Jump to content

ബാഷ്പാഞ്ജലി/പ്രഭാതബാഷ്പം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പ്രഭാതബാഷ്പം
ഉലകിനെച്ചുംബിച്ചുണർത്തും- വിണ്ണിൻ-
മഹനീയതേജോവിലാസം,
മമ നയനങ്ങളിൽ മന്ദം-
മഴവില്ലിൻ ചാറുതളിച്ചു.
സുഖദസുഷുപ്തിയിൽനിന്നെൻ- ജീവൻ
സുരപഥത്തോളമുയർന്നു.
ഉദയപ്രഭയിൽകുളിച്ചു-മന്നി-
ന്നുടലാകെക്കോരിത്തരിച്ചു.
പറവകൾപാടിപ്പറന്നു- പുഷ്പ-
പരിമളമെങ്ങും പരന്നു.
പുലർകാലപ്പൂന്തെന്നല്വീശി-പ്പിഞ്ചു-
മലരണിവല്ലികളാടി.
ഇളവെയിലേറ്റു സുഖിച്ചു-ചിത്ര-
ശലഭങ്ങൾ പാറിക്കളിച്ചു.
ഒളിചിന്നും പൂക്കളെപ്പുൽകി-പ്പുൽകി-
യളികുലമങ്ങിങ്ങിളകി.
åå *åå *åå *
അവികലാനന്ദതരംഗ-സംഗ-
മവനിയിലെങ്ങും ഞാൻ കാണ്മൂ.
ഹിമകണവൈഢൂര്യമാല്യം-പിഞ്ചു-
തൃണരാജിക്കേകുമിക്കാലം
അതിദിവ്യനവ്യചൈതന്യം-ഒന്നി-
ക്ഷിതിയിങ്കലെങ്ങും പൊഴിപ്പൂ.
എവിടെയുമാനന്ദനൃത്തം-മന്നി-
ലെതിനുമൊരുന്മേഷഭാവം.
ഹതനായി ഞാന്മാത്രമല്ലേ-എന്റെ-
ഹൃദയം തകരുകയല്ലേ?
മിഴിനീരിൽമുങ്ങി ഞാനെന്നും-ഏവം-
കഴിയണമെന്നാണോ യോഗം?
ഇനിയുമിതെത്രനാൾ താങ്ങും-തീരെ-
സ്സഹിയാനാകാത്തൊരിത്താപം?
സതതം സമാധാനമൂകം-അയേ്യാ!
സഹതാപശൂന്യമീലോകം!!
åå *åå *åå *
കവനസ്വരൂപിണി, നീയും-കഷ്ടം !
നിഹതനാമെന്നെ മറന്നോ?
വെറുമൊരുചുംബനം മാത്രം-തന്നാ-
ലമലേ, നിനക്കെന്തു ചേതം?
ഒരുപക്ഷേ, ഞാനതുമൂലം-ഒരു
പൊലിയാത്തതാരമായ് തീരാം.
മമ ജീവനാളം ക്ഷണത്തിൽ-ഒരു
മധുരസംഗീതമായ് മാറാം.
കമനീയസ്വപ്നമേ, ഞാനും-നിന്റെ
കമിതാക്കന്മാരിലൊന്നല്ലേ?
അനുനയലോലനാമെന്നിൽ-നിന-
ക്കനുകമ്പയില്ലാത്തതെന്തേ?
കപടതമാത്രം നിറഞ്ഞീ-ടുമീ-
ബ്ഭുവനമെനിക്കുമുഷിഞ്ഞു.
ഇവിടെനിന്നിക്ഷണമയേ്യാ!-ഞാനി-
ന്നെവിടെയൊന്നോടിയൊളിക്കും?
åå *åå *åå *
പലപല ചിന്തകളെന്നും-ഉള്ളിൽ
അലതല്ലിപ്പൊങ്ങുന്നനേരം,
തല ചായ്ക്കുവാനെൻതണലും-ദേവി
തവ മടിത്തട്ടായിരുന്നു!
അതുമിനിലഭ്യമല്ലെങ്കിൽ-പിന്നി
ക്ഷിതിയിലെനിക്കെന്തുഭാഗ്യം?
അതിശുഷ്കം ജീവിതപത്രം-എനി-
ക്കതുകൊണ്ടിനിയെന്തുകാര്യം?
പരമാർത്ഥസ്നേഹമിപ്പാരിൽ-ഇത്ര
വിരളമാണെന്നാരറിഞ്ഞു?
അതിലൊരുതുള്ളിക്കായെത്ര-കാലം
സതതമെന്നാത്മാവെരിഞ്ഞു!
ഒരുഫലമില്ലാതൊടുവിൽ-ഞാനി-
ക്കൊടിയനിരാശയിൽനിൽപൂ.
ഇവിടെയെല്ലാടമിരുട്ടാ-ണയേ്യാ!
എവിടെ ,യെവിടെ വെളിച്ചം?-
åå *åå *åå *
മയിലുകൾ ചാഞ്ചാടിയാടും-നീല
ക്കുയിലുകൾ പഞ്ചമം പാടും;
തരുനിര പൂത്തും തളിർത്തും-നിന്നു
സുരഭിലമർമ്മരം തൂകും;
ക്ഷിതിയിങ്കലെന്തിനും മോദ-പൂരം
മതിയിൽ നിറഞ്ഞു തുളുമ്പും;
ഇതുമട്ടാണെന്നാലുമെന്നും-ഒരു
ഹൃദയമിരുന്നുകരയും!!ååå 9-5-1109

ഇനിയും ഞാൻ കേവലമന്യനായി-
ക്കഴിയണമെന്നാൽക്കഴിഞ്ഞുകൊള്ളാം;
പലതും ചപലത ചൊല്ലുമെന്നിൽ-
പ്പരിഭവിക്കേണ്ട നീയോമലാളേ!åååå8-8-1109