പഞ്ചതന്ത്രം കിളിപ്പാട്ട്/സന്ധിവിഗ്രഹം/മൂഷികസ്ത്രീയും മഹർഷിയും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പണ്ടൊരു പരുന്തൊരു മൂഷികപ്പെൺകുഞ്ഞിനെ-
ക്കൊണ്ടങ്ങു പറക്കുമ്പോൾ കൊക്കിൽനിന്നധോഭാഗേ
വീണുപോയതങ്ങൊരു മാമുനിശ്രേഷ്ടന്തന്റെ
പാണിയില്പതിച്ചിതു സന്ധ്യാകർമ്മം ചെയ്യുമ്പോൾ.
തന്നുടെ തപോബലം കൊണ്ടുടൻ തപോധനൻ
തന്നുടെ ഗൃഹിണിക്കു പുത്രിയായ് ദാനംചെയ്തു.
മൂഷികകുമാരിയെത്താപസകുമാരിയായ്
പോഷിപ്പിച്ചിതു മുദാ താപസേന്ദ്രന്റെ ഭാര്യ.
തന്മകളെന്നപോലെ താപസി വളർത്തൊരു
പെണ്മണികന്യാവിനും കല്യാണകാലം വന്നു.
വീര്യവും സൗന്ദര്യവും വിദ്യയും പ്രഭുത്വവും
ധൈര്യവുമുള്ളവന്നു പുത്രിയെ കൊടുക്കണം;
ആര്യനാം മുനിശ്രേഷ്ഠനിങ്ങനെ വിചാരിച്ചു
സൂര്യദേവനെച്ചെന്നു വന്ദിച്ചു ചൊല്ലീടിനാൻ;
ഉന്നതപ്രഭാവനം നിന്തിരുവടി മമ
കന്യയെപ്പാണിഗ്രഹം ചെയ്യേണം ദിനേശ്വര!
എന്നതു കേട്ടിട്ടരുൾ ചെയ്തിതു ദിനേശനു-;
മെന്നെക്കാൾ മഹത്തരം മേഘമെന്നറിഞ്ഞാലും;
എന്നുടെ പ്രകാശത്തെ മറപ്പാൻ പോരുമവ:-
നെന്നതുകൊണ്ടുമവൻ നമ്മേക്കാൾ മഹാപ്രഭു.
എന്നതു കേട്ടു മുനി മേഘത്തോടപേക്ഷിച്ചു:
എന്നുടെ മകളെ നീ വേട്ടുകോള്ളേണം സഖേ!
വാരിവാഹവും ചൊന്നനെന്നെക്കാൾ വലിയവൻ
മാരുതദേവൻ നമ്മെക്കൊണ്ടവൻ നടക്കുന്നു.
മാമുനീശ്വരൻ ചെന്നു മാരുതനോടു ചൊന്നാൻ:
മാമകാത്മജയ്ക്കു നീ വല്ലഭനായീടണം.
മാരുതനരുൾചെയ്തു പർവതമെന്റെ ഗതി
വാരണഞ്ചെയ്യുമവൻ നമ്മെക്കാൾ മഹാരഥൻ.
സർവതാപസശ്രേഷ്ഠൻ കന്യയെക്കൊണ്ടുചെന്നു,
പർവതത്തോടു ചൊന്നാൻ വേൾക്ക നീ കുമാരിയെ.
പർവതമുരചെയ്തു മൂഷികൻ മഹാബലൻ
സർവതോ നമ്മെക്കരണ്ടായവൻ തുളയ്ക്കുന്നു;
ശേഷിയായ് വരുമവൻ കന്യയെ വേട്ടിടുവാൻ.
മൂഷികന്തന്നെ പ്രാപിച്ചീടിനാൻ മുനീശ്വരൻ
മൂഷികാ! ഭവാനെന്റെ പുത്രിയെ വേട്ടീടണം.
ചൊല്ലിനാനെലിശ്രേഷ്ഠൻ കല്യാണം കഴിക്കാമെ-
ന്നില്ലത്തു കൊണ്ടുപോവാൻ തെല്ലുണ്ടു പരാധീനം.
നമ്മുടെ ഗൃഹമൊരു രന്ധ്രം മാത്രമേയുള്ളൂ,
പെണ്മണിയാളെയതിൽക്കടത്തിക്കുടിവെപ്പാൻ,
സാദ്ധ്യമായ്‍വരായെന്നു ശങ്കിച്ചു മടിക്കുന്നു.
