ബാലിവിജയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ബാലിവിജയം (തുള്ളൽ കഥ)

രചന:കുഞ്ചൻ_നമ്പ്യാർ


രാത്രിഞ്ചരകുലപുംഗവനാം ദശ-

വക്ത്രൻ തന്നുടെ ലങ്കാനഗരേ

മിത്രജനങ്ങളുമവരുടെ നല്ല ക-

ളത്രങ്ങളുമായതിസുഖമോടേ

തത്ര പരാക്രമി പംക്തിമുഖൻ ശത-

പത്രോദ്ഭവനൊടു വരവും വാങ്ങി

ശത്രുഭയം പുനരകലെ വെടിഞ്ഞു വി-

ചിത്രം വാണരുളീടും കാലം

സത്വരമൊരുനാൾ തന്നുടെ മക്കളിൽ

മൂത്തകുമാരനെയന്തികസീമനി

ചേർത്തു പുണർന്നു ദശാനനവനുടെ

ഗാത്രമശേഷം മുഹുരപി മുഹുരപി

പേർത്തു തലോടി കരാവലികൊണ്ടഥ

ചിത്തസുഖേന പറഞ്ഞുതുടങ്ങി:

"പുത്ര! സമർത്ഥ! ഭവാനെൻ വാക്കുക-

ളത്യാദരമിതു കേൾക്കണമധുനാ

കീർത്തി പെരുത്തൊരു നിന്നുടെ കരബല-

പൂർത്തി തടുപ്പതിനൊരുവനുമില്ല

തീർത്തുരചെയ്യാമിന്നിഹ നമ്മൊടു

നേർത്തു വരുന്നവരൊക്കെ മടങ്ങും;

ഓർത്താലെത്ര വിചിത്രം നമ്മുടെ

പൃഥ്വീപതികടെ വാർത്തകളവരവർ

തീർത്തുള്ളൊരു ഭവനങ്ങളിൽ നിന്നഥ

യാത്രയിറക്കിയയച്ചിതു ഞാനും

പാർത്തലമതിലിനിയെങ്ങുമൊരേടം

പാർത്താലൊരു സുഖമില്ല നമുക്കെ-

ന്നാർത്തന്മാരായടവികൾതോറും

തീർത്ഥവുമാടി നടന്നീടുന്നു;

മത്തഗജങ്ങടെ കുത്തുകൾ കൊണ്ടും

മത്തയിലക്കറി ചേനത്തണ്ടും

കുത്തിയെടുത്ത കിഴങ്ങുകൾ കൊണ്ടും

നിത്യതയങ്ങു കഴിച്ചു നടക്കും

പാർത്ഥിവഹതകന്മാരവരവനിയി-

ലാർത്തി പിടിച്ചിഹ വന്നെന്നാകിൽ

പാർത്തിരിയാതപമൃത്യു ലഭിച്ച-

ക്കാർത്താന്തികദിശമാശു ഗമിക്കും:


എന്നതുകൊണ്ടിഹ നമ്മുടെ നേരേ

നിന്നു പിണങ്ങുന്നവരു ചുരുക്കം;

ഇന്ദ്രാദികളെക്കൂടെ ജയിക്കണ-

മെന്നൊരു മോഹമെനിക്കുണ്ടുള്ളിൽ

വന്നാലും നീയെന്നുടെ നന്ദന-

നിന്നതു സാധിച്ചീടുക വേണം;

എന്നാലെൻ മകനൊരു തിരുനല്പ്പേ-

രിന്നു വിശേഷിച്ചുണ്ടായീടും;

വൃന്ദാരകപതിതന്നെ ജയിച്ചാ-

മന്ദാരാദിമരങ്ങളശേഷം

ഒന്നൊഴിയാതെ പറിച്ചീ ലങ്കാ-

മന്ദിരമെന്നതിലുളവാക്കേണം

നന്ദനവനമിന്നവനിതലേ മമ

നന്ദനനാക്കിയതെന്നു വരേണം

എന്നതിനിന്നു വിളംബനമരുതയി

മന്ദേതരഗുണമന്ദിര സുമതേ!

പണ്ടൊരു നാളഥ നാരായണനെ-

ക്കൊണ്ടിഹ നമ്മുടെ വംശോദ്ഭവനാം

കുണ്ഠതരനാം മാലിനിശാചര-

കണ്ഠം ഝടിതി മുറിപ്പിച്ചീടിനൊ-

രണ്ടര്കുലേശനെ നാകാൽ തച്ചഥ

മണ്ടിച്ചീടണമത്രയുമല്ലതി-

കുണ്ഠനെയങ്ങു പിടിച്ചഥ കെട്ടി-

ക്കൊണ്ടിഹ പോരണമിപ്പുരി തന്നിൽ;

തുംഗപരാക്രമനായ ഭവാനൊടു

സംഗരസീമനി നിന്നമറ്ചെയ്‍വാ-

നെങ്ങും സുരവരനാളാകില്ലാ

സംഗതിയുണ്ടാം ബന്ധിപ്പാനും.

മംഗലമേലും നമ്മുടെ നാട്ടിൽ

ചങ്ങല കൊണ്ടിഹ പൂട്ടി മുറുക്കി

തുംഗമതായൊരു തൂണും ചോട്ടില-

നങ്ങാതങ്ങു കിടത്തണമവനെ."

ഇങ്ങനെയുള്ള പിതാവിൻ വചനം

തിങ്ങിന മോദാൽ കേട്ടു പതുക്കെ

ഭംഗി കലർന്നു പിതാവിനെയങ്ങു വ-

ണങ്ങിക്കൊണ്ടവനിദമരുൾ ചെയ്തു:


"പംക്തികണ്ഠ! ഹേ ജനക! ഭവാൻ പുന-

രെന്തിനിത്രവളരെപ്പറയുന്നു

ചിന്തിതങ്ങളഖിലങ്ങളുമേതുമൊ--

രന്തരം വിനാ സാധിച്ചിടാം;

എന്തു ദണ്ഡമിന്നമരാധിപനുടെ

ബന്ധനത്തിനു നമുക്കു നിനച്ചാൽ

സിന്ധുരേന്ദ്രബലനാകുമെനിക്കൊരു

ബന്ധുപോലുമിന്നാരും വേണ്ടാ;

സന്തതം തവ പദാംബുജയുഗളം

ചിന്ത ചെയ്തുടൻ നിന്തിരുവടിയെ

ചന്തമോടു സേവിച്ചിടുമടിയനു

ചിന്തിതം സഫലമെന്നു ധരിക്ക.

വൃത്രവൈരിയെ ജയിച്ചഥ ബന്ധി-

ച്ചത്ര നമ്മുടെയ പത്തന സീമനി

ചേർത്തുകൊണ്ടഹോ ഞാനിന്നവനുടെ

ഗാത്രമമ്പൊടു വരിഞ്ഞു മുറുക്കീ-

ട്ടത്ര ബാലകന്മാർക്കു കളിപ്പാൻ

പാത്രമാക്കിയൊരു പാവ കണക്കേ

കുത്രചിൽ പുരേ സുരപരിവൃഢനെ

ചിത്രമാകിയൊരു തൂണൊടു കൂട്ടി-

ച്ചീർത്ത കോപമൊടു ചേർത്തീലെന്നാ-

ലെത്രയും ബഹു പരാക്രമിയാം ദശ-

വക്ത്രരാക്ഷസകുലേന്ദ്ര! ഭവാനുടെ

പുത്രനല്ലടിയനെന്നു വരേണം.

ശത്രുകൃന്തനസമർത്ഥനതാമെൻ

ശക്തിയിന്നിഹ തടുപ്പതിനൊരുവൻ

പാർത്തലത്തിലുമമ്രത്ത്യപുരത്തിലു-

മോർത്തു കാൺകിലിഹ നാസ്തി പിതാവേ!

തത്രചെന്നു മടിയാതടിയൻ ശത-

പത്രനേത്രനുടെ സോദരനാകിന

ഗോത്രവൈരിയെക്കൊണ്ടിഹ വന്നുട-

നത്ര വച്ചു തൊഴുവൻ തവ മുമ്പിൽ."


ഏവം പറഞ്ഞ മേഘനാദന്റെ വാക്കു കേട്ടു

ഭാവം തെളിഞ്ഞു ദശഗ്രീവനുമുരചെയ്തു:

"ഉണ്ണീ! നിന് വാക്കു കേട്ടു നന്നായ് പ്രസാദിച്ചു ഞാൻ

വന്നാലുമന്തികേയെൻ നന്ദനാ മേഘനാദാ!

രാക്ഷസരെന്നാകിലോ രൂക്ഷത വേണമേറ്റം

ദക്ഷനാം ഭവാങ്കല് സുഭിക്ഷം രൂക്ഷതാഭാവം

ഇക്ഷണം പോക നാമിന്നിപ്പുരിതന്നിൽ നിന്നു

ശിക്ഷിപ്പാനോരായിരമക്ഷികളുള്ളവനെ."


ഇത്ഥം പറഞ്ഞുകൊണ്ടു നക്തഞ്ചരാധിനാഥൻ

സത്വരം പുറപ്പെട്ടു പുത്രനും താനുമായി

സുത്രാമാവിരിക്കുന്ന പത്തനമതിൽ ചെന്നു

വൃത്രവൈരിയോടായിട്ടിത്തരമുര ചെയ്തു:

"രേരേ! ചപല! വലാരേ! നീ മമ

നേരേ നിന്നിഹ പൊരുതുക സമരേ

വീരന്മാർക്കെജമാനൻ നീയിഹ

പോരെന്നുള്ളതുമകലെ വെടിഞ്ഞീ

നാരീമണികടെ നടുവിൽ സതതം

മാരക്രീഡാതത്പരനായി

ക്രീഡിക്കുന്നൊരു നിന്നുടെ മുടിയിൽ

താഡിക്കും പുനരത്രയുമല്ലഹ-

മോടിക്കും പുനരിവിടേന്നയി തവ-

മോടിക്കും കുറവാശു ഭവിക്കും;

താടിക്കാരെത്തച്ചിഹ പമ്പിരി-

പാടിക്കുന്നൊരു നമ്മുടെ നാമം

കൂടിക്കേൾക്കുന്നൊരു സമയേ ബത

പേടിക്കാതിന്നൊരുവരുമില്ല;

ശക്രനതാകിന നീ പണ്ടൊരു നാള്

ചക്രായുധനെക്കൊണ്ടിഹ നമ്മുടെ

വിക്രമിയാകിന മാലിയെ വിരവിൽ

ചക്രം കൊണ്ടു വധിപ്പിച്ചില്ലേ?

ഓർക്കെട രണ്ടു നിശാചരരന്നു മ-

ദോൽക്കടധൈര്യപയോധികളായി-

ട്ടക്കാലം നിജ പാതാളത്തില്

പുക്കു സുഖിച്ചു മദിച്ചു വസിച്ചു;

തത്ര സുമാലി നിശാചരപുംഗവ-

പുത്രിയതാകിയ കൈകസി തന്നുടെ

പുത്രനഹം ദശവക്ത്രൻ നിന്നുടെ

ശത്രുവതെന്നു ധരിച്ചീടേണം;

മൃത്യുഞ്ജയനുടെ പത്തനമാകുമൊ-

രത്യുന്നതഗിരി കുത്തിയിളക്കിന

പത്തിരുപതു കരമുണ്ടു നമുക്കിഹ

ചിത്തേ നീയിതു കരുതുക കുമതേ!

ഈവക വിക്രമമുള്ള നമുക്കീ

ദേവകളും പുല്ലും ശരിയല്ലോ

പാകനിഷൂദന! നിന്നുടെ മദമതു-


പാകം വരുവാനുണ്ടുപദേശം

നാകാധിപനാം നിന്നെസ്സമരേ

ശോകാകുലനാക്കീടുവനിപ്പോൾ

ലോകം മൂന്നിലുമുള്ള ജനങ്ങളി-

ലേകൻ പോലും നമ്മൊടു നേർത്താൽ

ചാകാതേകണ്ടൊരുവൻ പോലും

പോകുന്നില്ലതു ബോധിച്ചാലും

വൈകാതേ കണ്ടെന്നൊടു പോരിനു-

വന്നാലും നീ രിപുകുലകീടാ!"


ഇത്ഥം ഘോഷിക്കുന്നൊരബദ്ധവചനങ്ങടെ

സിദ്ധാന്തമറിഞ്ഞുടൻ വൃദ്ധശ്രവസ്സന്നേരം

ബുദ്ധിയിലുറച്ചു 'ദുർബുദ്ധി രാവണനുടെ

ബുദ്ധയിലഹങ്കാരം വർദ്ധിക്കകൊണ്ടഖില-

സ്പർദ്ധിയായ്ത്തീർന്നു പരനാറ്ഥിയാമെന്നോടിപ്പോൾ

യുദ്ധസന്നദ്ധനായ് വന്നുദ്ധതം വിളിക്കുന്നു;

അസ്തുവെങ്കിലും ചില വസ്തു നോക്കണ 'മെന്നും

ചിത്തത്തിലുറച്ചു തന് മത്തേഭഗളമേറി

അസ്ത്രശസ്ത്രാദികള് സമസ്തം കരസ്ഥമാക്കീ-

ട്ടാർത്തിങ്ങു വരുന്നോരമർത്ത്യവൃന്ദത്തോടൊത്തു

യാത്ര തുടങ്ങീ തത്ര ഗോത്രാരിദെവൻ ദശ-

വക്ത്രന്റെ മുന്നില് ചെന്നിട്ടിത്ഥമരുളിച്ചെയ്തു:


"രാക്ഷസകീട! നിനക്കിന്നു സഹ-

സ്രാക്ഷൻ തന്നെ ജയിക്കാമെന്നൊരു

പക്ഷമതുണ്ടെന്നാകിലതൊന്നു പ-

രീക്ഷിച്ചീടാമിപ്പോൾ തന്നെ;

ആക്ഷേപാദികൾകൊണ്ടു നിനക്കപ-

രോക്ഷേ കിം ഫലമിന്നിഹ നമ്മുടെ

ദക്ഷതയെല്ലാമറിയാമിനിയുമൊ-

രക്ഷരമുരചെയ്തെന്നാലുടനെ;

മോക്ഷാപേക്ഷികളായ ജനത്തെ

ഭക്ഷിച്ചും കൊണ്ടടവികൾ നീളെ

കുക്ഷി നിറച്ചു നടക്കും നിന്നുടെ

രൂക്ഷതയെല്ലാം മതി മതി കുമതേ!

യക്ഷാധിപനെ ജയിക്കുക കൊണ്ടും

ത്ര്യക്ഷാചലമതിളക്കുക കൊണ്ടും

ദക്ഷൻ ഞാനെന്നുള്ളൊരു തണ്ടുകൾ

പക്ഷേയിവിടെക്കളയുന്നുണ്ട്;

രാക്ഷസരിൽ ചിലരിക്ഷണമനവധി

കക്ഷ്യ കടന്നുടനിക്ഷിതി തന്നിൽ

ദക്ഷതയോടും വന്നാലവരെ-

ശ്ശിക്ഷിപ്പതിനൊരുപേക്ഷയുമില്ലാ."


ഇത്ഥം പറഞ്ഞു തത്ര യുദ്ധം തുടങ്ങീ വൃത്ര-

ശത്രുവും രാവണനുമെത്രയും മഹാഘോരം

കൂർത്തുമൂർത്തുള്ള ശരം കോർത്തു മൂർത്തികളെല്ലാം

വീർത്തു വിയർത്തു തമ്മിൽ നേർത്തു പിന്നെയുമവർ

ആർത്തുവിളിച്ചു പാരം ധൂർത്തുള്ള പംക്തികണ്ഠൻ

പത്ത കൈകളിൽ വില്ലുമെടുത്തു ശരങ്ങൾ വാരി-

ത്തൊടുത്തു സംഗരമൊന്നു കടുത്തു സത്വരമോടി-

യടുത്തു സൂത്രങ്ങൾ നോക്കിക്കൊടുത്തു സുത്രാമാവിന്നു.

പടുത്വം വർദ്ധിച്ചു പാരം വരുത്തം തങ്ങളിലുള്ള

വിരുദ്ധം പിന്നെയും പാരം മുഴുത്തു ചമഞ്ഞു തത്ര.


