പഞ്ചതന്ത്രം കിളിപ്പാട്ട്/സന്ധിവിഗ്രഹം/രിപുക്കളെ സ്‍കന്ധത്തിൽ വഹിച്ചീടാം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പണ്ടൊരു കൃഷണസർപ്പം മണ്ഡൂകക്കൂട്ടങ്ങളെ-
ക്കണ്ഠത്തിൽ വഹിച്ചുകൊണ്ടാകവേ കൊലചെയ്തു.
അക്കഥ കേൾക്കേണമെന്നുക്തവാൻ കാകാധീശൻ.
സർക്കരിച്ചുരചെയ്തു സാദരം ചിരഞ്ജീവി.
ബുദ്ധിമാൻ മന്ദവിഷനെന്നൊരു കൃഷ്ണസർപ്പം
വൃത്തിക്കു ലഭിയാഞ്ഞു വിശന്നു നടന്നുടൻ
മുഷ്‍കരന്മാരായുള്ള ഭേകങ്ങൾ പെരുത്തൊരു
പുഷ്‍കലഹ്രദത്തിന്റെ വക്കത്തുചെന്നിരുന്നു,
ദുഃഖവും നടിച്ചുകൊണ്ടെത്രയും പരവശാൽ
തൽക്കയംതന്നിലുള്ള ദർദ്ദുരക്കൂട്ടങ്ങളിൽ,
ജലപാതനെന്നുള്ള ഭേകങ്ങൾക്കധീശ്വരൻ
ചാലവേ ദുഃഖത്തിന്റെ കാരണം ചോദിച്ചിതു.
കാളസർപ്പവും കനിഞ്ഞാസ്‍ഥയാ പറഞ്ഞിതു:-
കേളെടോ മഹാത്മാവേ മണ്ഡൂകേശ്വര! സഖേ!
വംശശുദ്ധിയുള്ളൊരു വിപ്രന്റെ കുമാരനെ-
ദ്ദംശനംചെയ്തേനഹം ദൈവകല്പിതംമൂലം
തൽപിതാവാകും വിപ്രൻ കോപിച്ചു ശപിച്ചു മാം;
കെല്പിയെന്നൊരുഭുജാംഗാധമാ! ദുരാത്മാവേ!
എന്നുടെ കുമാരനെദ്ദംശിക്കനിമിത്തമായ്
നിന്നുടെ ഭോജ്യങ്ങളാം മണ്ഡൂകവൃന്ദങ്ങളെ-
ത്തന്നുടെ തോളിൽച്ചുമന്നീടുക; തവളകൾ
തന്നുള്ളോരശനവും കഴിച്ചു നടന്നാലും
ഇങ്ങനെ ശപിച്ചോരു ശാപത്തെ നിവർത്തിപ്പാൻ
തങ്ങടെ മനസ്സുണ്ടെന്നാകിലേ കഴിവരൂ.
എന്നതുകേട്ടു മണ്ഡൂകാധിപനുരചെയ്തുഃ-
ഇന്നു തൊട്ടൊരോ മണ്ഡൂകങ്ങളെ വഹിക്ക നീ.
ഇക്കയം തന്നിൽനിന്നു മറ്റൊരു കയം തന്നിൽ
വെക്കമങ്ങെടുത്തു കൊണ്ടാക്കിയാൽ മതിതാനും
കൃഷ്ണസർപ്പവും മുദാ ദർദ്ദുരങ്ങളെത്തിന്മാൻ
തൃഷ്ണപൂണ്ടോരോദിനമോരോരോ മണ്ഡൂകത്തെ
തന്നുടെ ഗളന്തന്നിൽച്ചുമന്നുകൊണ്ടുപോയി-
ത്തിന്നുതിന്നംഗങ്ങൾക്കു പുഷ്ടിയുമുണ്ടായ്‍വന്നു.
ഇങ്ങനെ പലദിനം കഴിഞ്ഞു; പോയതൊന്നു-
മിങ്ങോട്ടു വരുന്നില്ല; യെന്തുതാനിദമെന്നു
ചിന്തിച്ചു മണ്ഡൂകേന്ദ്രൻ താനുമങ്ങൊരുദിനം
ചന്തത്തിൽ ഫണീശ്വരൻ തന്നുടെ മുതുകേറി.
സന്തുഷ്ടൻ ഫണീശനും കൊണ്ടുപോയിരയാക്കി-
ജ്ജന്തുഹിംസകൻ സുഖിച്ചിങ്ങനെ മേവീടിനാൻ.
എന്നതുകൊണ്ടു ചൊന്നേൻ തന്നുടേ കാര്യത്തിനു
തന്നുടെ രിപുക്കളെ സ്‍കന്ധത്തിൽ വഹിച്ചീടാം.
കാലദേശാവസ്ഥകളറിഞ്ഞു പ്രവർത്തിച്ചാൽ-
ച്ചാലവേ സമീഹിതം സാധിക്കും സമസ്തവും.
നല്ലതാമൊരുശരം മോചിച്ചാലൊരുത്തനെ-
ക്കൊല്ലുമെന്നതും വരുമില്ലെന്നും വരും താനും.