ഞങ്ങൾക്കുതന്നെ പാരം ഞെരുങ്ങും ഗുഹതന്നിൽ
മംഗലസ്ത്രീയാമിവളെങ്ങനെ പോയീടുന്നു?
താപസൻ തപോബലംകൊണ്ടുടൻ തൻപുത്രിയെ-
ത്താമസം കൂടാതൊരു മൂഷികസ്ത്രീയാക്കിനാൻ.
മൂഷികൻ വിവാഹവും ചെയ്തിതുമുന്നേപ്പോലെ
മൂഷികസ്ത്രീ പിന്നെയും മുഷികസ്ത്രീയായ് വന്നു.

എന്നതുകൊണ്ടു ചൊന്നേൻ ജാതിക്കു വിപര്യയം
വന്നു സംഭവിക്കയില്ലന്യജന്മത്തിൽപ്പോലും,
ഇങ്ങനെ പറഞ്ഞുലൂകേന്ദ്രനാമമർദ്ദന-
നിംഗിതമവനുള്ളിലുള്ളതു ബോധിക്കാതെ,
ശത്രുമന്ത്രിയാം ചിരംജീവിയെസ്സമ്മാനിച്ചു
മിത്രമാക്കിനാനഹോ ബോധമില്ലായ്കമൂലം.
ബുദ്ധികൗടില്യം ഗ്രഹിയാഞ്ഞവൻ സ്വവൈരിയെ-
പ്പത്തനപ്രവേശങ്ങളൊക്കെവെ ദർശിപ്പിച്ചു
നിന്നുടെ രാജ്യമിദമെന്നു ബോധിക്ക ഭവാ;-
നെന്നുടെ മിത്രങ്ങളും പുത്രഭാര്യാദികളും
നിന്നുടെ ഗൃഹംപോലെ കണ്ടുകൊൾകെടോ! ഭവാ-
നെന്നുടെ ജനധനസ്ഥാനവും മാനങ്ങളും
ഒക്കവേ നിനക്കധീനങ്ങളെന്നുറച്ചുകൊ-
ണ്ടിക്കുലം ബലപ്പെടുത്താശു നീ രക്ഷിക്കണം.
മൽക്കുലേ സുഖിച്ചുവാഴ്‍കെന്നുമങ്ങുരചെയ്തു,
ഭക്ഷണത്തിനു വകകല്പിച്ചു നിജസ്ഥാനേ,
രക്ഷണത്തിനുമാക്കി സ്വസ്ഥാനമമർദ്ദനൻ,
സൂര്യനങ്ങുദിക്കുമ്പോളന്ധരാം കൂട്ടത്തോടെ
സ്വൈരമായുറക്കവും തുടർന്നാനുലൂകേശൻ
സൂര്യനങ്ങുദിച്ചാൽ പിന്നസ്തമിപ്പോളമൊരു
കാര്യവും വിചാരവും ഭുക്തിയും സംസാരവും
ഒന്നുമില്ലവിടത്തിൽ മിണ്ടാതെ ശയിക്കുന്ന
പൊണ്ണനാം കൗശികൻ തൻ പ്രജകളോടു കൂടെ
ധീരനാം ചിരഞ്ജീവി ശത്രുസംസ്ഥാനങ്ങളിൽ
ദ്വാരങ്ങൾ കിടങ്ങുകൾ കോട്ടകൾ മതിലുകൾ
കൊത്തളം പുറത്തളം കൊട്ടിലും കോലാപ്പുറം
കൽത്തളം കളം കുളം കാനനസ്ഥാനങ്ങളും
ഒക്കവെ പകൽ കണ്ടു ഗ്രഹിച്ചു വഴിപോലെ
തക്കത്തിൽ ദഹിപ്പിപ്പാൻ കൗശലങ്ങളും നോക്കി,
വൈക്കോലും തൃണങ്ങളും പഞ്ഞിയുമിടയ്ക്കിടെ
പൊക്കത്തിൽ സ്വരൂപിച്ചു പച്ചിലകൊണ്ടുമൂടി,
ചിത്രമോരോന്നുണ്ടാക്കിയപ്പുരേ ചിരഞ്ജീവി,
എത്രയുമുചിതമെന്നോർത്തുകൊണ്ടുലൂകന്മാർ
രാത്രിയിൽ കണ്ടുകണ്ടുവിസ്മയിച്ചതേയുള്ളൂ.