ഇതി സമരം കണ്ടു രസിച്ചൂ

പഥി രുധിരം കുത്തിയൊലിച്ചൂ

വിധിതനയൻ തത്ര വസിച്ചൂ

ഹൃദി കുതുകം പൂണ്ടു ചിരിച്ചൂ


കുംഭതാളം


യുധി സാഹസമോടഥ പലതരമവനുടെ

അടികളും - പുനരടികളും - ചില തള്ളുകൾ കിള്ളുകളും

കുലഗിരികളുമൊന്നു കുലുങ്ങി

ജലനിധികളുമൊന്നു കലങ്ങി

പലപലവിധമങ്ങു തുടങ്ങി

ഖലമതിയുടെ ഗർവ്വുമടങ്ങി


കുംഭതാളം


കലഹിച്ചു പറഞ്ഞിതു രാവണനോടഥ

വലഹരൻ - ഭുജബലധരൻ - പരിചോടഥ ദേവവരൻ;

അരുതരുതെട! ചതിവുകളൊന്നും

പെരുതിതു മമ വിരുതുകളെന്നും

കരുതരുതിതി തവ ഹൃദിയെന്നും

പൊരുതീടുക രണഭുവി നിന്നും


കുംഭതാളം


ഇനി നന്മ നിനക്കു വരുന്നതു നമ്മുടെ-

സമ്മതേ - അതി ദുർമ്മതേ - മതികുണ്ഠിതമെന്തിഹ തേ;

പല വാക്കുകളിത്ഥമുരത്തു

നലമോടഥ വജ്രമെടുത്തു

വലശാസനനെത്തിയടുത്തു

കുലഹാനി നിനക്കുമടുത്തു


കുംഭതാളം


തല പത്തു പറത്തിടുമത്തലകന്നു

നഭസ്ഥലേ - അതി നിസ്തുലേ-

യുധി നില്ക്കുക പാർത്തകലേ;

ശതമഖഗിരമിങ്ങനെ കേട്ടു

ദശമുഖനഥ നാണം കെട്ടു

ദശമുഖതതിയങ്ങു കുമ്പിട്ടു

നിശിചരനഥ നെടുവീർപ്പിട്ടു


കുംഭതാളം


അശുഭാത്മകനാകിയ ദശമുഖമുഖതതി

വാടിയും - പുനരാടിയും - സുതനെബ്ബത തേടുകയും;


ഇങ്ങനെയുള്ളൊരു രാവണനരിയൊടു

സംഗരസീമനി ബുദ്ധി മടങ്ങി

തിങ്ങിന സങ്കടമോടവനേറ്റം

മങ്ങിന മുഖമായ് മരുവുന്നേരം


മേഘനാദനതു കണ്ടു കയർത്തു

മേഘവാഹനനോടെത്തിയടുത്തു

ലാഘവേന ബ്റഹ്മാസ്ത്റമെടുത്തു

വേഗമോടു പുനരങ്ങു തൊടുത്തു


ഏകനായി മദമൊന്നു കടുത്തു

നാകനാഥനെച്ചന്നു തടുത്തു

പാകവൈരിതന് ബുദ്ധി മടുത്തു

പാകമാവതിനു കാലമടുത്തു ;


രാക്ഷസനവനതിരൂക്ഷപരാക്റമി

തല്ക്ഷണമിന്ദ്റനെ വക്ഷസി താഡി --

ച്ചക്ഷതവീരനരക്ഷണമതുകൊ --

ണ്ടക്ഷിതി തന്നില് പ്റക്ഷേപിച്ചു ;

അക്ഷകുമാരനു മുമ്പു പിറന്നൊരു

ദക്ഷന് രക്ഷോനായകപുത്റന്

ശക്റനെയങ്ങു പിടിച്ചുംകൊണ്ടരി --

ചക്റങ്ങളെ വിരവോടു ജയിച്ചാ --

വക്റാത്മാവാം രാവണിതാന് ദശ --

വക്ത്റന് തന്നുടെ മുന്പില് ചെന്നു ;

വിക്റമമുള്ള കുമാരനെയും ഗത --

വിക്റമനാകിന ശക്റനെയും ക --

ണ്ടെത്റയുമാനന്ദിച്ചു ചിരിച്ച ---

പ്പുത്റനെ മാറ്വ്വിലണച്ചു പുണറ്ന്നു ;

മൂറ്ദ്ധാവിങ്കല് തൊട്ടു മുഹുറ്മ്മുഹു --

രാത്താനന്ദമനുഗ്റഹമേകി  ;

" വത്സ  ! ജയിക്ക ജയിക്ക ഭവാന് ബഹു --

വത്സരമന് പൊടു ജീവിച്ചീടുക

മത്സരമുള്ള ജനത്തെയമറ്പ്പാന്

ത്വല്സമനില്ലൊരു ദിക്കിലുമധുനാ ;

മല്സഹജന്മാരെന്തിനു കൊള്ളാം

നിസ്സാരന്മാരിരുവരുമവരുടെ

ദുസ്സാമറ്ത്ഥ്യത്തൊഴിലുകള് കണ്ടാല്

ഭസ്മമതാക്കണമെന്നേ തോന്നൂ ;

മല്സാഹായ്യം ചെയ്യണമെന്നാല്

മല്സുതനല്ലാതൊരുവനുമില്ലെ --

ന്നുത്സംഗേ മരുവീടുക നീ ബഹു --

വത്സലനായിതു നിങ്കലിദാനീം

ഇന്ദ്റനെ യുദ്ധം ചെയ്തു ജയിച്ചൊരു

നന്ദനനൊന്നിഹ ബോധിക്കേണം

ഇന്നിവനുടെ കപടത്തൊഴിലോറ്ത്താ --

ലൊന്നും മനസി പൊറുക്കയുമില്ല  ;

മുന്നം ദേവന്മാരാമിവരും

പിന്നെദ്ദനുജന്മാരും കൂടി

പന്നഗവരനാം വാസുകിവീരന് --

തന്നെപ്പരിചൊടു പാശമതാക്കി

മന്ദരമായ മഹാപറ്വ്വതമൊരു

മന്ഥാനവുമാക്കിക്കൊണ്ടങ്ങവറ്

ചെന്താറ്മാനിനി കാന്തനിരിക്കും

സിന്ധു കടന്നു കടഞ്ഞൊരു സമയേ

ബന്ധുരമായ് ച്ചില വസ്തുവവറ്റി --

ന്നന്തറ് ഭാഗേ നിന്നു ജനിച്ചു  ;

സന്തതകാന്തിയതേന്തിയെഴുന്നൊരു

അന്തിമകൈരവബാന്ധവബിംബം

ചന്തമിയന്നൊരു സിന്ധുരവരനും

കാന്തനതാമൊരു സൈന്ധവവരനും

ബന്ധൂകാധരി ലക്ഷിയുമങ്ങഥ

ചിന്തിതദായിനി സുരഭിയുമങ്ങനെ

ദിവ്യങ്ങളതായുള്ളവയധികം

ദ്റവ്യങ്ങളുമങ്ങതിലുളവായി  ;

സവ്യാജം പുനരാവക വളരെ

ദിവ്യനതാമിവനങ്ങു ലഭിച്ചു ;

പൊണ്ണന്മാരാം ദനുജന്മാറ്ക്കൊരു

പൊന്നും പണവുമതൊന്നും നാസ്തി

വിണ്ണവരേക്കാളധികം ദേഹം

ദണ്ഡിച്ചെന്നൊരു ഫലമുളവായി

ചണ്ഡന്മാരായെന്നതുകൊണ്ടൊരു

മണ്ണും കിട്ടിയതില്ലെന്നല്ലവറ്

കണ്ണും നട്ടുടനങ്ങു തിരിച്ചാ --

രറ്ണ്ണോനിധിയുടെ തീരേ നിന്ന് ;

സ്വറ്ണ്ണം വിളയും കല്പ്പകവൃക്ഷമി --

വണ്ണം പലതും ദനുജന്മാരെ --

ക്കണ്ണെഴുതിച്ചു കരസ്ഥമതാക്കിന

കണ്ണച്ചാരിവനെത്റ കഠോരന് !

എന്നതിലൊന്നുമതിക്കൂട്ടത്തിനു

തന്നില്ലന്നവനിത്തിരി പോലും  ;

സുന്ദരിമണിയാമിന്ദിരയെപ്പുന --

രിന്ദ്റാവരജനു ദാനം ചെയ്തു

ഇന്നിഹ നമ്മുടെ പരദൈവതമാ --

കുന്നൊരു ഭഗവാനന്നതിലൊന്നും

ഇന്ദ്റന് ദാനം ചെയ്തിട്ടില്ലെ ---

ന്നല്ലൊരു കഠിനം ചെയ്തതു കഷ്ടം  !

പന്നഗവരനുടെ ഘോരവിഷത്തെ

പന്നഗധരനെ ഭക്ഷിപ്പിച്ചു  ;

എന്നിവയൊക്കെ വിചാരിക്കുമ്പോ --

ളിന്ദ്റന് തന്നെക്കൊലചെയ്യേണം .

പെണ്ണുങ്ങള്ക്കെജമാനനതാമീ

വിണ്ണവവരനുടെ കപടത്തൊഴിലുകള്

മണ്ഡോദരിയുടെ നന്ദനനാമെ --

ന്റുണ്ണിയിതൊന്നുമറിഞ്ഞിട്ടില്ല ,

അപ്പാലാഴിയില്നിന്നു ജനിച്ചതി --

ശില്പമതാകിന കല്പ്പകവൃക്ഷമ --

തിപ്പുരിയീന്നുടനിപ്പോളിങ്ങു

പറിപ്പാനിന്നു വികല്പം വേണ്ടാ .

കെല്പേറുന്നൊരു നമ്മുടെ ചേതസി --

താത്പര്യം കുറെയുണ്ടെന്നറിക

സ്വറ്പ്പതിതന്റെ പുരത്തിനകത്തുട --

നുള്പ്പുക്കൊക്കെ മുടിക്കണമധുനാ . "


ചമ്പതാളം


ഇതിവിവിധ മൊഴികള്നിജ സുതനൊടുരചെയ്തുകൊ--

ണ്ടിന്ദ്റാലയത്തിന്നകത്തു കേറീടിനാന്

മതിതളിരിലധികമൊരു മദമുടയ രാവണന്

മത്തമാതംഗത്തിനൊത്തുള്ള ശക്തിമാന്

അമരവരനമരുമൊരു പുരിയുടെ വിശേഷങ്ങ --

ളാകവേ കണ്ടകണ്ടത്യന്ത കോപനന് ,

തടിയനഥ ഝടിതിയൊരു തടിയെടുത്താകവേ

തട്ടിത്തകറ്ത്തു തുടങ്ങീ സുരാലയം

പൊടിപടലമതിനുടയ നടുവിലിടകൂടിയും

പൊട്ടും മരങ്ങടെ ശബ്ദങ്ങളിങ്ങനെ

നെടിയ കൊടിമരവുമിഹ തവിടുപൊടിയാക്കിയ --

ന്നേരത്തു നേരിട്ടു വന്നിതൈരാവതം

വമ്പനുടെ കൊമ്പു പുനരമ്പൊടു പിടിച്ചു പ --

ത്തമ്പതുചുഴറ്റിയെറിഞ്ഞു ദൂരത്തവന്

ജംഭരിപുകുംഭിവരഡംഭുകള് ശമിച്ചു നാല് --

ക്കൊമ്പനും ദൂരെപ്പതിച്ചു കേണീടിനാന്

നഗരിയതു സരഭസമൊടവനഥ നശിപ്പിച്ചു

നന്ദനോദ്യാനമണഞ്ഞു ദശാനനന് .

കനകധനമനുദിനവുമനവധി ജനിക്കുന്ന

കല്പവൃക്ഷാദിയും കൈക്കലാക്കീടിനാന്

അവനുടയ തൊഴിലുകളിതമരവരറ് കണ്ടൊന്നു --

മാവതില്ലെന്നങ്ങൊഴിച്ചു പാറ്ത്തീടിനാറ് .

അശുഭമതി ദശമുഖനു മനസി നിജ മോഹങ്ങ --

ളാകവേ സാധിച്ചു മോദിച്ചു മേവിനാന് .


നക്തഞ്ചരപതി രാവണനങ്ങതി

ശക്തനതാം നിജ നന്ദനനോടും

സുത്റാമാവിനെ ബന്ധിച്ചുംകൊ --

ണ്ടെത്റ വിചിത്റം യാത്റ തുടങ്ങീ .

സത്റാസന്മാരായമരന്മാ --

രാറ്ത്തു വിളിച്ചു കരഞ്ഞു തുടങ്ങീ

രാത്റിഞ്ചരപതിതാനും തന്നുടെ

പുത്റനുമൊത്തു രസിച്ചു തുടങ്ങീ

ഗോത്റാരാതിയുമാശരവരനുടെ

തേറ്ത്തടമദ്ധ്യേ ബദ്ധനതായ് നിജ --

നേത്റങ്ങളില് നിന്നശ്റുജലങ്ങളെ

വാറ്ത്തും കൊണ്ടവിടത്തിലിരുന്നു .

വിസ്തൃതമായ നഭസ്ഥലമാറ്ഗ്ഗം

തത്റ കടന്നു നടന്നിതു തേരും

എത്റയുമധികം വേഗത്തോടേ

പൃഥ്വീചക്റം തന്നിലിറങ്ങി

ലങ്കാനായകനങ്ങുടനേറ്റമ --

ഹങ്കാരത്തൊടു പുത്റസമേതന്

സംക്റന്ദനനെക്കെട്ടിക്കൊണ്ടഥ

ലങ്കാപുരിയില് ചെന്നു കടന്നു .

" ശങ്കാരഹിതം സുരപതി തന്നെ

തങ്കക്കൊടിമരമൂലത്തിങ്കല്

ശൃംഖലകൊണ്ടു തളച്ചേക്കാ "നായ്

കിങ്കരവരരെ വിളിച്ചുരചെയ്തു .

ഭൃത്യന്മാവരിങ്ങനെയാ പൗ --

ലസ്ത്യന് തന്നുടെ കല്പനയതുകേ --

ട്ടുദ്യോഗിച്ചു പുറപ്പെട്ടാരഥ

സദ്യോ ബഹുതര മദമത്തന് മാറ് .

വിദ്യുന് മാലാബാണാസനനാ --

മദ്ദേഹത്തെ ബന്ധിപ്പാനതി

ഹൃദ്യമതായൊരു ചങ്ങലയും കൊ --

ണ്ടത്യാടോപമടുത്തു പിടിച്ചു

വാനവവരനെച്ചങ്ങലവച്ചൊരു

വാനരവരനെപ്പോലെ ചമച്ചു .

മാനികളാമവരങ്ങു തിരിച്ചു ദ --

ശാനനനോടും ചെന്നറിയിച്ചു .

മാനസതാരില് പ്റീതി കലറ്ന്നഭി --

മാനിയതാം ദശകണ്ഠന് തന്നുടെ

മാനിനിയോടും മക്കളുമായ് പ്പര --

മാനന്ദിച്ചുടനവിടെ വസിച്ചു .

ഓറ്ത്താല് വിചിത്റമയ്യോ ! ഗോത്റാരിദേവനുടെ

വാറ്ത്താവിശേഷമതിമാത്റം കഠിനം തന്നെ .

ഗാത്റങ്ങളെല്ലാം മലമൂത്റങ്ങള് കൊണ്ടണിഞ്ഞു

ധാത്റിയില് കിടന്നഹോരാത്റങ്ങള് കഴിക്കുന്നു !

രാത്റിഞ്ചരന്മാരുടെ ചീറ്ത്ത വൈരങ്ങള് തീറ്പ്പാന്

പാത്റമായ്ത്തീറ്ന്നൂ ദേവഗോത്റാധിരാജന് താനും

സ്നാനവുമില്ല ജലപാനവുമില്ല കഷ്ടം !

