ബാഷ്പാഞ്ജലി/സല്ലാപം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സല്ലാപം
മധുരസ്വരത്തിലെൻ കാമുകൻ ചോദിക്കുന്നു:-
"മദിരോത്സവം നിനക്കോമലേ മതിയായോ?
മതിയായെങ്കിലൊന്നു തല ചായ്ക്കണ്ടേ?- പനീർ-
മലർ ചിന്നിയോരെന്റെ മാർത്തടംപോരേ? പോരൂ!
അവശേ, നീയിന്നെന്തിനിത്രമേൽ പരുങ്ങുന്നു,-
തവിടെക്കിടന്നോട്ടെ,ശൂന്യമത്തങ്കക്കിണ്ണം.
മേദുരാമോദം നിന്നെ നിശ്ശബ്ദമോരോ പാട്ടു
സദരംപാടിപ്പാടിയുമ്മവച്ചുറക്കാം ഞാൻ!
പരിചോടെന്നുംനിനക്കത്യനർഗ്ഘമാമോരോ
പരമാനന്ദസ്വപ്നം കണ്ടു കണ്ടുറങ്ങീടാം.
കാലത്തിൻ ചിറകടിയൊച്ചകേട്ടുണരാതെ
ലോലനീയെൻമാറത്തു പൂവുപോൽകിടക്കുമ്പോൾ,
പുളകോൽഗമകാരിയായ നിന്നംഗസ്പർശം
മിളിതോത്സവം ഞാനുമാസ്വദിച്ചാനന്ദിക്കാം.
അങ്ങനെയന്യോന്യസംസിക്തമാമനുരാഗ-
മഗളമലർവല്ലി പുഷ്പിച്ചുലസിക്കട്ടെ!
എന്തിനാണെന്നോ? ദിവ്യമാമതിൻസുഗന്ധമി-
ന്നെന്തിനെങ്കിലുമൊരു സാന്ത്വനമായാലായി.
ഇന്നു നീയുറങ്ങുന്നതൊക്കെയും മറക്കുവാൻ;
പിന്നെ നീയുണരുന്നതൊക്കെയും പുതുക്കുവാൻ-
ഈ വിധം മറവിയും പിന്നത്തെ സ്മരണയും
കേവലം നാം തമ്മിലുള്ളൊളിച്ചുകളിമാത്രം!
നിനക്കെന്തിനാണിനിശ്ശൂന്യമാം ചഷകം?-ആ
നിരഘാസവമെല്ലാമൂറ്റി നീ കുടിച്ചല്ലോ!
എറിയൂ വലിച്ചതു ദൂരെ;- നീയിനിയതു
വെറുതേ കണ്ണീരിലിട്ടെന്തിനു കഴുകുന്നു?-
പോരികെന്മാറത്തേ,യ്ക്കെന്നോമനയല്ലേ? ബാഷ്പ-
ധാര ഞാൻ ത്യ്ടച്ചോളാം, നാണമെ,ന്തയേ്യാ പോരൂ!...."
åå *åå *åå *
പ്രേമപൂർണ്ണമായൊരിസ്സല്ലാപം!- ഹാഹാ,നോക്കൂ,
രോമാഞ്ചത്താലെൻ തനുവല്ലരി തളിർത്തല്ലോ!
കാമുക, വരുന്നു ഞാ,നാ വിശാലമാം മാറിൽ
കാമദമായീടുമെൻ ചുംബനം വിതറുവാൻ!!åå7-1-1108

എവിടെയും കാണ്മൂ മഹിതമാമൊരു
പരമാനന്ദത്തിൻ നിഴലാട്ടം;
ഹതഹൃദയമേ, സതതം നീമാത്രം
കദനഗർത്തത്തിലടിയുന്നോ?åå 5-2-1108

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/സല്ലാപം&oldid=36068" എന്ന താളിൽനിന്ന് ശേഖരിച്ചത്