരമാണെന്നു വാഴ്ത്തി-
യനുഗമിച്ചീടുന്നതാണു കഷ്ടം!
സഭകൂടിയേവം പഴികളോതി
ക്ഷുഭിതരായ് മേവി പരീശവർഗ്ഗം!

            3

"പരിശുദ്ധസ്നേഹത്താൽ പാപികളെ-
പ്പരിചരിച്ചീടുവിൻ സോദരെരേ!
കരുതല്ലേ ചെയ്യുവാൻ പാപകർമ്മം,
കരളിൽ കളങ്കം കലർന്നീടൊല്ലേ!
തടിപോൽത്തിമിരമോ കാമിലയോ
തവ മിഴിയിങ്കൽത്തഴച്ചുനിൽക്കേ,
കരടൊന്നവൻ കണ്ണിൽ കാൺകവേ നീ
കരുതുന്നോ ചൂണ്ടിപ്പരിഹസിക്കാൻ!
സകലവും തിന്മതൻ സങ്കേതങ്ങൾ
സകലവും ഹാ! സർപ്പസന്തതികൾ;
സതതം സദുക്തികൾ പെയ്തിടുവാൻ
ഹതർ നിങ്ങൾക്കെങ്ങനെ സാദ്ധ്യമാകും?
ഹൃദയസമ്രൂദ്ധിയിൽനിന്നുമാണോ
വദനം, വദിപ്പതറിഞ്ഞുകൊൾവിൻ!
നിജചിത്തസമ്പത്തിൽനിന്നു ധന്യൻ
നിരുപമരത്നങ്ങളാനയിപ്പൂ;
നിജചിത്തനിക്ഷേപത്തിങ്കൽനിന്നും
നിയതം, ഹാ, നീചനോ, കക്കകളും!
പറയുന്നു ഞാൻ നിങ്ങളോടു, നിങ്ങൾ
പറയുന്ന വാക്കൊന്നും പാഴിലാകാ.
അവയെല്ലാമീശൻ കുറിച്ചുവെയ്ക്കും
അവസാനം നിങ്ങളെ വിസ്തരിക്കും.
വിടുകയില്ലിങ്ങുച്ചരിക്കുമോരോ
വിടുവാക്കിനും ന്യായമോതിടാതെ.
പിഴവരില്ലദ്ദേഹം നാൾവഴിയി-
ലെഴുതിയിട്ടമട്ടിൽക്കണക്കു തീർക്കും.
മൊഴിയാണു കാര്യമക്കൽപനയിൽ
പിഴപറ്റിയോർക്കു പിഴവിധിക്കും!
ഭുവി ഞാൻ പൊഴിക്കും വചസ്സിതെല്ലാം
ചെവിയുള്ളോരാരവർ കേട്ടിടട്ടേ!
ഇയലുവോരാ,രവർക്കേകുമേറ്റ
മിയലാത്തോർക്കുള്ളതും കൊണ്ടുപോകും.
അവനേവൻ ജീവിതം കാത്തുനിൽപോ-
നവനതു നിശ്ചയം നഷ്ടമാകും.
ഇവനായിട്ടാരതു സന്ത്യജിപ്പോ-
നവനതു പിന്നെയും കണ്ടുകിട്ടും.
ഭുവനം മുഴുവൻ ലഭിക്കിലെന്തു-
ണ്ടവനു തന്നാത്മാവു നഷ്ടമാകിൽ?
പറയുകാത്മാവിനുതുല്യമായി
പകരമേകാനൊരാൾക്കെന്തിരിപ്പൂ?
അവനിയിലേറ്റം വിനീതനാരാ-
ണവനത്രേ നാകത്തിൽ സാർവ്വഭൗമൻ.
ഒരുകുഞ്ഞിനെൻപേരിലാരഭയ-
മരുളു;മവനെന്നെ സ്വീകരിപ്പൂ.
അവഗതമെന്തതിൻ പാലനത്തി-
ന്നവതരിച്ചെത്തീ മനുഷ്യപുത്രൻ!
ഭുവനത്തിൽ നേടുന്നതെന്തു നിങ്ങ-
ളവയെല്ലാം സ്വർഗ്ഗത്തും നേടും നിങ്ങൾ
അവനിയിൽ നഷ്ടപ്പെടുന്നതെന്താ-
ണവയെല്ലാം സ്വർഗ്ഗത്തും നഷ്ടമാകും!
ഇരുവരോ മൂവരോ മന്നിതിലി-
ങ്ങൊരുമിച്ചുചേരുവതെന്റെ പേരിൽ,
അവിടത്തിൽ ഞാനെന്നിൽ വിശ്വസിപ്പോ-
രവർതൻ നടുവിലുണ്ടായിരിക്കും!
അവിതർക്കമീവിധം നല്ലവനെ-
ന്നിവനെ വിളിപ്പതെന്തിന്നു നിങ്ങൾ?
പരമാർത്ഥം ചിന്തിച്ചാലീശനല്ലാ-
തൊരുവനില്ലൽപവും നല്ലവനായ്!
കളവായിസ്സാക്ഷി പറഞ്ഞിടൊല്ലേ
കൊലപാതകം നിങ്ങൾ ചെയ്യരുതേ.
വ്യതിയാനം ധർമ്മത്തിനേകിടൊല്ലേ
വ്യഭിചാരം ചെയ്യാനൊരുങ്ങരുതേ
കനിവാർന്നർച്ചിക്കുവിൻ കൂപ്പുകൈകൾ
ജനകജനിത്രിമാർതൻ കഴലിൽ.
അതുതൊട്ടും ചോരണം, സ്നേഹപൂർവ-
മയൽവാസിക്കാശ്രയമേകിടേണം!
ഇടതുചെവിട്ടത്തൊരാളടിക്കി-
ലുടനാ വലത്തേതുമേകിയേക്കിൻ.
ധനികനൊരിക്കലും സാദ്ധ്യമാകി-
ല്ലണയുവാൻ സ്വർഗ്ഗത്തി,ലോർത്തുകൊൾവിൻ!
അവർ ദരിദ്രന്മാരനുഗഹീത-
രവരുടേതാണീശ്വരന്റെ രാജ്യം.
ക്ഷുധിതന്മാർ ധന്യന്മാർ, ദിവ്യഭോജ്യം
വിധിപോലവർക്കു കരസ്ഥമാകും.
കരയുവോരോർക്കിലനുഗൃഹീതർ
കരളിലവർക്കേകും ശാന്തി ദൈവം!"

