Jump to content

പാടുന്ന പിശാച്‌

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പാടുന്ന പിശാച്‌ (ഖണ്ഡകാവ്യം)

രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള (1949)

ഞാൻ ഈ കവിതയെഴുതിയത് നിയമ പഠനത്തിനായി മദിരാശിയിൽ താമസിക്കുന്നകാലത്താണ് . . . . . .ചില കാരണങ്ങളാൽ ഞാൻ ഒട്ടേറെ മനക്ലേശം അനുഭവിച്ചിരുന്ന ഒരു സന്ദർഭത്തിലാണ് ഏതാണ്ട് ആത്മകഥാ രൂപമായ ഈ കൃതി എഴുതിയത്. ഇതിൽ ഞാൻ ആക്രമിച്ചിട്ടുള്ള വ്യക്തികളോട് വ്യക്തിപരമായ യാതൊരു വിദ്വേഷവും എനിക്കില്ലതന്നെ. ഈ കൃതിയിൽ അക്കാലത്തെ എന്റെ മനോവ്യാപാരങ്ങൾ അതേപടി കാണാവുന്നതാണ്.


ചങ്ങമ്പുഴ കൃഷ്ണപിള്ള.

അജിതാനിലയം, കാനാട്ടൂകര,
തൃശൂർ, 25-6-1121.



ഒന്ന്

നീളവേ ചില്ലൊളിപ്പുള്ളികൾ മിന്നു, മാ
നീലിച്ചപീലി നിവർത്തി നിർത്തി;

കണ്ണഞ്ചിടും സപ്തവർണ്ണങ്ങളൊത്തു ചേർ
ന്നെണ്ണയൊലിക്കും കഴുത്തു നീട്ടി,

പത്തിവലിച്ചുവിരിച്ചു വാലിട്ടടി-
ച്ചത്രയ്ക്കവശമായ് വാപിളർത്തി,

മിന്നൽക്കൊടിപോൽ പിടയുമാ നാവുകൾ
മുന്നോട്ടു മുന്നോട്ടു ചീറ്റി നീട്ടി,

ഉൽക്കടപ്രാണദണ്ഡത്താൽപ്പുളയു,മൊ-
രുഗസർപ്പത്തെയും കൊക്കിലേന്തി;

തഞ്ചത്തിൽ തഞ്ചത്തിൽ തത്തി,ജ്ജ്വലിക്കുന്ന
മഞ്ചാടിച്ചെങ്കനൽക്കണ്ണുരുട്ടി;

ആരാലെന്മുന്നി,ലൊരാൺമയിലായി വ-
ന്നാടി നിൽക്കുന്നു, ഹാ, പാപമേ, നീ!

ഒട്ടല്ല കൗതുകം മാറോടു ചേർത്തൊന്നു-
കെട്ടിപ്പിടിക്കാനെനിക്കു നിന്നെ.

രക്തമൊലിക്കട്ടെ, കൂർത്തൊരക്കൊക്കിനാൽ
കൊത്തുക കൊത്തുകെൻ മാനസം നീ!

വീട്ടിലില്ലാനന്ദം, നാട്ടിലില്ലാനന്ദം
വീർപ്പുമുട്ടീടുന്നിതെൻ ഹൃദന്തം.

കൊത്തിവലിക്കുകതിൽനിന്നുമാ ജീവ-
രക്തം മുഴുവനും ചോർന്നുപോട്ടെ.

എങ്കിൽ, ക്കനിഞ്ഞതു ചെയ്കിൽ നീ, യിന്നെനി
യ്ക്കെന്തെന്തൊരാശ്വാസമായിരിക്കും!

എല്ലാരുമെന്നെ വെറുക്കുന്നു-ഞാനുമി-
ന്നെല്ലാറ്റിനേയും വെറുത്തിടുന്നു.

എന്മനോഭാവത്തോടൈക്യത നേടുവാൻ
സമ്മതമുള്ളവരാരുമില്ല

എന്നപോൽ, മറ്റുള്ളോർ കൊട്ടിടുംപോലാടി
നിന്നിടാൻ ഞാനുമൊരുക്കമില്ല.

ഭീകരമാമീപ്പൊരുത്തമില്ലായ്മയാൽ
ലോകമെനിക്കു നരകമായി.

ഭീകരമാമീപ്പൊരുത്തമില്ലായ്മയാൽ
ലോകത്തിനു ഞാൻ ചതുർത്ഥിയായി.

തെല്ലുനാളല്ലാതെ കൂടിക്കഴിഞ്ഞീടു-
കില്ലെന്നോടൊത്താരുമെന്നുമെന്നും!

നീ മാത്രമുണ്ടെനിക്കെന്നടുത്തെപ്പൊഴും
നീരസം തോന്നാതെ തങ്ങിനിൽക്കാൻ.

ഇല്ലെനിക്കാരു;മീ ലോകത്തിൽ നീയല്ലാ-
തില്ലെനിക്കാരും, ഞാൻ നിസ്സഹായൻ!

ഇന്നതുകാരണ,മെന്തിലും മീതെയായ്
മന്നിൽ ഞാനിഷ്ടപ്പെടുന്നു നിന്നെ!

ഉത്തമമിത്രമേ, സങ്കോചമെന്തിനു
കോത്തിക്കുടിച്ചുകൊൾകെന്മനം നീ!!..
       
      രണ്ട്

ദികാലങ്ങളി,ലാദർശരശ്മികൾ-
ക്കാതിത്ഥ്യമേകി ഞാനെന്മനസ്സിൽ,

ആ നവയൗവനരംഗത്തിൽ സർവ്വവു
മാനന്ദസാന്ദ്രങ്ങളായിരുന്നു.

ഉന്നതമാകുമാ മാമകലക്ഷ്യത്തിൽ
മിന്നിത്തിളങ്ങിയ താരകങ്ങൾ

ഓമൽക്കരങ്ങളലെന്നെത്തഴുകവേ
കോൾമയിർക്കൊണ്ടു ഞാൻ പാട്ടു പാടി,

അന്നെന്റെ സങ്കൽപം കാണിച്ചലോക,മീ
മന്നിലും കാണാൻ ഞാൻ വെമ്പിനോക്കി.

എന്തൊരു കാഴ്ചയാണെന്മുന്നിൽ ഞാൻ കണ്ട-
തെന്തൊരത്യുഗമാം വൈപരീതം!

തോൽവിയിലെന്നെപ്പരിഹസിച്ചാരന്നു
തോളോടുതോൾചേർന്ന തോഴർ പോലും.

ദാരിദ്ര്യകൂപത്തിലാണെന്നിരിക്കിലും
സൂരാഭ ചൂടുമെന്നന്തരംഗം,

സ്വർഗ്ഗീയസ്നേഹത്തിൽക്കെട്ടിപ്പടുത്തൊരാ-
സ്വപ്നസൗധങ്ങളടിതകർന്നു.

എന്തു പരാജയം, ഹന്ത, ഞാനെമ്മട്ടെൻ
സന്താപബാഷ്പമടക്കിനിർത്തും?

എന്നല്ലൊരാദർശലോലനായാവിധ-
മെന്മുന്നിൽ നിന്നൊരെന്നുറ്റതോഴൻ,

ചാടിമറയുന്നു കാലപ്രവാഹത്തി-
ലാടലിയന്നു ഞാൻ നോക്കിനിൽക്കെ!

മായാമരീചികയായ് സ്വയം മാറുന്നു
മാനസമോഹനശ്രീമയൂഖം.

കമ്പിതഗാത്രനായ് സ്തംഭിതചിത്തനാ-
യമ്പരന്നാവിധം നിൽക്കുമെന്നെ,

തോളിൽക്കുലുക്കി പ്രസന്നനാം മറ്റൊരു
തോഴൻ പറകയാണിപ്രകാരംഃ-

 "എതിനാണീ മന്നിലാദർശസ്വപ്നങ്ങൾ
ചിന്തിച്ചു നോക്കൂ നീ മത്സുഹൃത്തേ!

തങ്കക്കിനാക്കളെപ്പൂവിട്ടു പൂജിച്ച
നിൻകളിത്തോഴനിന്നെങ്ങുപോയി?

നീയുമമ്മട്ടിൽ 'മരീചിക' തൻ പിമ്പേ
പായുകയാണയ്യേ, മാൻകിടാവേ!

ഈ മട്ടിലാണെങ്കിൽ നീയുമൊരിക്കൽ നി-
ന്നോമനത്തോഴനെപ്പിന്തുടരും.

ഗാനത്തിൽക്കാണുന്നതല്ല നാം കൺമുന്നിൽ-
ക്കാണുമീ ലോകമെന്നോർമ്മവേണം.

അങ്ങോട്ടു നോക്കുകക്കാനനപ്പച്ചകൾ
തിങ്ങുന്ന ശൈലത്തിൻശൃംഗകത്തിൽ,

വല്ലികൾ പൂത്തുതളിർത്തിടതൂർന്നുല-
ഞ്ഞുല്ലസിക്കുന്ന നികുഞ്ജമൊന്നിൽ,

മാണിക്യവീണയും മീട്ടിയിരിക്കുന്ന
മാനസമോഹിനിയുണ്ടൊരുത്തി.

ഉൽക്കർഷദേവതയാണവ,ളുണ്ടുള്ളി-
ലുൽക്കടപ്രേമമവൾക്കു നിന്നിൽ!

സ്വപ്നവും കണ്ടിങ്ങിരുന്നാൽ, നീയെമ്മട്ട-
സ്വർഗ്ഗീയരംഗത്തിൽ ചെന്നുചേരും?

ആകർഷകങ്ങളാമായിരം സിദ്ധിക-
ളേകിയിട്ടുണ്ടു നിനക്കു ദൈവം.

നീയവ പാഴിൽ നശിപ്പിക്കയാ,ണോരോ
മായികസ്വപ്നത്തിൻ കൂട്ടുകൂടി.

പാടിയാൽമാത്രം മതിയോ പരഭൃതം
തേടണ്ടേ മാകന്ദപല്ലവങ്ങൾ?

ഉൽക്കർഷം നിന്നെ വിളിക്കുന്നു കൈകാട്ടി-
യുൾക്കിതപ്പാർന്നു നീയിങ്ങു നിൽപൂ!

സ്വൽപവും ക്ഷുത്തടങ്ങീടുകില്ലാർക്കു, മാ-
സ്വപ്നാമൃതംകൊണ്ടെന്നോർമ്മവേണം.

പ്രായോഗികത്വത്തിൻ പാത പറ്റിച്ചേർന്നു
നീയവിടേയ്ക്കു കുതിച്ചുചെല്ലൂ.

കല്ലുണ്ടു, മുള്ളുണ്ടു, കാനനവീഥിയാ-
ണെല്ലാം സഹിക്കാനൊരുങ്ങണം നീ.

 പാതിവഴി കഴിഞ്ഞെത്തിയാൽ,പ്പിന്നത്തെ-
പ്പാതയിൽപ്പുഷ്പിതപാദപങ്ങൾ,

ഞെട്ടറ്റുതിർന്നിടും പൂക്കളാൽ, നീളെ, നൽ-
പ്പട്ടുപാവാടവിരിച്ചിരിക്കും!

വന്നെതിരേറ്റിടും നിന്നെയാ മോഹിനി
പൊന്നിൻ പൂന്താലവും കയ്യിലേന്തി

ഒട്ടും മടിക്കേണ്ട, നീ നിന്മിനുത്തൊരീ-
പ്പട്ടാടയെല്ലാമഴിച്ചു മാറ്റൂ!



പൊട്ടാത്തിരുമ്പിനാൽത്തീർത്തൊരീയെൻപട-
ച്ചട്ട നീ വാങ്ങിച്ചെടുത്തു ചാർത്തൂ!

തെല്ലുനാൾക്കുള്ളിൽ നീ സൗഭാഗ്യശൃംഗത്തി-
ലുല്ലസിക്കും, നീ യശസ്വിയാകും.

ഇന്നേവം നിന്നെയവഗണിച്ചീടുവോ-
രന്നു നിന്നെക്കാൺകെ കൈകൾ കൂപ്പും!

യുക്തിയും ബുദ്ധിയും യോജിച്ചൊരത്ഭുത-
ശക്തി നിനക്കുണ്ടധീനമായി.

പാരിൽ, നീ, യീവെറുമാലസ്യമൊന്നിനാൽ
പാഴിലതയ്യോ കളയരുതേ!

നന്മവരട്ടെ നിനക്കിനി വൈകേണ്ട
നർമ്മസഖാവേ പുറപ്പെടൂ നീ! ...'

   മൂന്ന്
സ്വന്തമായ് ചിന്തിക്കുവാനുള്ള ശക്തി,യെ-
ന്നന്തരംഗത്തിൽ ക്ഷയിച്ചിരുന്നു

അപ്പടച്ചട്ട ഞാൻ വാങ്ങിയിട്ടക്ഷണ-
മത്ഭുതവേഗത്തിലാഞ്ഞു പാഞ്ഞു.

അക്കൊടും പാച്ചിലിൽ മൽപാദപാതത്താൽ
പുൽക്കൊടിയേറെച്ചതഞ്ഞരഞ്ഞു.


മുള്ളുകൾപോലുമൊടിഞ്ഞു, വിലങ്ങിട്ട
വള്ളികൾ ചിന്നിത്തെറിച്ചടിഞ്ഞു.

 പേമാരി പെയ്തു-ഞാൻ നിൽക്കാത്ത മട്ടുക-
ണ്ടാമട്ടു വന്നപോൽ പോയ് മറഞ്ഞു.

കർക്കശവാതമടിച്ചു-ഞാൻ കാൽക്ഷണം
നിൽക്കുകില്ലെന്നായറിഞ്ഞൊഴിഞ്ഞു.

തീവെയിൽ വന്നെന്നെ വാട്ടി-ഞാനെന്നിട്ടും
പോവതു കണ്ടുടൻ പിൻവലിഞ്ഞു.

നിന്നില്ലൊരേടവും വീർപ്പിടാൻകൂടി ഞാൻ
മുന്നോട്ടു മുന്നോട്ടിരച്ചു പാഞ്ഞു.



അത്ഭുത,മെമ്മട്ടൊരേണാങ്കരശ്മി,യൊ-
രഗ്നിശിഖയായെരിഞ്ഞു മാറി?

ഇഷ്ടമായില്ലത,ന്നാളുമസൂയയാൽ
കഷ്ട,മെല്ലാവരും പല്ലിറുമ്മി.

എന്നല്ലഖിലരുമാവുന്ന മട്ടൊക്കെ-
യെന്നെ വീഴിക്കാനൊരുങ്ങിനോക്കി

പാവങ്ങൾ പാവങ്ങളായിക്കഴിയണം
പാടില്ലവർക്കാർക്കുമഭ്യുദയം.