ബുദ്ധിബാണത്തെ വിട്ടാലായതു ശത്രുകുലം
ശുദ്ധശൂന്യമാക്കീടുമെന്നതു ബോധിക്കേണം.
ബുദ്ധിക്കു വിഭൂഷണം നല്ലതു ശാസ്ത്രജ്ഞാനം.
സിദ്ധിക്കും ശൗര്യാടോപം ധൈര്യമുണ്ടെന്നു വന്നാൽ
തന്നുടെ കാര്യം ലഭിക്കേണമെന്നിച്ഛിക്കുന്നോ-
ർക്കിന്നതേ ചെയ്തീടാവു കാര്യമെന്നുണ്ടാകുമോ?
ഭാരവും ചുമന്നുകൊണ്ടോടുന്നു ശരീരികൾ;
വാരിധി കടക്കുന്നു കപ്പലിലൂടെ ചിലർ;
നീചരെച്ചെന്നു വന്ദിച്ചീടുന്നു മഹാജനം;
യാചനംചെയ്തു പൊറുത്തീടുന്നു ചിലജനം;
ഭോഷ്‍കുകൾ പറഞ്ഞു ജീവിക്കുന്നു ചിലജനം;
മൗഷ്‍കര്യംകൊണ്ടു ചിലർ വാസരം കഴിക്കുന്നു.

ഇങ്ങോട്ടു ചതിക്കുന്ന ദുർജ്ജനങ്ങളെ നന്നാ-
യങ്ങോട്ടു നശിപ്പിച്ചാൽ ദോഷമില്ലെന്നു കേൾപ്പൂ.
കാട്ടുതീ പിടിപെട്ടു കാനനം ദഹിച്ചാലും
മൂട്ടിലെ വേരു വെന്തുപോകയില്ലതുമൂലം
പിന്നെയും മുളച്ചു പൊങ്ങീടുന്നു മരങ്ങളു-
മെന്നതുകൊണ്ടു മതിയായില്ല വൈരത്തിനു.
ശത്രുശേഷവുമഗ്നിശേഷവുമൃണശേഷം
ഗാത്രജം രോഗശേഷമെന്നിവ നാലും സമം.
അല്പമൊന്നുപേക്ഷിച്ചു പോയിതെന്നാകിൽപ്പിന്നെ
സ്വല്പകാലംകൊണ്ടതു വർദ്ധിച്ചു ബലപ്പെടും.
എന്നതുമൂലമുലൂകങ്ങളെസ്സമൂഹമേ-
യൊന്നുമേശേഷിക്കാതെ സംഹരിച്ചീടും ഞാനും.
ആപത്തു വരുംനേരമാകുലത്വവും വേണ്ട;
സമ്പത്തു വരുന്നേരം സംപ്രഹ‍ഷവും വേണ്ടാ;
ക്രോധവും ദുർബോധവും ലോഭവും ദുർമ്മോഹവും
രോഷവും വിഷാദവുമീവിധങ്ങളും വേണ്ടാ!
സർവവും ക്ഷമിച്ചുകൊണ്ടിരുന്നു പതുക്കവേ
ദുർവിധം നീക്കിക്കാലം സാധുവായ്‍വരുന്നേരം,
സർവകർമ്മങ്ങളെല്ലാം ഫലീക്കും ധീരന്മാർക്കു,
സർവസമ്പത്തും തന്റെ ഹസ്തത്തിൽ വരുമപ്പോൾ.
പ്രാജ്യപൗരുഷനാകും ശ്രീരാമചന്ദ്രനഹോ
രാജ്യവിഭ്രംശേ വനവാസവും ഭവിച്ചില്ലേ?
പഞ്ചപാണ്ഡവന്മാരും നാടുവിട്ടരണ്യത്തിൽ
സ്സഞ്ചരിച്ചഹോ ബഹുസങ്കടം പ്രാപിച്ചിലേ?
നൈഷധൻ നളൻതാനും ദേവിയെപ്പിരിഞ്ഞഹോ!
വൈഷമ്യം പലതനുഭൂതവാനായീലയോ?
ദുർഘടസ്ഥാനമവർക്കല്ലാർക്കുമൊഴിഞ്ഞപ്പോ-
ളുൽക്കടപ്രകാശവും പ്രാഭവങ്ങളും വന്നു.
എന്നതുകൊണ്ടു മമ സ്വാമിക്കുമനർത്ഥങ്ങൾ
വന്നതു വഴിപോലെയൊഴിഞ്ഞു സമസ്തവും
സന്ധിവിഗ്രഹംകൊണ്ടു ശത്രുസംഹാരം ചെയ്തു
സന്ധിച്ചു സദാനന്ദം സാമ്പ്രതം സുമംഗലം.
ഇങ്ങിനെ ചിരഞ്ജീവിതന്നുടെ ഗിരം കേട്ടു.
തിങ്ങിന സന്തോഷത്താൽ പൂർണ്ണനാം മേഘവർണ്ണൻ
കാകലോകാധിപത്യം പ്രാപിച്ചു ബഹുകാല-
മാകുലം വിനാ വാണു മംഗലം ശുഭം ശുഭം!

തൃതീയതന്ത്രം സമാപ്തം.