ഹൃദയങ്ങൾ തോറുമിദ്ദിവ്യസൂക്തം
മൃദുതരംഗങ്ങളണിഞ്ഞൊഴുകി.
അരിയ താബോർമലത്താഴ്വരയി-
ലരുവികൾപോലുമതേറ്റുപാടി.
അതു കേൾക്കെച്ചുറ്റുമത്തൈച്ചെടിക-
ളടിമുടി പൂവിട്ടു നിന്നുപോയി! ...

            4

"കനകനക്ഷത്രത്തിരി കൊളുത്തി
ക്കണികാണാനീശനങ്ങെത്തിനോക്കി,
അവിടെയാക്കാലിത്തൊഴുത്തിലല്ലി-
ലവതാരമാർന്നൊരാ ലാകഭാഗ്യം,
നിരുപമനിസ്വാർത്ഥസ്നേഹസാര-
മുറവെടുത്തെത്തിയ പുണ്യപുഞ്ജം
എതിരേവരികി,ലേതുണ്ടുലകി-
നതിനോടെതിർക്കാനൊരാത്മഗർവ്വം?
വിഫലം പരീശരേ, നിങ്ങൾചെയ്യും
വിവിധവിഷാവലിപ്തോദ്യമങ്ങൾ!
വരുമെത്ര നിങ്ങൾ തടയുകിലും
നിരഘമാ സ്വർഗ്ഗപിതാവിൻ രാജ്യം!"

ചില വെള്ളപ്രാവുകളേവമോതി-
ച്ചിറകടിച്ചെങ്ങോ പറന്നുപോയി!

