Jump to content

ഭിത്തിക്കപ്പുറം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭിത്തിക്കപ്പുറം (സരസകാവ്യം)

രചന:മാണിക്കോത്ത് രാമുണ്ണിനായർ (1922)

[ 3 ] ഭിത്തിക്കപ്പുറം
(കേക)

കാളമേഘാളമേളിച്ചൂൽക്കടം മേല്ക്കുമേലായ്
നീളവേ നിന്നിതാ മൂടുന്നു വയൽപഥം
മർമ്മഭേദിയായവയ്ക്കുള്ളിൽനിന്നാനാരതം
മർമ്മരശബ്ദമൊന്നുണ്ടുയർന്നു കേട്ടീടുന്നു;

വൃക്ഷശാഖകൾക്കുള്ളിൽത്തന്മുഖം മറച്ചുകൊ-
ണ്ടക്ഷമനായുണ്ടാരോ രോദനം ചെയ്തീടുന്നു;
സന്തതം കാറ്റിൽക്കിടന്നുലഞ്ഞു വിറച്ചുകൊ-
ണ്ടെന്തഹോ കണ്ണീർ തൂകിക്കേഴുന്നു പത്രാവലി!

ഉന്നതദേശത്തിങ്കൽനിന്നടയ്ക്കിടെച്ചിന്നി
മന്നിടംതന്നിൽ വീഴും മിന്നലിൻ പിണരുകൾ,
രാത്രിയെദ്ദീപിപ്പിച്ചും വൈദ്യുതപ്രവാഹത്തിൽ
ധാരത്രിയാം ധരിത്രിയെ മുക്കിയും കളിയ്ക്കുന്നു.

പീവരതമസ്സിൽപ്പെട്ടുഴലും ഞങ്ങൾക്കിനി-
ക്കേവലമാധരാമിക്ഷിപതേജസ്സതാനോ?

അല്ലല്ലീ മേഘഭിത്തിക്കപ്പുറത്തായി, നാശ-
മില്ലാത്ത ദിവ്യതേജസ്സൊന്നുണ്ടു പ്രകാശിപ്പൂ!
സൌരദീപ്തിക്കുമാദിഹേതുവാ, യനാദ്യമായ്,
സാരാമതു മാർഗ്ഗദർശിയായ്ക്കാണാകുന്നു!
മേഘസംകലുഷിതകാലവും തെളിഞ്ഞുടൻ
മാഘമാസവുമുദിച്ചീടുമെന്നോർത്തീടുവിൻ!

       (1922)

"https://ml.wikisource.org/w/index.php?title=ഭിത്തിക്കപ്പുറം&oldid=68295" എന്ന താളിൽനിന്ന് ശേഖരിച്ചത്