ബാഷ്പാഞ്ജലി/നിരാശ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ശാരദാംബരം ചാരുചന്ദ്രികാ-
ധാരയിൽ മുഴുകിടവേ,
പ്രാണനായക, താവകാഗമ-
പ്രാർത്ഥിനിയായിരിപ്പൂ ഞാൻ!
എൻമണിയറയ്ക്കുള്ളിലുള്ളൊരീ
നിർമ്മലരാഗസൗരഭം,
ഇങ്ങുനിന്നുപോം മന്ദവായുവു-
മങ്ങു വന്നരുളീലെന്നോ!
കഷ്ടമെന്തിനുപിന്നെ,യീവിധം
വ്യർത്ഥസന്ദേശമേകി ഞാൻ?
ഇന്നു രാത്രിയിലെങ്കിലും ഭവാൻ
വന്നിടുമെന്നൊരാശയാൽ,
ഉൾപ്പുളകമാർന്നത്യുദാരമി-
പ്പുഷ്പതൽപമൊരുക്കി ഞാൻ!
മഞ്ജുതാംബൂലതാലവുമേന്തി
മന്മഥോപമ, ഞാനിദം,
ത്വത്പദന്യാസദത്തകർണ്ണയാ-
യെത്ര കാക്കണമിന്നിയും?...
 . . . . . . . . . . . . . . .
പ്രാണനാഥ, ഞാൻ പോകട്ടേയിനി-
പ്പാതിരാപ്പൂ വിരികയായ്!.....

19-2-1110

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/നിരാശ&oldid=80953" എന്ന താളിൽനിന്ന് ശേഖരിച്ചത്