            5

പറയുന്നു ശീമോൻ; "ഞാനൊന്നു പക്ഷേ
പറയാം, സഖാക്കളേ നമ്മളേക്കാൾ
അവതാരമാകിലുമല്ലെന്നാലു-
മവനുണ്ടൊരാത്മീയസിദ്ധിയെന്തോ!"
അപരപുരോഹിതൻ ചൊൽവൂ: "ശീമോ-
നവനോടുണ്ടെന്തോ മമതയെല്ലാം.
പറയുന്നു കേട്ടില്ലേ തുച്ഛനാക്കും
വെറുമൊരാശാരിക്കു സിദ്ധിപോലും!"
"ശരിതന്നെ," ശീമോൻ മൃദുസ്മിതമ്പൂ-
ണ്ടരുളി, "പക്ഷേ നാമിതോർത്തിടേണം:
കുളിരൊളിതാവിച്ചിരിച്ചു നിൽക്കും
കുസുമത്തിനൊക്കെസ്സുഗന്ധമില്ല.
കഴുകനുയരെച്ചിറകടിച്ചു
കഴിയും പറക്കാൻ സുരപഥത്തിൽ;
അതിനെന്നാലാപ്പൂങ്കുയിലിനെപ്പോൽ
മതിമറ,ന്നോക്കില്ല, പാട്ടുപാടാൻ!
സിതമേഘമാലയ്ക്കിടയിലങ്ങി-
ങ്ങതു വിഹരിക്കിലുമാ മിഴികൾ,
പതിവതെപ്പോഴുമടിയിലുള്ള
മൃതശരീരങ്ങളിലായിരിക്കും!
പനിമലർച്ചെമ്പകം നിൽപതേതോ
പടുകുണ്ടിലെങ്ങാനുമായിരിക്കും!
അതുമൊണ്ടതിന്റെ പരിമളത്തി-
ന്നണുവും പതിത്വം ഭവിപ്പതാണോ?
കുലമേന്മയല്ല പദവിയല്ലീ-
യുലകിൽ മഹത്വത്തിൻ മാനദണ്ഡം.
ഒരുപോൽ മനസ്സു, വചസ്സു, കർമ്മം
കറയറ്റതാരവൻ വിശ്വവന്ദ്യൻ!
പരമാത്മചൈതന്യസിദ്ധിയിങ്കൽ
വെറുമൊരാശാരിക്കും സിദ്ധനാകാം! ....
"ശരിതന്നെ, ശീമോനേ താനും പോകൂ
പുറകേയസിദ്ധന്റെ ശിഷ്യനായി
ഒരു കാര്യമുണ്ടഭ്യസിക്കണം താൻ
ശരിയായതിന്മുമ്പു മീൻപിടിക്കാൻ!
തലയിലൊരാണിക്കൊരൽപമെന്തോ
തകരാറുപറ്റി തനിക്കുമിപ്പോൾ!"

സരസമായിപ്പരിഹാസം കേൾക്കെ-
സ്സകലരും പൊട്ടിച്ചിരിച്ചുപോയി.
പലവഴിക്കായവർ വേർപിരിഞ്ഞു
പരിതപ്തനായ് ശീമോൻ പിന്തിരിഞ്ഞു!

പതികയായ് മഗ്ദലമോഹിനിതൻ
സ്മൃതിയാ പ്രണയാർദ്രമാനസത്തിൽ.

അകലെ മരതകക്കുന്നുകളി-
ലരുണാഭയല്ലിലലിഞ്ഞുമാഞ്ഞു
കിളരുന്നു താരകൾ വ്യക്തമല്ലാ-
തിളകുന്നൊരാദർശ ചിന്തകൾ പോൽ.

"ശരി, ഞാനവരോടു മാപ്പിരക്കും
പരിഭവിപ്പിക്കില്ല ഞാനവരെ ..."
"പരിഭവിക്കട്ടെ-നീ വിശ്വസിക്കൂ ..."
പതറായ്ക!-താരകൾക്കാഭകൂടി.

അകലെക്കടൽപ്പുറത്തോമലാളിൻ
മികവുറ്റ പൂമ്മണിമേട കാൺമൂ
അഴകാർന്നതിനെയും വെൺകരത്താൽ
തഴുകിനിൽക്കുന്നുവോ താരമേ നീ!
('വ്യതിയാനം ധർമ്മഥിനേകിടൊല്ലേ!')
"ക്ഷിതിയിതിൽ നിൻ ധർമ്മം നീയെന്തുചെയ്തു?"
ഇരുള്മൂടുംതോറും തെളികയാണാ-
സ്സുരപഥദീപങ്ങൾ മേൽക്കുമേലേ!

(വ്യഭിചാരം ചെയ്യാനൊരുങ്ങരുതേ)!
"രഭസം നീയിപ്പോവതെന്തിനായി?"