വിത്തവാന്മാരുടെ പൈതൃകമാണുപോൽ
വിത്തവിഖ്യാതി വിദ്യാദിയെല്ലാം!

അല്ലിൽസ്സഹജയെജ്ജായമാക്കിത്തീർത്തു
നിർല്ലജ്ജനിർവൃതിയാസ്വദിപ്പോൻ

സൂരപ്രഭയിൽ യതീശ്വരനായ് സ്വയം
മാറി, വേദാന്തം വിളിച്ചു ചൊൽവൂ.

വിത്തമാണത്രേ കുലമഹിമയ്ക്കുള്ള
വിത്ത,തു പൊട്ടിക്കിളർന്നു പൂത്താൽ,

ചാരുസൗരഭ്യമായന്തസ്ഥദുർഗന്ധ-
മാരുമറിയുകയില്ല പോലും

എൽനാട്ടിലെൻ ചുറ്റും കാണുന്ന കാഴ്ച ഞാൻ
ചൊന്നതാ, ണേകുവിൻ മാപ്പു നിങ്ങൾ!

സത്യം വിളിച്ചു പറഞ്ഞാലീ ലോകത്തിൽ
ശത്രുക്കൾ മാത്രമേ ബാക്കിയാകൂ.

ആവിധമന്നയ്യോ, ശത്രുസമ്പന്നനായ്
ഭൂവി,ലനാഗതശ്മശ്രുവാം ഞാൻ.

ഇന്നുമതിനു കുറവില്ലൊരൽപവും
മന്നിലിന്നും ഞാൻ രിപുകുബേരൻ!

  എന്നഭ്യുദയമത്രയ്ക്കസഹ്യമായ്
വന്നൂ പലർക്കു,മവരുടനേ,

കണ്ടകമുള്ളിലായ് പാകി, മീതേ മലർ-
ച്ചെണ്ടിട്ട കുണ്ടുകളെൻവഴിയിൽ

ഒട്ടേറെ നിർമ്മിച്ചു, നാലുപാടും വല-
ക്കെട്ടുവിരിച്ചൂ കുരുക്കുവെച്ചൂ.

ഉൽക്കർഷസക്തനായ്പ്പാഞ്ഞുപോം ഞാനവ-
യൊക്കെയും മുൻകൂട്ടി ക്കണ്ടറിഞ്ഞു.

  എങ്കിലും കാണാത്തഭാവം നടിക്കയാൽ
ശങ്കയുണ്ടായില്ലവർക്കു തെല്ലും.

തുഷ്ടരായങ്ങിങ്ങു മൽപതനം കണ്ടു
പൊട്ടിച്ചിരിക്കാനൊളിച്ചിരുന്നു.

ഞാനും പഠിച്ചു നയങ്ങൾ കപടങ്ങൾ
ഞാനും പഠിച്ചു കൊലച്ചതികൾ

എന്നല്ലവരിലും ബുദ്ധിമാനാണു ഞാൻ
നന്നായെനിക്കവ കയ്യഴിക്കാം.

  ആനന്ദമായവർക്കാദ്യമേകീടുവാ-
നാണെനിക്കാശ ജനിച്ചതപ്പോൾ.

മറ്റുവഴികൾ കിടക്കവേ, മുള്ളുകൾ
മുറ്റും വഴിയിൽ ഞാനാദ്യമെത്തി!

പാതകൾവേഠെകിടക്കെ, ക്കുരുക്കുകൾ,
പാകിയേടത്തു ഞാനാദ്യമെത്തി.

വീണിടും ഞാനപ്പൊഴെന്നോർത്തൊളിച്ചങ്ങു
വാണിടുന്നോർക്കെന്തു ഹർഷഭാരം

പ്രീതനായ് കയ്യിലെടുത്തു, ഗർത്തങ്ങൾതൻ
മീതെയുള്ളാ മലർച്ചെണ്ടുകൾ ഞാൻ.

മർത്യനു കൺ കുളിർത്തീടുവാനായ് മാത്ര-
മത്ര മനോജ്ഞമാം മഞ്ജരികൾ,

നീളവേ വാരിവിതറിയോരീശന്റെ
നീടുറ്റ കാരുണ്യം ഞാൻ പുകഴ്ത്തി;

എന്നി,ട്ടടിയിൽക്കിടക്കുമാ മുള്ളുകൾ
മന്ദസ്മിതം തൂകി വാരിയേന്തി,

"എല്ലം ചെകുത്താന്റെ ദംഷ്ട്രക"ളെന്നു ഞാൻ
ചൊല്ലി ദൂരത്തു വലിച്ചെറിഞ്ഞു.

പാത്തിരിക്കുന്നോർതൻ മെയ്യിലെല്ലാം മുന-
കൂർത്തോരാ മുള്ളുകൾ ചെന്നറഞ്ഞു.



വേദനമൂലം പിടഞ്ഞെഴുന്നേറ്റവർ
വേഗമുഴന്നോടി നാലുപാടും;

എന്നെ വീഴിക്കാൻ വിരിച്ച വലകളിൽ
ത്തന്നെയോർക്കാതവർ ചെന്നുചാടി

ഒന്നുമറിയാത്ത ഭാവത്തിൽ, മുന്നോട്ടു
ചെന്നങ്ങവരെ ഞാനുറ്റുനോക്കി.

പെട്ടാവലയിൽക്കിടപ്പവർ മിക്കതും
കഷ്ട,മെൻ കൂട്ടുകാരായിരുന്നു.

ഒന്നിച്ചു ജീവനായ്ക്കൂടിക്കഴിയുന്നൊ
രെന്നാത്മമിത്രങ്ങളയിരുന്നു.

കണ്ടാൽക്കൊതിക്കുമവർതൻ മുഖത്തിലു
മുണ്ടു തീജ്ജ്വാലയെന്നാരറിഞ്ഞു!

തണ്ടാരിനൊത്തോരവർതന്മനസ്സിലു
മുണ്ടു കരിന്തേളെന്നാരറിഞ്ഞു!

സൗഹൃദം, സൗഹൃദം, ജീവിതപ്പൂവിന്റെ
സൗരഭം-കഷ്ടം, ഞാനെന്തുമൂഢൻ!

ഇത്രയുംകാലം തഴുകിയതാണെന്റെ
ചിത്തത്തിനോടു ഞാൻ ചേർത്തതിനെ.

പ്രേമത്തെ വിശ്വസിക്കായ്കയെന്നനുഭവ-
സ്തോമമെന്നെപ്പഠിപ്പിച്ചു പണ്ടേ.

ആകയാൽസൗഹൃദത്തോടു ഞാനത്രമേ-
ലാകൃഷ്ടനായിച്ചമഞ്ഞിരുന്നു.

പാവനമെന്നോർത്തൊരപ്പാരിജാതവും
പാഷാണപാദപമായിരുന്നോ!

ഞെട്ടി ഞാൻ-സ്വപ്നങ്ങൾകൈവി,ട്ടിരുമ്പു-
പോർച്ചട്ട ഞാനിട്ടതു ഭാഗ്യമായി.

അല്ലായിരുന്നെങ്കിലക്ഷണം ഞാൻ തല-
തല്ലി മരിച്ചീടുമായിരുന്നു.

ശത്രുക്കളാണസൂയാലുക്കളെന്നു ഞാ-
നിത്രയും കാലം ധരിച്ചു, പക്ഷേ,

മിത്രങ്ങളാണവരേക്കാൾ ഭയങ്കര-
രിത്തരുണത്തിൽ ഞാനെന്തു ചെയ്യും?

  ജീവച്ഛവമാ, യൊരക്ഷരം മിണ്ടാതെ-
യാവലക്കെട്ടൊട്ടറുത്തു നീക്കി,

പ്രാണനാശത്തിൽച്ചിരിക്കാനിരുന്നൊരെൻ
പ്രാണസഖാക്കൾക്കു രക്ഷയേകി.

എന്നാലതുമുതൽ,ക്കത്ഭുത,മായവർ-
ക്കൊന്നുപോൽ ഞാൻ ബദ്ധ ശത്രുവായി.

സൽബുദ്ധി നന്നല്ല ലോകത്തിലിന്നെനി-
ക്കപ്പോൾമുതൽക്കുള്ളിൽ ബോധ്യമായി!

  നിന്നില്ലവിടെഞാൻ പിന്നെ,ക്കുതിച്ചുപോയ്
മുന്നോട്ടു ഞാനെന്റെ പാടുനോക്കി.

ഹന്ത, സാധുക്കളവർക്കു ഞാനേകിയ-
തെന്തൊരിച്ഛാഭംഗമായിരുന്നു.

ജീവനെപ്പോലെ ഞാൻ സ്നേഹിച്ചിരുന്നവർ
കേവലം നിർദ്ദയഘാതകന്മാർ.

ഹന്ത, യിമ്മട്ടിലാണെങ്കി,ലീ ലോകത്തി-
ലെന്തിനെ യൊന്നിനി വിശ്വസിക്കാം?

എല്ലാം ചപലങ്ങളെല്ലാം കപടങ്ങ-
ളില്ലേ യഥാർത്ഥങ്ങൾ, ശാശ്വതങ്ങൾ?

സർവ്വവും നാട്യമോ, ജീവിക്കണമെങ്കിൽ
ദുർവാരമാണോ കപടവേഷം?

എങ്കിൽ ഞാനിത്രയും കാലമീ ലോകത്തി-
ലെന്തു വിഡ്ഢിയായിരുന്നു!

പാടില്ല, പാടില്ലെനിക്കും പറത്തണം
പാടേ ജയത്തിൻ പതാക പാരിൽ.

അന്യ ഹൃദ്രക്തത്തിൽ ഞാനെൻ പതാകകൾ
വർണ്ണം പിടിപ്പിക്കും തീർച്ചതന്നെ!

  വന്നിതുൽക്കർഷം കുണുങ്ങിയെന്മുന്നിൽ, ഞാൻ
കണ്ണെറിഞ്ഞില്ലൊന്നും മിണ്ടിയില്ല.

നെഞ്ചിടിപ്പാർന്നീ,ലവളുടെ നേർക്കൊരു
പുഞ്ചിരിയെങ്കിലും തൂകിയില്ല.

പിന്നിട്ട പാതയിൽ ഞാൻ കണ്ട കാഴ്ചയിൽ-
ത്തന്നെയെൻ ചിത്തം ലയിച്ചിരുന്നു.

മാറണിപ്പൂഞ്ചേല നേർക്കി,ട്ടുലഞ്ഞ പൊൻ-
മാലകൾ മീതേ ശരിക്കിണക്കി,

താനേ സമീപത്തു ചേർന്നുനി,ന്നോമന-
ത്താമരത്താരെതിർ കൈകൾ പൊക്കി,

തങ്കവളകളിളകിക്കിലുങ്ങുമാ-
റെൻ കണ്ഠനാളത്തിൽ കോർത്തിണക്കി,

നീലാളകങ്ങളുലഞ്ഞൂർന്നു നെറ്റിയിൽ
നീളെച്ചുരുളിട്ടു വീണു ചിന്നി,

ലജ്ജയാൽ, പൂങ്കവിൾക്കൂമ്പി,ലിരട്ടിച്ചൊ-
രുജ്ജ്വലശോണിമ മിന്നി മിന്നി,

രാജസോല്ലാസദവൈഭവദ്യോതക-
തേജസ്സണിഞ്ഞ മുഖമുയർത്തി,

"വല്ലാത്ത പുള്ളി" യെന്നോമനത്തം വഴി-
ഞ്ഞുല്ലസൽസ്മേരയായ് ക്കൊഞ്ചിയോതി,

അർപ്പിക്കയായവളെന്മുഖത്തായിരം
സ്വപ്നാത്മകങ്ങളാം ചുംബനങ്ങൾ!-

മാനസത്തിന്നു ലഹരിപിടിക്കുന്ന
മായികമംഗളചുംബനങ്ങൾ!

ഞാനഭിമാനിച്ചു ജീവിതലക്ഷ്യമി-
താണെന്നതിൽ ഞാനഹങ്കരിച്ചു.

   നാല്

ണ്ടല്ല നാലല്ല നാനൂറു കയ്യുക-
ളുണ്ടെനിക്കുഗ നഖങ്ങളുമായ്!

പല്ലുകളല്ലുഗ ദംഷ്ട്രകൾ, കണ്ണുനീ-
രല്ലെൻ മിഴികളിൽ തീപ്പൊരികൾ!

ചെണ്ടല്ല വജ്ര ശിലയാണകം, മെയ്യിൽ-
കാണ്ടാമൃഗത്തിൻ കടുത്ത ചർമ്മം.

ഓടക്കുഴലൊരു കയ്യിൽ,ക്കൊടും തല-
യോടു മറ്റൊന്നി,ലൊന്നിൽക്കുഠാരം,

വേറൊന്നിൽ മദ്യചഷകം, സ്ഫുലിംഗങ്ങൾ
പാറും ഗരളമൊരു കരത്തിൽ,

രക്തമിറ്റിറ്റു വീഴും കുടൽ മാലകൾ
തത്തിക്കളിക്കുന്ന ഹസ്തമേകം,

ശ്രീല സൗരഭ്യമെഴും മലർമാലകൾ
ചേലഞ്ചി മിന്നുന്ന ഹസ്തമന്ന്യം,

ഹസ്തമൊന്നിൽ ഗീത; മറ്റൊന്നിൽ കാമാഗ്നി-
കത്തുന്ന പൂരപ്രബന്ധ കാവ്യം-

എന്തു വൈരുദ്ധ്യം!- ഹാ, മാറിപ്പോ, മാറിപ്പോ
ചെന്തീ വമിക്കും കൊലപ്പിശാചേ!....

     അഞ്ച്

  ന്തൊരു മാറ്റമാ, ണയ്യോ, ഞാൻ പണ്ടൊരു
ഗന്ധർവ ബാലകനായിരുന്നു.

മഞ്ഞുമ്മവെച്ചൊര ച്ചെമ്പനീർപ്പൂപോലെ
മന്ദഹസിക്കും മനസ്സുമായി,

അല്ലലെന്താണെന്നറിയാതൊരു കൊച്ചു-
പുല്ലാങ്കുഴലുമെൻ കയ്യിലേന്തി,

മേയുവാനാടുകൾ പൂകുന്നകാടുകൾ
മേളിച്ച താഴ്വരപ്പച്ചകളിൽ,

കണ്ണഞ്ചും പൂ ചൂടിക്കാനനവല്ലികൾ
കണ്ണാടിനോക്കുന്നൊരാറ്റുവക്കിൽ

ഉച്ചവെയിലരിച്ചൂർന്നിറങ്ങാത്തൊര-
പ്പച്ചമരങ്ങൾ തൻ പൂന്തണലിൽ,

സ്വർഗ്ഗമാണീ ലോകമന്നമ, ട്ടെപ്പൊഴും
സ്വപ്നവും കണ്ടു കഴിച്ചുകൂട്ടി !