മേനിയും മെലിഞ്ഞതി ദീനനായിതു യാതു --

ധാനന്മാറ് ചെയ്തീടുന്ന നാനാവിധങ്ങള് കൊണ്ടു

വാനവകുലപതിതാനും മനസ്സുമുട്ടി  ;

ആശരന്മാരില് ചില മീശക്കാരങ്ങു വന്നി --

ക്കീശായമാനനോടു പേശിത്തുടങ്ങീ മന്ദം :

" ദേവാധിരാജാ ! നിന്റെ സേവന്മാരിന്നു ഞങ്ങള്

കേവലം നിന്നെക്കാണ്മാനേവം വന്നിതെന്നോറ്ക്ക

കേട്ടാലുമെടോ ! നിന്റെ ദൃഷ്ടികള് സറ് വാംഗമി --

ക്കൂട്ടത്തിലൊരുത്തനോ കൂട്ടക്കാറ്ക്കൊക്കെയുണ്ടോ !

കഷ്ടമിങ്ങനെയുള്ള ഗോഷ്ടികള് ഞങ്ങളുടെ

നാട്ടിന്നകത്തു മുന്നം കേട്ടുകണ്ടറിവില്ല  ;

ഒട്ടും കുറവുമില്ല കിട്ടേണമീ വസ്തുക്കള്

വിഷ്ടപാധിപന്നു വിശിഷ്ടവസ്തുക്കള് ചേരും ;

വിഷ്ടരശ്റവസ്സാം നിന്റിഷ്ടനെങ്ങെടായിപ്പോള്  ?

പെട്ടെന്നു നിന്നുടെയീ ചട്ടങ്ങള് ഗ്റഹിച്ചീലേ ?

എത്റനാളായി മലമൂത്റാദികളില്ത്തന്നെ

മൂത്റപ്പുഴുക്കള് പോലിദ് ധാത്രിയില് കിടക്കുന്നു ?

ചിത്തത്തില് സ്നേഹമുള്ളൊരുത്തനെങ്കിലുമിന്നു

മിത്റമായിട്ടില്ലേ നിന് ഗോത്റത്തിലൊരേടത്തും ?

ശക്റനാം നിനക്കിന്നു വിക്റമികളായ് ച്ചില

മക്കളുണ്ടെന്നു ഞങ്ങള് കേള്ക്കുന്നു പണ്ടേതന്നെ ;

അക്കൂട്ടരിലൊരുവനിക്കോട്ടം തീറ്ത്തീടുവാ --

നിക്കൂട്ടത്തോടു വന്നു നേറ്ക്കട്ടെ മടിയാതെ ;

എന്തഹോ കഷ്ടമജ്ജയന്തനും വന്നില്ലല്ലോ

തന്തയാം നിന്നുടെയ താന്തോന്നിത്തത്തിനിനി

ബന്ധനമുചിതമെന്നന്തരമവറ്ക്കുള്ളില്

ചിന്തിച്ചു കേഴുന്നു നീയെന്തിന്നു പാഴില്ത്തന്നെ

ഉച്ചയ്ക്കുമുഷസ്സിന്നുമിച്ഛയ്ക്കു ചേരുംവണ്ണം

വച്ചു ചോറും കറിയും കാച്യ പാലിവയെല്ലാം

നിച്ചലും മുടങ്ങാതെ മെച്ചത്തില് കൊടുത്തേറ്റം

സ്വച്ഛമാം മെത്തമേല് വിരിച്ചു കിടത്തിത്തന്റെ

കൊച്ചിനെച്ചൊല്ലിപ്പാരം ദു:ഖിച്ചു പോരുന്ന ത --

ന്റച്ഛനെക്കൂറില്ലാത്ത കൊച്ചുകിടാങ്ങളായാല്

വച്ചേക്കരുതു പിന്നെത്തച്ചു കൊല്ലണമിപ്പോള്

ഇച്ചാപല്യങ്ങളൊന്നുമിക്കൂട്ടങ്ങളില്ക്കാണാ ;

കണ്ഠന് നിന്നോടു ദശകണ്ഠന് മടങ്ങിയതു

കണ്ടു രാവണിയേറ്റം ശുണ്ഠിച്ചു വന്നു നിന്റെ

തണ്ടുതപ്പിത്തമെല്ലാം കൊണ്ടുവയ്പിച്ചു പേടി --

ത്തൊണ്ടനാം നിന്നെ കെട്ടിക്കൊണ്ടിങ്ങു പോന്നു വന്നി --

ക്കണ്ട ജനങ്ങളെല്ലാം കണ്ടുനില്ക്കേ ചങ്ങല --

കൊണ്ടു ബന്ധിച്ചതും നീ കണ്ടില്ലേ ദേവരാജാ !

മക്കളെന്നാകിലവരിക്കണക്കിരിക്കേണം

പോക്കണക്കേടു നിന്റെ പോക്കുവാന് തക്കപോലെ

വിക്റമശാലിയായിരിക്കുന്ന പുത്റന് നിന --

ക്കിക്കാലം പൊക്കംതന്നെ ദുഷ്കാലം നീക്കാവതോ ?

രാക്ഷസറ്ക്കുദ്ഭവിച്ചാല് രൂക്ഷതയുണ്ടാമേറ്റം

അക്ഷീണബലത്തോടും ദക്ഷനായ് ത്തീരുമവന്

ലക്ഷം സുതന്മാറ് സഹസ്റാക്ഷാ നിനക്കെന്നാലും

രക്ഷോവരന്മാരോടു കാല് ക്ഷണം നില്ക്കയില്ല ;

എന്നതുകൊണ്ടു തവനന്നായ് വരുവാന് വഴി --

യൊന്നു ഞാനുരചെയ്യാമെന്നങ്ങു ബോധിച്ചാലും ;

ഇന്നതു മറ്റാരോടും ചെന്നു പ്റസംഗിക്കേണ്ട

എന്നാലതിന്നു വിഘ്നം വന്നുപോമറിഞ്ഞാലും ;

ഇന്ദ്റനാം നിന്റെ നല്ല സുന്ദരിമാരെയെല്ലാ --

മൊന്നൊഴിയാതെകണ്ടീ മന്ദിരേ വരുത്തുക

എന്നാല് നിനക്കു നല്ല സുന്ദരന്മാരായ് ച്ചില

നന്ദനന്മാരുണ്ടാകുമെന്നേ പറവാനുള്ളു ;

ആയതില് ചിലരിന്നീ മായാവികളെ വെന്നു --

പായേന നിന്നെക്കൊണ്ടുപോയീടും ബോധിച്ചാലും

അല്ലാതൊരുവനിന്നീ വല്ലാത്ത കൂട്ടങ്ങളെ

വെല്ലുവതിന്നു പോരുകില്ലെന്നറിഞ്ഞാലും നീ ;

മുള്ളു കുത്തിയാല് മറ്റു മുള്ളുകൊണ്ടെടുക്കേണം

രാക്ഷസരെജ്ജയിപ്പാന് രാക്ഷസന്മാരേ നല്ലൂ . "

ഇങ്ങനെയവരുടെ തിങ്ങിന പരിഹാസ --

മങ്ങനെ കേട്ടു കേട്ടു മങ്ങിന മനസ്സോടേ

ദാനവാരിയാം ഭഗവാനേ സ്മരിച്ചു ചിത്തേ

ദാനവാരികള് പതിതാനും വാണിതു തത്റ .

അക്കാലം നാരദന് താനക്കഥയെല്ലാം ചെന്നു

വെക്കമങ്ങറിയിച്ചാനക്കമലാസനനെ :

ശക്റന്റെ വറ്ത്തമാനമൊക്കെ ഗ്റഹിച്ചു ബ്റഹ്മാ --

വാക്കമോടോടിച്ചെന്നരക്കന്റെ മന്ദിരത്തില്

തല്ക്കാലോചിതമായ സല്ക്കാരം ചെയ്തു നില്ക്കും

വിക്റമമേറും ദശവക്ത്റനോടരുള് ചെയ്തു  :

" നക്തഞ്ചരകുലപുംഗവ രാവണ !

യുക്തം നിന്നുടെ തൊഴിലുകളെല്ലാം

ശക്തന് ദശമുഖനെന്നു വരുത്താ -

നിത്തൊഴിലോ തവ പാറ്ത്താലുചിതം !


എത്റയുമുത്തമനാകും നമ്മുടെ

സുത്റാമാവിനെ ബന്ധിച്ചിങ്ങനെ

അത്റ കിടത്തീടുന്നതു പാറ്ത്താല്

ചിത്റമതെന്നേ പറവാനുള്ളു ;


പണ്ടും പല പല രാക്ഷസരിവരൊടു

ശണ്ഠ തുടങ്ങി മടങ്ങീ ദേവകള്

മണ്ടുന്നേരത്തായതു രണഭുവി

കണ്ടും കൊണ്ടിവരിങ്ങിഹ പോരും


ഉണ്ടായിട്ടില്ലന്നും ഈവക

വേണ്ടാസനകറ്മ്മങ്ങളിലൊന്നും ;

ഉണ്ടിതിനിഹമമ ചില തൊഴിലുകള് ദശ -

കണ്ഠാ ! നീയിതു ബോധിച്ചാലും ;


ചെണ്ടക്കാരന് ഞാനിഹ നിന്നെ -

ക്കൊണ്ടാടീടുക കൊണ്ടല്ലേ നീ

കണ്ടവരോടൊക്കെച്ചെന്നിങ്ങനെ

ശുണ്ഠി കടിച്ചു നടന്നീടുന്നു ?


വേണ്ടാ നിന്നുടെ വികൃതികളേറ്റം

ചെണ്ടത്തം പിണയും തവ മൂഢാ !

വിഷ്ടപനായകനായീടുന്നൊരു

സ്റഷ്ടാവഹമെന്നറിക നിശാചര !


ഒട്ടും മടിയാതമരാധിപനെ

പ്പെട്ടെന്നമ്പൊടു ബന്ധമഴിച്ചു -

വിട്ടീടണമതുകൊണ്ടു നിനക്കും

പുഷ്ടി ഭവിക്കും ലങ്കാധിപതേ !


ഇത്തരമുള്ള പിതാമഹവചനം

ചിത്തഭയത്തൊടു കേട്ടു നിതാന്തം

കാല്ത്തളിരിണയതില് വീണു വണങ്ങീ -

ട്ടുത്തരമിത്ഥമുരച്ചു ദശാസ്യന്  :


"നിന്തിരുവടിയുടെ കല്പനയെന്നാ-

ലെന്തു നമുക്കിഹ ചെയ്യരുതാത്തു

ചെന്തീക്കനലതില് വെന്തു മരിപ്പാ -

നന്തരമില്ല ഭവാനരുള് ചെയ്താല് ;


എന്തിനു പഴുതേ കലഹിക്കുന്നു

ഹന്ത ഭവാനീ സുരനായകനുടെ

ബന്ധനകറ്മ്മമിതിന്നെന് മകനുടെ

താന്തോന്നിത്തമിതെന്നറിയേണം

നിച്ചലുമിവനുടെ തൊഴിലുകളീവക

ദുശ്ശീലത്തിനൊരവധിയുമില്ലാ

കൊച്ചുകിടാങ്ങടെ വികൃതികളെല്ലാ -

മച്ഛന് കുറ്റമതെന്നും ചൊല്ലും

വാശ്ശതുമസ്തു നമുക്കൊരു നന്ദന -

നീശ്വരകൃപകൊണ്ടുളവായല്ലോ

വിശ്വപ്റഭുവാകുന്ന ഭവാനുടെ

ഐശ്വര്യം മമ ജീവിതമെല്ലാം


അരികളൊടമറ് ചെയ്തവരുടെ ബന്ധന -

മരുതെന്നിന്നു ഭവാനരുള് ചെയ്തതു

പരമാറ്ത്ഥമതെന്നാകിലുമിപ്പോള്

കരളിലതടിയനു പറ്റീലേതും .


എങ്കിലുമടിയന് മടികൂടാതെ

പങ്കജഭവ ! തവ ശാസന മൂലം

ശങ്ക വെടിഞ്ഞീ സുരനായകനെ

ശൃംഖല വിരവിലഴിച്ചു വിടുന്നേന് ;


ശത്റുക്കളില് നിന്നപമാനാദിക -

ളത്റ വരാതെയിരിപ്പാനിന്നതി

ചിത്റമതായൊരു വരമിഹ നമ്മുടെ

പുത്റനു നല്കീടുക നലമോടെ ; "


രാവണനിങ്ങനെ ചൊല്ലിത്തരസാ

രാവണിയേയും തത്റ വിളിച്ചൂ

ദേവാധിപനെ ബന്ധമഴിച്ചു

പോവാനങ്ങിഹ യാത്റയയച്ചു ;


സ്റഷ്ടാവിന്റെ പദാബ്ജേ വീണഥ

സാഷ്ടാംഗേന നമസ്കൃതി ചെയ്തു ;

തുഷ്ടനതായി വിരിഞ്ചനുമപ്പോള്

തൊട്ടു ശിരസ്സിലനുഗ്റഹമേകി .


രാവണിതന്നെ വിളിച്ചേവമരുളി നാഥന് :

" രാവണനന്ദനാ ! നിന് ഭാവങ്ങളെല്ലാം ചൊല്ക  :

താവക വിക്റമം കണ്ടാവോളം പ്റസാദിച്ചേന്

കേവലം വരമൊന്നു ഭാവിച്ചിട്ടുണ്ടുതാനും

ആയതു മേടിച്ചാലുമാമോദമോടു ഭവാന്

ഹോമമുണ്ടൊരുവിധമാമെങ്കില് ചെയ്തുകൊള്ക :

എന്നതു മുടങ്ങാതെയിന്നു സാധിച്ചെന്നാകില്

പിന്നെ ശത്റുക്കളാരും നിന്നെക്കാണ്കയുമില്ല ;

ചന്തമോടിന്നു ഹോമം സാധിക്കുംമുമ്പേയൊരു

അന്തരായം വരികിലന്തകന് വീടു പൂകും

ഇന്ദ്റനെ ജയിക്കകൊണ്ടിന്ദ്റജിത്തെന്നു നാമ -

മൊന്നു വിശേഷിച്ചിന്നു തന്നേനെന്നറിഞ്ഞാലും ."


എന്നെല്ലാമരുള് ചെയ്തു നന്നായനുഗ്റഹിച്ചു

ഇന്ദ്റജിത്തിനെ ഏറ്റം നന്ദിച്ചു വിധാതാവും

പംക്തികണ്ഠനേയും നിതാന്തമനുഗ്റഹിച്ചു

സന്തോഷത്തോടു ബ്റഹ്മാവന്തറ്ദ്ധാനവും ചെയ്തു .


ലങ്കാനായകനേറ്റം ഹുംകാരത്തോടുംകൂടി

ശങ്കാരഹിതം തന്റെ ലങ്കയില് സ്വൈരം വാണു ,

പാകവൈരിതാന് നാകലോകത്തില്ച്ചെന്നു പര -

മാകുലമാനസനായാഹന്ത വാഴുന്നേരം

നാരദമുനിവരന് നീരദവാഹനന്റെ

ചാരത്തു കടന്നുചെന്നോരോന്നീവണ്ണം ചൊന്നാന്  :


പദം . അഠാണ -----മുറിയടന്ത

ചരണങ്ങള്

1. " ഉമ്പറ്കുലാധിപ  ! വമ്പ സഖേ ! ശൃണു

ജംഭരിപോ ! മഘവന് ! ഭവാ --

നംഭോജശംഭവനന്ദനനാകുമെന്

സംഭാഷണങ്ങളെല്ലാം .


ഇങ്ങനെ സംഗതി വന്നതുകൊണ്ടുട --

നിങ്ങു വിഷാദിക്കേണ്ട ---- നിങ്ങള് ---

തങ്ങളിലുള്ളൊരു ശക്തിഭേദങ്ങള --

തെങ്ങാനും പോയീടുമോ ?


ബ്റഹ്മവരബലംകൊണ്ടു ഭവാനെയാ

ജിഹ്മന് പിടിച്ചുകെട്ടി ---യെന്നു

സമ്മതമല്ലാറ്ക്കുമെന്നു ധരിച്ചാലു --

മംബുദവാഹന ! നീ  ;


എങ്കിലുമുണ്ടൊരുപായമവനുടെ

ഹുംകൃതി പോക്കീടുവാ ---നെങ്ക --

ലങ്കുരിച്ചീടുന്നു ലങ്കേശനെക്കൊണ്ടു

ശിങ്കു കളിപ്പിച്ചീടാം .