വിലസുന്നു മഗ്ദലമോഹിനിതൻ
സുലളിതശ്രീമയരത്നസൗധം!
കരിയിലമാത്രമതിൽക്കടന്നാൽ
കനലൊളിയാളുമാദർശമെല്ലാം.
അതുലനിർവാണദമായിരിപ്പു-
ണ്ടതിനകത്തുജ്ജ്വലസ്വർഗ്ഗമേകം.
അതിനെ ത്യജിക്കയോ-താരകളേ
മതിമതി, നിങ്ങൾതൻ മന്ദഹാസം!
"മതിയിതാ വീർപ്പുമുട്ടുന്നിതയ്യോ,
മതിയിപ്പരീക്ഷണം തമ്പുരാനേ!"

മുകിലിൻ ഹൃദയം നിലാവിൽമുക്കി
മുകളിൽ ശശിമേഖലയെത്തിനോക്കി,

"സകലതും നോക്കി മനസ്സിലാക്കാം
സമയമാവട്ടെ"-കഥിച്ചു ശീമോൻ.

പ്രണയാർദ്രരംഗങ്ങൾ സജ്ജമാക്കി
മണിമേട മുന്നിൽച്ചിരിച്ചുനിൽപ്പൂ.
മതിയീ വിഷാദാത്മകാത്മഭാവം
മതിമോഹിനിയവൾക്കെന്തു തോന്നും? ...

    മൂന്നാം ഭാഗം
            1

ന്തുകഷ്ടമാണിപ്പുരുഷന്മാ-
രെന്തു പാഴ്മരപ്പാവകൾ!
തുള്ളിടുന്നു ഞാൻ കൊട്ടും താളത്തി-
നുള്ളഴിഞ്ഞവരൊന്നുപോൽ!
അക്കയാഫസ്സും, ഹാനു, നന്നാസു-
മൊക്കെയുൽകൃഷ്ടരാണുപോൽ!
വിശ്വവന്ദ്യരായുല്ലസിപ്പവർ
വിത്തനായകന്മാരവർ.
എങ്കിലെന്തവരൊക്കെയും വെറും
കിങ്കരന്മാരാണെന്മുന്നിൽ.
അത്ഭുതബുദ്ധിവൈഭവം വായ്ക്കു-
മപ്പീലാത്തോസുകൂടിയും
ബദ്ധകൗതുകം വാഴ്ത്തുകയാണെൻ
ബുദ്ധിശക്തിതൻ വിസ്മയം!
മേദിനിയിലൊരാളെയിന്നോള-
മാദരിക്കാത്തൊരെന്നിലും
കുത്തിവെയ്ക്കയാണാദരം, നിജ
വ്യക്തിശക്തിയാലപ്പുമാൻ.
എങ്കിലും ലയിപ്പീല ലേശമി-
ന്നെൻകരളിന്നയാളിലും!

ഇക്കനകാഭിഷേകമില്ലെങ്കി-
ലിക്കിഴടന്മാർക്കൊക്കെയും
പട്ടെതിരാമിക്കൈവിരലൊന്നു
തൊട്ടിടാൻപോലുമൊക്കുമോ?
ഭവ്യദകലാസ്വദനത്തിനും
യൗവനസൗന്ദര്യത്തിനും
നാണയാർപ്പണഹീനമാകിലും
ഞാനധീനയാണെപ്പൊഴും!

സുന്ദരൻ, ഹാ, സുസംസ്കൃതാശയൻ
നിന്ദതീണ്ടാത്ത നിർമ്മലൻ
ശീമോനേകനല്ലാതെ നിൽക്കില്ലെൻ
പ്രേമസാമ്രാജ്യ നാഥനായ്!
എങ്കിലു,മെന്തപ്രേമവും?-വെറും
സങ്കൽപ്പം, മിഥ്യ, കൽപ്പിതം.
രണ്ടുപേർക്കായ് പകുത്തതാണിന്നാ-
ച്ചുണ്ടിലും തഞ്ചും സുസ്മിതം.
ആകട്ടെയെങ്കിലുമക്കരാശ്ലേഷ-
മേകുന്നുണ്ടെനിക്കുന്മദം!
നിന്ദ്യരാമിപ്പരീശരിലൊന്നായ്
നിന്നിടേണ്ടതല്ലമ്മഹാൻ!
ദീനചിന്തയാലീയിടയ്ക്കല്പം
മ്ളാനമാണാ മുഖാംബുജം!