  കാപട്യമെന്തന്നറിയാതെ സർവ്വവും
കാണുന്നമട്ടിൽ ഞാൻ വിശ്വസിച്ചു.

മാനസത്തിങ്കലിടവിടാതന്നോരോ
ഗാനം തുളുമ്പി ത്രസിച്ചിരുന്നു.

ചിത്രശലഭം പോലോരോ സുഷമയിൽ
ചിത്തം മദിച്ചു പറന്നിരുന്നു.

ഉത്സുകനായിരുന്നില്ല ഞാനൊട്ടുമ-
ന്നുൽക്കർഷലക്ഷ്മിക്കതിഥിയാകാൻ.

ആവശ്യമെന്നെ ച്ചുഴന്നിരുന്നില്ല, ഞാ-
നാഡംബരത്തിൽ മുഴുകിയില്ല.

ഓലക്കുടിലിലെപ്പായ്ത്തുണ്ടി,ലന്നല്ലി-
ലോമൽക്കിനാക്കൾ കുണുങ്ങിയെത്തി

എന്നെപ്പുണർന്നു; ഞാൻ കോള്മയിർക്കൊണ്ടുകൊ-
ണ്ടെന്നെയും കൂടി മറന്നിരുന്നു.

വിത്തമി,ല്ലുൽകൃഷ്ടവിദ്യയി,ല്ലുജ്ജ്വല-
വിഖ്യാതിയില്ല, വിഭവമില്ല.

പാരിലുണ്ടിമ്മട്ടൊരാളെന്നു പോലുമ-
ന്നാരുമൊരാളുമറിഞ്ഞതില്ല.

ഏവമഗണ്യനാ, യജ്ഞാതനായ്ത്തന്നെ-
ജീവിച്ചിരുന്നെങ്കിലൂഴിയിൽ ഞാൻ!

ഒന്നുമില്ലാത്തവ, നൊന്നുമിലാത്തവൻ
മന്നിലവനാണു ഭാഗ്യശാലി!

  നൊന്തിടുന്നെന്മനം-മാറിപ്പോയ് കാല,മി-
ന്നെന്തുഫലമീയനുശയത്താൽ?

ഉൽകർഷലക്ഷ്മിതൻ സൽക്കാരശാലയിൽ
നിൽക്കയാണിന്നണഞ്ഞുദ്ധതൻ ഞാൻ.

പേരും പെരുമയും നേടി,യെൻ ജീവിത-
പ്പോരാട്ടമേവം വിജയമായി.

ചിന്തിച്ചിരിക്കാതൊരായിരം ഭാഗ്യങ്ങൾ
ചെന്തളിർ പാകുന്നിതെൻ വഴിയിൽ.

എങ്കിലു,മയ്യോ,മരവിച്ചുപോയി മൽ-
സ്സങ്കൽപം-ഞാനൊരു യന്ത്രമായി.

സ്പന്ദിപ്പതില്ലെൻ മനമിന്നകൃത്രിമ-
സൗന്ദര്യ പൂജതൻ നിർവൃതിയിൽ.

ഓമൽക്കിനാക്കളി,ല്ലെന്നല്ലണവതി-
ല്ലീ മലർമെത്തയിൽ നിദ്രപോലും!

ചന്ദ്രികയിങ്കൽ കുളുർമ്മയി,ല്ലിന്നത്തെ
മന്ദാനിലനിൽപുളകമില്ല.

ഈ വട്ടമേശമേൽസ്ഫടികക്കുപ്പിയി-
ലാവതും ഭംഗിയിൽച്ചേർത്തിണക്കി,

കേവലമാഡമ്പരാർത്ഥമായ് വെച്ചൊരി-
പ്പൂവണിച്ചെണ്ടിൽപ്പുതുമയില്ല.

വീറോടീ യന്ത്രം വമിക്കുന്ന സംഗീത-
വീചികൾക്കൊന്നിനും ജീവനില്ല.

സ്പന്ദമി,ല്ലില്ല ചൂ,ടില്ല ചൈതന്യ,മി-
ന്നെന്തും ജഡം, ഹിമശീതകൂടം !

ഇത്ര നാളയ്യോ പണിപ്പെട്ടു ഞാൻ പാഞ്ഞ-
തിപ്രേതലോകത്തിലെത്തുവാനോ?

അയ്യോ, മതി, മതി; പോകട്ടെനിക്കിനി
വയ്യ, വയ്യിങ്ങനെ വീർപ്പുമുട്ടാൻ!

  അന്നെന്റെ മുന്നിൽ, നിന്നുത്തേജനവുമായ്
വന്നതെന്തിന്നു നീ മൽസുഹൃത്തേ?

സ്വപ്നവിഹാരിയാണെങ്കിലു, മന്നു ഞാൻ
സ്വച്ഛാർദ്രമാനസനായിരുന്നു.

നിത്യപരാജിതനാകിലു,മന്നെന്നിൽ
നിഷ്കളങ്കത്വം നിറഞ്ഞുനിന്നു.

നീയന്നു നൽകിയ പോർച്ചട്ടയുമിട്ടു
പായുകമൂലം പുരോഗതിയെ

ഏവം പുണരാൻ കഴിഞ്ഞുവെന്നാകിലും
ജീവിതമിന്നെനിക്കുഗ ഭാരം!

ഹന്ത, ഞാനോരോരോ വഞ്ചന ചെയ്തു ചെ-
യ്തെന്തിനു ചൂടിയിപ്പൊൻ കിരീടം?

സത്യത്തിൽനിന്നുമകന്നകന്നെന്തിന്നു
പൊത്തിപ്പിടിപ്പതീപ്പുഷ്പതൽപം?

  ജീവിതവീഥിയിൽ ച്ചിന്തിയാതാവിധം
നീ വന്നു ചേർന്നിരുന്നില്ലയെങ്കിൽ,

ഹാ,പിശാചായി ഞാൻ മാറാതിരുന്നേനേ
പാപത്തെപ്പേടിച്ചു മേവിയേനേ!



കാടും മലകളും കുന്നും പുഴകളും,
കാണിച്ച ലോകത്തിൽ ത്തൃപ്തനായി,

ശത്രുക്കളില്ലാതെ, ശത്രുവായ്ത്തീരാതെ,
നിത്യ ശാന്തിക്കു വിധേയനായി,

ആരുമറിയാതെ ജീവിത നാടക-
മാടി,യണിയറ പൂകിയേനേ!

  നാണയത്തുട്ടെടുത്തമ്മാനമാടുന്ന-
താണുപോലുൽകർഷമാനദണ്ഡം,!

ലജ്ജിപ്പൂ ഭൗതികോൽകർഷമേ, നിന്മുന്നിൽ
മജ്ജീവിതാർപ്പണം ചെയ്കയാൽ ഞാൻ.

മദ്യം പകർന്നു തന്നെന്നെ, നീ
മത്തുപിടിപ്പിക്കയല്ലി മേന്മേൽ?

തുപ്പുന്നു ഞാനിന്നതു നിന്മുഖ,ത്തുഗ-
ദർപ്പമുൾക്കൊള്ളും കൊലപ്പിശാചേ.

കാന്തികലർന്ന മത്സ്വപ്നങ്ങളൊന്നോടെ
മാന്തിപ്പൊളിച്ച ഭയങ്കരി നീ!

മോഹിനിവേഷത്തിലാറാത്തൊരാ രക്ത-
ദാഹമാർന്നെത്തിടും സിംഹിക നീ!

കാർമുകിലൊത്ത നിൻകൂന്തലിൽ ചീറ്റുന്ന
കാളസർപ്പങ്ങളൊളിച്ചിരിപ്പൂ!

ഉഗദംഷ്ട്രങ്ങൾ മറച്ചു, നീ വർഷിപ്പി-
തുൽഫുല്ലസുന്ദര സുസ്മിതങ്ങൾ!

പോക നീ, പോക നീ, ദൂരെപ്പിശാചികേ,
പോരേ കുടിച്ചതെൻ ജീവരക്തം?

     ആറു

മുള്ളുമുരുക്കിൽപ്പടർന്നിടും തൈമുല്ല-
വല്ലരിതൻകഥയെന്തു ചൊല്ലാൻ?

വിണ്ണിലെത്താരാകുമാരികൾ മാത്രമാ-
ക്കണ്ണീർക്കണങ്ങൾക്കു സാക്ഷിനിൽക്കേ,



നിർദ്ദയ ചിത്തമേ, ലജ്ജയില്ലേ നിന-
ക്കെത്തിനോക്കാനത്തപോവനത്തിൽ?

നോവല്ല, വേവാണിതാമൃദു ചിത്തത്തി-
നീ വിധിയീശൻ വിധിച്ചതെന്തേ?

നിർദ്ദയൻ തന്നെയോ ദൈവവും? സദ്ഗുണ-
മത്തലിൻ മറ്റൊരു നാമമാണോ?

പുഞ്ചിരിപ്പൂക്കളും രോമഹർഷങ്ങളും
വഞ്ചനയ്ക്കുള്ള സമ്മാനമാണോ?

എന്തിനല്ലെങ്കിലാപ്പൂനിലാക്കാലതി-
ച്ചെന്തീയിനോടു ചേർന്നൊട്ടി നിന്നൂ?

പൊള്ളണം, പൊള്ളണം-നിൻ വിധിയാണു;ഞാ-
നള്ളിയള്ളിപ്പിടിക്കട്ടെ നിന്നെ!....


      *** *** ***

    ഏഴ്

പാതിരയോളം പണിത്തിരക്കിൽപ്പെട്ടു
പാരം തളർന്നു തളർന്നൊടുവിൽ

താനേ ലയിച്ചുപോയ് ഗാഢസുഷുപ്തിയിൽ
ചേണഞ്ചിടുമീ മഹാനഗരം. (മദിരാശി)

എത്രയോ തീവ്രമായ് സ്പന്ദിച്ചിരുന്നതാ-
ണിത്രയും നേരമിതിൻ ഹൃദന്തം.

വിസ്മയമാണോർക്കിലിത്ര പെട്ടെന്നിതിൻ-
വിക്രമഗർവ്വങ്ങളെങ്ങു പോയി?

  കണ്ണീർപൊഴിച്ചിതിൻ കോണിലൊന്നിൽ സ്വയം
നിർന്നിദ്രനായിതാ ഞാനിരിപ്പൂ!

ഞാനുമുറങ്ങും-തളർന്നു തളർന്നേവം
താനേയെൻ കണ്ണൂമടഞ്ഞു പോകും.

എല്ലാമൊടുവി,ലിതാ,ണീയുറക്കമാ-
ണില്ലീ നിയമത്തിനില്ല ഭേദം.

വീണടിയേണമൊരിക്കലതിങ്ക,ലീ-
ക്കാണുന്ന സർവ്വ ചരാചരവും!

ആദ്യമധ്യാന്തമറ്റുള്ളോരതിലണ-
ഞ്ഞാദിത്യൻപോലും പൊലിഞ്ഞുപോകും.

ഞാനാ,രൊരു വെറും പുൽക്കൊടി,യെന്നഭി-
മാനഗർവ്വത്തിനെന്തർത്ഥമാവോ?

  നിൽക്കുന്നു ദൂരെച്ചിരിച്ചുകൊ,ണ്ടങ്ങതാ
നിത്യപ്രദീപ്തനഭശ്ചരങ്ങൾ!

അബ്ദായുതങ്ങളായ് ക്കാണ്മവരാണവർ
മർത്യപ്പുഴുക്കൾതൻ മത്സരങ്ങൾ

എന്നുമതിനില്ല മാറ്റ,മാ മത്സരം
തന്നെയാണിന്നും ജഗത്തിലെങ്ങും.

വ്യക്തിയിൽ നിന്നും കിളർന്നു, കുടുംബത്തി-
ലെത്തി,പ്പതുക്കെപ്പടർന്നുകേറി,

പിന്നെ സ്സമുദായം പ്രാപിച്ചു രാഷ്ട്രത്തി-
ലൊന്നോടണഞ്ഞെരിഞ്ഞാളിയാളി,

ഇദ്ധരാചക്രം മുഴുവനും വ്യാപിപ്പി-
തിദ്ധപ്രഭാവോഗയുദ്ധവഹ്നി!

  ശക്തിതൻ ലക്ഷ്യ,മൊരിക്കലും വറ്റാത്ത
രക്തപ്പുഴക്കളാണെന്നിരിക്കിൽ,

മർക്കടം ഭേദ,മതിങ്കൽ നിന്നുള്ളൊരീ
മർത്ത്യപ്രയാണമിന്നെങ്ങു ചെല്ലും?

അയ്യോ, മതി, മതി, വേണ്ടിപ്പുരോഗതി;
വയ്യ വയ്യിക്കൊടും രക്തപാനം!

പിന്നോട്ടു പോയ് നാമിരുകാൽപ്പശുവായി
നിന്നാക്കിരാതനിൽ വിശ്രമിക്കാം.

ഒന്നോടെ തീവെച്ചെരിക്കനാമാദ്യമായ്
മന്നിതിൽ വിദ്യാലയങ്ങളെല്ലാം.

ഇന്ധനമാക്കാം നമുക്കഗ്നികുണ്ഡത്തിൽ
ഗന്ഥങ്ങളീ മന്നിലുള്ളതെല്ലാം

സംഗീത, സാഹിത്യ, ശാസ്ത്രാദി സംഘങ്ങൾ
സർവ്വവുമൊന്നോടെ സംഹരിക്കാം.

മന്നിതി,ലയ്യോ, മനുഷ്യൻ മനുഷ്യനെ-
ത്തിന്നേണമെങ്കി,ലിതൊക്കെ വേണോ?

ഏകമഹാഗ്നേയപിണ്ഡപാതത്തി,ലീ
ലോകമൊന്നോടെ നശിച്ചിതെങ്കിൽ!

വേണ്ടാ പരീക്ഷണം, വേണ്ടാ ഗവേഷണം,
വേണ്ട വിജ്ഞാനം, പുരോഗമനം;

ആഴിക്കടിയിൽ നമുക്കെത്തി നീന്തിടേ-
ണ്ടാകാശത്തിങ്കൽ പറന്നിടേണ്ട.

എന്തിനു?-നന്മയ്ക്കോ?-നാശത്തിനാണു, പി
ന്നെന്തുകൊണ്ടൊന്നായ് നശിച്ചുകൂടാ?

    എട്ട്


പാടും പിശാചിനെപ്പൂമാല ചാർത്തുന്നു
മൂഢപ്രപഞ്ചമേ, സാദരം നീ.

