Jump to content

ബാഷ്പാഞ്ജലി/വയ്യ!

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

വയ്യ!
    ഒന്ന്
പല പല വല്ലികൾ പൂത്തു പൂത്തു
പരമളം തിങ്ങിയ പൂനിലാവിൽ
ഒരുകൊച്ചരുവിതൻ തീരഭൂവി-
ലൊരുനല്ല നീലശിലാതലത്തിൽ,
തിരകളിളക്കുന്നചിന്തകളാൽ
തരളിതചിത്തനായ് ഞാനിരിപ്പൂ!
    രണ്ട്
സുഖദസുഷുപ്തി പകർന്നുനൽകും
സുരസുധാസ്വാദനലോലുപരായ്
മതിമറന്നാനന്ദതുന്ദിലരായ്
മരുവുന്നു മാലോകരാകമാനം.
പരിമിതമാമൊരു ശാന്തതയെൻ-
പരിസരമെല്ലാം നിറഞ്ഞുകാണ്മൂ!
     മൂന്ന്
ഇളകുമിലകൾക്കിടയിലൂടെ-
ത്തെളുതെളെച്ചോരുന്ന ചന്ദ്രികയാൽ,
നിഴലും വെളിച്ചവുമൊത്തു ചേർന്നു
നിറയുമീ രമ്യനിശീഥരംഗം
അലിയിക്കയാണെന്നെ മന്ദമന്ദ-
മനുപമാനന്ദസരസ്സിലൊന്നിൽ!
     നാല്
പരിചിലൊരേകാന്തസ്വപ്നംപോലീ-
യരുവിയെന്മുന്നിലൊലിച്ചിടുന്നു.
വളർവെള്ളിമേഘങ്ങളങ്ങുമിങ്ങു
മലയുന്ന നിമ്മർലനീലവാനിൽ,
വിലസുന്ന സുന്ദരതാരകളാ-
യനുരാഗചിന്തതന്നങ്കുരങ്ങൾ!
    അഞ്ച്
അകതാരിൽവന്നു തുളുമ്പുമേതോ
പരമാനന്ദത്തിലെപ്പാതിയോളം,
ഒരു നീണ്ട നേരിയ ഗാനമായി-
പ്പതറും സ്വരത്തിൽ പകന്നർശേഷം,
അകലെയപ്പാതിരാപ്പക്ഷിപോലും
ചിറകുമൊതുക്കിയുറക്കമായി!
     ആറ്
അവിടെ,യക്ഷേത്രത്തിന്മുന്നിൽ,നിൽക്കു-
മരയാലിൻ കൊമ്പത്തുമാറിമാറി,
തുരുതുരെത്തൂങ്ങിപ്പിടഞ്ഞു കൂകി,-
ച്ചിറകടിച്ചാർത്തു പറന്നുപാറി,
സമയംകഴിപ്പൂ സരസമായി-
ട്ടമിതകൗതുഹലമാവലുകൾ
     ഏഴ്
ഇവയോരോന്നായി ഞാൻ നോക്കിനോക്കി-
യവികലാനന്ദമനുഭവിപ്പൂ.
അരികി,ലെന്നാൽ,കഷ്ട,മാരുമില്ലെൻ-
ഹൃദയോത്സവത്തിനു സാക്ഷി നിൽക്കാൻ!
ഉലകിടമെല്ലാമുറക്കമായി
തരുനിരപോലുമനങ്ങാതായി!
     എട്ട്
ഇവിടെ, യീ ഞാൻ മാത്രമേകനായി-
ട്ടിതുവിധം നിർന്നിദ്രനായിരിപ്പൂ
സകലചരാചരമൊന്നുപോലി-
സ്സമുദിതശാന്തിയിൽ വിശ്രമിക്കേ,
നിഹതനാമെന്നെയതിങ്കൽനിന്നു-
മകലത്തു നിർത്തുന്ന ശക്തിയേതോ!!
    ഒമ്പത്
സഹതാപശൂന്യമീ മന്നിടത്തിൽ
സകലതുമിപ്പോളതീവശാന്തം;
ശരി,യെന്നാൽ,ത്തെലിടയ്ക്കുള്ളി,ലിന്നീ-
ശ്ശരദിന്ദു മാഞ്ഞുമറയുകില്ലേ?
ഉദയം, കിഴക്കു കരങ്ങൾ നീട്ടി
ക്ഷിതിയെക്കുലുക്കിയുണത്തർുകില്ലേ?
     പത്ത്
മനുജരെല്ലാരുമുണരുമല്ലോ!
മമ മനം വീണ്ടും തകരുമല്ലോ!
പരിഭവത്തിന്റെ ശരങ്ങൾ വീണ്ടും
തുരുതുരെയെന്നിൽത്തറയ്ക്കുമല്ലോ!
പരുഷമാം രാത്രിയാണെന്തുകൊണ്ടും
പകലിനെക്കാളെനിക്കേറെയിഷ്ടം !!

    പതിനൊന്ന്
ഉദയമില്ലാത്തോരു നീണ്ട രാവു-
മുണരേണ്ടാത്തോരു സുഷുപ്തിയുമായ്,
ഒരുമനശ്ശല്യവും വന്നുചേരാ-
ത്തൊരുനിത്യവിശ്രമം ഞാൻ കൊതിപ്പൂ!
ധരയി,ലിജ്ജീവിതഭാരമൊട്ടു-
മരുതയേ്യാ, താങ്ങാനെനിക്കിനിയും. 10-9-1109

പ്രണയസർവ്വമേ, പോരും പരിഭവം!
ഹൃദയഗദ്ഗതം കേൾക്കാത്തതെന്തുനീ? 14-6-1109

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/വയ്യ!&oldid=83111" എന്ന താളിൽനിന്ന് ശേഖരിച്ചത്