Jump to content

ബാഷ്പാഞ്ജലി/വ്രണിതഹൃദയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

വ്രണിതഹൃദയം
പരമധന്യയാമുലകിനെന്തിനെൻ-
ഹൃദയബാഷ്പത്തിൽ നനഞ്ഞ ചിന്തകൾ?
കപടലോകത്തിൻ നടുവിലീവിധം
കദന ഭീരുവായ് കഴിഞ്ഞിടുന്ന ഞാൻ,
നിരർത്ഥജൽപനം പൊഴിപ്പതൊക്കെയു-
മസഹ്യമായേക്കാം പലർക്കുമെപ്പൊഴും.
'ക്ഷമിക്കു'കെന്നതിനുരച്ചുകൊണ്ടിതാ
നമിച്ചീടുന്നു ഞാനതിവിനീതനായ്!
വിവിധചിന്തയാൽഹൃദയവീണതൻ-
മൃദുലതന്ത്രികൾശിഥിലമാകയാൽ,
നിരുപമാനന്ദമധുരിമയെഴു
മൊരുഗാനമ്പോലുമുദിപ്പതല്ലതിൽ!
മദീയമാനസംമഥിത,മീവിധം
വിഫലഗദ്ഗദം പൊഴിക്കാവൂ മേലും!!åå 19-2-1108