"ഗന്ധർവൻ, ഗന്ധർവൻ"-കീർത്തിയാണുഃനി-
ന്നന്ധതയ്ക്കിന്നുമറുതിയില്ലേ?

എന്മുഖത്തേയ്ക്കൊന്നു സൂക്ഷിച്ചു നോക്കിടു-
കെന്നെക്കുറിച്ചു നീയെന്തറിഞ്ഞു?

കണ്ടോ വളഞ്ഞുകൂർത്തുള്ളൊരിദ്ദംഷ്ട്രകൾ
കണ്ടോ നീ കണ്ണിലെത്തീപ്പൊരികൾ?

രക്തം കുടിച്ചു മദിച്ചു പുളയ്ക്കുമീ-
യത്യന്തരൂക്ഷമാം നാക്കുനോക്കൂ!

ഞാനാണോ ഗന്ധർവ്വൻ-സൂക്ഷിച്ചുനോക്കു,കീ
ഞാനൊരത്യുഗ വേതാളമല്ലേ?

  പാടി ഞാൻ നിന്നെയുറക്കു,മെന്നിട്ടു,നിൻ-
ചൂടുള്ള രക്തമൂറ്റിക്കുടിക്കും;

ആദ്യം ചിരിക്കും, തലോടു, മനന്തരം
കൂർത്ത നഖം കൊണ്ടു പയ്യെ നുള്ളും;

ഒന്നു നീ ഞെട്ടും, നയത്തിൽ ച്ചിരിച്ചു ഞാൻ
പിന്നെയും പുൽകു,മിടയ്ക്കു നുള്ളും;

അൻപിൽ ഞാൻ സ്നേഹം നടിക്കും, ചിരിച്ചിടും,
ചുമ്പിക്കു, മപ്പൊഴും പ യ്യെ നുള്ളും;

അങ്ങനെ, യങ്ങനെ നുള്ളി, നുള്ളി, പ്പെട്ടെ-
ന്നങ്ങട്ടഹാസത്തോടേറ്റു തുള്ളി,

തല്ലി, നഖങ്ങളത്യുഗമായൊന്നോടെ
തള്ളി, നിൻ പള്ളപൊളിച്ചു ചീന്തും!

കാലും കരങ്ങളും തല്ലിപ്പിടച്ചു നീ
കാതരമായിക്കരഞ്ഞിടുമ്പോൾ,

ചുട്ട രക്തം കോരിക്കോരിക്കുടിച്ചിടും,
പൊട്ടിച്ചിരിച്ചു, മലറിയും ഞാൻ!

എന്നിട്ടു നിങ്കുടൽ മാലയും ചാർത്തി, ഞാൻ
നിന്നു, നിൻചുറ്റുമായ് നൃത്തമാടും.

ഒന്നു നോക്കീടുകിനിയുമെൻ നേർക്കു നീ-
യെന്നെ നിനക്കു മനസ്സിലായോ?

ഓടിക്കോ, ജീവനിലാശയുണ്ടെങ്കിൽ, നീ-
യോടിക്കോ-ഗന്ധർവനല്ല മുന്നിൽ!!...

          ഒമ്പത്

  രാണെൻ ജീവിത വീഥിയിൽ നിൽപവ-
ളാരു നീ, യാരു നീ, യത്ഭുതാംഗി?

സ്നേഹസ്വരൂപിണി, നീ വന്നതെന്തിനി-
സ്സാഹസികോഗന്റെ സന്നിധിയിൽ?

തത്തിക്കളിപ്പൂ പരിവേഷരശ്മിക-
ളുത്ത്മേ, നിന്മുഖത്തിന്നു ചുറ്റും!

എന്തിനെനിക്കയ്യോ, കാഴ്ചവെയ്ക്കുന്നതീ-
ച്ചെന്താരിനൊത്ത നിന്മാനസം നീ?

കാലു ഞാൻ പൊക്കിച്ചവിട്ടി ഞെരിക്കുകി-
ല്ലീ ലോലപുഷ്പമെന്നാരുകണ്ടു?

പുഞ്ചിരിക്കൊണ്ടു നീ നിൽപിതോ മുന്നി,ലെൻ-
നെഞ്ചിടിപ്പിന്നേവമൂക്കുകൂട്ടി?

  ഉണ്ടെനിക്കുഗ നഖങ്ങ,ളതേറ്റെത്ര
ചെണ്ടുകൾ വാടി വിളർത്തുപോയി!

എന്നിട്ടുമാ മനസ്സൂനമെനിക്കു നീ
തന്നിടുന്നോ കനിഞ്ഞോമനിക്കാൻ?

പൊള്ളിക്കയാണു നിൻ വിശ്വാസമെന്നെ, ഞാ-
നുള്ളലിഞ്ഞയ്യോ, ലയിപ്പു നിന്നിൽ!

  സ്നേഹമെന്താണെന്നറിഞ്ഞിരുന്നില്ല ഞാൻ
മോഹനേ, നീ മുന്നിലെത്തുവോളം.

സ്നേഹിക്കുവാനായ്പ്പഠിപ്പിപ്പു നീ നിന്റെ
സാഹചര്യത്താൽ പിശാചിനേയും.

പാടും പിശാചിനെ പ്രാണനായ് പ്പൂജിപ്പു
പാവനസ്നേഹാർദ്ര ദേവതകൾ!

  മിത്ഥ്യാഭ്രമത്തിനധീനനായ് ക്കേവല-
മിത്രയും നാൾ ഞാനഹങ്കരിച്ചു.

ഇന്നെന്നിലേയ്ക്കെന്നെ നോക്കിക്കയാണുനീ
നിന്നുജ്ജ്വല സ്നേഹദീപ്തിയിങ്കൽ

ലജ്ജിപ്പതിന്നുഞാ,നെന്നിലും ക്ഷുദ്രമാ-
യിജ്ജഗത്തിങ്കലില്ലന്യകീടം.

ലോകത്തെയൊട്ടുക്കു തെറ്റിദ്ധരിപ്പിച്ചു
ഹാ, കഷ്ട,മെൻഗാനധാരയാൽ ഞാൻ!

ലോകോത്തരങ്ങളാമാദർശരശ്മികൾ
പാകി ഞാനെന്റെ പാഴ്പ്പാട്ടുകളിൽ.

എന്നിട്ടിരുട്ടിൽ മദിച്ചു പുളച്ചു ഞാൻ
മന്നിൽ മൃഗത്തിലും നീചമായി.

ഭാവസാന്ദ്രങ്ങളെൻ ഗാനങ്ങളി,ലെന്നെ
ദേവനായ്ക്കാണുകയാണു ലോകം.

ഞാനോ, വെറും പിശാ,ചിലൽപമെങ്കിലും
മാനവത്വത്തിൻ മഹത്വമെന്നിൽ!

"ഹാ, വിഷാദാത്മകൻ, ശാന്തൻ, വിനീതാർദ്ര-
ഭാവൻ"-പലരും പറഞ്ഞിതെന്നെ.

കുന്നുകൂടിക്കിടന്നീടുകയാണഭി-
നന്ദനാലേഖ്യങ്ങളെന്റെ മുമ്പിൽ.

അയ്യോമടുത്തു, മടുത്തു!- വഞ്ചിക്കുവാൻ
വ യ്യെനി.ക്കീ മേന്മ വേണ്ട മേലിൽ.

എൻ ചിറകിന്മേലെനിക്കെന്റെയല്ലാത്ത
പൊൻതൂവലൊന്നുമാവശ്യമില്ല!

പാട്ടിൽ ക്കരഞ്ഞ ഞാൻ, ജീവിതപ്പൂമര-
ച്ചോട്ടിലിരുന്നു പൊട്ടിച്ചിരിച്ചു.

നിസ്തുല ഭോഗവിലാസ ലഹരിയിൽ
നിത്യമിന്നോളവും മത്തടിച്ചു.

പാടി ഞാൻ നിർമ്മലപ്രേമം മധുരമായ്
തേടി നിർലജ്ജമക്കാമവും ഞാൻ.

ആദർശശാലിഞാ, നാദർശശാലി ഞാ-
നോതുന്നിതന്ധരാരാധകന്മാർ!

വസ്തുസ്ഥിതികൾ മറച്ചുവച്ചുള്ളതാ-
മിസ്തുതിഗീതങ്ങളാർക്കുവേണം?

പങ്കിലൻ ഞാൻ സ്വയം വഞ്ചിച്ചു നേടിയ
തങ്കക്കിരീടം തെറിച്ചുപോണം!

വന്ദിച്ചിടേണ്ടെന്നെയാരും, യശസ്സിന്റെ
ചന്ദ്രികച്ചാറുമെനിക്കു വേണ്ട

ഉള്ളുപൊട്ടി,ക്കണ്ണുനീർ പയ്തൊടുങ്ങണം
തള്ളിവിണ്ണേറിയ കാളമേഘം.

തൂമ വഴിഞ്ഞതവതരിപ്പിക്കുന്നൊ-
രാ മഴവില്ലും മറഞ്ഞു പോണം!

  എന്നേകമോഹമിതാണിന്നു ശേഷിപ്പ-
തൊന്നായ് വെറുക്കണം ലോകമെന്നെ!

വേണ്ടെനിക്കാരും, ജഗത്തിലെന്നെക്കൂടി
വേണ്ടെനി,ക്കെല്ലാമകന്നിടട്ടെ!

മജ്ജഡമ്പോലുമെടുത്തു ചിതാഗ്നിയിൽ
സംസ്കരിച്ചീടുവാനാളു വേണ്ട.

ചത്തടിഞ്ഞാൽ ഞാൻ, സഹോദരസ്നേഹമാ-
ർന്നെത്തും കഴുകുകളെന്നരികിൽ.

നിശ്ച്യിക്കാൻ മേ,ലവജ്ഞ തോന്നാമെന്നൊ-
ടത്രയ്ക്കുമേലന്നവയ്ക്കു പോലും!



രക്ത ബന്ധംപെടും മിത്രങ്ങളോള, മുൾ
ക്കട്ടിയെന്നാലവയ്ക്കില്ലതന്നെ!

സ്വന്തം സഹോദരനെക്കാൾ കരുണയും
നന്ദിയുമുണ്ടാക്കഴുകുകളിൽ!

കൊത്തുമെന്നാലും മരിച്ചിട്ടുമാത്രമേ
കൊത്താനവ വന്നു കൊക്കു നീട്ടൂ!

  രാഗപരവശേ, മജ്ജീവിതത്തിൽ നീ-
യാഗമിച്ചില്ലായിരുന്നു വെങ്കിൽ,

കാണാതെയെൻ കണ്ണടഞ്ഞേനെയെന്നിലീ
വീണവായിക്കും പിശാചിനെ ഞാൻ!

എന്നെ നീ കാണിച്ചുതന്നു, നിൻപ്രേമത്തിൻ
മിന്നിജ്വലിക്കുമപ്പൊന്നൊളിയിൽ.

ഇന്നോളം വഞ്ചിച്ചു ലോകത്തെയൊന്നായ് ഞാൻ
മുന്നിൽ നീയെത്തി, ഞാനാളുമാറി.

താനേ കുനിഞ്ഞുപോകുന്നു നിന്മുന്നിലെ-
ന്നാനനം-ശക്തിസ്വരൂപിണി നീ!

ഇത്രയും നാളെൻവിജയം പരാജയ-
മിത്തോൽവിയാണെൻജയാഭിഷേകം.

നീയടുക്കുംതോറുമെന്നിൽ നിന്നങ്ങനെ
പായുകയാണാപ്പിശാചു ദൂരെ.

വീണവായിക്കുമഗ്ഗന്ധർവ്വനെത്തന്നെ
കാണും നീയെന്നിൽ മരിക്കുവോളം!

വേണ്ടെനിക്കുൽക്കർഷം, പോവുകയാണു ഞാൻ
വീണ്ടുമെന്നാദർശമേഖലയിൽ,

സ്വർഗ്ഗീയകാന്തിയിൽ മുങ്ങി സ്സുരഭില-
സ്വപ്നങ്ങൾ പൂക്കുമാ നല്ല നാട്ടിൽ.

കിന്നരനായിജ്ജനിച്ചവനാണു ഞാ-
നെന്നെപ്പിശാചാക്കി മാറ്റി കാലം.

അന്നതിനുള്ളോരുപാധി,യെൻ ചാരത്തു
നിന്നൊരെൻ സ്നേഹിതനായിരുന്നു.



കിന്നരനാക്കാൻ തുനിയുകയാണിതാ
പിന്നെയുമെന്നെയെടുത്തു കാലം.

നീതയായ് മാമകജീവിതപന്ഥാവിൽ
നീയതിനിന്നൊരു പാധിയായി.

എന്നാൽപ്പണ്ടത്തെ സ്വതന്ത്രവായുക്കള-
ല്ലിന്നു പുൽകുതെന്നന്തരീക്ഷം

ഭീതനല്ലെങ്കിലും ഞാനിന്നിതാ, മർത്ത്യ-
നീതിതൻ മുന്നിൽത്തടവുകാരൻ!

ചങ്ങലയ്ക്കെന്നാൽ മുഴുപ്പി,ല്ലിരുമ്പല്ല,
സംഗീതമാണതിൻ കണ്ണിയെല്ലാം.

പ്രാണനിലാണീ വില, ങ്ങിതു പൊട്ടിക്കാൻ
ത്രാണിയി,ല്ലെന്നല്ല പൊട്ടുകില്ല.

പോരെങ്കിൽ, താക്കോലുമെൻ കയ്യിലാണു ഞാൻ
പോവതെ,ങ്ങില്ല, ഞാൻ പോവുകില്ല.

ഞാനിത്തടവിലിരുന്നുകൊണ്ടിങ്ങനെ
മാനസം കൊണ്ടു സ്വതന്ത്രനാകും.

കിന്നരൻ, ഹാ, ഞാൻ മരിപ്പോളവും നിന്നെ
വർണ്ണിച്ചു വർണ്ണിച്ചു പാട്ടുപാടും.

സ്നേഹത്തിനായി ഞാൻ സ്നേഹിപ്പുനിന്നെ-ഞാൻ
മോഹിപ്പതില്ലതിൻമീതെയൊന്നും.

എല്ലാരുമുണ്ടെനി,ക്കാരുമ,ല്ലേവം ഞാ-
നെല്ലാറ്റിലുംനിന്നകന്നു നിൽക്കും.

സ്വപ്നങ്ങൾ, സർവ്വവും ഭാവനമോഹന-
സ്വപ്നങ്ങൾ,ഹേമാങ്കിതോജ്ജ്വലങ്ങൾ!

സ്വപ്നങ്ങളാണുസുഖം, മനം പൊള്ളിക്കു-
മിപ്രപഞ്ചത്തിലെ വാസ്തവങ്ങൾ.