അണ്ടര്കുലേശ്വര ! നിന്നുടെ പുത്റനാ --

യുണ്ടൊരു വാനരത്താന് --- ചെന്നു

കണ്ടാല് കൃതാന്തനുമിണ്ടലകപ്പെട്ടു

മണ്ടീടുമിന്നവനെ ;


കുണ്ഠേതരബലനാകിന ബാലിയെ

ക്കൊണ്ടു കഴിക്കാം കാര്യം --- ദശ --

കണ്ഠനെ ലാംഗുലംകൊണ്ടു ബന്ധിപ്പിച്ചു

കണ്ടു രസിക്കുന്നുണ്ട് .


ഇണ്ടലോടെ ദശകണ്ഠനൊരു പന്തീ --

രാണ്ടു കിടന്നീടേണം --- തത്റ

ചെണ്ട പിണയ്ക്കുവാന് നമ്മെക്കണക്കെയി ---

ക്കണ്ടതിലാരുമില്ലാ . "


ഏവം മുനിവാക്കുകള് കേട്ടഥ --

വാഴും വലശാസനനും നിജ --

ഭാവങ്ങള് പറഞ്ഞു തെളിഞ്ഞഥ

ദേവമുനീശ്വരനൊടു കുതുകാല്  :

" കരുണാമയ വരുണനികേതന

കരുണാകരചരണനിഷേവണ --

കരണോദ്യതമുനിവര ! നീയിഹ

ശരണം മമ പുനരിതു സമയേ  ;

അതി ദുറ്മ്മതി രാവണനനവധി

ചതിവെന്നൊടു ചെയ്തതു രണഭുവി

മതിയായതുമില്ല ജയിപ്പതി --

നിതി കലയ മഹാഗുണരാശേ !

അതു കണ്ടു കയറ്ത്തഥ രാവണി

ചതികൊണ്ടു ജയിച്ചവനെന്നെയു --

മതിവേഗം കൊണ്ടു തിരിച്ചവറ്

പുരിയതിലൊരു ദിശി ബന്ധിച്ചൂ .


ദുഷ്ടന്മാരുടെ പുരിയതിലേറ്റം

കഷ്ടപ്പെട്ടുടനവരുടെ തല്ലും

കൊട്ടും കൊണ്ടുടനങ്ങനെ വലയില് --

പെട്ട കുരങ്ങു കണക്കെ വസിച്ചു  ;

വട്ടമതെല്ലാമങ്ങു ഗ്റഹിച്ചാ ---

സ്റഷ്ടാവവിടെയെഴുന്നള്ളിപ്പല ---

വട്ടം രാവണനോടു പറഞ്ഞതി --

രുഷ്ടതനായി വിരിഞ്ചനുമപ്പോള്

പെട്ടെന്നെന്നെയഴിച്ചു വിടാനായ്

വട്ടം കൂട്ടിയടുത്തു ദശാസ്യന്

കെട്ടിമുറുക്കിപ്പൂട്ടിയ ചങ്ങല

വെട്ടിയറുത്തുകളഞ്ഞവനമ്പൊടു

മുഷ്ടിചുരുട്ടിക്കൊണ്ടു തലയ്ക്കൊരു

കൊട്ടും തന്നവനെന്നെയയച്ചു  ;

കഷ്ടം  ! കള്ളന്മാരുടെ തൊഴിലുക --

ളൊട്ടല്ലെന്നങ്ങറിക മുനീന്ദ്റാ

വാട്ടമകന്നു ഭവാനിന്നക്കപി --

കൂട്ടങ്ങള്ക്കെജമാനനതാമെ --

ന്റിഷ്ടകുമാരന് ബാലിയൊടവനുടെ

ചേഷ്ടിതമൊക്കെയുമുര ചെയ്യേണം ;

കൂട്ടണമവനെക്കൊണ്ടിഹ ചില പണി

കോട്ടം ദശമുഖനങ്ങു വരേണം

നിഷ്ഠുരതരനാം രാവണനവിടെ --

ക്കട്ടുപിണഞ്ഞു കിടന്നീടേണം

പെട്ടെന്നായതുകൊണ്ടിഹ നമ്മുടെ

വാട്ടം തീരുമതെന്നറിയേണം  ;

ഒട്ടും താമസിയാതേകണ്ടു പുറ --

പ്പെട്ടാലുമതിന്നു മുനീന്ദ്റാ  ! "


ദേവാധിരാജനുടെ ഭാവങ്ങളെല്ലാം കേട്ടു

ദേവമുനി " ഞാനിതാ പായുന്നു " എന്നും ചൊല്ലി

തോഷം കലറ്ന്നോരോരോ ഭാഷണം ചെയ്തു പോകും

വേഷം വിചാരിച്ചാല് വിശേഷമെന്നതേ വേണ്ടു  !

കാഷായ വസ്ത്റധാരി ശേഷന്റെ ഭക്തിശാലി

ഏഷണിക്കെത്റ നല്ല ശേഷിയായ് നടക്കുന്നു !

നാരദമുനിവരന് വീരന് ബാലിയെക്കണ്ടു

സാരമങ്ങറിയിച്ചു പാരാതെ പുറപ്പെട്ടു

വീണാപാണിയാം മുനി കാണിനേരം കൊണ്ടങ്ങു

ചേണാറ്ന്ന ലങ്കാപുരേ ചെന്നു കേറിനാന് മെല്ലെ  ;

നക്തഞ്ചരേന്ദ്റനപ്പോള് ഭക്തി നടിച്ചു പാരം

ഭക്തനാം മുനി തന്നെസ്സത്ക്കരിച്ചിരുത്തിനാന്

ധിക്കാരമേറും ദശവക്ത്റന് മാമുനിയോടു

തക്കത്തിലുരചെയ്തു തത്ക്കാലോചിതമെല്ലാം  :


" നാരദമുനിവര ! നിന്തിരുവടി താ --

നേതൊരു ദിശിനിന്നിപ്പൊള് വരുന്നു ?

ആദരവോടരുള് ചെയ്തീടുക ഭവ --

ദാഗമനത്തിനുമെന്തൊരു മൂലം  ?

വൃത്റാരിയുടെ ചരിത്റവിചിത്റം

ശ്റോത്റഗതങ്ങളതല്ലേ സുമതേ !

എത്റ സമറ്ത്ഥനതാകും നമ്മുടെ

പുത്റന് രിപുകുലമറ്ദ്ദനശീലന്

വാസ്തോഷ്പതി യെസ്സമരം തന്നി --

ലമറ്ത്തഥ ബന്ധിച്ചാത്തരുഷാ പുരി --

ചേറ്ത്തു കിടത്തിയിതെന്നിങ്ങനെ ചില

വാർത്തകള് നീളെ നടക്കുന്നില്ലേ ?

പങ്കേരുഹഭവനായ വിരിഞ്ചന്

ലങ്കാപുരിയില് വന്നിഹ നമ്മൊടു

സങ്കടമേകിയ കാണമവനെ

ശൃംഖലയീന്നിഹ മോചിച്ചിതു ഞാന്  ;

ലങ്കാനായകനാകും നമ്മേ --

ശ്ശങ്കിക്കാതിന്നൊരുവന് പോലു മ --

ഹങ്കാരങ്ങള് തുടങ്ങീട്ടുണ്ടുട --

നെങ്കില് നമുക്കതു കേള്ക്കണമിപ്പോള്  ;

ത്റിഭുവനവാസികളെല്ലാം നമ്മുടെ

പ്റഭുതകള് കേട്ടഥ വാഴ്ത്തുന്നില്ലേ  ?

വിമതജനങ്ങളതെങ്ങാനും മമ

സമത നടിച്ചു നടക്കുന്നുണ്ടോ ?

തണ്ടാറ്ശരനെപ്പണ്ടൊരുനാള് ശിതി --

കണ്ഠന് ചുട്ടുകരിച്ചൊരുശേഷം

രണ്ടാം കാമന് തന്നുടെ ജനി ദശ --

കണ്ഠനിതെന്നു ധരിച്ചീടേണം ;

കണ്ടാലഴകേറുന്നൊരു നമ്മുടെ

തൊണ്ടി തൊഴുന്നൊരു ചുണ്ടും മുഖവും

കണ്ടാലാഗ്റഹമുണ്ടാവാത്തൊരു

വണ്ടാറ്കുഴലികളുണ്ടോ ഭുവനേ  ?

ചഞ്ചലമിഴിമാരെന്നെ നിനച്ചവറ്

പഞ്ചശരാറ്ത്തികള് പൂണ്ടു മയങ്ങി

പഞ്ചതവരുമാറായിക്കിമപി ച

ചാഞ്ചല്യത്തൊടു മേവുന്നില്ലേ  ?

ഈരേഴുലകിലുമിന്നു നിനച്ചാ --

ലീ രാവണനെക്കൊണ്ടു ദുഷിപ്പവ --

രാരാനും പുനരുണ്ടെന്നാലതു

നേരോടു പറഞ്ഞീടുക ഭഗവന് ! "

പംക്തിഗളന്റെ വചസ്സുകള് കേട്ടതി --

സന്തോഷേണ പറഞ്ഞു മുനീന്ദ്റന്  :

" ഹന്ത ഭവാനുടെ കരബലവിരുതുകള്

ചിന്തിച്ചാല് ബഹു വിസ്മയമല്ലോ !

സിന്ധുരബല നിന് സൂനു സുരേന്ദ്റനെ

ബന്ധിക്കുന്നതു കണ്ടു സുരന്മാ --

രന്ധന്മാരവരോടിയൊളിച്ചൊരു --

ദന്തമിതിന്നാരറിയാതുള്ളു  !

രാവണനെന്നതു കേള്ക്കുന്നേരം

ദേവകളൊക്കെ വിറച്ചീടുന്നു

കേവലമിഹ ഞാന് ഭദ്റം പറക --

ല്ലേവറ്ക്കും ഭയമുണ്ടിഹ നിന്നെ  ;

എങ്കിലുമുണ്ടൊരു വാറ്ത്തകളിപ്പോള്

ലങ്കാധിപതേ നിന്നൊടുണറ്ത്താന്

ശങ്കയുമുണ്ടതു പറവതിനും ശിവ

ശങ്കര ! യെന്നതു മാത്റം പറയാം .

വാനവറ് വരനുടെ മകനായിട്ടൊരു

വാനരനുണ്ടീ ഭുവനതലത്തില്

നാനാ ജനവും മാനിക്കുന്നന ഭ --

വാനെക്കൊണ്ടു ദുഷിച്ചീടുന്നു .

ആശരവരനാം നിന്നെക്കൊണ്ടൊരു

കീശന് വളരെ ഹസിച്ചീടുന്നു .

നാശമവന്നു വരുത്തീടാഞ്ഞാല്

മോശം നിന്നുടെ കാര്യമശേഷം ;

കല്യനവന് പറയും മൊഴി നിന്നൊടു

ചൊല്ലുവതിന്നു ഭയം കുറെയുണ്ട്

' പുല്ലുമെനിക്കു ദശാസ്യനുമൊക്കു' മി --

തെല്ലാമവനുമുരച്ചീടുന്നു !

നല്ലൊരു വടികൊണ്ടവനെത്തല്ലി --

പ്പല്ലുകളൊക്കെയുതിറ്ത്തുടനവനുടെ

എല്ലുകളുുള്ളതിടിച്ചുനുറുക്കി --

കൊല്ലാക്കൊല ചെയ്തവനുടെയരയില്

നല്ലൊരു വള്ളി വലിച്ചു മുറുക്കീ --

ട്ടെല്ലായിടവും കൊണ്ടുനടക്കണ ---

മല്ലാതേകണ്ടവനുടെ ഗറ്വ്വുക --

ളെല്ലാമിന്നു ശമിക്കുകയില്ലാ  ;

ഇക്കഥ പലരും കേള്ക്കും മുന്പേ

വെക്കം ചെന്നു പിടിച്ചു നമുക്കാ

മറ്ക്കടകീടനെ നമ്മുടെ ലങ്കയി --

ലാക്കണമതിനു ഗമിക്കണമധുനാ  ;

മൂക്കു തുളച്ചൊരു ചരടും കോറ്ത്ത --

ക്കാല്ക്കുമരയ്ക്കും ചങ്ങലയിട്ടൊരു

മൂക്കില് പെരിയൊരു കുറ്റി തറച്ചു

തളയ്ക്കണമെന്നേ മതിയാവുള്ളു ;

ഇക്കണ്ട കിടാങ്ങള്ക്കു കളിപ്പാ --

നക്കപി കൊള്ളാമെന്നു ധരിക്ക ;

ഇക്ഷണമതിനു പുറപ്പെട്ടീടുക

രാക്ഷസകുലമൗലേ മടിയാതെ . "

സുരോത്തമന് മുനിയുരത്ത വാക്കുകള്

പെരുത്ത കോപമൊടതോറ്ത്തു സറ്വ്വം

കരുത്തനാശരകുലോത്തമന് മുനി --

യൊടുത്തരം പുനരുരത്തിതേവം  ;

" കടക്കണം ബത പൊടുക്കനെന്നഥ

നടക്കണം ചപലമറ്ക്കടത്തിനോ --

ടടുക്കണം മദമടക്കണം പുന --

രൊടുക്കണം സകല മറ്ക്കടങ്ങളെ ;

കരുത്തനെന്നുടെ തരത്തിലിന്നുട --

നൊരുത്തനന് പിനൊടെതിറ്ക്കിലന്തക --

പുരത്തിലവനുടെ യിരുത്തമെന്നതു

വരുത്തുമിന്നതി സമറ്ത്ഥനാം ഞാന്  ;

വെറുത്തു നമ്മളെ മറുത്തു സമ്പ്റതി

കറുത്ത വാക്കുകളുരത്തവന് തല --

യറുത്തു തീയതില് വറുത്തവന്നുടെ

പെരുത്ത ഗറ്വ്വവുമമറ്ത്തിടും ഞാന്  ;

ഇത്ഥം ബാഹുപരാക്റമമുള്ളൊരു

നക്തഞ്ചരനാമെന്നെ ദുഷിക്കുമ --

ശക്തനതാകും വാനരവരനോ --

ടുത്തരമിന്നിഹ ചോദിക്കേണം ;

കൊണ്ടാ തേരും കുതിരയുമാശര --

കുണ്ഠന്മാരേ ! ഝടിതി കടപ്പിന്

വേണ്ടും പടയുടെ കോപ്പുമെടുത്തഥ

മണ്ടി നടപ്പിന് മടി കൂടാതെ ;

അണ്ടറ്കുലേശ്വരനന്ദനനായി --

ട്ടുണ്ടൊരു വാനരനൊരു ദിശിയീ ദശ --

കണ്ഠന് തന്നെക്കൂട്ടാക്കാതെ

തണ്ടുകളോരോന്നുര ചെയ്യുന്നു !

ശണ്ഠ തുടങ്ങണമനനൊടു വാനര --

കണ്ടകനെക്കൊല ചെയ്യണമിപ്പോള്

വെക്കം രാക്ഷസരൊക്ക നടപ്പിന്

തക്കം നോക്കീട്ടവനൊടടുപ്പിന്

മറ്ക്കടവരനെത്തല്ലിക്കൊന്നു തി --

രിക്കണമതിനു ഗമിക്കണമധുനാ ! "

ഇത്തരമുരചെയ്തത്തലകന്നു ക --

രത്തിലെടുത്തു പിടിച്ചു കൃപാണം .


ഉത്ഥാനം ചെയ്യുമ്പോളവനോ --

ടിത്ഥം കിമപി പറഞ്ഞു മുനീന്ദ്റന്  :

" എന്തൊരു വിധമിതു പംക്തിമുഖാ ! തവ --

ഭ്റാന്തു പിടിച്ചവനെന്ന കണക്കെ

സ്വാന്തേ തങ്ങടെ കരബലമൊന്നും

ചിന്തിക്കാതെ പറഞ്ഞീടുന്നു  ?

ഉല്ക്കടവീര്യനതെങ്കിലുമിന്നൊരു

മറ്ക്കടകീടനെയങ്ങു ജയിപ്പാന്

രാക്ഷസരൊക്കെ നടക്കണമെന്നതി --

രൂക്ഷതയോടു പറഞ്ഞതുമുചിതം !