            2

ദുഷ്ടനാമാക്കയാഫസ്സിൻ മുഖം
ദൃഷ്ടിയിൽപ്പെടും മാത്രയിൽ,
ഹാ, വിരസസ്മൃതികളിൽച്ചെന്നു
മേവിടുന്നു മന്മാനസം.
ഓർപ്പിതപ്പൊഴെൻ വല്ലഭനായ
പാപ്പസിൻ വൃദ്ധവിഗഹം.
കാന്തനെക്കൊന്ന കൈകളിൽ മദ്യ-
മേന്തി,യിന്നു മദിപ്പു ഞാൻ!

പാതിയോളമിതൾ വിരിഞ്ഞന്നു
പാതവക്കിൽ ഞാൻ നിൽക്കവേ,
എത്തിയെന്നെപ്പിഴുതെടുത്തിതാ
വൃദ്ധവിത്താഢ്യവാനരൻ!
തൽപ്രിയപദം കാമ്യമെന്നോർത്തു
കൊറ്റിനില്ലാത്തൊരേഴ ഞാൻ.
എന്തു ലുബ്ധ, നരസികനെത്ര
നൊന്തിരുന്നു മന്മാനസം?

ജന്മസിദ്ധമെൻ നൃത്തകൗതുകം
പൊന്മലർ ചൂടിക്കാണുവാൻ
ഹൃത്തുപൊട്ടിത്തകർന്നു കേണുകേ-
ണെത്രയന്നു കരഞ്ഞു ഞാൻ!
കെഞ്ചി ഞാനന്നിരന്നു;-പുച്ഛിച്ചു
പുഞ്ചിരിക്കൊണ്ടു കശ്മലൻ.
തേവിടിത്തങ്ങളാണുപോലെന്നി-
ന്നിലാവിലാസാദി ചേഷ്ടകൾ!
മിണ്ടിയില്ലൊന്നും, മാറിയെന്മനം
വിണ്ടുവിങ്ങിക്കരഞ്ഞു ഞാൻ!
ആടുവാൻ മേല, പാടുവാൻ മേല,
ചൂടുവാൻ മേല പൂവുകൾ!
നല്ലവസ്ത്രമുടുക്കുവാൻപോലു-
മില്ലിനിക്കയ്യോ സമ്മതം!
ഉണ്ടു സമ്പത്തതീതമാ,യതു-
കൊണ്ടെനിക്കെന്താണന്യ ഞാൻ?
കേവലം നിധി കാത്തിടും ഭൂത-
മാ വയോധികവാനരം!

നാളുകളെണ്ണിപ്പോക്കി ഞാനയ്യോ
നാലു നീണ്ട സംവത്സരം.
അന്നെനിക്കൊരു വെള്ളിനാണയം
തന്നിരുന്നെങ്കിലശ്ശഠൻ,
കണ്ണുവെയ്ക്കുകില്ലായിരുന്നു ഞാൻ
സ്വർണ്ണഭണ്ഡാരമൊന്നിലും!
സ്നേഹസാന്ദ്രമൊരാശ്ലേഷത്തിലെൻ
ദേഹം കോരിത്തരിച്ചെങ്കിൽ
കണ്ണയയ്ക്കുകില്ലായിരുന്നു ഞാ-
നന്നു മറ്റൊരു മർത്ത്യനിൽ!
ഇഷ്ടമുൾച്ചേർന്നാനെൽക്കൊറിയനൊ-
രൊറ്റവാക്കുച്ചരിച്ചെങ്കിൽ,
നിശ്ചലമാക്കില്ലായിരുന്നു ഞാൻ
നിശ്ചയം നിജസ്പന്ദനം.
അത്തുറുങ്കിലടിമയായ്ക്കിട-
ന്നത്രമേൽ നരകിച്ചു ഞാൻ!
മുക്തിയാശിച്ചു വീർപ്പുമുട്ടിയെൻ
മുഗ്ദ്ധചിത്തം ദ്രവിക്കവേ,
ചിത്തമർപ്പിച്ചു ഗൂഢമായ് മുന്നി-
ലെത്തി പാന്ദേരനെന്നൊരാൾ.
സുന്ദരനവൻ, വിത്തവാൻ, പ്രഭൂ-
നന്ദനൻ, കലാലോലുപൻ;
ഊഢമോദമവനെയന്നെന്റെ
ഗൂഢകാമുകനാക്കി ഞാൻ.
കണ്ടു ഞാനന്നവനിലെന്മനം
ചെണ്ടിടും ചില സിദ്ധികൾ.
തന്നു-ചോദിച്ചതില്ല ഞാൻ-ധനം
തന്നിതെന്നുമെനിക്കവൻ.
കാത്തുസൂക്ഷിച്ചു ഞാനതെൻ ഭാവി-
യോർത്തു ഗൂഢമായ്, ഭദ്രമായ്!
അസ്സുമുഖന്റെ ചുംബനങ്ങളി-
ലാത്മവിസ്മൃതി തേടി ഞാൻ