മിത്ഥ്യകളാണോർക്കിൽ സ്സർവ്വയാഥാർത്ഥ്യവും
സ്വപ്നങ്ങള്മാത്രമേ സത്യമുള്ളൂ.

വ്യർത്ഥമാം ഭൗതികോൽകർഷമേ, ഞനെന്റെ
സ്വപ്നലോകത്തേയ്ക്കുതന്നെ പോട്ടെ!

ഞാനെന്റെ ദേവിയെ ധ്യാനിച്ചും പൂജിച്ചും
ഗാനാത്മകനായ്ക്കഴിഞ്ഞിടട്ടെ!

പൊന്നിൻ ചിറകാഞ്ഞടിച്ചടിച്ചെന്മുന്നിൽ
വന്നിടുകെൻ പ്രിയസ്വപ്നങ്ങളേ!....

       പത്ത്

ദ്രേ, വെറുമൊരുദുസ്വപ്നംപോലെയീ
ക്ഷുദ്രകീടത്തെ നീ വിസ്മരിക്കൂ!

നോവിച്ചു നിർദ്ദയമിത്രയും കാലമീ-
പ്പൂവുപോലുള്ള നിന്മാനസം ഞാൻ.

ഇത്രയ്ക്കഴകും സുഗന്ധവുമൊത്തെഴും
ചിത്തം നിനക്കല്ലാതാർക്കുകിട്ടും?

എന്നിട്ടും ഞാനതിൽ സൗന്ദര്യം കണ്ടിട്ടും,
വന്നില്ലെടുത്തതൊന്നോമനിക്കാൻ;

എന്നല്ല, ഞാനതിൻപിഞ്ചിതളോരോന്നു-
മെൻ നഖാഗത്താൽ മുറിപ്പെടുത്തി!

  ദുഃഖം സഹിക്കുവാനാകാതെ നിങ്കരൾ
പൊട്ടി, നീ തേങ്ങിക്കരഞ്ഞീടുമ്പോൾ,

ദൂരെ ഞാനോരോരോ തങ്കക്കിനാക്കളെ
വാരിപ്പുണരുകയായിരുന്നു.

ചേലിൽ നവനവോല്ലാസപുഷ്പങ്ങളിൽ
മൂളിപ്പറക്കുകയായിരുന്നു.

നീയതറിഞ്ഞിട്ടും, നിന്മനമത്രമേൽ
നീറിപ്പുകഞ്ഞിട്ടു, മെന്നരികിൽ

നിന്നെ സ്വയം ഞാൻ പിരിഞ്ഞുപോകുംവരെ
നിന്നതെമ്മട്ടു നീ നിഷ്കളങ്കേ?

  പ്രേമസാന്ദ്രങ്ങളാമാ നിൻസപര്യകൾ
കോൾമയിർക്കൊള്ളിപ്പതായിരുന്നു.

എന്നാലതിനൊരു നന്ദിവാക്കെങ്കിലും
ചൊന്നതായോർപ്പീലൊരിക്കലും ഞാൻ.

എന്നല്ല, കേവലം നിസ്സാരഭാവത്തിൽ
നിന്ദിച്ചതൊക്കെ ഞാൻ ധിക്കരിച്ചൂ!

ആ മുഖത്തെന്നിട്ടും കണ്ടീല ഞാനൊരു
കാർമുകിൽതൻ നിഴൽപാടുപോലും.

അത്ഭുത, മിപ്പിഞ്ചുഹൃത്തിലെമ്മട്ടി,ലൊ-
രഗ്നിശൈലം നീയടക്കിനിർത്തി?

  മാൻ പേടയെപോലൊതുക്കവു,മുള്ളിനു
മാന്തളിർപോലുള്ള മാർദ്ദവവും

മിന്നിസ്ഫുരിക്കും കുലീനതാദീപ്തിയു-
മൊന്നിച്ചിണങ്ങി ലസിച്ച നിന്നെ,

ഹാ, കഷ്ട,മെന്തുകൊ,ണ്ടെന്തിനാ,യേവമി-
ശ്ശോകഗർത്തത്തിലടിച്ചു വീഴ്ത്തി?

ആ മുഖം കണ്ടാൽ, മൃഗീയമായീവിധ-
മാചരിച്ചീടുവാനാർക്കു തോന്നും?

ദുഷ്ടനാ, ണയ്യോ, പിശാചാണു ഞാ,നെന്നെ
വിട്ടകന്നീടുകെൻദേവതേ, നീ!

  ആതുരേ, നിന്നടുത്തെത്തി നിന്നുറ്റവ-
രോതാം പഴികൾ പലതുമെന്നെ.

വേതാളമാണു ഞാൻ, ദേവകളാണവ-
രോതുന്നതൊക്കെയും സത്യമാകാം.

ചൊല്ലിയിട്ടില്ലല്ലോ നിന്നോടിന്നോളവും
നല്ലവനാണെന്നൊരിക്കലും ഞാൻ.

മന്നിന്റെ കണ്ണിൽപ്പൊടിയിട്ടു,മായിക
സ്വർണ്ണരേണുക്കളെടുത്തു പൂശി,

എന്നിൽനിന്നാമട്ടകന്നു, ഞാനല്ലാത്തൊ-
രെന്നെ ഞാൻ കാണിച്ചിട്ടെന്തുകാര്യം?

ഇല്ലെനിക്കാഗഹം ലോകപ്രശംസതൻ-
മുല്ലപ്പൂമാലയും ചാർത്തിനിൽക്കാൻ!-

ഇന്നതിനുണ്ടായിരിക്കാം കുളുര്മയും,
വെൺമയും, ശ്രീയും, സുഗന്ധവായ്പും;

മായികമാണവയൊക്കെയുമൊന്നുപോൽ
മായു,മൊടുവിൽ വിളർത്തുവാടും.

നാളായ്ക്കു ചീഞ്ഞതു നാറു, മുടൻതന്നെ
നാമതെടുത്തു വലിച്ചെറിയും.

എന്തിന്നു കേവലമൊറ്റ ദിനത്തിലേ-
യ്ക്കെന്തിനു പിന്നെയാ സ്വപ്നഭാഗ്യം?

അൽപമനങ്ങിയാലാകെത്തകർന്നുപോം
ബുദ്ബുദസൗധമതാർക്കു വേണം?

ആവശ്യമില്ലെനിക്കന്യനിൽനിന്നെന്റെ
തൂവലിൽ ചായപ്പണികളൊന്നും.

  കണ്ണടച്ചേകാന്തയോഗിപോൽ പാടത്തു
ചെന്നിരിക്കുന്ന വെൺകൊറ്റിയേക്കാൾ

കാടും മലകളും വർണ്ണിച്ചു പാടുന്ന
കാർകുയിലാണെനിക്കേറെയിഷ്ടം !

  വേദനാപൂർണ്ണമാമെന്മൊഴി കേവലം
വേതാളവേദാന്തമായിരിക്കാം.

പങ്കിലഹൃദയത്തിൻപുകപ്പടർപ്പായിടാ-
മെങ്കിലു,മെന്മതമാണിതാര്യേ!

  എന്മനം നോവുന്നതെന്തിനോ, ഹാ, കഷ്ട-
മൊന്നോർത്ത്താലന്യന്മാരാണു ഭേദം.

ഉറ്റവരെപ്പോലൊരുള്ളലിവില്ലാത്തൊ-
രുഗസർപ്പങ്ങൾ മറ്റില്ലുലകിൽ!

ഒന്നെങ്ങാൻ കേറിച്ചവിട്ടിടാ,തങ്ങോട്ടു
ചെന്നു കടിക്കാറില്ലന്യ സർപ്പം

എങ്ങാ,നഥവാ, കടിക്കുകിൽപ്പോലു,മ-
തൊന്നു കടിച്ചിട്ടിഴഞ്ഞുമാറും.

ഉറ്റവരാകട്ടെ, മാറാതെ, കാലിന്മേൽ
ചുറ്റിപ്പിണഞ്ഞു കടിച്ചുകീറും!-

ചത്തടിഞ്ഞാലു,മപ്പട്ടടച്ചാരവും
പത്തിവിടുർത്തിച്ചികഞ്ഞുകൊത്തും!

മിത്രങ്ങൾ, മിത്രങ്ങൾ, പാഷാണപാത്രങ്ങൾ
മിത്ഥ്യാഭ്രമങ്ങൾക്കധീനനായ് ഞാൻ!

ശപ്ത ശാസ്ത്രീയ ഗവേഷണമേ, നിന്റെ
സിദ്ധൗഷധങ്ങൾതൻ സിദ്ധിയാൽ, നീ

കെട്ടിപ്പിടിച്ചിരുന്നോരക്കഷണ്ടിയെ-
ത്തട്ടിയെടുത്തു കടന്നതിനാൽ

ഒറ്റതിരിഞ്ഞോ,'രസൂയ'യ്ക്കിതാ, വീർപ്പു-
മുട്ടുന്നു, കൈകാൽ വിറച്ചിടുന്നു!

തെല്ലൊരുപശാന്തിയൊന്നതിനുംകൂടി
വല്ലതും കണ്ടുപിടിയ്ക്കുമോ നീ?

  ദേവനായ്ത്തെറ്റിദ്ധരിച്ചു പിശാചിനെ
ജ്ജീവേശനായ് വേട്ടു, ദേവതേ, നീ!

അപ്സരസ്സെത്തിപ്പിശാചുമായ്ച്ചേരുന്നൊ-
രത്ഭുതരംഗമാണിപ്രപഞ്ചം!

യക്ഷികളോടൊത്തു ദേവന്മാർ കൂടുന്ന
ശിക്ഷാനികേതമാണിപ്രപഞ്ചം!

  ക്ഷുത്തടങ്ങാതെത്ര കാലമാ മാന്തോലിൽ
അത്തലമണ്ടയിലാണഹോ സാഹിത്യ-
ചക്രം കറങ്ങുന്നതെന്നുതോന്നും!

ക്ഷേത്രപ്രവേശനം പാടില്ലയെന്നവ-
നാർത്തു പുലമ്പും- കൊടുത്തശേഷം

കീർത്തിയ്ക്കും, കീർത്തിതൻകാലിൽപിടിച്ചവൻ
പ്രാർത്ഥിയ്ക്കും, നക്കിടും നായിനെപ്പോൽ!

വൃക്ഷച്ചുവട്ടിൽ ക്കമിഴ്ന്നുകിടന്നവ-
നക്ഷരലക്ഷം പെരുക്കിവെയ്ക്കും.

മറ്റുള്ള പേനകളെല്ലാമൊടിയുവാൻ
മുട്ടുകുത്തിദ്ദൈവത്തോടിരക്കും.

ജീവചരിത്രമെഴുതിക്കു,മല്ലാതെ
ചാവാനവനൊരു ധൈര്യമില്ല.

പിന്നെയതിനാരുമില്ലാതെപോയേക്കാ-
മെന്നല്ലഥവാ തുനിയുകിലും,

വല്ലതും ദോഷം പറകിലോ?-പാടില്ല,
നല്ലതുമാത്രമേ ചൊന്നിടാവൂ.

നിന്ദ്യചണ്ഡാളനെപ്പോലുമൊരുമഹാ-
വന്ദ്യയതിയായ് വരച്ചു കാട്ടാൻ,

ലജ്ജയില്ലാത്ത നപുംസകങ്ങൾക്കുമു-
ണ്ടിജ്ജഗത്തിങ്കലിടം വസിക്കാൻ.

കാപ്പിക്കു കാശുകൊടുത്താൽ മതി,യവർ
കാപ്പിരിയെക്കാമദേവനാക്കും.

അത്തരമൊന്നുരണ്ടാളെപ്പിടികൂടി-
യൊപ്പിച്ചിടുമവൻ സ്വാർത്ഥമോഹം!

കാലമൊരൂത്തു കൊടുത്താൽത്തെറിക്കുമ-
പ്പോളകൾ, നിൽക്കും പരിപ്പുമാത്രം!

കെൽപില്ല, മൂപ്പില്ലുറപ്പില്ലതിനെങ്കി-
ലൽപനാൾക്കുള്ളിലതുച്ചുകുത്തും.

കൊള്ളില്ലതു പിന്നെ-ലോകമെടുത്തതു
പള്ളയിലേയ്ക്കു വലിച്ചെറിയും!

     പതിനാലു

  ചൊല്ലാമെഴുത്തൊന്നു, ജീവിതമൊന്നിവ-
യ്ക്കില്ലാ പൊരുത്തം-അതുണ്ടെങ്കിലേ,

സൽകാവ്യമാകൂ, നിജോൽപ്പാദകനൊരു
സൽകവിയാകൂ, സന്ദേഹമില്ല!

പിന്നെക്കവിപ്പട്ടം കെട്ടി ഞെളിഞ്ഞിടാം,
കുന്നുകൂട്ടാം പണം, കീർത്തി നേടാം.

ആയിടട്ടെന്നാൽ,ത്താൻ സർവ്വലോകാരാദ്ധ്യ-
നാണെന്നു ഭാവിച്ചാലെന്തു ചെയ്യും?

താനെഴുതുന്നതേ ജീവിക്കുവെന്നഭി-
മാനിപ്പാനർഹതയുള്ളവനായ്,

ഒറ്റക്കവിയോ, മഹാകവിയോ, വന്നാൽ
മുട്ടുകുത്താം, ദാസനായിടാം ഞാൻ!

ഒന്നില്ല-പിന്നെ,പ്പരസ്പരം പുച്ഛിച്ചു
മന്ദഹസിപ്പതിലർത്ഥമുണ്ടോ?

  ആപ്പാഴുൽകൃഷ്ടമാം കാവ്യം വിരളമാ-
ണുൽപദനങ്ങൾ യഥേച്ഛമുണ്ടാം.

പിന്നെപ്പരസ്പരാപേക്ഷികമായൊന്നു
നന്നെന്നു, മറ്റൊന്നുമോശമെന്നും,

നാമൊക്കെയോതും, പതിവാ,ണഭിരുചി-
യാണതിനുള്ളേകമാനദണ്ഡം!

ഇല്ല തണ്ടാരിൻഗുണം പനിനീർപ്പൊവി-
നില്ലതിൻ മേന്മയത്തണ്ടലരിൽ.

തണ്ടാർ കിളരുന്നു ചേറ്റിൽ, പ്പനിനീർപ്പൂവിൻ-
തണ്ടിൽനിറച്ചുണ്ടുകണ്ടകങ്ങൾ.

അക്കാരണത്താൽ വെറുത്തിട്ടു കാര്യമെ-
ന്തുൾക്കുളിരേകുമാപ്പൂവുകളെ?

രണ്ടിനുമൊപ്പം വികാസം കൊടുക്കുന്നു
വിണ്ടലത്തിന്റെ നറും വെളിച്ചം.