ആയുധപാണികളായിട്ടൊരു പതി --

നായിരമാളുകളോടിടചേറ്ന്നു

പോയീടുനന്തു കൊള്ളാം ! പുനരുട --

നായോധനമൊരു വാനരനോട്  !

ഈവകയൊന്നും പറയരുതേ മമ

രാവണ ! ചേരുകയില്ല ഭവാനും

സേവന്മാരാം ഞങ്ങള്ക്കും പുന --

രേവം വാക്കുകളുചിതവുമല്ലാ  ;

വില്ലും വേണ്ടാ ശരവും വേണ്ടാ

വില്ലാളികളിവരാരും വേണ്ടാ

നല്ല പരാക്റമമുള്ള ഭവാനൊരു

പുല്ലും സംപ്റതി ബാലിയുമൊക്കും ;

കീശനോടേല്പ്പാനായുധമായതു

പാശമതെന്നു ധരിച്ചീടേണം

കാശിനുപോലും വിലപിടിയാത്തവ --

രാശു ധരിക്ക വലീമുഖരെല്ലാം ;

തായം നോക്കിച്ചെന്നങ്ങവനുടെ

കായമതിങ്ങു പിടിക്കണമതിനൊരു --

പായമതുണ്ടാമതിനു നിനക്കു സ --

ഹായം ഞാനും കൂടെപ്പോരാം ;

അല്ലാതേകണ്ടവനുടെ നേരെ --

യെല്ലാമൊരുമിച്ചങ്ങനെ ചെന്നാല്

ഭല്ലൂകച്ചാരങ്ങതു കണ്ടാല്

പല്ലുമിളിച്ചൊരു ഭാവം കാട്ടി --

ത്തെല്ലും താമസിയാതെ ധാവതി --

ചെയ്യും സംശയമില്ലതിനേതും  ;

ചൊല്ലാം പിന്നെ മനോരാജ്യങ്ങള --

തെല്ലാമിന്നിഹ പൊക്കംതന്നെ . "


മറ്മ്മതാളം


ഇത്തരമുരചെയ്തൊരു മുനിയുടെ യുക്തികള് കേട്ടു ദശാസ്യന്

സത്വരമൊരു തേറ്ത്തടമതിലുടനാത്തസുഖത്തൊടു കേറി

നാരദമുനിവരനുമതുപൊഴുതാശരവരനൊടുകൂടി

തേരതിലുടനങ്ങു കടന്നു കരേറിയിരുന്നിതമന്ദം

രാവണനഥ ദേവമുനീശ്വരസേവകനാഹവശൂരന്

ധാവനമതി ചെയ്തിതു  ; സരഭസമവനതി ധീരനുദാരന്

അടവികള് ചില വിടപികളുടനഥ കടലു കടന്നു നടന്നു

കടുതരബലമുടയൊരു കപിവരനികടമണഞ്ഞു പതുക്കെ

ദക്ഷിണജലനിധിയുടെ തടഭുവി രൂക്ഷതയോടു നിതാന്തം

തല്ക്ഷണകൃതതറ്പ്പണനവനെ നിരീക്ഷ്യ നിശാചരവീരന്

വലുതായൊരു കുലഗിരിയെന്നിതി നിജഹൃദി കരുതിയ സമയേ

കലഹകുതുകി നാരദനവനൊടു നലമൊടു വചനമുരത്തു :

" കണ്ടാലും നീ ബാലിയെ വിരവൊടു

വേണ്ടാ മനസി ഭയം ദശകണ്ഠാ !

നീണ്ടു തടിച്ചു വളറ്ന്നൊരു വാലും

കണ്ടാലധികഭയങ്കര മുഖവും

കണ്ടതുകൊണ്ടൊരു സാരവുമില്ലാ

തൊണ്ടനവന് കരുതീടുക നമ്മെ ---

ക്കണ്ടാല് വാലും പൊക്കിക്കൊണ്ടഥ

മണ്ടും രണ്ടതിനില്ലിഹ പക്ഷം  ;

ഉണ്ടൊരുപായമതിന്നിഹ പിമ്പേ --

മിണ്ടാതേ ചെന്നരികില് കരമതു --

കൊണ്ടു പിടിക്കണമെന്നാലായതി --

നിണ്ടലകപ്പെടുമുടനേതന്നെ

എന്തിനു താമസമതിനിഹ പഴുതേ

ചിന്തിക്കേണ്ട ഭവാനൊരു തെല്ലും ."

ചന്തമൊടിങ്ങനെ ചൊല്ലും മുനിയൊടു

പംക്തിമുഖന് താനിദമരുള് ചെയ്തു  :

" അക്കപിവരനവനെങ്ങെന് നാരദ  !

ഭോഷ്ക്കു പറഞ്ഞു ഫലിപ്പിക്കുന്നോന്  ;

ഇക്കാണുന്നൊരു പറ്വ്വതമതിനുടെ

തെക്കുവശത്തോ ബാലി വസിപ്പൂ  ? "

ചൊല്ക്കൊള്ളും ദശകണ്ഠന് പറയും

വാക്കുകളിങ്ങനെ കേട്ടു മുനീന്ദ്റന്

ഉള്ക്കാമ്പിങ്കല് പുഞ്ചിരിതൂകി --

യരക്കന് തന്നൊടു പിന്നെയുമോതി :

" പറ്വ്വതമല്ലയിതയ്യോ ! നമ്മുടെ

ഗറ്വ്വിതഹൃദയന് ബാലിയതല്ലോ

ശറ്വ്വതപോധന  ! നീയിന്നവനെ --

പ്പറ്വ്വതസമനായ് ക്കാണുകയത്റേ  ;

മുന്പേ തന്നെ പറഞ്ഞില്ലേ ഞാന്

ജൃംഭിതകായന് ബാലിയതെന്നും

സംഭ്റമമേതും വേണ്ട മനസ്സില്

സമ്പ്റതി ചെന്നു പിടിച്ചേച്ചാലും  ;

അന് പോടിങ്ങനെ കണ്ടാലവനതി --

ഗംഭീരനതെന്നിങ്ങനെ തോന്നും

വമ്പേറുന്ന ഭവാനെക്കണ്ടാല്

കമ്പമിയന്നൊരു കൊമ്പേലേറും  ;

സാമ്പ്റതമതുകൊണ്ടങ്ങവനറിയു --

മ്മുമ്പേ ചെന്നു പിടിച്ചോണ്ടാലും

ഞാന് പുനരത്റ വസിച്ചീടുന്നേന്  ; "

ഉമ്പറ് മുനീശ്വരവാക്കുകള് കേട്ടവ --

നുമ്പറ്കുലേശന് തന്റെ മകന്റെ

ജൃംഭിച്ചുള്ള ശരീരം വഴിയേ

സംഭാവനമതു ചെയ്തൊരു സമയേ

ചെമ്പിച്ചീടിന താടിയുമവനുടെ

ചെമ്പുകിടാരം പോല് നയനങ്ങളും

അമ്പിളി പോലെ വളഞ്ഞൊരു പല്ലും

വമ്പിച്ചീടിന നാസാകുഹരം

പാതാളോപമമായൊരു വായും

ചേതോഭയമുളവാകും മുഖവും

നീണ്ടുതടിച്ചു വളറ്ന്ന കരാംഘ്രികള്

രണ്ടും നെടുതായുള്ളൊരു വാലും

കണ്ടു വിരണ്ടതിഭീതനതാം ദശ --

കണ്ഠന് മാമുനിയോടരുള് ചെയ്തു  :

" ഇപ്പോള് തരമില്ലിനിത്തറ്പ്പണം കഴിയട്ടേ

സ്വല്പ്പം താമസിച്ചേ പിടിപ്പാന് തരമാവുള്ളു  ;

മല്പ്പുരേ ചെന്നു പോരാനല്പ്പം സമയമുണ്ടെ --

ന്നുള്പ്പൂവിലുറച്ചാലും കെല്പ്പേറും മഹാമുനേ !

മറ്റൊന്നുമുണ്ടായിട്ടല്ലേറ്റം ഞാന് പറയുന്നു

തെറ്റെന്നെന്റുണ്ണികളെ മുറ്റും കാണ്മതിനത്റേ ;

അക്ഷനെക്കാണാതൊരു കാല്ക്ഷണം പൊറുക്കുവാന്

ദക്ഷനല്ലഹമെന്നും ശിക്ഷയോടറിഞ്ഞാലും

പക്ഷേ ചെന്നൊരുനോക്കെന്റക്ഷനെക്കണ്ടുംവച്ചു

തല്ക്ഷണം പോന്നേക്കാം ഞാനൃക്ഷനെ ബന്ധിച്ചേക്കാം

ആടലില്ലെനിക്കിന്നീ മൂഢനെ ജയിപ്പാനെ --

ന്നോടു പിന്നെ മറ്റാരും കൂടെ വേണമെന്നില്ല ."

തൊണ്ടനാകുന്ന ദശകണ്ഠന്റെ വാക്കു കേട്ടു

ചെണ്ടക്കാരനാം മുനി വീണ്ടുമരുളിച്ചെയ്തു  :

" അദ്ഭുതവിക്റമ ! നിന്നുടെ വാക്കുക ---

ളദ്ഭുതമെന്നേ പറവാനുള്ളു !

അറ്ഭകനെക്കണ്ടേച്ചു വരാനൊരു

താത്പര്യം പുനരിപ്പോളുചിതം !

കെല്പേറുന്ന ഭവാനിവയൊന്നും

കല്പിക്കുന്നതു യോഗ്യതയല്ലാ ;

ഉള്പ്പൂവില് ഭയമുണ്ടെന്നാളുകള്

ജല്പിക്കും ചിലരിങ്ങനെയായാല് ;

അച്ഛന് തന്നുടെ വരവും നോക്കി

കൊച്ചുകിടാങ്ങളിരിക്കുന്നേരം

തുച്ഛപദാറ്ത്ഥമതെങ്കിലുമിന്നൊരു

കാഴ്ചയവറ്ക്കു കൊടുക്കണമിപ്പോള് :

അല്ലാതേകണ്ടവരുടെ മുമ്പില്

ചെല്ലാനൊരു സുഖമില്ല നിനച്ചാല്

നല്ല പദാറ്ത്ഥമതിന്നിവനിപ്പോള്

നല്ലൊരു സമയം ചെന്നു പിടിപ്പാന്

വല്ലാതേ ശങ്കിച്ചുംകൊണ്ടിഹ

നില്ലാതേ ചെന്നങ്ങു പിടിപ്പാന്

ചൊല്ലേറുന്ന ഭവാന്റെ മനസ്സില്

കില്ലു വരാനിതിലെന്തൊരു മൂലം  ? "


പ്റൗഢനാം നാരദന്റെ ചാടുമൊഴികള് കേട്ടു

മൂഢമതിയാമവന് രൂഢമദനായ് ത്തീറ്ന്നു ;

പ്റൗഢബലന് ബാലീടെ പാടവമോറ്ത്തീടാതെ

ചാടിച്ചെന്നക്കപീന്ദ്റനോടങ്ങടുത്തു മെല്ലെ  ;

കൂടെക്കൂടവേ മുനിയോടു കടാക്ഷിക്കയും

ഓടിച്ചെന്നടുക്കയും പേടിച്ചിങ്ങൊഴികയും

ഇങ്ങനെ പലവട്ടമോങ്ങിയുമുടനിങ്ങു --

വാങ്ങിയുമുള്ളില് ഭയം വിങ്ങിയുമത്റ കണ്ടാന് ;

ചങ്ങാതിയാകും മുനി തിങ്ങിന രസം പൂണ്ടു

ഭംഗിയില് പറയുന്നു " ലാംഗുലം പിടി " യെന്നും  ;

തൊണ്ടന്രാവണനൊന്നും മിണ്ടാതടുത്തു പിമ്പേ

നീണ്ടുതടിച്ച വാല് കരംകൊണ്ടു പിടിച്ചുപോയ്


ഒരു കൈകൊണ്ടാ വാനരവരനുടെ

പെരിയൊരു വാലു പിടിച്ചൊരു സമയേ

ഹരിയൊരു സംശയമെന്യേ കരമതു

വരിയുന്നൂ നിജ വാലതുകൊണ്ട്  ;

അതുനേരം ദശകന്ധരനവനൊരു

ചതിവു പിണഞ്ഞൊരു ഭാവത്തോടേ

ചതുരന് മുനിയുടെ മുഖമതുനോക്കി --

ഗ്ഗതിയിനിയെന്തെന്നിതി കാട്ടുന്നു ;

" ഇനി മറ്റേക്കൈകൊണ്ടു പിടി " പ്പാന്

മുനി തെറ്റെന്നു വിളിച്ചുപറഞ്ഞു  ;

നിനവേറ്റം കുറയുന്നൊരു രാവണ --

മനമേറ്റം പുനരൊന്നു തെളിഞ്ഞു  ;

രണ്ടാമത്തെക്കൈകൊണ്ടഥ ദശ --

ണ്ഠന് വാലു പിടിച്ചൊരു സമയേ

രണ്ടു കരങ്ങളുമൊരുമിച്ചഥ വാല് --

കൊണ്ടു മുറുക്കിവരിഞ്ഞിതു ബാലി ;

'രണ്ടു കരം പണയത്തിലതായതു

കണ്ടില്ലേയിന്നെന്റെ മുനീന്ദ്റാ !

ചെണ്ട പിണപ്പാന്   തന്നേ നമ്മെ --

ക്കൊണ്ടിഹ പോന്നു ഭവാനിവിടേയ്ക്ക് '

ഇണ്ടലൊടിങ്ങനെ രാവണഭാവം

കണ്ടു രസിച്ചു മുനീശ്വരനൂചേ :

" നീണ്ടുതടിച്ചൊരു കൈകളതിരുപതു

കൊണ്ടും തെരുതെരെയങ്ങു പിടിക്ക ; "

നാരദമുനിയുടെ വാക്കുകള് കേട്ടതി

നീരസികന് നിശിചാരികുലേന്ദ്റന്

ഇരുപതു കൈകള്കൊണ്ടും പരിചൊടു

തെരുതെരെ വാലു പിടിച്ചൊരു സമയേ

രാത്റിഞ്ചരനുടെ ഗാത്റമശേഷം

കോറ്ത്തുവലിച്ചു വരിഞ്ഞിതു വാലാല് ;

തീറ്ത്ഥസ്നാനം ചെയ്യിപ്പിച്ചു കൃ --

താറ്ത്ഥനതായിതു ബാലിയുമപ്പോള് ,

ചിത്താനന്ദം പൂണ്ടു മുനീശ്വര --

നിത്ഥം നിന്നു വിളിച്ചുപറഞ്ഞു  :

" ഭോ ! ഭോ! രാവണ ലങ്കാധിപതേ !

പോകുന്നേനഹമമ്പൊടു നൃപതേ !


ശോകമേതും വേണ്ട ഭവാനു വി --

വേകമൊരല്പം വേണം താനും  ;

വൈകാതിഹ ഞാന് ചെന്നു ഭവാനുടെ

നാകാധിപനെ ജയിച്ച കുമാരനൊ --

ടാചെച്ചെന്നിവ കണ്ടു പറഞ്ഞതി --

വേഗം കൂട്ടിക്കൊണ്ടു വരുന്നേന് . "

എന്നിങ്ങനെ പരിഹാസമതായോ --

രോന്നു പറഞ്ഞു നടന്നു മുനീന്ദ്റന്

നക്തഞ്ചരവരനക്കപിതന്നുടെ

സക്ഥിയതിങ്കല് ബദ്ധനതായി  ;

ബുദ്ധിക്ഷയവും പൂണ്ടു കിടന്നവ --

നത്തല് മുഴുത്തു കരച്ചില് തുടങ്ങി :


പദം . ദ്വിജാവന്തി ---- ചായ്പ്

ചരണങ്ങള്


" പാഹി പാഹി പരമേശാ ! ദേഹി ദേഹി ദയാമെങ്കല്

സാഹസങ്ങള്കൊണ്ടു വന്ന സങ്കടം തീറ്ക്ക


ഇന്ദുചൂടും ഭഗവാനേ ! ഇന്നു ഞാനീക്കുരങ്ങിന്റെ

പിന്നില് വന്നകപ്പെട്ടുപോയെന്നതേ വേണ്ടൂ


ഇന്നി ഞാനെത്റ നാളിഹ ഖിന്നനായിക്കിടക്കേണ്ടൂ

ധന്യശീല  ! പ്റസാദിക്ക കിന്നരപൂജ്യാ !


