Jump to content

ബാഷ്പാഞ്ജലി/മധുവിധു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

മധുവിധു
കളകളകോകിലാലാപലോലം
കമനീയകാമദപുഷ്പകാലം;
മധുപാനമത്തമധുപഗീതം
മധുരസുരഭിയാം മന്ദവാതം;
മലർനിര മേളിച്ച മഞ്ജുവാടം
മരതകപ്പച്ചവിരിച്ച പാടം;
വിജനവിലാസലതാനികുഞ്ജം
ഭജനവിലോലയെൻ പുണ്യപുഞ്ജം
പരിമളകല്ലോലമൽപമൽപം
പരിചിലിളകിടും പുഷ്പതൽപം;
മിളിതനിർവ്വാണസുഖപ്രണയം
ലളിതവികാരമയഹൃദയം;
അരികി,ലാത്മാവിലമൃതസാരം
ചൊരിയുമെൻ നിസ്തുലഭാഗ്യതാരം;
ഒരുവാക്കിനോമനയ്ക്കെന്തുനാണം
ഇനി വേറൊരുത്സവമെന്തു വേണം?
å ഇരുവരുമന്യോന്യ ചിന്തമൂലം
കരയലാൽത്തന്നെ കഴിച്ചു കാലം.
ശിഥിലാഭിലാഷങ്ങളാകമാനം
തിരതല്ലുമന്നത്തെയാത്മഗാനം,
ഒളിവിലന്യോന്യംപകർന്നുനൽകി
കലിതാനുമോദമണഞ്ഞു പുൽകി,
വിരഹ-കലഹ-സമാഗമങ്ങൾ
വിഫലസങ്കൽപ്പത്തിലാർന്നു ഞങ്ങൾ!
സദയമന്യോന്യമൊളിഞ്ഞുനോക്കി-
സ്സമയം സരസമായെത്ര പോക്കി!
പരഭൂതയുഗ്മളം പാട്ടുപാടി-
പ്പരിലസിച്ചീടും വനിക തേടി,
അഴലാർന്നനാരതം ഞങ്ങൾ പോയി
മിഴിനീരൊഴുക്കുവാന്മാത്രമായി!
അനഘവസന്തമണഞ്ഞതില്ല;
അനുരാഗപ്പൂവല്ലി പൂത്തുമില്ല.
അനുദിനം വായുവിൽക്കോട്ടകെട്ടി-
യനുതപിച്ചേവം കഴിച്ചുകൂട്ടി.
åå*åå*åå*
ചിരകാലപ്രാർത്ഥിതമീവസന്തം
തരളിതമാക്കുന്നിതെൻ ഹൃദന്തം!
മമ ജീവനയികയ്ക്കെന്നോടേവം
മതിയിൽ വളരുന്നു രാഗഭാവം!
മതിയതിൽ മാമകഭാവിയെന്നും
മഹിതാഭ താവിത്തെളിഞ്ഞുമിന്നും!
..........................................
വഴിയുമാ മന്ദാക്ഷമന്ദഹാസം,
വദനാരവിന്ദപ്രഭാവിലാസം-
ഇവരണ്ടും പോരു,മെൻജീവിതത്തിൽ
പരിതൃപ്തിയേകുവാനീ ജഗത്തിൽ!
മധുവിധുകാലമിതെത്ര രമ്യം!
മഹിയിലതൊന്നല്ലാതെന്തു കാമ്യം?ååå18-8-1108

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/മധുവിധു&oldid=36041" എന്ന താളിൽനിന്ന് ശേഖരിച്ചത്