ചേറില്ല, മുള്ളില്ല, പൂവിൻദളങ്ങളിൽ
പോരേ, പരാതിക്കു കാര്യമുണ്ടോ?

തൂമരന്ദം നുകർന്നാനന്ദമത്തരായ്
തൂമയിൽച്ചുറ്റിപ്പറന്നാൽപ്പോരേ?

ഭൃംഗങ്ങളേ, കഷ്ടമെന്തിനവയ്ക്കെഴും
പങ്കവും മുള്ളുമോർക്കുന്നു നിങ്ങൾ?

നിങ്ങളെബ്ബാധിപ്പതില്ലവ, പൂക്കൾക്കു
ഭംഗിയു,ണ്ടാമഭംഗിയാസ്വദിക്കൂ!

കസ്തൂരിയെന്താ, വെരുകിൻപുഴുവെന്തു
വസ്തുക്കളാണതൊന്നോർത്തു നോക്കൂ!

ഏകുവിനച്ചെകുത്താനവനർഹിക്കും
ഭാഗ,മതിനെന്തു വൈമനസ്യം?

  കുഷ്ഠരോഗം പിടിച്ചുള്ള കലാകാരൻ
സ്ര്ഷ്ടിച്ചിടും ചിത്രദർശനത്തിൽ,

ആരോഗമാക്രമിക്കി,ല്ലവനോടൊത്തു
ചേരേ,ണ്ടകലത്തു നിന്നുകൊള്ളൂ.

അന്ധന്റെ സുന്ദരസംഗീതം കേൾക്കുകി-
ലന്ധരായ്ത്തീരില്ല കേട്ടിടുന്നോർ.

ആരാൽ ശ്രവിക്കും ബധിരവിലാപത്തി-
ലാരും ബധിരരായ്ത്തീരുകില്ല.

പിന്നെന്തിനുൽപാദകസ്വഭാവത്തെയോ-
ർത്തിന്നീ നിരർത്ഥവാഗ്വാദഘോഷം?

വസ്തുവുമായുള്ള താദാത്മ്യം, തത്ഭാവ-
നിസ്തുല ചിത്രണ,മെന്നിവയിൽ

ഉത്തെജകത്വമുൾക്കൊൾവതാണെങ്കി-
ലതുൽകൃഷ്ടമാം കലാസൃഷ്ടിയായി.

ഉൽപാദകന്റെ ശാരീരികചേഷ്ടകൾ-
ക്കുത്തരവാദിത്വമില്ലതിങ്കൽ.

ഉത്തേജകത്വമുൾക്കൊള്ളുന്നവയ്ക്കൊക്കെ-
യുത്ഭവസ്ഥാനമാത്മാവുമാത്രം!

ഉൽപാദ്യസത്തയിലുൽപാദകസത്ത-
യുൾപ്പുക്കവിഭാജ്യമായിടുമ്പോൾ

തജ്ജന്യശക്തിയാൽ താനേ ജനിപ്പതാ
ണുൽക്കൃഷ്ടമാം കലോൽപാദനങ്ങൾ.

'കൊത്തിവെയ്ക്കാം മരപ്പാവകൾ, ജീവനെ
ക്കുത്തിവെയ്ക്കാനുളി' യ്ക്കൊക്കുകില്ല.

ജീവനുമാത്രമേ ജീവൻ കൊളുത്തുവാ
നാവൂ-കലാമർമ്മമിങ്ങിരിപ്പൂ!

സത്താണു സൃഷ്ടിയെന്നാലതിന്നുത്ഭവ
സത്തയും സാത്വികമായിരിക്കും!

  സ്വർണ്ണവിളക്കിലും മണ്ണുവിളക്കിലും
മിന്നുന്നദീപം വെളിച്ചമേകും.

മണ്ണായ കാരണം ദീപ,മിരുട്ടാണു
ചിന്നുന്നതെന്നു ഭയപ്പെടേണ്ടാ!

ദീപത്തിലില്ല കളങ്കം-ജഗത്തിനി-
ല്ലാപത്തശേഷം വിളക്കുമൂലം,

നന്നാണധികം, വിളക്കുമാ ദീപവു-
മൊന്നുപോലുജ്ജ്വലമായിരുന്നാൽ!

താനേ തിളങ്ങുന്ന ദീപങ്ങൾ കാണുവാൻ
താരാപഥത്തിലേ സാദ്യമാകൂ!

ഇങ്ങുള്ള ദീപങ്ങൾപോലും, പുകകൊണ്ടു
മങ്ങിയിരിക്കുമടുത്തു ചെന്നാൽ!

  താരങ്ങൾക്കില്ല പുകയെന്നതു, പക്ഷേ
ദൂരതകൊണ്ടുള്ള തോന്നലാകാം.

എത്ര മഹാത്മാക്കളാകട്ടെ, കാണുന്ന-
തെപ്പൊഴും ദൂരത്തു നിന്നു വേണം!

കാണാതിരിക്കുന്നതാണേറ്റമുത്തമം
കാഴ്ചയിൽ കൗതുകം മാഞ്ഞുപോകും.

കണ്ടാ,ലടുക്കായ്ക,ടുത്താൽ, പലപ്പൊഴു-
മുണ്ടാം നിരാശ-മതിപ്പിടിയും!

  കേട്ട സംഗീതം മധുരമാ,ണെന്നാലോ-
ക്കേൾക്കപ്പെടാത്തതതിമധുരം;

നിസ്തുലമാധുര്യനിർഭരമാണെന്നാൽ
നിശ്ശബ്ദതയെന്നതോർമ്മ വേണം.

ദൂരത്തു നിൽക്കുക, കേട്ടാസ്വദിക്കുക,
ചാരത്തു ചെല്ലൊല്ലേ, കാണരുതേ!

  ഞാനെന്റെ മൂന്നാലു കൂട്ടുകാരൊന്നിച്ചു
മാനസോല്ലാസത്തിനായൊരിക്കൽ,

അക്ഷീണകൗതുകമുൾച്ചേർന്നുകൊണ്ടൊരു
പക്ഷി നായാട്ടിനായ്പ്പോയി കാട്ടിൽ.

തോക്കിന്നിരയായി വീണ കിളികളെ
നോക്കിഞാനങ്ങനെ നിന്നിടുമ്പോൾ,

"ഹേ, കവേ, താനെന്നും വർണ്ണിച്ചിടാറുള്ള
കോകിലത്തിന്നും പിണഞ്ഞു നാശം.

നോക്കൂ"- ചിരിച്ചുച്ചരിച്ചുകൊണ്ടേവ,മെൻ-
നേർക്കൊരു പക്ഷിയെ നീട്ടി തോഴൻ.

ഞാനതുൽകണ്ഠയോടെൻകയ്യിൽ വാങ്ങി, ഹാ!
താനേയെൻകണ്ണു നിറഞ്ഞുപോയി.

  ആദികവിതൻഹൃദയത്തിലത്രമേ-
ലാടലിയറ്റിയോരാദർശനം,

ആയിരം പ്രാവശ്യമാവർത്തിച്ചിട്ടുണ്ടാ-
മീ വിശ്വമോരോ കവിക്കു മുന്നിൽ!

ഇന്നു വെടി കൊണ്ട പക്ഷിയെച്ചിന്തിച്ചു
കണ്ണീരൊഴുക്കും മഹാകവികൾ

മൂക്കറ്റം മാംസം ഭുജിച്ചു പല്ലിന്നിട-
യ്ക്കീർക്കിലാൽത്തോണ്ടിക്കൊണ്ടായിരിക്കും,

ശിക്കാരിതൻനേർക്കു ചീറി,യഹിംസയെ-
പ്പൊക്കി,പ്പടപ്പതാക്കാവ്യപിണ്ഡം!

  പെട്ടെന്നിച്ചിന്തയെന്നുള്ളിലുദിച്ചു, ഞാ-
നൊട്ടമ്പരന്നൊന്നു നോക്കി വീണ്ടും.

ചെറ്റു പിളർത്തിയ കൊക്കിലും, മെയ്യിലും
പറ്റിയിട്ടുണ്ടു കൊഴുത്ത രക്തം.

പ്രാണദണ്ഡത്താൽപ്പിടയുന്നു-പെട്ടെന്നു
ഞാനതിൻ കണ്ഠം ഞെരിച്ചുകൊന്നു.

"നല്ല കവിയാണു, കൊന്നു കുയിലിനെ"-
യെല്ലാരുമെന്നെപ്പരിഹസിച്ചു.

അപ്രാണവേദന പെട്ടെന്നു തീർക്കാനാ-
ണപ്രകാരത്തിൽ ഞാൻ ചെയ്തതപ്പോൾ

പാടും പിശാചു ഞാൻ, വർണ്ണിച്ചു വർണ്ണിച്ചു
പാടിപ്പുകഴ്ത്തുന്ന കോകിലത്തെ

അമ്മട്ടു ഹിംസിച്ചു നിർദ്ദയം, ലോകമേ,
നിന്മുന്നിൽ ഞാൻ കവിതന്നെയിന്നും!

  ഞാനാക്കുയിലിനെ സൂക്ഷിച്ചു നോക്കി;ഹാ,
കാണാനതിനൊരു ഭംഗിയില്ല,

ഉണ്ടൊരു ദുർഗ്ഗന്ധം, പൂടയും തൂവലും
കണ്ടാലറയ്ക്കും-വെറുപ്പുതോന്നി.

അക്കളകാകളി വാർന്നൊഴുകീടുന്ന-
തിക്കരിമ്പൂടയ്ക്കകത്തുനിന്നോ!

ദുർഗ്ഗന്ധപൂർണ്ണമേ, നിന്നിൽനിന്നോ ഹന്ത
നിർഗ്ഗളിപ്പൂ ഗാനത്തിൻസുഗന്ധം!

കോൾമയിർക്കൊള്ളിച്ചു ദൂരെ നിന്നെന്നെ നീ
നീ മുന്നിലെത്തീ മനംമടുത്തു.

ഇപ്പൊഴും പൂങ്കുയിൽ പാടുന്നകേൾക്കുമ്പോ-
ഴിപ്പൂതിഗന്ധമൊന്നോർത്തുപോം ഞാൻ.

കഷ്ട, മസൂയ,ദുര, ചതി, യൊന്നുമേ
തൊട്ടുതേയ്ക്കാത്തൊരപ്പക്ഷിപോലും,

അമ്മട്ടിലാകി, ലതൊക്കെ മുറ്റിച്ചേർന്നോ-
രമ്മർത്ത്യനെക്കുറിച്ചെന്തു ചൊല്ലാൻ?

ദൂരം മതിപ്പിന്റെ നാരായവേരാണു
ദൂരത്തു നിൽക്കുവിൻ; കൈകൾ കൂപ്പിൻ!

അന്നതിൽപ്പിന്നെ ഞാൻ പക്ഷിനായാട്ടിനാ-
യിന്നോളം പോയിട്ടി,ല്ലെന്തുകൊണ്ടോ!

മണ്ണാണു മർത്ത്യനവൻ മഹാനാകിലും
മണ്ണു മണ്ണിന്റെ മണം വമിക്കും.

ചന്ദനച്ചാറെടു ത്തെത്ര ചാർത്തുന്ന കൊ-
ണ്ടെന്തു, മണ്ണെപ്പൊഴും മണ്ണുതന്നെ!

സത്യം പറഞ്ഞാൽ പിടിയ്ക്കി,ല്ലവനുണ്ടു
ചിത്തഭ്രമ,മെന്നപലപിക്കും.

വ്യാജമാണിഷ്ടം മനുഷ്യനെ,ന്നിട്ടു,നിർ-
വ്യാജമാണെന്നു വൃഥാ നടിക്കും.

ഷണ്ഡന്റെ ഭോഗവിരക്തിപോൽ, സദ്ഗുണ-
മുണ്ടവനി,ല്ലയെന്നാരു ചൊല്ലി?

  "വഞ്ചി മറിഞ്ഞാലെന്തുണ്ടിത്ര പേടിക്കാൻ?"-
ബഞ്ചിലിരുന്നു ഞെളിഞ്ഞു ചൊൽവോൻ,

കായലിൽ വേണ്ട, കുളത്തി,ലെങ്ങാനൊന്നു
കാൽതെറ്റി വീഴാനിടവരട്ടെ,

പ്രാണപരാക്രമം കാണേണ്ടതൊന്നപ്പോ-
ഴാ,ണവൻ ശൂരനതുവരെയ്ക്കും!

എത്ര സഹസ്രം മനുഷ്യരെക്കണ്ടു ഞാ-
നിത്തര,മൽപകാലത്തിനുള്ളിൽ!!

നാടകശാലയാണീ ലോക,മെന്നൊരാൾ
പാടിയിട്ടുള്ളതെന്തർത്ഥഗർഭം!

എല്ലാം വിദൂഷകരാണു, ചിന്തിക്കുകി-
ലില്ലിതിലൊറ്റ നേതാവുപോലും!

അന്ത്യം വരേയ്ക്കും പ്രഹസനം, പെട്ടെന്നൊ-
രന്തരം-ശോകാത്മകാന്ത്യരംഗം!

പാടും, ചിരിക്കും, കരയും, കരങ്ങൾകോർ-
ത്താടും, പരസ്പരം മല്ലടിക്കും;

കാണിക്കും ഗൗരവം മീശമുറുക്കിക്കൊ-
ണ്ടാ നിമേഷംതന്നെ പല്ലിളിക്കും.

കിട്ടുന്നതൊക്കെക്കടിക്കും, മണപ്പിക്കും
പെട്ടെന്നു ദൂരെ വലിച്ചെറിയും,

ഒച്ചയുണ്ടാക്കും, കുലുക്കു,മെന്തി,ന്നേവ-
മൊട്ടേറെയോരോ ഗാഷ്ടി കാട്ടും.

മർത്ത്യൻ കുരങ്ങിൽനിന്നെത്തിയോ, ശാസ്ത്രമേ,
മർത്ത്യനിൽനിന്നും കുരങ്ങു പോയോ?

വാലുവന്നപ്പോൾ, നരൻ പരിഷ്കാരിയായ്
വാ(ൽ)നരനായിച്ചമഞ്ഞതല്ലേ?

അപ്പരിണാമം പുരോഗമനത്തെയാ-
ണെപ്പൊഴും ലക്ഷീകരിപ്പതെങ്കിൽ

മർക്കടത്തിന്നാണു, തർക്കമി,ല്ലൂഴിയിൽ
മർത്ത്യനെക്കാളും പുരോഗമനം!

വാക്കുകൾകൊണ്ടുള്ള ചാപല്യമെങ്കിലും
നീക്കാനതിനു കഴിഞ്ഞുവല്ലോ!