ഉപ്പുവെള്ളം കുടിച്ചിട്ടും വീറ്പ്പു തെല്ലും പോവാഞ്ഞിട്ടും

അല്പമല്ലെന്നുടെ ഖേദം മുപ്പുരാരാതേ !


ധിക്കാരമേറ്റമെന്നാലതൊക്കെയും നീ ചോദിക്കാതെ

മറ്ക്കടനെക്കൊണ്ടെന്തിനു മറ്ദ്ദിപ്പിക്കുന്നു  ;


നിന്തിരുവടിയല്ലാതെ പംക്തികണ്ഠനാരുമൊരു

ബന്ധുവില്ലെന്നറിഞ്ഞാലും ബന്ധുരമൂറ്ത്തേ ! "


ഇങ്ങനെ നിശിചരപുംഗവനവനുടെ

അംഗമതും പ്റത്യംഗംപോലുമ --

നങ്ങാന് മേലാഞ്ഞംഗജരിപുവിനെ --

യങ്ങുവിളിച്ചു കരഞ്ഞതുകൊണ്ടും

എങ്ങുമൊരല്പം ദു:ഖത്തിന്നൊരു

ഭംഗം വരികയുമുണ്ടായില്ല  ;

തുംഗമതായ ശരീരം വന്നിഹ

വീങ്ങുന്നിതു ദിവസംപ്റതിയധികം

ഊക്കേറുന്നൊരു ബാലിയുമവനെ --

തൂക്കിക്കൊണ്ടഥ വാലഥിതന്നില്

തക്കം നോക്കീട്ടക്കടലീന്നു പൊ --

ടുക്കെന്നമ്പൊടു ചാടിയ സമയേ

പൊണ്ണന് രാവണനവനുടെ പിമ്പൊരു

ഭാണ്ഡം തൂക്കിയതെന്ന കണക്കേ

കണ്ണുകളൊക്കെ മിഴിച്ചു തുറിച്ചതി

ദണ്ഡം പൂണ്ടഥ കൂടെച്ചാടി  ;

പശ്ചിമജലനിധിതീരേ ചെന്നു വ --

സിച്ചിതു ബാലിയുമുടനേതന്നെ

നിശ്ചലഹൃദയന് തറ്പ്പണമവിടെയു --

മിച്ഛയൊടങ്ങു തുടങ്ങി പതുക്കെ

പുച്ഛം കൂടെക്കൂടെ ജലത്തില് ന --

നച്ചുംകൊണ്ടു കളിച്ചുരസിച്ചും

മൊച്ചയ്െക്കല്ലാമധിപതിയാമവ --

നിച്ഛക്കൊത്തതുപോലെ നിതാന്തം

നാലു സമുദ്റങ്ങളിലുമിവണ്ണം

കോലാഹലമായ് തറ്പ്പണമനവധി --

കാലം ബാലി ദശാസ്യനെ വിരവൊടു

വാലേല് കെട്ടിക്കൊണ്ടു കഴിച്ചു ;

ഉപ്പുജലങ്ങള് കുടിച്ചുകുടിച്ചു വി --

ശപ്പും ദാഹവുമറിവാന് മേലാ --

ഞ്ഞെപ്പൊഴുമവനൊരു പൊറുതിയുമില്ലാ ---

ഞ്ഞപ്പടി നല്ല കുഴപ്പം തന്നെ ;


അക്കാലത്താ ലങ്കാപുരിയില്

ചൊല്ക്കൊണ്ടീടിന ശക്റജിദാഖ്യന്

നിഷ്കണ്ടകരായുള്ള നിശാചരറ്

നില്ക്കും സഭയിലിരുന്നുംകൊണ്ട --

ങ്ങച്ഛന് തന്നുടെ വാറ്ത്തകളറിവാ --

നിച്ഛിച്ചൊരുവനെ ഇങ്ങു വിളിച്ചു  ;

പുച്ഛമതഞ്ചുമടക്കിക്കൊണ്ടവ --

നോച്ഛാനിച്ചു പുരോഭുവി ചെന്നു  ;

രാവണിയവനോടുരചെയ്തിതു  : " മമ

സേവക ! നീയിഹി വരിക സമീപേ  ;

രാവണവാറ്ത്തകളറിയാഞ്ഞിട്ടിഹ

രാവും പകലുമതൊരു സുഖമില്ലാ  ;

നാരദമുനിയൊരുനാളിഹ വന്നു

നാഥനിരിക്കുന്നൊരു ദിശി ചെന്നു

സാരമതായ് ചില കഥകള് പറഞ്ഞു

സാദരമച്ഛനുമൊന്നു ഞെളിഞ്ഞു ;

ഇരുവരുമൊത്തു പുറപ്പെട്ടു ഒരു --

ഹരിയെ ജയിപ്പാനെന്നും കേട്ടു

പെരികെക്കാലമതായിട്ടും ബത

തിരിയെ വരുന്നതു കാണുന്നില്ല  ;


നാരദമുനിയുടെ കപടത്തൊഴിലിനു

നേരറിയാതെ പുറപ്പെട്ടെന്നാ --

ലാരെങ്കിലുമൊരു ചെണ്ട പിണയ്ക്കും

പോരാഞ്ഞവനിഹ നാരദനല്ലേ ?


കണ്ണില്ക്കണ്ട ജനങ്ങളെയെല്ലാ --

മെണ്ണിക്കൊണ്ടു ചതിച്ചുനടക്കും

ഖണ്ഡിച്ചുരചെയ്യാമിവയൊന്നും

വിണ്ണിലൊരുത്തരുമറിയാതില്ല ;


മുന്നമിവന് താന് ഹേഹയനൃപനൊടു

ചെന്നങ്ങൊരുവിധമേഷണി കൂട്ടി --

പ്പോന്നിഹ നമ്മുടെ താതനിരിക്കും

മന്ദിരസീമനി വന്നു പതുക്കെ


ഒന്നുമറിഞ്ഞീടാത്തൊരു താതനെ

അന്ധിപ്പിച്ചഥ കൊണ്ടുതിരിച്ചു ;

മന്നവവരനൊടു സന്നാഹത്തിനു

പിന്നെത്താതനുമാരംഭിച്ചു  ;


ആയോധനമതിലച്ഛനെ മന്നന --

നായുധപാണിയതാക്കി ജയിച്ചാ --

ക്കാരാഗൃഹമതിലാക്കിയവന് ബഹു --

കാലം തത്റ കിടന്നിതു ജനകന് ;


ബന്ധനമാശു ഭവിപ്പിച്ചൂ പുന --

രന്നു പിതാവിനെ മടികൂടാതെ

അന്നിക്കണ്ട ജനങ്ങളതില്ലാ --

ഞ്ഞങ്ങനെയച്ഛനു വന്നു ഭവിച്ചു ;


അങ്ങനെയുള്ളൊരു സംഗതിയിനിയുമി --

യുണ്ണിയിരിക്കെ വരുന്നതുമല്ലാ ;

എന്നാലും കരുതീടുക വേണം

എന്നാലൊന്നുമസാദ്ധ്യവുമല്ല .


വാനരവരനായീടുമവന്നുടെ

വാലു പിടിച്ചുടനവനെക്കെട്ടി --

ക്കോലാഹലമായാറ്ത്തു വിളിച്ചിഹ

കൊണ്ടുവരാനായ് പോയിതു താതന് ,


അമ്പിനൊടിന്നു ഭവാന് ചെന്നവിടെ

ബന്ധനമാശു കഴിഞ്ഞോ എന്നും

എന്തൊരു താമസമങ്ങതിനെന്നു മു --

ദന്തമതൊക്കെയറിഞ്ഞു വരേണം ;


ചാലേ ചെന്നു വരാനായ് വളരെ --

ക്കാലവിളംബം വന്നാല് നിന്നെ --

ക്കാലപുരത്തിനയപ്പാനച്ഛന് --

കാലാണേതും സംശയമില്ലാ . "


ഉണ്ണിത്തമ്പുരാനിത്ഥം ഖണ്ഡിച്ചു കല്പിച്ചൊരു

ദണ്ഡത്തെക്കേട്ടപ്പൊണ്ണന് തിണ്ണെന്നു നടകൊണ്ടാന്

പ്റാണഭയംകൊണ്ടവന് കാണിയും വൈകീടാതെ

പാണികള് വീശിക്കൊണ്ടു പാഞ്ഞു നടക്കുന്നേരം

തെക്കേ സമുദ്റത്തിന്റെ വക്കത്തങ്ങൊരു ദിക്കില്

വിക്റമമേറും ബാലിമറ്ക്കടം വസിക്കുന്നു ;

അക്കപിവീരന് തന്നെ നോക്കുമ്പോളവനുടെ

പിന്നിലമ്മാറു കണ്ടു തന്നുടെ തമ്പുരാനെ

വാലുകൊണ്ടരചന്റെ കോലങ്ങളെല്ലാം ചുറ്റി

കാലും കൈയ്യുമനക്കാന് മേലാതെ വലയുന്നു ;

വീണാധരനുമില്ല കാണാനരികത്തെങ്ങും

ചേണാറ്ന്ന രാവണന്റെ നാണക്കേടെന്തു ചൊല്ലൂ ;

ഊണുമുറക്കമിവ കാണിയുമില്ലാ കഷ്ടം !

ഘ്റാണഭക്ഷണമെത്റ വേണമെന്നാലും കിട്ടും ;

രാവണവറ്ത്തമാനമേവമറിഞ്ഞുംകൊണ്ടു

രാവണിതന്റെ ദൂതന് രാത്റിഞ്ചരന് നടന്നു

ഇമ്പമോടവനുണ്ണിത്തമ്പുരാന് തന്റെ തിരു --

മുമ്പിലാമ്മാറു ചെന്നു കുമ്പിട്ടു കൂപ്പി നിന്നാന് ;

ദൂതനെക്കണ്ടധികം പ്റീതനാം മേഘനാദന്

യാതുധാനനോടാശു ചോദിച്ചു വൃത്താന്തങ്ങള്  :


"രാവണനെങ്ങു നിശാചരവീരാ "

" രാവണനങ്ങു പയോനിധിതീരെ "

" ആയവിടെപ്പുനരെന്തു വിശേഷം  ? "

"ആയവിടെബ്ബത നല്ല വിശേഷം "

"ബന്ധനമാശു കഴിഞ്ഞോ ദൂതാ ! "

"ബന്ധനമാശു കഴിഞ്ഞേ നാഥാ ! "

" എന്തൊരു താമസമിനിയവിടത്തില് ? "

" എന്തെന്നേതുമറിഞ്ഞില്ലടിയന് "

" അന്തികസീമനി നാരദനുണ്ടോ ? "

" അന്തികസീമനി നാരദനില്ലാ "

" പന്തിയതല്ലെന്നാകില് കാര്യം !"

"പന്തിയതല്ലെന്നടിയനുമുണ്ട് "

" പരമാറ്ത്ഥം നീ ബോധിച്ചില്യോ ? "

"പരമാറ്ത്ഥം ബോധിച്ചേനടിയന് "

" എന്നാലായതു കേള്ക്കണമിപ്പോള് "

" എന്നാലടിയനുണറ്ത്തിച്ചീടാം " :

" അന്തകതുല്യനതായിട്ടൊരു വന --

ജന്തുവവന് നിജ വാലതുകൊണ്ടു

പംക്തിമുഖപ്പെരുമാളെ പൃഷ്ഠേ

ബന്ധിച്ചുംകൊണ്ടംഗമശേഷം

വാരാന്നിധിയുടെ തീരേ ദൂരെ ---

പ്പാരാതടിയനുമങ്ങനെ കണ്ടു

പാരം ഭീതി കലറ്ന്നു മനസ്സി --

ന്നാരാലടിയനുമോടിപ്പോന്നു  ;

വട്ടക്കണ്ണും വലിയൊരു മുഖവും

ഒട്ടു വളഞ്ഞൊരു ദംഷ്ട്റാദികളും

ചട്ടറ്റീടിന പെരിയൊരു മൂക്കും

നിഷ്ഠുരതരമായുള്ളൊരു നോക്കും

പെട്ടെന്നിങ്ങനെ കാണുന്നേരം

വിഷ്ടപവാസികളെല്ലാം ഞെട്ടും ;

ഒട്ടല്ലവനുടെ വിക്റമമോറ്ത്താ --

ലൊട്ടേയടിയനുണറ്ത്തിച്ചൊള്ളു

ദുഷ്ടനവന് ബഹു പുഷ്പമദന് നിജ --

പൃഷ്ഠം തന്നില് കെട്ടി മുറുക്കി ---

പ്പെട്ടു കിടക്കും നമ്മുടെ മൂപ്പരെ --

യൊട്ടുമവന്നൊരു കരുണയുമില്ലാ ;

കെട്ടു പിണഞ്ഞു കിടന്നാല് വീറ്പ്പു --

മ്മുട്ടു മതിന്നും സംശയമില്ലാ ;

ഒട്ടുദിനങ്ങള് കഴിഞ്ഞാലച്ഛനെ --

വിട്ടു ഗമിക്കും പ്റാണനുമുടനെ ;

വട്ടം പന്തിയതല്ല പിതാവിനു --

കോട്ടം വരുവാന് കാലമടുത്തു . "


നിശിചരഭടനുടെ വചനമിദം

നിജഹൃദി കരുതിന സമയമതില്

ദശമുഖസുതനിദമരുളി ഗിരം

ദശദിശി മുഴങ്ങുമാറധികതരം :

ശതമുഖസുതനുടെ ചതിവതിലും

ശതഗുണമധികമെന് ചതുരതകള്

സുരപതി പിതൃപതി ജലപതിയും

ധനപതിയനവധി ജനതതിയും

വിധിയുമാജ്ജലനിധിമകള്പതിയും

രതിപതിയെക്കരിച്ച പശുപതിയും

ഇങ്ങനെയുള്ളവരൊക്കെയുമിന്നാ --

ച്ചങ്ങാതിക്കു സഹായമതെന്നാ --

ലിങ്ങതുകൊണ്ടൊരു വാട്ടവുമില്ല വി --

ധങ്ങളിലേതും കോട്ടവുമില്ലാ  ;

സംഗതികൂടാതെന്നുടെ ജനകനു

ഭംഗമതിന്നിടകൂടുകിലവനെ --

സ്സംഗരസീമനി കൊല്ലുവതിന്നു പ്റ --

സംഗം സംശയമില്ല നമുക്കും ;

പേടി പെരുത്തു വനങ്ങളിലെല്ലാ --

മോടിച്ചാടി നടക്കുന്ന മര --

ഞ്ചാടിയവന്നുടെ നേരേകൊണ്ട --

ച്ചാടിപ്പിച്ചതു നാരദനത്റേ ;

താടിക്കാരന് നമ്മോടിന്നിഹ

മേടിക്കും ചില സമ്മാനങ്ങള്

മോടി പെരുത്തൊരു വീണയുമായി --

പ്പാടിപ്പലപല ദിക്കും കുസൃതികള്

തേടിക്കൊണ്ടു നടക്കുമവന്നുടെ --

താടികരിച്ചു വിടുന്നുണ്ടുടനെ . "

ഇത്ഥം പലപല വാക്കു പറഞ്ഞവ --

നാത്ത രുഷാ ശരചാപമെടുത്തു

തേറ്ത്തടസീമനി ചെന്നു കരേറി

ചീറ്ത്ത മദത്തൊടു യാത്റയുമായി :

ബദ്ധപ്പെട്ടു മയാസുരനപ്പോ --

ളെത്തിയടുത്തു തടുത്തിതു തേരും

പൗത്റന് തന്നുടെ പാണി പിടിച്ചു നി --

ലത്തേക്കിങ്ങു പതുക്കെയിറക്കി ;

" ഉണ്ണീ  ! സാഹസമരുതരുതെ "ന്നീ

വണ്ണമെരോന്നു പറഞ്ഞുതുടങ്ങീ :

" വിണ്ണിലൊരുത്തനുമിന്നു നിനച്ചാല്

നിറ്ണ്ണയമവനൊടു നില്ക്കുകയില്ലാ

കേവലമവനൊരു വാനരനെന്നും

രാവണി ! നീ കരുതീടുക വേണ്ടാ !

