ഫലകം:തിരഞ്ഞെടുത്ത ഉദ്ധരണി/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

മണിപ്രവാളമലയാളത്തിലെ സംസ്കൃതബാഹുല്യം കണ്ടു ഭ്രമിച്ച് പ്രാമാണികന്മാരായ ഗ്രന്ഥകാരന്മാര്‍പോലും സംസ്കൃതത്തില്‍ ദ്രാവിഡം കലര്‍ന്ന് ഉണ്ടായ ഭാഷയാണ് "മലയാളം" എന്നു ശങ്കിക്കുകയുണ്ടായിട്ടുണ്ട്. അതിനാല്‍ ദ്രാവിഡസംസ്കൃതങ്ങള്‍ ഭിന്നവര്‍ഗ്ഗങ്ങളില്‍പ്പെട്ട ഭാഷകള്‍ ആണെന്നുള്ളതിലേക്കു ചില പ്രധാനലക്ഷ്യങ്ങള്‍ ഇവിടെ എടുത്തു കാണിക്കാം. ഒരു വര്‍ഗ്ഗത്തില്‍പ്പെട്ട ജനസമുദായം മററുവര്‍ഗ്ഗത്തില്‍പ്പെട്ട ജനസമുദായത്തോടു നിത്യസംസര്‍ഗ്ഗം ചെയ്യുമ്പോള്‍ രണ്ടു വര്‍ഗ്ഗങ്ങളുടെയും വേഷഭൂഷാദികള്‍, ലൌകികാചാരങ്ങള്‍, നടപടിക്രമങ്ങള്‍ - ഇതെല്ലാം കൂടിക്കലര്‍ന്നു ഭേദപ്പെടുമ്പോലെ അവരുടെ ഭാഷകളിലെ ശബ്ദസമുച്ചയവും ഭേദപ്പെടും. എന്നാല്‍ അങ്ങനെ വരുമ്പോഴും മതാചാരങ്ങള്‍, കുടുംബപാരമ്പര്യങ്ങള്‍, അവകാശക്രമങ്ങള്‍ മുതലായവ അപൂര്‍വ്വമായിട്ടേ മാറിപ്പോകാറുള്ളു. അതുപോലെ ഭാഷകളുടെയും അന്വയക്രമം, രൂപനിഷ്പാദന സമ്പ്രദായം, ശൈലികള്‍ ഇതൊന്നും മാറുക സാധാരണയല്ല. പ്രകൃതത്തില്‍ ആര്യന്മാരുടെ പരിഷ്കാരോല്‍ക്കര്‍ഷവും പ്രാബല്യാധിക്യവും നിമിത്തം ദ്രാവിഡരുടെ മതാചാരങ്ങള്‍കൂടി മാറിപ്പോയി.

എ.ആര്‍. രാജരാജവര്‍മ്മയുടെ കേരളപാണിനീയത്തില്‍നിന്ന് >> കൂടുതല്‍ വായിക്കുക