ചാപല്യം കാണുമ്പോൾ സംശയം തോന്നുന്നു
കോപിച്ചിടേണ്ട, വിഢ്ഢിത്തമാകാം!!

   പതിനഞ്ച്

ത്യസ്ഥിതിയൽപം ചിന്തിച്ചുനോക്കിയാൽ
മർത്ത്യൻ മൃഗത്തിലും കഷ്ടമല്ലേ?

വീട്ടിൽ വളർത്തും മൃഗങ്ങളോ പോകട്ടെ,
കാട്ടുമൃഗത്തിൻ കഥയെടുക്കാം.

എന്താണവയ്ക്കുള്ളദോഷം?-അവമറ്റു
ജന്തുജാലങ്ങളെ വേട്ടയാടും.

എന്തിനു?-ജീവിക്കാൻ, കാളും വയറ്റിലെ-
ച്ചെന്തീ കെടുത്തുവാനായിമാത്രം!

ആവശ്യമാണതു, ജീവിക്കണമെങ്കി-
ലാവശ്യമാണതു, തർക്കമില്ല!

തിന്നുവാൻ കൊന്നിടും, കൊന്നാകിൽത്തിന്നിടും,
വന്യജന്തുക്കളെ,തൊന്നിനെന്ന്യേ

കൊല്ലുമാറില്ല സാധാരണയാ,യതി-
നില്ലാ പഠിപ്പു, മാസ്സംസ്കാരവും.

എന്നാ,ലിതല്ലാതൊ,രൊറ്റദോഷം വേറെ-
യിന്നേതു ജന്തുവിനുണ്ടുലകിൽ?

പോകുന്നതില്ലവ തെങ്ങുകേറിക്കുവാൻ
പോകുന്നതില്ല കൊയ്യിക്കുവാനും.



പാട്ടം പലിശകൾ കിട്ടുവാനി,ല്ലില്ല
തോട്ടങ്ങൾ, മില്ലുടമസ്ഥരല്ല.

ജീവിക്കുവാനാത്മചോദനാധീനമാ-
മാ വേട്ടയാടലവയ്ക്കു വേണം!

മർത്ത്യനോ?-മർത്ത്യനു വേട്ടയാടീട്ടു വേ-
ണ്ടുത്തമഭോജ്യങ്ങളാഹരിപ്പാൻ.

സസ്യസമൃദ്ധപ്രകൃതിയാത്താദരം
സൽക്കരിക്കുന്നുണ്ടവനെയെന്നും!

എന്നിട്ടും പോ,രവനന്യജന്തുക്കളെ-
ക്കൊന്നേ കഴിയൂ സുഖം സ്വദിക്കാൻ!

ജീവികളെത്തിന്നവസാനം,വേണെങ്കി-
ലാവാമവന്നു ഫലങ്ങളൽപം.

ആകട്ടതുകൊണ്ടു തൃപ്തിവന്നോ?-പോര
ലോകം കൊലക്കളമാക്കിടേണം.

അന്യജന്തുക്കൾ മടുത്തു മനുഷ്യനു
തിന്നണം മർത്ത്യനെത്തന്നെയിപ്പോൾ.

എട്ടുപത്തിന്നു രസമി,ല്ലടിഞ്ഞൊരു
പൊട്ടലിലായിരം വീണിടേണം.

ചോലകൾപോലിരച്ചോളമടിച്ചാർത്തു
ചോരപ്രളയങ്ങൾതന്നെ വേണം!

മുക്തശീർഷങ്ങൾ, കബന്ധങ്ങ,ളങ്ങനെ
നൃത്തമാടേണമവന്നുമുമ്പിൽ!-

എന്തിനു?-ശക്തി കാണിക്കാൻ, വിനോദിക്കാൻ,
മന്ദഹസിക്കാ നഹങ്കരിക്കാൻ!

  കാട്ടുമൃഗങ്ങളേ, നിങ്ങൾക്കു കാറില്ല,
കോട്ടില്ല, ഷർട്ടില്ല, സഞ്ചിയില്ല.

നിങ്ങൾ തിയേറ്ററിൽ പോകുന്നി, ല്ലെന്നല്ല
നിങ്ങൾക്കുദ്യാനവിരുന്നുമില്ല.

നിങ്ങൾ 'താങ്ക്സെ','ക്സ്ക്യൂസ്','പ്ലീസ്','നൊമെൻഷ'നിത്യാദി
ഭംഗിവാക്കൊന്നും പറയാറില്ല.

കണ്ടിടാറില്ലാ ചുരുട്ടോ സിഗററ്റോ
ചുണ്ടിൽ, മുഖം വടിക്കില്ല നിങ്ങൾ

നിങ്ങൽക്കു ക്ലബ്ബില്ല,നുമോദനമില്ല,
മംഗളപത്രങ്ങൾ കിട്ടാറില്ല,

ഭാഗ്യക്കുറികൾ നടത്തില്ലഹോ നിങ്ങൾ
യോഗ്യരല്ല പണം തട്ടുകില്ല.

റാവുസാഹേബ്ബല്ല, ഖാൻബഹദൂറല്ല,
സേവാനിരതരുമല്ല നിങ്ങൾ.

നിങ്ങൾതൻ പേരു പത്രത്തിൽ വരാറില്ല,
നിങ്ങൾതൻ ചിത്രമെടുക്കാറില്ല.

നിങ്ങൾ രക്ഷാധികാരം ചുമക്കാറില്ല,
നിങ്ങളധ്യക്ഷം വഹിക്കാറില്ല.

പച്ചച്ചിരികൾ ചിരിക്കില്ല, മാറുമ്പോൾ
പുച്ഛിക്കയില്ല നികൃഷ്ടർ നിങ്ങൾ.

"ഇൻക്വിലാബ് സിന്ദാബാദൊ"ന്നും വിളിക്കുകി-
ല്ലിംഗ്ലീഷബദ്ധമായ്ക്കാച്ചുകില്ല.

ഇല്ലാസമാജങ്ങ,ളില്ലാ പ്രമേയങ്ങ-
ളില്ലാ കവുൺസിലസംബ്ലികൾ .

ഇല്ലാ നഗരസഭകൾ പഞ്ചായത്തു-
മി,ല്ലില്ല നിങ്ങൽക്കു കോടതികൾ.

നിങ്ങൽക്കു പത്രമി,ല്ലില്ല പത്രാധിപർ,
നിങ്ങളിലില്ലാ മഹാകവികൾ.

വക്കാണക്കോമരവക്കീലന്മാരില്ല
കൊക്കിനെപ്പോൽ മേവും ജഡ്ജിയില്ല.

രണ്ടു ചെവിയാൽക്കുഴൽവഴി രോഗങ്ങൾ
കണ്ടറിഞ്ഞീടുന്ന ഡോക്ടരില്ല.

നിസ്സാരന്മാർ നിങ്ങൾ, മോശക്കാർ, നിന്ദ്യന്മാർ,
നിർദ്ദയന്മാർ, വെറുംപ്രാകൃതന്മാർ!

എങ്കിലും, ഹാ, നിങ്ങൾ നിങ്ങളെത്തിന്നില്ല,
വങ്കത്തം കാട്ടി നടക്കുകില്ല.

ഏഷണികൂട്ടാൻ വശമില്ല നിങ്ങൾക്കു,
ദോഷൈകദൃക്കുകളല്ല നിങ്ങൾ.....

സത്യവിരോധം കരുതി, ല്ലുറക്കത്തിൽ-
ക്കത്തിവെയ്ക്കും പതിവൊട്ടുമില്ല.

കള്ളു,കറുപ്പു,കഞ്ചാവുഷാപ്പാവശ്യ-
മില്ല നിങ്ങൾക്കു കഴിഞ്ഞുകൂടാൻ.

നിങ്ങൾതൻ ലോകത്തു തേവിടിശ്ശിത്തെരു-
വെങ്ങുമില്ലില്ലൊരു വൈകൃതവും.

പ്രേമലേഖനങ്ങളെഴുതില്ല, വാങ്ങുകി-
"ല്ലോമനേ" യെന്നു വിളിക്കുകില്ല.

ഹാ,ഗുഹ്യരോഗം പിടിക്കില്ല നിങ്ങൾക്കു,
ഭോഗഭ്രമവുമധികമില്ല.

കാതിൽഗ്ഗുളോപ്പിട്ടിടതുഭാഗം തല-
കോതി,മുഖത്തു ചുണ്ണാമ്പു പൂശി,

മുട്ടോളം കൈകളിലൊന്നിൽ വളയെടു-
ത്തിട്ടൊരു സഞ്ചി ചുമ്മാതെ തൂക്കി,

പൂവണിസ്സാരിയി,ലുർവ്വശിമാരെന്ന
ഭാവത്തിൽക്കണ്ണെറിഞ്ഞും, കുഴഞ്ഞും,

നിങ്ങൾതൻപെണ്ണൂങ്ങൾ സ്ലിപ്പറിൽകേറിനി-
ന്നെങ്ങും നടന്നിടാറില്ല, പക്ഷേ

നിന്ദ്യഗർഭച്ചിദ്രനിന്ദ്യപരിപാടി
നിങ്ങൾക്കശേഷമറിഞ്ഞുകൂട.

മിസ്മേയോ, മാർഗററ്റ്, ഡാംഗറിവരാരും
വിഭ്രമം നിങ്ങൾക്കു തന്നിട്ടില്ല.

ഗർഭനിയന്ത്രണത്തിന്നു നിങ്ങൾക്കാർക്കും
റബ്ബറിൻസൂത്രമറിഞ്ഞുകൂട.

ദുർവ്വാരമല്ല നിങ്ങൾക്കു രോഗങ്ങൾക്കു
സൾഫണമൈഡുമാപ്പെൻസുലിനും!

ഇല്ലാ ഡീയെമ്മായ് നടക്കുവോർ നിങ്ങളി-
ലില്ല സ്വവർഗ്ഗഭോഗപ്രിയന്മാർ.

നാലുകാശിന്നായി നിങ്ങളൊരിക്കലും
നാണവും മാനവും വിൽക്കുകില്ല.

നിങ്ങൾക്കു ഫാറത്തിലിട്ടീടുമൊപ്പിന്മേൽ
തങ്ങിനിൽക്കുന്ന ദാമ്പത്യമില്ല.

ഉദ്യോഗത്തണ്ടില്ല, കൈക്കൂലിഭ്രാന്തില്ല,
മദ്യസൽക്കാരങ്ങൾ നിങ്ങൾക്കില്ല.

കാരാഗൃഹമില്ല, നിങ്ങൾക്കു കീർത്തിതൻ-
സ്മാരകമില്ല, സമാജമില്ല.

എണ്ണച്ചായത്തിൽപ്പടമെഴുതിച്ചാരും
ചെന്നനാച്ഛാദനം ചെയ്യാറില്ല!-

നിങ്ങൾക്കു മർത്യനോടൊപ്പമെത്താൻ പിന്നെ-
യെങ്ങനെയൊക്കും?-നികൃഷ്ടർ നിങ്ങൾ!

ഇല്ലാ പരിഷ്കാര,മില്ലൊട്ടും വിപ്ലവ-
മില്ലാ കലാശാലാവിദ്യാഭ്യാസം!

ഇല്ലാബിരുതം,വിശേഷബുദ്ധ്യംശമ-
തി,ല്ലില്ല തെല്ലും പുരോഗമനം!

മുൻചൊന്ന നേട്ടങ്ങളിന്നുമുതൽക്കിനി
സഞ്ചയിക്കാൻ നിങ്ങളുദ്യമിക്കിൻ!

ശങ്കവേ,ണ്ടായത്തമാക്കാം ശ്രമിച്ചവ-
യെങ്കിൽ, നിങ്ങൾക്കും മനുഷ്യരാകാം!

  അമ്പലം, പള്ളി, പുരോഹിതർ, നേർച്ചകൾ,
കുമ്പസാരങ്ങ,ളാക്കുർബ്ബാനകൾ,

ഏകാദശി, ഷഷ്ഠി, പൂജ, പാൽക്കാവടി,
ഹാ, കൂട്ടുപായസം, പുഷ്പാഞ്ജലി-

എന്നിവയൊക്കെയുണ്ടെങ്കിലേ സർവ്വേശൻ
തന്നിടൂ നിങ്ങൾക്കാ നേട്ടമെല്ലാം!

  ഇത്രയും പോ,രിനി നിങ്ങളിലാരാനും
മർത്ത്യനായ്പ്പെട്ടെന്നു മാറുന്നെങ്കിൽ

കർമ്മം ചിലതു,ണ്ടതുകൂടിയാകിലേ
സമ്മതനാകൂ, യശ്വസ്വയാകൂ.

വീട്ടിൽ വരുത്തിക്കുടിച്ചിടാം ചാരായം,
റോട്ടിൽ ഖദറിട്ടുതന്നെ പോണം.

അൽപം പ്രമാണിത്തം വേണമെങ്കിൽ ഗാന്ധി-
ത്തൊപ്പികൂടുണ്ടെങ്കിലേറ്റം നന്നായ്!

വീട്ടിൽ വരുന്ന പിച്ചക്കാരെയൊക്കെയു-
മാട്ടിയോടിക്കാം വിരോധമില്ല.

എന്നാൽപ്പണക്കാർക്കിടയ്ക്കിടയ്ക്കേകണം
നന്നായ് വിരുന്നുക, ളാ വിരുന്നിൽ

പത്രറിപ്പോർട്ടരെയാദ്യം ക്ഷണിക്കണം,
സൽക്കരിച്ചീടണം ഭംഗിയായി

ആരുമറിയരു,തല്ലിൽ ഗൃഹവേല-
ക്കാരിയെ-ത്തെല്ലും വിരോധമില്ല.

വീറോടെതിർക്കണം നാലുപേർ കൂടുകിൽ
വീതശങ്കം സദാചാരഭംഗം.

  'ഏതിസ'ക്കാരനാകേണമെന്നുള്ളതു
ഭൂതോദയംകൊണ്ടു തോന്നിക്കൊള്ളും.

കമ്യൂണിസത്തിനാണിപ്പോൾ വിലക്കേറ്റം,
ചുമ്മാ പറഞ്ഞു നടന്നാൽ മതി.

നാലഞ്ചു വാക്കുകൾ കാണുവോരോടൊക്കെ
നാലുദിവസം പറയാമെങ്കിൽ,

അത്ഭുത,മഞ്ചാം ദിവസം പുലർച്ചയ്ക്കു
നിദ്രവിട്ടേറ്റാൽ സഖാവുതന്നെ!