രാവണനവനൊടു പോരിനു പോരാ

ഏവമവന്റെ പരാക്റമമെല്ലാം ;

പണ്ടൊരുനാളാ സുരവരപുരിയില്

കണ്ടുരസിപ്പാനിന്ദ്റന് തന്നുടെ

വണ്ടാറ്കുഴലികളാം തരുണികളെ --

ക്കൊണ്ടൊരു നാടകമാടിപ്പിച്ചു ;

ആയതമിഴിമാറ്ക്കല്ലാതൊരുവറ് --

ക്കായതു കാണ്മാന് കല്പനയില്ലാ

ഞായമതൊക്കെയറിഞ്ഞൊരു കാശ്യപി

ആയതു കാണണമെന്നുമുറച്ചു

മായമിയന്നൊരു മാനിനിതന്നുടെ

കായവുമങ്ങു ധരിച്ചു നടന്നാ --

ദേവാലയമതിലങ്ങു കടന്നു

ദേവസ്ത്റീകടെ നടനം കാണ് മാന്

അരുണന് തരുണീവടിവു ചമഞ്ഞാ

വിരുണന് മുന്നില്ക്കണ്ടതുനേരം

അലറ്ശരശരമേറ്റമരാധിപനുടെ

അലസതയൊന്നും പറവാന് മേലാ ;

ചലമിഴിയാളെക്കണ്ടൊരു വലഹര --

നിലമലമിക്കൂത്തെന്നു വിലക്കി

തരുണീമണിയുടെ വടിവു ചമഞ്ഞോ --

രരുണനെയരികില് വിളിച്ചു സുരേന്ദ്റന്

മഞ്ജുളഭാഷിണിയോടൊരുമിച്ചഥ

കഞ്ജശരോത്സവനാടകമാടി

മഞ്ജുളനായൊരു ബാലനുമവിടെ

സംജാതനതായ് ത്തീറ്ന്നു തദാനീം ;

കല്യനതായ കുമാരനെയിന്ദ്റന --

ഹല്യക്കായിക്കൊണ്ടു കൊടുത്തു ;

ഗൗതമമുനിയുടെ പത്നിയുമവനെ --

ക്കൗതുകമോടു വളര്ക്കും കാലം

ഗൗതമനൊരുനാളങ്ങവനെ നിജ

ചേതസി കോപംപൂണ്ടു ശപിച്ചു  ;

മുനിയുടെ ശാപം കാരണമവനൊരു

വനമൃഗമായിത്തീറ്ന്നിതു ബാലി

കിഷ്ക്കിന്ധാപുരി തന്നിലനേകം

മുഷ്ക്കേറുന്നൊരു മറ്ക്കടവരരതി --

ലൊക്കെയ്ക്കും യജമാനനതായി --

ശ്ശക്റസുതന് മരുവീടും കാലം

വിക്രമമേറും നമ്മുടെ നന്ദന --

നക്റമശാലിയതാകിയ ദുന്ദുഭി

ദിക്കുകളൊക്കെ ജയിച്ചു നടന്നൊരു

ധിക്കാരങ്ങളടക്കരുതാഞ്ഞവന്

അക്കപിവരനെച്ചെന്നുവിളിച്ചാ --

നൂക്കേറുന്നൊരു ദാനവവീരന് ;

മറ്ക്കടവരനവനുല്ക്കടകോപാല്

വെക്കമടുത്തങ്ങവനുടലമ്പൊടു

ഞെക്കിക്കൊന്നുകളഞ്ഞതിവീരന്

വെക്കം ബാലി തിരിച്ചുനടന്നു ;

ശക്റസുതന്റെ പരാക്റമമെല്ലാ --

മോറ്ക്കുന്നേരം വേറ്ക്കും ദേഹം ;

വിണ്ണവറ് പണ്ടമൃതത്തിനു വാഞ്ഛി --

ച്ചറ്ണ്ണവമഥനം ചെയ് വാനായി

പൊണ്ണന് വാസുകി പാശമതായി

തിണ്ണം രണ്ടു വശത്തും നിന്നാ

മന്ദരപറ് വതമെന്നതുകൊണ്ടൊരു

മത്തും തീറ്ത്തു പിടിച്ചു വലിപ്പാന് ;

അങ്ങൊരു തലയതു ദൈത്യന്മാരും

ഇങ്ങൊരു വാലതമറ്ത്ത്യന്മാരും

രണ്ടുവശം നിന്നങ്ങു പിടിച്ചു വ --

ലിച്ചുടനങ്ങു വലിച്ചു വലിച്ചവ --

രിണ്ടല് മുഴുത്തവരെല്ലാം പരിചൊടു

കുണ്ഠിതഹൃദയന്മാരായ് നിന്നു ;

കുണ്ഠേതരബലനാകിന ബാലി

രണ്ടു കരം കൊണ്ടങ്ങു പിടിച്ചൊരു

രണ്ടു വലിച്ചു തിരിച്ചവനമ്പൊടു

കുണ്ഠത തീറ്ന്നിഹ നിന്നൊരു സമയേ

പമ്പരമെന്ന കണക്കേ പറ്വ്വത --

മമ്പോടങ്ങു തിരിഞ്ഞ തിരിച്ചിലൊ --

രമ്പതുനാഴിക നേരം നിന്നു ;

അംഭസ്സൊന്നു കലങ്ങി മറിഞ്ഞുട --

നംഭോനിധിതടമങ്ങു കവിഞ്ഞു

ജംഭാരാതി പ്റഭൃതികളായതു

സംഭാവനവും ചെയ്തു തെളിഞ്ഞു ;

അടിയിലടിഞ്ഞു കിടന്നവരെല്ലാ --

മുടനുടനങ്ങനെ വന്നിഹ പൊങ്ങി


തടിയന്റൂക്കു ശമിക്കാഞ്ഞിട്ട ---

ക്കടകോല് മുഹുരപി നിന്നു തിരിഞ്ഞു

പാശമതാകിന വാസുകി വലിയൊരു

കീശന് തന്നുടെ കരമറ്ദ്ദനമതി --

ലാശു തളറ്ന്നു മലറ്ന്നവനങ്ങൊരു

കാശിനു കൊള്ളരുതാതെ ചമഞ്ഞു

ഘോരവിഷത്തെ ഛറ്ദ്ദിച്ചു ബഹു --

ചോരയുമതിനൊടുകൂടിത്തന്നെ

നാരായണനും പരമേശ്വരനും

നാന്മുഖനും നിജ നാനാജനവും

വാനരവരനുടെ വിരുതുകള് കണ്ടുട --

നാനന്ദിച്ചു രസിച്ചു നിതാന്തം ;

ദുഗ്ദ്ധാംഭോധിയില് നിന്നു ജനിച്ചൊരു

ദുഗ്ദ്ധാപാംഗിയതാകിയ താരയെ

ദുഗ്ദ്ധാംഭോധിശയന് മടിയാതെവി --

ദഗ്ദ്ധന് ബാലിക്കങ്ങു കൊടുത്തു ;

അത്റ മഹാബലനാകിന ബാലിയൊ --

ടത്റ ഭവാന് ചെന്നേറ്റീടൊല്ലാ

ശത്റുതയെല്ലാം നിങ്കലഹോ ദശ --

വക്ത്റന് തന്നിലതല്ലറിയെണം ;

വൃത്റാന്തകനെബ്ബന്ധിച്ചൊരു പക --

യെത്റയുമുണ്ടവനുള്ളിലിദാനീം

പൗത്റ ! നിനക്കിന്നവനൊടെതിറ്പ്പാന്

മാത്റം ശക്തിയുമുളവായില്ല ;

വിണ്ണവവരനെ ജയിക്കുകകൊണ്ടാ --

പ്പൊണ്ണന് കണ്ണിനു നിന്നെക്കണ്ടാല്

ദണ്ഡധരന്റെ പുരത്തിലയക്കും

നിറ്ണ്ണയമതിനൊരു സംശയമില്ലാ ;

ഉണ്ണീ ! നീയ്യിന്നെന്തിനു പഴുതേ

ദണ്ഡിപ്പതിനു തുനിഞ്ഞീടുന്നു ?

കണ്ണില്ലാത്തൊരു പൊണ്ണന് കാഴ്ചകള്

കാണാനിച്ഛിക്കുന്നതു പോലെ ;

കതിപയദിവസം ചെല്ലുന്നേരം

മതിയിലൊരാറ്ദ്റത ബാലിക്കുണ്ടാം

അതിനിടയില് ചില ഗോഷ്ടി തുടറ്ന്നാ --

ലപജയമുണ്ടതുമോറ്ത്തീടേണം ;

ശിതിഗളസേവകനാം തവ ജനകനു --

മതുവരെയും പുനരവിടെത്തന്നെ


ചതിവു പിണഞ്ഞു കിടന്നീടട്ടെ

ഗതികേടിനു പുനരെന്തിഹ ചെയ്യാം ! "

ഇങ്ങനെ പലപല യുക്തികള്കൊണ്ടു തു --

ടങ്ങിയ യാത്റയുമവിടെ മുടക്കി

അങ്ങു മയന് നടകൊണ്ടൊരു ശേഷമ --

ടങ്ങിയിരുന്നാന് രാവണിതാനും .


അക്കാലം കിഷ്കിന്ധയില് മുഷ്കരന്മാരായുള്ള

മറ്ക്കടത്താന്മാര് പലരുല്ക്കടരവത്തോടേ

ശക്റസുതനാം ബാലി മറ്ക്കടാധിപന് പോയ

തക്കത്തിലവരൊക്കത്തക്കയിരുന്നുംകൊണ്ട്

കുട്ടിക്കുരങ്ങുകടെ കൂട്ടത്തെ വിളിച്ചിങ്ങു

ചാട്ടം പഠിപ്പിക്കുന്നൂ ഓട്ടം പഠിപ്പിക്കുന്നൂ :

" ചാട്ടത്തില് പിഴച്ചെന്നാല് കൂട്ടത്തിലാരും പിന്നെ

കൂട്ടുകയില്ലവനെ നാട്ടൊടെയറിഞ്ഞാലും ;

പെട്ടെന്നീ ജാതികള്ക്കു ചട്ടങ്ങളേവമല്ലോ

കുട്ടികളാകും നിങ്ങള് കേട്ടുകൊള്ളുവിനെല്ലാം ;

ചട്ടറ്റ ഭാവം പല കാട്ടേണം പല്ലിളിച്ചു ,

കൂട്ടേണം കടി ചില ചേട്ടക്കൂട്ടങ്ങളേയും

വേട്ടയ്ക്കു വരും ചില പട്ടികളുമായ് പല --

രാട്ടിയടുക്കുന്നേരം കാട്ടിടെയൊളിക്കേണം

വാട്ടമകന്നു മരക്കൂട്ടത്തില് ചാടുന്നേരം

പൊട്ടിച്ചാടിയാലൊരു കോട്ടം ഭവിക്കരുത്  ;

ഇങ്ങനെ പലപല സംഗതിയുള്ളതെല്ലാം

നിങ്ങളറിഞ്ഞു നല്ല ഭംഗിയില് പഠിക്കേണം "

വൃദ്ധക്കുരങ്ങച്ചന്മാരിത്ഥം കുട്ടികള്ക്കോരോ

ബുദ്ധി പറഞ്ഞു സഭാമദ്ധ്യേ വസിക്കുന്നേരം


ചൊല്പൊങ്ങുന്നൊരു ബാലിയുമതുനാള്

തറ്പ്പണമങ്ങു കഴിച്ചു പതുക്കെ

കിഷ്കിന്ധാപുരഗോപുരസീമനി

പുക്കുടനങ്ങു കടന്നൊരു സമയേ

ചൊല്ക്കൊള്ളുന്നൊരു മറ്ക്കടവരരുടെ

തിക്കും മുഷ്ക്കും ധിക്കാരങ്ങളു --

മൊക്കെയൊഴിച്ചു തെരിക്കെന്നവരവറ് --

ദിക്കിനുപറ്റി വസിച്ചുതുടങ്ങീ ;

ദിക്കുകളൊക്കെ ജയിക്കും വിക്റമി

ശക്റസുതന് ദശവക്ത്റനെ വാലില് --

തൂക്കിക്കൊണ്ടുടനക്കപിവീരരി --


രിക്കും സഭയില് ചെന്നു കടന്നു ;

ബദ്ധാനന്ദം പൂണ്ടവരപ്പോ --

ളുത്ഥാനം ചെയ്താശു വണങ്ങി

ഉദ്ധതബലനാം ബാലി വസിച്ചാന്

മദ്ധ്യേ സഭമൊരു മണിപീഠത്തില് ;

ഋക്ഷേശ്വരനുടെ പൃഷ്ഠം തന്നില്

രാക്ഷസരാജന് തന്നെക്കണ്ടതി --

രൂക്ഷന്മാരായീടുന്നൊരു പിം --

ഗാക്ഷന്മാരവറ് തമ്മിലുരത്തു  :

" നോക്കെട ! മൂത്തകുരങ്ങച്ചന്റെ

കാല്ക്കിടയില് പുനരെന്തൊരു വസ്തു ?

മറ്ക്കടവരരേ ! കാണുവിനിതു പുന --

രക്കടലീന്നു കിടച്ചതുപോലും !

അംഭോനിധിയുടെ നടുവില് പല പല

ഘംഭീരന്മാരുണ്ടൊരു കൂട്ടം

വമ്പിച്ചീടിന വായ പൊളിച്ചുട --

നംഭസ്സിങ്കല് പാഞ്ഞു നടക്കും

അങ്ങനെയുള്ളൊരു ജലജന്തുക്കളി --

ലങ്ങൊരുവന് പുനരിവനെന്നറിക ;

ഭംഗി കലറ്ന്നൊരു തറ്പ്പണസമയേ

ലാംഗൂലത്തിനു വന്നു കടിച്ചു

ചങ്ങാതികളേ ! വരുവിനിവന്നു മു --

ഖങ്ങളനേകം കാണ്മാനുണ്ട് !

നിങ്ങളതേതുമറിഞ്ഞീടാതെ പ --

റഞ്ഞീടരുതേ പൊളിവചനങ്ങള്

സിന്ധുവിലുള്ളൊരു ജന്തുവതല്ലിവ --

നെന്തിനു പഴുതേ ചിന്തിക്കുന്നു

സിന്ധുരബലനാം നമ്മുടെ ബാലി --

യ്ക്കന്ധം വരുവാനെന്തൊരു ബന്ധം ?

വ്യാധിവിശേഷമതെന്നു മനസ്സില്

ബോധിച്ചീടുക നിങ്ങളിദാനീം

സാധുജനത്തെ ബാധിച്ചീടും

വ്യാധിയതഖിലവിരോധിയതല്ലേ ?

