Jump to content

ബാഷ്പാഞ്ജലി/ഹേമ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 ഹേമ
വനികാംഗനയാൾതൻ മന്ദഹാസാങ്കുരങ്ങൾ
തനിയേ കവർന്നവൾ കുമ്പിളിൽ നിറയ്ക്കുന്നു.
അയൽ വീട്ടിലെ സഖിയെത്തിടാൻ നേരം വൈകു-
ന്നതിലുണ്ടവൾക്കൽപം താപവുമുൽക്കണ്ഠയും.
കണ്ഠനാളത്തെത്തിരിച്ചവളെ പ്രതീക്ഷിച്ചു
കണ്മണി കൂടെക്കൂടെക്കണ്ണയയ്ക്കുന്നു; നോക്കൂ!
ആർത്തിയാർന്നാറ്റിലേയ്ക്കു പോകുവാനായ് തൻകൂട്ടു
കാത്തുനിന്നീടുമൊരു മാൻകിടാവിനെപ്പോലെ.
å തഴുകീ തരുണാർക്കൻ തങ്കരശ്മിയാ,ലെന്നാൽ
മുഴുവൻ മാഞ്ഞിട്ടില്ല മൂടൽമഞ്ഞെല്ലാടവും.
തണലും വെയിലുമില്ലെങ്ങുമേ;- സുഖംതരും
തണവുള്ളൊരുകാറ്റു വീശുന്നുണ്ടിടയ്ക്കിടെ ,
ലജ്ജയിൽമടിച്ചാദ്യമായിത്തൻ നാഥൻ വാഴും
മച്ചിലേയ്ക്കൊരു മുഗ്ദ്ധപോയിടുന്നതുപോലെ.
തോളത്തുനിന്നപ്പപ്പോളിഴിയും നീരാളപ്പൂ-
ഞ്ചേലത്തുമ്പിളംകരവല്ലിയാലൊതുക്കിയും;
മഞ്ജുളമണിനൂപുരാരവം വീശുംപടി
കഞ്ജകോമളമായ കാലിണചലിപ്പിച്ചും;
സമ്പന്നവസന്തത്തിൻനൃത്തമണ്ഡപമായ
ചെമ്പനീരലർക്കാവിൽ വാഴുന്നു വിലാസിനി.
å നീലക്കാറൊളിച്ചുരുള്ളകം മേലേ ചിന്നി
ലോലഫാലകംസ്വേദാങ്കുരത്താൽ പേർത്തും മിന്നി.
അവൾതൻ കരാംഗുലി സ്പർശനസൗഭാഗ്യത്താ-
ലതിധന്യരായ്ത്തീരും കുസുമങ്ങളെ നോക്കി;
മെത്തിടുമസൂയയാൽ യുവത്വം തുളുമ്പീടു-
മെത്രയോ ഹൃദയങ്ങൾ തുടിച്ചിട്ടുണ്ടാകില്ല!
ഉഷസ്സും ലജ്ജിച്ചിട്ടു,ണ്ടോമലിൻ കണ്ണഞ്ചിക്കും
സുഷമാമുകുരത്തിൽ തന്മുഖം നിഴലിക്കെ!
മഞ്ഞുതുള്ളികളേറ്റു കുളുർത്തപനീർപ്പൂവിൻ
മഞ്ജിമ സവിശേഷമുടലാർന്നതുപോലെ;
രമ്യമാം മധുവിധുകാലത്തെ സ്വപ്നം പോലെ-
യമ്മലർത്തോപ്പിലിതാ ലാലസിക്കുന്നു ഹേമ!!
   അരികത്തൊരു കൊച്ചുപൂഞ്ചോല പാടിപ്പാടി
നുരയാൽ ചിരിച്ചുകൊണ്ടൊഴുകിപ്പോയിടുന്നു;
സൽപ്രേമസമ്പന്നയാമൊരു പെൺകൊടിയുടെ
സുപ്രഭാമയമായ ജീവിതത്തിനെപ്പോലെ!
അതിന്റെ തടത്തിങ്കലേയ്ക്കതാ വന്നെത്തുന്നു
മതിമോഹനാകാരരാം രണ്ടു യുവാക്കന്മാർ.
ഒരുവനുടൻ നിത്യമുണ്ടായീടുമ്പോ,ലന്നു-
മൊരു തൂമിന്നൽപ്പിണർ പായുകയാ,യുൾത്താരിൽ!
ഹേമ പൂ പറിക്കുവാനെത്തിടും സമയമി-
താണെന്നു നന്നായവനറിയാം പണ്ടേതന്നെ.
å അവളെ ഭൂവല്ലിയാൽ ചൂണ്ടിക്കാണിച്ചു മന്ദ-
മവനോതുന്നു, തന്റെ വിശ്വസ്തസുഹൃത്തോടായ്:-
å "എന്നെന്നുമെനിക്കൊരു പുളകാങ്കുരം നൽകാ-
നെന്നാശാലതികതൻ വസന്തമതാ നിൽപൂ!!..."å 4-7-1108

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/ഹേമ&oldid=52381" എന്ന താളിൽനിന്ന് ശേഖരിച്ചത്