ശങ്കതോന്നീ കുറച്ചുനാൾക്കുള്ളിൽ
തൻ കരളിലെൻ കാന്തനും.
തൽക്കലഹകോലാഹലം ജ്വലി-
ച്ചുഗമാവതിന്മുന്നമേ,
ഒട്ടുമാശങ്കമേ,ലതെന്നേക്കും
കെട്ടടങ്ങണം നിശ്ചയം.
കാമുകോത്തേജനത്തിനാൽ,ച്ചെറ്റു-
മാമയം ചേർന്നിടാതെ, ഞാൻ
കൊന്നു, ഹാ, ഗൂഢമായ് വിഷം കൊടു-
ത്തെന്നെ വേട്ടൊരാ നീചനെ! ....

            4

ആ മിഴികളടവതെന്നേക്കും
കോൾമയിർക്കൊണ്ടു കണ്ടു ഞാൻ
ഓടി ഞാനിരച്ചാർത്തവനെഴു-
മീടുവെയ്പുകൾ കാണുവാൻ.
സ്വർണ്ണനാണ്യങ്ങൾ!-മഞ്ഞളിച്ചുപോയ്
കണ്ണുക,ളാളുമാറി ഞാൻ!
നൃത്ത,മെൻ ജീവദാഹം!-നീ തടു-
ത്തെത്തുകൊന്നിനി പ്രേതമേ!

വാരഞ്ചുന്നൊരസ്വർണ്ണനാണ്യങ്ങൾ
വാരിവാരിയെറിഞ്ഞുടൻ
തൽപ്പതനസ്വനങ്ങളൊപ്പിച്ചു
മൽപ്പദങ്ങൾ ചലിക്കവേ
ചത്തുനീലിച്ചു മെത്തയിലെഴു-
മജ്ജഡത്തിനു ചുറ്റുമായ്
നിദ്രചെയ്തിടാതന്നു രാത്രിയിൽ
നൃത്തമാടിക്കഴിച്ചു ഞാൻ!
കോട്ടമറ്റാപ്പിണത്തിനെ നോക്കി-
പ്പാട്ടുപാടിസ്സുഖിച്ചു ഞാൻ!
ഭ്രാന്തിയെപ്പോൽ വികാരവീചിയിൽ
നീന്തിനീന്തിച്ചരിച്ചു ഞാൻ!
പ്രേതപാർശ്വത്തിൻ കാമുകാങ്കത്തിൽ
പ്രീതിപൂർവ്വം ശയിച്ചു ഞാൻ!
എന്തൊരാനന്ദരാത്രി!-യിന്നതിൻ
ചിന്തപോലുമെന്തുത്സവം! ...