റഷ്യ, ബൂർഷ്വാ, രക്തസേന, തൊഴിലാളി,
കർഷകൻ,ചൂഷണം, ജീവരക്തം,

ദേശാഭിമാനി, പീപ്പിൾ വാർ, ലെനിൻ,സ്റ്റാലി-
നീ ശബ്ദവേരുകളാകമാനം,

നാരും മൊരിയും കളയാതെടുത്തൊരു
നാഴിയാവേശത്തിലിട്ടിളക്കി,

ശുണ്ഠിയിൽ നന്നായ്ത്തിളപ്പിച്ചെടുത്തിട്ടു
ചുണ്ടുവിറയിലരിച്ചശേഷം,

കാറൽമാർക്സ് മേമ്പൊടി ചേർത്തങ്ങരത്തുടം
കാലത്തും വൈകിട്ടും നാലുനേരം,

കൃത്ത്യമായ്സ്സേവിച്ചാൽ പിന്തിരിപ്പൻചൊറി
സത്യമാ,ണയ്യോ, പറപറക്കും.

മുൻകുതിപ്പൻതൊലിവന്നുചേരും-വേണ്ട
ശങ്ക, പരീക്ഷിച്ചറിഞ്ഞുകൊള്ളൂ.

  അൽപമൊരു പത്ഥ്യമുണ്ടതു വിട്ടുപോയ്
എപ്പൊഴുമങ്ങിങ്ങലഞ്ഞിടേണം.

ചക്കാത്തിൽ ചായകുടിക്കാം ധാരാളമാ-
യൊക്കുമെങ്കിൽ സിഗററ്റുമാകാം.

വീടി മുറയ്ക്കു വലിക്കാം, മുറുക്കുവാൻ
പാടി,ല്ലിടയ്ക്കു ചുമ വരണം.

പട്ടിണിയെന്നു പുറമേ നടിക്കണം,
ഷർട്ടിലും മുണ്ടിലും ചേറു വേണം.

പുച്ഛഭാവത്തിലെതിർക്കണം ഗാന്ധിതൻ-
തത്ത്വസിദ്ധാന്തങ്ങളാത്തഗർവ്വം.

ചേതസ്സിൽ, ചുമ്മാതെയല്ല, താനിന്നൊരു
നേതാവാ,ണെന്നുള്ളതോന്നൽ വന്നാൽ,

'യൂജീ'ക്കാലത്തെക്കഥകളാൽ മർത്ത്യരെ-
ത്തേജോവധം ചെയ്യണം യഥേച്ഛം.

ഇല്ലെങ്കിലു, മൽപം വിക്കു തോന്നിപ്പിച്ചാൽ
നല്ലതാ,ണാവേശമൂറിക്കൊള്ളും!

എപ്പൊഴും റഷ്യാത്മകമാമൊരാരക്ത-
വിപ്ലവപുസ്തകം കയ്യിൽ വേണം.

ആക്രമിക്കേണമെഴുത്തച്ഛനെ,ക്കാമ
പ്പേക്കൂത്തെന്നോതണം ശാകുന്തളം.

അന്നമ്മതൻകണ്ണു വെട്ടിക്കൽ, പിന്നുല-
ഹന്നാന്റിരുട്ടിലെ വേലിചാട്ടം,

കാമുകസമ്പന്നയായ് വാണൊടുവിലാ-
ക്കോമാളിപ്പെണ്ണിന്റെ രക്തസ്രാവം,

മറ്റുമീമട്ടിൽ യഥാതഥരീതിയിൽ
തട്ടിമൂളിക്കാം പുരോഗമനം!

മറ്റുള്ളതൊക്കെ തണുത്തുപോയ്, സാഹിത്യ-
മൊട്ടുമുക്കാലും വളിച്ചുപോയി!

മുന്നിലിലവെച്ചു ചൂടുള്ളതിന്നായി
മുഞ്ഞിയുംവീർപ്പിച്ചിരിപ്പു ലോകം!

ചട്ടി കരിയും, ചുടുവിൻ, ചുടുവി,നാ-
ച്ചട്ടുകമെങ്ങു, മറിച്ചിടുവിൻ!

ഇങ്ങു വിളമ്പിത്തരുവിൻ, സഖാക്കളെ
നിങ്ങളേ ഞങ്ങൾക്കു താങ്ങലുള്ളു,

ആവിപറക്കുന്നു, വേഗമാട്ടെ, ചൂട-
താറരുതല്ലൊ തരികവേഗം

  നാവുപൊള്ളുന്നു, ഹാ, സാരമില്ലെല്ലാമൊ-
രാവേശമാണയ്യോ, നൽക വീണ്ടും!!...

  കാട്ടുമൃഗങ്ങളേ, കാലം കളയാതെ
നാട്ടിലേയ്ക്കെത്തൂ പടയിളക്കൂ!

എത്രയോകാലമായ് സാധുക്കൾ നിങ്ങളെ
മർത്ത്യൻ കുതിരകയറുന്നു.

ഓക്കുകില്ലിന്നിയിച്ചൂഷണമെന്നണ-
ഞ്ഞൊത്തുചേർന്നോതുവിൻ, പല്ലിളിക്കിൻ!

ദംഷ്ട്രകൾ കാട്ടിബ്ഭയപ്പെടുത്തീടുവി-
നട്ടഹസിക്കുവിൻ ഘോരമായി!

വജ്രനഖങ്ങളാൽ മാന്തിപ്പൊളിക്കുവിൻ,
മർത്ത്യന്റെ മാംസളസ്കന്ധപിണ്ഡം

ഈ വിശ്വരംഗമിതൊന്നുപോൽ,ഹാ, സർവ്വ-
ജീവജാലങ്ങൾക്കുമുള്ളതല്ലേ?

അശ്വങ്ങളേ, നിങ്ങൾ വണ്ടി വലിച്ചിടേ-
ണ്ടൊത്താചരിപ്പിൻ പണിമുടക്കം.

നിങ്ങളിന്നോളം ചുമന്നു മനുഷ്യനെ
നിങ്ങളെ മേലിൽച്ചുമക്കട്ടവൻ!

കാലികളേ, നിങ്ങൾ പെറ്റ പൈതങ്ങൾക്കു
ചേലിൽക്കുടിക്കേണ്ട പാലഖിലം

ചൂഷണം ചെയ്യുന്നു മർത്ത്യ,നുണരുവിൻ,
ചൂടോടെ ഹാലിളകിക്കുതിപ്പിൻ!

കാളകളേ, നിങ്ങൾതന്റെ മേലാളികൾ
തോളിൽനുകം പൂട്ടുവാൻ വരുമ്പോൾ

മുക്കുറയിട്ടു തലകുലുക്കിക്കുതി-
ച്ചക്ഷണം കുത്തി മറിച്ചിടുവിൻ!

  സാരമേയങ്ങളേ, വീടു കാത്തുംകൊണ്ടു
ചാരത്തിൽ നിങ്ങൾ കിടന്നിടുമ്പോൾ,

ഒന്നോർത്തുനോക്കിൻ, യജമാനന്മാരവർ
വെണ്മലർമെത്തയിൽ നിദ്രചെയ്വൂ.

മാർജ്ജാരവൃന്ദമേ, കണ്ണുതുറക്കുവിൻ,
മാത്രനേരം നാം കളഞ്ഞുകൂടാ.

നിങ്ങൾ സേവിക്കുന്ന വീട്ടുകാർ ഭോജ്യങ്ങൾ
ഭംഗ്യാഭുജിച്ചു കഴിഞ്ഞശേഷം

എല്ലുമാ മുള്ളും മുളകുഞെട്ടും മാത്ര-
മല്ലേതരുന്നുള്ളു നിങ്ങൾക്കെന്നും!

ക്ഷുത്തടങ്ങാതിരുട്ടത്തെലിയെത്തേടി-
യെത്ര വിഷമിച്ചിടുന്നു നിങ്ങൾ?

സമ്മതിക്കാൻ മേലീച്ചൂഷണം-ഹാ, നിങ്ങ-
ളുൺമയിലെത്തിയണിനിരക്കിൻ!

ഓടിൻ മദം പൊട്ടിയാനകളേ, നിങ്ങൾ
ചാടിവരുവിൻ കടുവകളേ!

ഒത്തുചേർന്നീടുവിൻ ചീറ്റപ്പുലികളേ!
ഗർജ്ജിച്ചണവിൻ കരടികളേ!

ഒത്തൊരുമിച്ചു ചീറ്റിപ്പുളഞ്ഞുഗമാം
പത്തിവിടർത്തുവിൻ പാമ്പുകളേ!

ജംബുകവൃന്ദമേ, പോരുവിൻ പോരുവിൻ
പൊൻപുലർകാലമടുത്തുപോയി!

വിപ്ലവം,വിപ്ലവം, സർവ്വത്ര വിപ്ലവം
വിശ്രമിച്ചീടാനിതല്ല നേരം.

വിപ്ലവം, വിപ്ലവം, മർത്ത്യന്റെ നേർക്കുള്ള
വിപ്ലവം, നീണാൾ ജയിച്ചിടട്ടെ!...

  പതിനാറ്

  നിർത്തുന്നു ഞാനിപ്രചണ്ഡപ്രലപനം
ക്ഷ്യുബ്ധരായ്ത്തീരേണ്ട നിങ്ങളാരും!

പരമാർത്ഥ്യത്തിൻ വെളിച്ചത്തിലേയ്ക്കെന്റെ
പാടും പിശാചിനെ ഞാൻ നയിച്ചു.

നിങ്ങൾക്കു നെറ്റിചുളിയാം, ചുളിഞ്ഞിട-
ട്ടിങ്ങുള്ളിലൊട്ടും കുലുക്കമില്ല.

  പെട്ടെന്നുയരാം വികാര,മതിലല്ല
തട്ടിച്ചു നോക്കേണ്ടതെന്മൊഴികൾ.

ആവികാരം ശമിക്കുമ്പോൾ, പ്രശാന്തത
താവിക്കുളിർത്തീടുമന്തരംഗം.

ആനല്ല നേരത്തു നിങ്ങളെ നോക്കുവിൻ
മാനസക്കണ്ണുതുറന്നു നിങ്ങൾ.

എന്നിട്ടു, സത്യത്തെ മുൻനിർത്തി, യേവം ഞാൻ
ചൊന്നതിൽ നിങ്ങൾ വിധിയെഴുതിൻ!

  കാറും മഴയുമക്കാറ്റടിയും കണ്ടു
കണിപോലും ഞാൻ ഭയപ്പെടില്ല.

വേപിതമാകാം ശിഖരങ്ങ,ളെങ്കിലും
വേരുറപ്പു,ണ്ടുടൻ വീഴുകില്ല,

ആപതിപ്പിക്കുവാനാവിർഭവിപ്പതോ-
ടാകെ,യാവോളമെതിർത്തു നിൽക്കും.

ഈ വർഷ കാളിമ തീരും- വെളിച്ചങ്ങൾ
പൂവിടും-ഞാനതിൽ വിശ്വസിപ്പൂ!

അല്ലാ, വിധിവശാൽ വേരുപൊട്ടുന്നെങ്കി-
ലില്ല മേ കുണ്ഠിതം തെല്ലുപോലും!

ഇന്നടിഞ്ഞങ്കിലടിയട്ടെ, ലോകത്തി-
ലിന്നോളവും, ഹാ,സുഖിച്ചവൻ ഞാൻ!

അൽപകാലംക്കൊണ്ടനൽപമായ് നേടി ഞാ-
നത്ഭുതപൂർവ്വം സുഖമരന്ദം!

എങ്കിലു,മക്കാഴ്ച കണ്ടു സഹിയാതെൻ-
സങ്കൽപം തേങ്ങിക്കരഞ്ഞിരുന്നു!

ഒന്നോടഖിലം വെറുക്കാൻ ശ്രമിക്കയാ-
ണിന്നു സങ്കൽപവും, ജീവിതവും!-

എന്നാ,ലരുതരുതെന്നു വിലക്കുന്നി-
തെന്നെയൊരുജ്ജ്വലദിവ്യരശ്മി!

എല്ലാം വിധിയിൽ സമർപ്പിച്ചിടുന്നു ഞാ-
നില്ല ഗത്യന്തരം!-മാപ്പു നൽകൂ!!


സമാപ്തം



സ്വന്തം ജീവിതാനുഭവങ്ങളുടെ കടുത്ത വർണ്ണങ്ങൾ കലർത്തി ഏറെക്കുറെ ആത്മകഥാരൂപത്തിൽ രചിയ്ക്കപ്പെട്ട ഒരു നിന്ദ്യാകാവ്യമാണിത്.- മലയാളത്തിലെ ആദ്യത്തെ "നിഹിലിസ്റ്റിക്" കവിത. ചങ്ങമ്പുഴയുടെ മറ്റെല്ലാ കൃതികളിൽനിന്നും ഇതു വേറിട്ടുനിൽക്കുന്നു. സൗന്ദര്യ സങ്കൽപങ്ങളേക്കാൾ കവിയുടെ നാനാമുഖമായ മാനസിക വ്യാപാരങ്ങളാണു ഇതിൽ പ്രതിഫലിച്ചു കാണുന്നത്. മാനുഷിക മൂല്യങ്ങളുടെ നിലവാരം ഇടിഞ്ഞുകഴിഞ്ഞു. കാപട്യം കൊടികുത്തിവാഴുന്നു. മുഖംമൂടികളാണു ചുറ്റും. വഞ്ചന, ചതി! എന്തൊരു വ്യൈരുദ്ധ്യം! ചങ്ങമ്പുഴ തന്നെ മറ്റൊരിടത്തു പറഞ്ഞിട്ടുണ്ട്, "ഞങ്ങൽക്കാക്കവിതയൊ'രവളല്ലോ' 'രതു' മാത്രം-അതു ഞങ്ങൾ നിങ്ങൾ തൻ നേർക്കു വീശും" എന്ന്. ആ 'അതെ'ടുത്ത് ആഞ്ഞൊരു വീശുവീശിയിരിയ്കുകയാണു ചങ്ങമ്പുഴ. ആ വീശലിൽ ഏതൊക്കെ മുഖം മൂടികൾ തെറിച്ചിരിക്കുന്നു വെന്ന് ഈ കൃതി വായിച്ചു തന്നെ അറിയണം. ഒരിക്കലല്ല, ആവർത്തിച്ചു വായിച്ചു ഹൃദിസ്ഥമാക്കേണ്ടൊരു വിശിഷ്ട കൃതിയാണിത്. കയ്യെഴുത്തുപ്രതിയുമായി ഒത്തുനോക്കി വിട്ടുപോയ വരികൾ കൂട്ടിച്ചേർത്ത് വിപുലപ്പെടുത്തിയ പുതിയ പതിപ്പാണിത്.


പ്രസാധകൻ.


"https://ml.wikisource.org/w/index.php?title=പാടുന്ന_പിശാച്‌&oldid=62284" എന്ന താളിൽനിന്ന് ശേഖരിച്ചത്