പലപല നാളുകൾ ഞാനൊരു പുഴുവായ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പലപല നാളുകൾ ഞാനൊരു പുഴുവായ് (കവിത)
പഴയ മലയാളം പാഠാവലിയിൽ നിന്ന്

പലപല നാളുകൾ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ
ഇരുന്നു നാളുകൾ നീക്കി.
അരളിച്ചെടിയുടെ ഇലതന്നടിയിൽ
അരുമക്കിങ്ങിണി പോലെ
വീശും കാറ്റത്തിളകിത്തുള്ളി
വീഴാതങ്ങനെ നിന്നു.
ഒരു നാൾ സൂര്യനുദിച്ചുണരുമ്പോൾ
വിടരും ചിറകുകൾ വീശി
പുറത്തുവന്നൂ അഴകു തുടിക്കും
പൂമ്പാറ്റത്തളിരായി
വിടർന്നു വിലസും പനിനീർപ്പൂവിൽ
പറന്നുപറ്റിയിരുന്നു.
പൂവിൽതുളളും പൂവതുപോലെ
പൂന്തേനുണ്ടു കഴിഞ്ഞു.