            5

ശണ്ഠയറ്റു പാന്ദേരനൊന്നിച്ചു
രണ്ടുവർഷം രമിച്ചു ഞാൻ.
അപ്പൊഴേയ്ക്കും മനസ്സിലായെനി-
ക്കപ്പുഴുവിൻ കുറവുകൾ.
നാലുകുഞ്ഞുങ്ങൾക്കച്ഛനാണവൻ
നാണമറ്റവൻ സ്ത്രീജിതൻ,
ഇല്ല പൗരുഷം കാമകോടിയിൽ
തുള്ളിടും വെറും കോമരം.
നിത്യമർപ്പിപ്പതുണ്ടവൻ നിജ-
വിത്തമെൻ കാൽക്കലാദരാൽ
അശ്ശരീരം മടുത്തി, തന്യമാ-
മുത്സവത്തിനുഴറി ഞാൻ.
'ഒന്നു ഞങ്ങളു'മെന്നിരക്കുന്ന
കൺമുനകൾ തുടർച്ചയായ്
'കൺമണി'യെന്നായോമനിക്കുന്ന
കൺമുനകൾ തുടർച്ചയായ്
എന്നെവന്നുതഴുകി-സുസ്മിതം
വന്നുപോയെൻ ചൊടികളിൽ.
ചിത്രകാരന്മാർ, കാവ്യകർത്താക്കൾ,
നർത്തകന്മാർ, പുരോഹിതർ
മന്ത്രിമാർ, നിയനജ്ഞ,രാ രാജ്യ-
തന്ത്രകോവിദരിങ്ങനെ
എത്രപേരുണ്ടെനിക്കു ദാസരാ-
യെത്തുവാനൊന്നു മൂളിയാൽ
നന്ദിക്കുമതിരുണ്ടി, നിയെന്റെ
മന്ദിരമതിൽ നാഥ ഞാൻ.
ശണ്ഠകൂടിയെൻ കാമുകൻ പിന്നെ
കുണ്ഠിതം തോന്നിയില്ല മേ.
വിത്തമൊക്കെയെൻ കൈയിലായ് മുന്നിൽ
വിസ്തൃതവിശ്വം കാൺമു ഞാൻ;
ചെയ്തു ഞാൻ ഗളഹസ്ത, മശ്രുക്കൾ
പെയ്താ ബാധയും വിട്ടുപോയ്!
എന്തൊരാശ്വാസം ജീവിതത്തിന്റെ
മുന്തിരിച്ചാറിനർഹ ഞാൻ! ....

            6

എത്ര കാമുകരെത്ര കാമുകർ
വിത്തനായകർ വിശ്രുതർ.
ഗർവഹീനരെല്ലാരുമെന്മുന്നിൽ
സർവതന്ത്രസ്വതന്ത്ര ഞാൻ.
മദ്യം, ഹാ, ഗാനം, നർത്തനം കാമം
മത്തടിക്കുന്ന യൗവനം.
പുഷ്പസൗരഭ്യദ്രവ്യം, രാലക-
ലെപ്പൊഴും ചുറ്റും സൗരഭം.
രത്നഹർമ്മ്യമസീമമാം ധനം
സ്വപ്നസാന്ദ്രമിജ്ജീവിതം!
പോരപോരെനിക്കീ മദോത്സവ-
ധാരയിൽ മുങ്ങി നീന്തണം.
ചുംബനം ചെയ്തുചെയ്തു മൽത്തളിർ-
ച്ചുണ്ടുരണ്ടും തളരണം.
കാമുകാശ്ലേഷവീചിയേറ്റേറ്റു
മാമകമെയ് കുഴയണം.
വിത്തസൗഭാഗ്യസീമയിൽച്ചെന്നെൻ
ഹൃത്തുമൂർച്ഛിച്ചടിയണം.
മേരിതൻ നാമം ഭൗതികോത്സവ-
സാരപര്യായമാവണം.
ഉജ്ജ്വലാംഗനാസൗഭഗശ്രീതൻ
പൊല്ജ്ജയക്കൊടിയാവണം! ....

            7

അപ്പരീശന്മാർ നിത്യമോതിടു-
മപ്പരാതികൾ കേൾക്കിലും
നേരിലിന്നോളമക്കഥ ചെറ്റും
സാരമാക്കിയതില്ല ഞാൻ.
ചൊല്ലുക പതിവാണവരേവം
പൊള്ളയാമോരോരോ വാർത്തകൾ.
ആ വിടുവായന്മാരരുളുന്ന-
താരു ഗൗനിക്കുമല്ലെങ്കിൽ.
അത്തരക്കാരനല്ലല്ലോ ശീമോ-
നല്പമുണ്ടതിൽ ഗൗരവം.
ഇന്നലെവന്നു ചൊന്നതൊക്കെയു-
മൊന്നൊഴിയാതിന്നോർപ്പു ഞാൻ.
ശ്രദ്ധവെച്ചു ഞാൻ കേട്ടിരുന്നിതെൻ
ഹൃത്തു മേന്മേൽത്തുടിക്കിലും.