പത്തു മുഖങ്ങളതുള്ളൊരു പരുവിതു

വീറ്ത്തുവരുന്നിതു ലാംഗൂലാഗ്റേ

തീറ്ത്തരചെയ്യാമിന്നിപ്പരുവിനു

പത്തിരുപതു കണ്ണും പുനരുണ്ട് "

ഈവക ചിലതു പറഞ്ഞിതൊരുത്തന്

" രാവണനിവനെ " ന്നപരനൊരുത്തന്


കേവലമിങ്ങനെ കപികടെ ഹൃദയേ

ഭാവം പലതായങ്ങതു സമയേ

കുട്ടികളായ കുരങ്ങന്മാറ് പലറ്

കൂട്ടം കൂടിയടുത്തു പതുക്കെ


നിഷ്ഠുരതരനാം ബാലി വസിക്കും

പുഷ്ടി പെരുത്തൊരു വിഷ്ടരമതിനുടെ

പൃഷ്ഠേ ചെന്നു മറഞ്ഞഥ നിന്നൊരു

കൂട്ടം ഗോഷ്ടികളങ്ങു തുടങ്ങി  ;

പെട്ടെന്നായതുകണ്ടു ദശാസ്യനു --

മേട്ടത്തങ്ങളുമാശു തുടങ്ങീ

പല്ലുമിളിച്ചും തെല്ലു കടിച്ചും

പുല്ലു വലിച്ചു മുഖങ്ങളിലിട്ടും


കൊല്ലുവനെന്നൊരു ചൊല്ലുമിടയ്ക്കിടെ

നല്ലൊരു വടിയാല് തല്ലു കൊടുത്തും

കില്ലു കളഞ്ഞൊരു കല്ലു വലിച്ചുട ---

നെല്ലുകള് പൊടിയുമ്മാറുടനിട്ടും

എല്ലാമിന്നിഹ ചൊല്ലാനരുത --

ബ്ഭല്ലൂകങ്ങടെ വല്ലായ്മകളും  ;

ചില്വാനക്കാരല്ല കുരങ്ങ --

ച്ചില്വാനങ്ങളതെന്നറിയേണം

നല്ലാനത്തലവന്മാരോടും

ചെല്ലാനേതും കൂസലുമില്ല ;

ധിക്കാരികളവരൂക്കേറുന്ന ദ --

ശഗ്റീവന്റെ സമീപേ ചെന്ന --

ങ്ങീറ്ക്കിലി കയ്യിലെടുത്തങ്ങവനുടെ

മൂക്കിലുമങ്ങു കടത്തീടുന്നു

നിഷ്ക്കണ്ടകരുടെ മുഷ്ക്കുകള്കൊണ്ടു പൊ --

റുക്കരുതാഞ്ഞൊരരക്കന് രാവണ --

നക്കാലം തല പൊക്കാനും പുന --

രൂക്കില്ലാതെ വലഞ്ഞു ചമഞ്ഞു ;

ഉപ്പുജലത്തില് നനച്ചൊരു വേദന --

യല്പവുമങ്ങു പൊറുക്കരുതാഞ്ഞു

ചൊല്പൊങ്ങും ദശകണ്ഠപ്പെരുമാ --

ളപ്പോളാശു കരച്ചില് തുടങ്ങി  ;

രാവണമുറവിളി കേട്ടൊരുനേരം

ഭാവമതൊന്നു പകറ്ന്നു കപീന്ദ്റന്

രാവണബന്ധമഴിച്ചു കളഞ്ഞുട --

നേവം പുനരവനോടുര ചെയ്തു  :


" എത്റയുമുത്തമനാം മമ ജനകന്

സുത്റാമാവാമദ്ദേഹത്തെ

യുദ്ധം തന്നിലമറ്ത്തു ജയിച്ച സ --

മറ്ത്ഥന് തന്റെ പിതാവോ നീയിഹ !

കൈലാസാചലമമ്പൊടിളക്കി --

ക്കൈയ്യിലെടുത്തൊരു വീരനതോ നീ ?

എട്ടു ദിഗന്തരപാലന്മാരും

വിഷ്ടപവാസികളൊക്കയുമിന്നതി --

ധൃഷ്ടതയുള്ള ഭവാനുടെ ശബ്ദം

കേട്ടാല് ഞെട്ടുമതെന്നും കേട്ടു ;

തുംഗപരാക്റമനായ ഭവാനീ --

പിംഗാക്ഷനതാമെന്നുടെ പൃഷ്ഠേ

ലാംഗൂലത്തിലകപ്പെടുവാനൊരു

സംഗതിയെന്തെന്നുരചെയ്താലും !

എങ്ങും മനസി വിഷാദം വേണ്ടാ

ഭംഗം വരികയുമില്ല ഭവാനും ;

എത്റ ദിനങ്ങള് കഴിഞ്ഞൂ നീ പുന --

രത്റ ഗമിച്ചിട്ടെന്നുടെ പൃഷ്ഠേ  ?

എത്റ മഹാകഷ്ടം ! ഞാന് നിന്നുടെ

വാറ്ത്തകള് മുന്നമറിഞ്ഞില്ലല്ലോ !

ശത്റുതയൊന്നും കരുതരുതയി ദശ --

വക്ത്റ ! ഭവാന്റെ മനസ്സിലിദാനീം ;

രാത്റിഞ്ചരവരനായ നിനക്കിതു

മാത്രം വരുവാനെന്തൊരു മൂലം ! "

ഇത്ഥം ബാലി പറഞ്ഞതു കേട്ടതി

ശുദ്ധന് രാവണനെത്റ വിനീതന്

ബുദ്ധിക്ഷയവും പൂണ്ടു പതുക്കെ നി --

ബദ്ധാഞ്ജലിയായ് നിന്നുര ചെയ്തു  :


വാനരകുലവീരാ ! വാനവേശ്വരസൂനോ !

ദീനനാമെന്നെ ഭവാന് മാനിച്ചയച്ചീടണം ;

ഏതും ഗ്റഹിയാതെ ഞാന് ചെയ്തോരപരാങ്ങള്

ചേതസി നിനയ്ക്കൊല്ല ചേതോഹരാകൃതേ നീ !

സാധുവായുള്ള ഞാനസാധുവാം നാരദന്റെ

സാരപ്റയോഗം കൊണ്ടു പാരാതെ പോന്നു വന്നു

ധീരനാകുന്ന ഭവാനാരെന്നറിഞ്ഞിടാതെ

ചാരത്തടുത്തുവന്ന നേരത്തേവം പിണഞ്ഞു  ;

കാലത്തുച്ചയ്ക്കും സായംകാലത്തും മുടങ്ങാതെ

നാലു സമുദ്റേയൊരുപോലെ തറ്പ്പിപ്പാനായി


ബാലിയാകുന്ന ഭവാന് ചാലേ നടക്കുന്നേരം

വാലേല്ക്കിടന്നു ഞാനും താലോലം കളിക്കുന്നു ;

തറ്പ്പണത്തിങ്കല് ഞാനിങ്ങുപ്പുവെള്ളത്തില് ചാടു --

മപ്പുറത്തതിലൊന്നുമല്പം ബോധിക്കയില്ല

അപ്പോള് ദേഹത്തില് വന്നു കപ്പും ജലജന്തുക്ക --

ളപ്റാണസങ്കടങ്ങളിപ്പോളാരറിയുന്നു ?

ആറുകളെല്ലാം മാറിമാറിക്കുടിച്ചുകൊണ്ട --

ഞ്ചാറു വാസരമല്ല ഏറിയ നാളിങ്ങനെ

ചോറു ചെല്ലുന്ന ദിക്കില് ചേറു ചെന്നടിക്കയും

നാറുന്ന ജന്തുക്കള് മേലേറിക്കൂത്താടുകയും

ഏറെക്കടുത്ത ചില പാറമേല്ത്തട്ടിത്തല --

കീറിപ്പൊളിഞ്ഞു പാരം നീറുന്ന നേരത്തുപ്പു --

വെള്ളത്തില്ത്തട്ടിത്തിരതള്ളിത്തത്തുന്ന നേര --

ത്തുള്ള ലോകങ്ങളെല്ലാമുള്ളത്തില് കാണാറാകും ;

കള്ളം പറകയല്ലെന്റുള്ളം തകറ്ന്നീടുന്നു

വെള്ളം കുടിച്ചു പാരം പള്ളയും വലുതായി

മേളത്തിലങ്ങു കൊട്ടും താളത്തില് തുള്ളിക്കൊണ്ടി --

ന്നാളെത്റ ഞാന് കഴിച്ചെന്നാളല്ല ചൊല്ലുവാനും ;

അത്റ വന്നതെല്ലാമബദ്ധം പിണഞ്ഞു മമ

ബുദ്ധിമോശത്താല് വന്നതത്റയും ക്ഷമിക്കേണം "

ഈവണ്ണം രാവണന്റെ ആവലാതികള് കേട്ടു

ബാലിയാം വാനരേന്ദ്റന് ചാലവേയുര ചെയ്തു :


" കേള്ക്ക ! സഖേ ദശകണ്ഠ ! ഭവാനുടെ

ധിക്കാരങ്ങള് കുറച്ചീടേണം

ശക്റാദികളൊടു വക്കാണത്തിനു

പൊയ്ക്കൊള്ളരുതു ഭവാനിനി മേലില്

ചൊല്ക്കൊള്ളുന്നൊരു നിന്നുടെ വാക്കുകള്

കൈക്കൊള്ളുന്നതുമുണ്ടഹമധുനാ

പൊയ്ക്കൊള്ളുക നീ നിന്നുടെ ഭവനേ

നോക്കിനടക്കണമൊക്കെയുമിനിമേല്  ;

കാലം ദേശമവസ്ഥകള് മൂന്നിവ

കാലേ തന്നെയറിഞ്ഞീടേണം

ബാലകവൃദ്ധന്മാരുമതിന്നൊരു --

പോലെയതിന്നൊരു ഭേദവുമില്ല  ;

ഭൂലോകങ്ങളിലുള്ള ജനങ്ങടെ

ശീലഗുണങ്ങളറിഞ്ഞീടേണം ;

നാലു ജനങ്ങടെ നടുവില്ചെന്നാല്

നാനാവിധമതു കാട്ടരുതവിടെ

കാര്യാകാര്യവിവേകം വേണം

മര്യാദകളുടെയറിവും വേണം

ശൗര്യം വേണം ചതുരത വേണം

വീര്യം വേണം വിബുധത വേണം

അല്ലാതുള്ള ജനങ്ങള്ക്കല്ലാം

വല്ലാതുള്ളതു വന്നു ഭവിക്കും  ;

കല്യനതാം നിന്നോടിവരാരും

തുല്യന്മാരല്ലെന്നതു നിയതം  ;

സുന്ദരിമണിയാകുന്നൊരു കൈകസി --

നന്ദന ! നമ്മുടെ മനതാരിങ്കല്

സന്ദേഹം പുനരൊന്നുണ്ടായതു

നിന്നോടിന്നിഹ ചോദിക്കുന്നു  ;

അനുഭവരസികന്മാരൊചുരച്ചേ

ഗുണഗണദോഷമറിഞ്ഞീടാവൂ

വനമൃഗവരനാമെന്നുടെ പൃഷ്ഠ --

ത്തനുദിനവാസമസഹ്യതയാമോ ?

കണ്ണില്ക്കണ്ടവയെല്ലാം കൊണ്ടിഹ

ദണ്ഡിച്ചിങ്ങു ചെലുത്താറില്ല ;

കണ്ണന് പഴവും തൈരു ചോറും

വെണ്ണയുമീവകയെണ്ണങ്ങളിലേ

വിണ്ണവവരനുടെ മകനാമിന്നീ --

ഉണ്ണിയെനിക്കഭിലാഷമതുള്ളു ;

പിന്നെപ്പിന്നിലിരിപ്പാനെന്തൊരു --

ദണ്ഡം ? മണ്ഡോദരികമിതാവേ  !

മറ്ക്കടജാതികളിന്നു നിനച്ചാല്

ദുറ്ഘടജാതികളൊക്കത്തന്നെ

മല്ക്കടകാദിപ്റഹരംകൊണ്ടവ --

രുല്ക്കടഗറ്വ്വമടക്കീടുന്നു ;

പുല്ക്കടപോലെയവര്ക്കു സമസ്തവു --

മക്കടുകോപികളിക്കൂട്ടങ്ങടെ

ഉല്ക്കറ്ഷങ്ങളതെല്ലാമിന്നി --

ച്ചൊല്ക്കൊള്ളുന്നൊരു വാലിനതത്റേ .

ഇങ്ങനെയുള്ള പ്ളവംഗമപുംഗവ --

ലാംഗൂലത്തിലണഞ്ഞു കിടപ്പാന്

സംഗതി വന്നതുകൊണ്ടു ഭവാനൊരു

ഭംഗിക്കേടു ഭവിക്കയുമില്ലാ ;

ബാലിയാം നമ്മോടു നിനക്കിഹ

തോലി പിണഞ്ഞതുകൊണ്ടു മനസ്സിനു

മാലിന്യം കരുതീടുക വേണ്ട സു --

മാലിനിശാചരപുത്റീതനയാ  ! "


വാസവാത്മജ പരിഹാസവാക്കുകളേവ --

മാസകലം കേട്ടുകൊണ്ടാ സഭാമദ്ധ്യത്തിങ്കല്

ഹാസഭാവവും പൂണ്ടങ്ങാസിക്കും കപികളെ

ദാസഭാവേന നിജ നാസയും വായും പൊത്തി

ലജ്ജിച്ചു പംക്തികണ്ഠന് മജ്ജിച്ചു കണ്ണുനീറ്റില്

വറ്ജ്ജിച്ചു വൈരമെല്ലാം നിറ്ജ്ജരാരിപ്റവീരന്

ശക്റസുതനാകുന്ന മറ്ക്കടാധിപന് മുമ്പില്

വക്റാത്മാവായി നിജ വക്ത്റവും താഴ്ത്തിച്ചൊന്നാന്  :


ബാലി മഹാബലശാലി ഭവാനൊടു

തോലി പിണഞ്ഞതിനാലിഹ ചെറ്റു --

മലൗകികമില്ല സുശീല ഭവാനനു --

വേലമിനിക്കനുകൂലം വേണം :

കാലാരാതി വസിച്ചരുളുന്നൊരു

കൈലാസത്തെയിളക്കിയ നമ്മുടെ

ശീലമതൊക്കെയറിഞ്ഞ ഭവാനുടെ

കാലു പിടിച്ചു പറഞ്ഞേക്കാം ഞാന്

ബാലതകൊണ്ടീ നാനാവിധമിനി --

മേലാലൊന്നും വരികയുമില്ലാ

നാളെയൊരിക്കലിതിന്നഹമൊന്നിനു --

മാളല്ലായതുകൊണ്ടു ഭവാനും

കോളല്ലാതെ തുടങ്ങീടരുതൊരു --

നാളും ചിലതിനി എന്നുടെ നേരേ

എന്നതിനിന്നൊരു സഖ്യം തങ്ങളി --

ലന്യോന്യം കരണീയമിദാനീം

എന്നൊരപേക്ഷയെനിക്കുണ്ടായതി --

നിന്നു ഭവാനൊരു കൃപയരുളേണം . "

രാക്ഷസരാജനപേക്ഷിച്ചതു കേ --

ട്ടക്ഷണമൃക്ഷേശ്വരനാം ബാലി

രക്ഷോവരനുടെ പാണി പിടിച്ചതി --

ദക്ഷന് തല്ക്ഷണമിദമുരചെയ്തു  :

" അക്ഷയവീരനതായ ഭവല് പ്റതി --

പക്ഷം ഞാനിഹ നില്ക്കയുമില്ലതു

ശിക്ഷയൊടങ്ങു ധരിക്ക മനസ്സിനു

വിക്ഷേപണമതു വേണ്ടൊരു തെല്ലും  ;

ആക്ഷേപാദികളും ഭവദീയ പ --

രോക്ഷം ഞാനിഹ ചെയ്കയുമില്ലാ  ;

അക്ഷപിതാവേ ഞാനുര ചെയ്തതു

സൂക്ഷ്മമതെന്നു ധരിച്ചാലും നീ . "

ഇങ്ങനെ വാനരപുംഗവനാശര --

പുംഗവനോടഥ സമയം ചെയ്തു  :

" അങ്ങു ദശാനന ! പോക ഭവാനിനി --

യങ്ങു പുരത്തിനു മങ്ങീടാതെ ."

വൃത്റാരാതിതനൂജന് കപികുല --

ഗോത്റമതിന്നു ശിരോമണിരത്നം

രാത്റിഞ്ചരവരനാം രാവണനെ

യാത്റയയച്ചു ജഗത്ത്റയവീരന്  ;

മിത്റാത്മജനാമവരജനോടും

മിത്റകളത്റസുതന്മാരോടും

കീറ്ത്തി പെരുത്തൊരു തന്നുടെ പുരിയതി --

ലെത്റയുമാനന്ദിച്ചു വസിച്ചു .


ബാലിവിജയം ഓട്ടന് തുള്ളല് സമാപ്തം

"https://ml.wikisource.org/w/index.php?title=ബാലിവിജയം&oldid=145579" എന്ന താളിൽനിന്ന് ശേഖരിച്ചത്