Jump to content

പരമ ദേവാ-വന്നെന്നുള്ളം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
('അരുമ താതാ അയ്യോ നിന്റെ' എന്ന രീതി)
          പല്ലവി
പരമ ദേവാ- വന്നെന്നുള്ളം
പരമൻ മന്ദിരമായി നീ-പാലിച്ചീടേണമേ-
        അനുപല്ലവി
പരിശുദ്ധാലയമൊരുക്കെന്നിൽ നീ-സേവ
പരിശുദ്ധമായ് തീരാൻ തുണച്യ്ക-അത്മ
നിറവും-എരിവും- ഉണർവ്വും പെരുകീടേണം-
       ചരണങ്ങൾ
തന്നിഷ്ടമകമേ നിന്നകറ്റേണം-ദൈവ
പൊന്നിഷ്ടമെൻ നിയമമാക്കേണം
മണ്ണിൻ സ്വരൂപമണിഞ്ഞേനയ്യോ- നിന്റെ
വിണ്ണിൻ ഛായ തെളിച്ചീടെന്മേൽ നീ
അയ്യോ കനിയേണം-മനമൊന്നലിയേണം-വേഗം
വരണം- തരണം -ശരണം-പരമാത്മാവേ

മരണം ജയിച്ചവീരനല്ലോ നീ നിന്റെ
പരമ ജീവനെന്മേൽ നീ ഊതേണം
ദുരിതമാം ജഡ ജീവനവസാനം ഞാനും
കുരിശിന്മേൽ ദിനംതോറും കാണേണം
ജഡമങ്ങുരിയേണം ക്രിസ്തനുയരേണം എൻ
അകമേ നിറവായ്-വസിക്ക-പരിഴുദ്ധനെ

സ്ഫുടം ചെയ്തീടണം വാനത്തീയാലെ- എന്റെ
ജഡമാത്മാവിവയിൻ കന്മഷമാകെ
അധരം കൈ നിനവുകളഖിലവും-നിന്റെ-
രുധിരത്താൽ ശുചിയാക്കികാക്കേണം
എന്നെ സമസ്തവും ആത്മദേഹിയും ദേഹം
അനിന്ദ്യമായ്പാലിക്കേണമേ- അനുദിനവും-

ബലിപീഠമകമതിലുയരേണം സ്തോത്ര
ബലിനിരന്തരമർപ്പിച്ചീടുവാനായ്
നിറയണം മന്ദിരം ദൈവാത്മാവാൽ എന്നും
കുറവന്ന്യെ സാന്നിദ്ധ്യം വിളങ്ങെണം
മന്ദമകലേണം- അഗ്നി എരിയേണം മമ
നിനവും-ഗുണവും-ദിനവും നിൻമയമാകണം.

"https://ml.wikisource.org/w/index.php?title=പരമ_ദേവാ-വന്നെന്നുള്ളം&oldid=147174" എന്ന താളിൽനിന്ന് ശേഖരിച്ചത്