ബാലരാമായണം/മുഖവുര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഈ കൃതി എഴുതുന്നതിൽ രണ്ടു സംഗതികളാണ് പ്രധാന പ്രേരകങ്ങളായിരിന്നിട്ടുള്ളത്. ഒന്ന് ഉൽകൃഷ്ടമായ രാമായണത്തിലെ കഥാസാരം പാടുള്ളത്ര പ്രകൃത്യനുരൂപമായ വിധത്തിൽ ബാല ഹൃദയങ്ങളിൽ പ്രതിഫലിപ്പിക്കുക; മറ്റേത് വലിയ പദ്യകൃതികൾ വായിച്ചു രസിപ്പാൻ കുട്ടികളുടെ മനസ്സിൽ കൗതുകം ജനിപ്പിക്കുക.ഈ ഉദ്ദേശങ്ങളെ മുൻനിർത്തി കഥാപാത്രങ്ങളുടെ സ്വഭാവവാധികളെ ഒരുവിധം സൂക്ഷിച്ച് ഈ കൃതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.ബാഹ്യപ്രകൃതിയേയും മാനസികഭാവങ്ങളെയും സംബന്ധിച്ച് അവിടവിടെ പ്രകൃതത്തിനനുസരിച്ച് അല്പാ ല്പമായ ചില വർണ്ണനകളും ചെയ്തിട്ടുണ്ട്. ഈ രീതിയിൽ രാമായണം മുഴുവൻ എഴുതി പ്രസിദ്ധപ്പെടുത്താനാണ് വിചാരിക്കുന്നത്. വാല്മീകി രാമായണത്തിന്റെ ഛായയും രസവും പാടുള്ളത്ര ഈ ചെറിയ കൃതിയിൽ വരുത്തൻ നോക്കുന്നതുമാണ്. മഹാ ജനങ്ങളുടെ ദയാപൂർവ്വമായ സ്വീകരണത്തെ പ്രതീക്ഷിച്ചുകൊണ്ട് ബാലകാണ്ഡം തൽക്കാലം പ്രസിദ്ധീകരിച്ചു കൊള്ളുന്നു.

               ഗ്രന്ഥകർത്താവ്,
               എൻ. കുമാരനാശാൻ
"https://ml.wikisource.org/w/index.php?title=ബാലരാമായണം/മുഖവുര&oldid=212909" എന്ന താളിൽനിന്ന് ശേഖരിച്ചത്