ബാഷ്പാഞ്ജലി/ആശ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ആശ
ഒരുവെൺമുകിൽ മാലയായിരുന്നെങ്കിൽ, ചെന്ന-
ച്ചെറുതാരയെ ഞാനിക്ഷണം ചുംബിച്ചേനെ.
കൊതിയുണ്ടെല്ലായ്പൊഴും ചിത്തത്തിനാകാശത്തിൻ
മതിലേഖയെ മന്ദം മാറിലേയ്ക്കണയ്ക്കുവാൻ!
വഴിയേവന്നെൻകാൽക്കൽ നിൽപവകൈവിട്ടു, ഞാൻ
വഴുതും വസ്തുക്കളിൽ കയറിപ്പിടിക്കുന്നു.
കാലത്തിൻ കണ്ണാടിയിലൂടെ ഞാൻ നോക്കീടുമ്പോൾ
കാണുന്നു നാനാവർണ്ണമയമായ് മജ്ജീവിതം.
ഹരിതപ്രഭം പോയതി,പ്പോഴുള്ളതു പീതം,
വരുവാനിരിക്കുന്നതൊക്കെയും തമോമയം!
നാളെ,യിന്നലെയെന്ന പേരെഴുമിരുവർതൻ-
തോളിൽ കൈപിടിച്ചെത്തുമിന്നേ, നീ ബലഹീന!
നിന്നെപ്പോൽ,നിശ്ശൂന്യതയ്ക്കുള്ളിലെത്രപേരിനി-
ച്ചെന്നെത്തിക്കഴിഞ്ഞാലെന്നാശയ്ക്കു വിരമിക്കാം?å 1-5-1109

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/ആശ&oldid=36066" എന്ന താളിൽനിന്ന് ശേഖരിച്ചത്