ക്രിസ്തു-കോൾമയിർക്കൊൾവിതെൻപ്രാണ-
നപ്പദോച്ചാരണത്തിലും.
എന്തു ശക്തിയോ!-താന്തമാവിതെ-
ന്നന്തരംഗമാച്ചിന്തയിൽ!
ആ മുഖം പരിവേഷരഞ്ജിത
ശ്രീമയോജ്ജ്വലമാണുപോൽ!
അബ്ധിയെപ്പോലഗാധമാണു പോ-
ലപ്പവിത്രാർദ്രമാനസം!
അദ്രിയെപ്പോലചഞ്ചലൻപോലും
ഭദ്രഗംഭീരനപ്പുമാൻ
അത്ഭുതകർമ്മകാരനാണുപോ-
ലപ്രതിമനുമാണുപോൽ,
യേശുവെന്നാണു പേരുപോൽ,ജഗ-
ദീശനന്ദനനാണുപോൽ!
മോഹദൂരിതനാണുപോൽ, ശുദ്ധ-
സ്നേഹവിഗഹനാണുപോൽ!
ലോകപാപമകറ്റിടും ദിവ്യ-
ത്യാഗചൈതന്യമാണുപോൽ!

പ്രാണഹർഷദമാ മുഖസ്മിതം
കാണുവാനായ് കൊതിപ്പു ഞാൻ.
എന്തിനീവെറും ശുഷ്കവൈരാഗ്യം
ഹന്തയീ മേരിയുള്ളനാൾ?
ഒക്കുമീത്തളിർച്ചുണ്ടിനീ മന്നിൽ
സ്വർഗ്ഗരാജ്യമണയ്ക്കുവാൻ.
ഒട്ടകപ്പുറമേറിയാത്രചെയ്-
തൊട്ടവിടുന്നുഴന്നുവോ?
വന്നിടുകിങ്ങെൻ പുഷ്പതൽപകം
തന്നിടും സുഖവിശ്രമം! ....

പട്ടുമെത്തയിൽച്ചാരി, യാച്ചുണ്ടിൽ
മൊട്ടിടും പുഞ്ചിരിയുമായ്,
നല്ലമുന്തിരിച്ചാറിടയ്ക്കിടെ
മെല്ലെയങ്ങു നുകരവേ;
അത്തറിൻ സുഗന്ധാർദ്രവീചിക-
ളെത്തിയെത്തിത്തഴുകവേ;
മുന്നിലുജ്ജ്വലസ്വർണ്ണദീപങ്ങൾ
മിന്നിമിന്നിമയങ്ങവേ;
പാട്ടിനൊപ്പിച്ചെൻ ചേടികൾ വീണ
മീട്ടിമീട്ടിയിരിക്കവേ;
പച്ചവില്ലീസൊഴുകിയെന്മെയ്യിൽ
കൊച്ചലകളിളകിയും
മാറിലാ ലോലരത്നമാലകൾ
മാരിവില്ലൊളിവീശിയും;
അങ്ങയെക്കാൺകെക്കൺകളിലെനി-
യ്ക്കംഗജവ്യഥ തങ്ങിയും
സഞ്ചിതമദമെൻതളിർച്ചുണ്ടിൽ
പുഞ്ചിരികൾ തുളുമ്പിയും;
മഞ്ജുനാദസരിത്തിൻ നൂപുര-
ശിഞ്ജിതമലിഞ്ഞങ്ങനെ
വാരിളംകുളിർച്ചെമ്പനീർപ്പൂക്കൾ
വാരിവാരി വിതറി ഞാൻ.
സ്വർഗ്ഗമാനയിച്ചങ്ങതന്മുന്നിൽ
സ്വപ്നനൃത്തങ്ങളാടിടാം.
ഇങ്ങുപോരിക, പോരികെൻ വിശ്വ-
മംഗളശ്രീ വിലാസമേ! ...

(അപൂർണ്ണം)

1.^ 1945-ൽ ഞാൻ തൃശൂർ സെന്റ് തോമസ് കോളേജിൽ പഠിക്കുമ്പോൾ ചേട്ടന്റെ നിർദ്ദേശാനുസരണം മോറിസ് മേറ്റർലിങ്കിന്റെ 'മേരി മഗ്ദലീൻ' എന്ന നാടകം കോളേജ് ലൈബ്രറിയിൽ നിന്നെടുത്തുകൊടുത്തു. അതുവീണ്ടും വായിച്ചതിനുശേഷമാണ് 'മഗ്ദലമോഹിനി' എഴുതിയിട്റ്റുള്ളത്. ചങ്ങമ്പുഴ പ്രഭാകരൻ.

"https://ml.wikisource.org/w/index.php?title=മഗ്ദലമോഹിനി&oldid=52392" എന്ന താളിൽനിന്ന് ശേഖരിച്ചത്