കാകരാജനും പകൽ മുപ്പതുഘടികയു-
മേകരാജ്യമായ് നടന്നീവിധം പ്രയോഗിക്കും,
അന്തിവന്നടുക്കുമ്പോൾ മന്ത്രശാലയിൽചെന്നു
മന്ത്രിഭാവവും പ്രാപിച്ചീശനെസ്സേവിക്കയും;
അങ്ങനെ രണ്ടുമാസം കഴിഞ്ഞോരനന്തര-
മിങ്ങനെപാർത്താലെത്രനാളിനിപ്പാർത്തിടേണ്ടൂ?
വാശ്ശതും ക്രിയ കഴിച്ചീടുകെന്നുറച്ചവൻ
വിശ്വസ്സിപ്പിച്ചു ചതിച്ചീടുവാനൊരുമ്പെട്ടു.
ഏകദാ പുലർകാലേ കൂമങ്ങളുറക്കമ-
ങ്ങാകവേ തുടർന്നപ്പോൾക്കച്ചിലിൽക്കൊള്ളിവച്ചു
ശുഷ്‍കഗോമയങ്ങളിൽ തീക്കനലിട്ടു നാലു-
ദിക്കിലുമുറപ്പിച്ചങ്ങഗ്നിയും പിടിപെട്ടു.
അർക്കന്റെ പ്രതാപവും കാറ്റുമദ്ധൂമങ്ങളു-
മൊക്കവേയൊരുമിച്ചു പൊക്കത്തിൽപ്പുകപൊങ്ങി.
തൽക്ഷണം മൂങ്ങക്കൂട്ടമൊക്കയും മഹാശ്വത്ഥ-
വൃക്ഷവും ദഹിച്ചാശു ഭസ്മമായ് ധൂളിച്ചിതു,
ഇത്ഥമങ്ങുലൂകസംഹാരത്തെ ചെയ്തു വേഗാൽ,
സത്വരം ചിരംജീവി പോന്നിങ്ങു നിജസ്ഥാനേ,
മേഘവർണ്ണനെച്ചെന്നു വണങ്ങി പേരാൽവൃക്ഷേ
മോഘമെന്നിയേ കൊണ്ടന്നിരുത്തിസ്സുഖിപ്പിച്ചു.
പ്രൗഢസന്തോഷം ചിരംജീവിയെക്കാകാധീശൻ
ഗാഢമാശ്ലേഷം ചെയ്തു ഗൂഢമെന്നിയേ ചൊന്നാൻ:-
ഹേ സഖേ ചിരഞ്ജീവി! ഹേലയാ കൃതം കാര്യ-
മാശു ഹേ സഖേ! നിന്നാലെങ്ങനെ ഭവാനഹോ
ശത്രുരാജ്യത്തെ പ്രാപിച്ചാസ്ഥയായ്‍പ്പൂനസ്സഖേ!
തത്ര വാണതും ഭവാനിങ്ങനെയുപകൃതി
ചെയ്തതിന്നഹോ ഞാനുമെന്തു പ്രത്യുപകൃതി
ചെയ്‍തീടേണ്ടൂവെന്നെവം ചോദിച്ചു കാകാധീശൻ.
ഇങ്ങനെ ചോദിച്ചൊരുവായസപ്രവീരനോ-
ടിംഗിതം ഹിതം പറഞ്ഞീടിനാൻ ചിരഞ്ജീവി
ദുർഘടം സ്ഥാനം ലഭിച്ചീടുവാൻ മഹത്തുക്കൾ
ദുർഘടസ്‍ഥലങ്ങളിൽചെന്നിരുന്നനേകധാ
ദുഃഖങ്ങളനുഭവിക്കുന്നവർ പതുക്കവേ
തൽക്കാര്യം ലഭിക്കുമ്പോൾ സ്വസ്‍ഥരായ് വരുന്നില്ലേ
പഞ്ചപാണ്ഡവന്മാരും പാഞ്ചാലിതാനും പിന്നെ
ചഞ്ചലം വിനാ വേഷം മറഞ്ഞു വിരാടന്റെ
പത്തനംഗന്മാർ മരിച്ചേകനായ്‍പ്പിറന്നപോൽ
എത്രയും മനോജ്ഞനാമർജ്ജുനൻതാനും പുരേ
തത്ര ചെന്നാണുപെണ്ണുമല്ലാതെ പാർത്തീലയോ?
സുന്ദരീ ദമയന്തീവല്ലഭൻ നളനൃപൻ
ചെന്നൊരു നരേന്ദ്രന്റെ പാചകസ്‍ഥാനം വാങ്ങി-
ശ്ശോകവും മകക്കാമ്പിലടക്കിസ്സദാകാലം
പാകവും ചെയ്തുകൊണ്ടു മുഷിഞ്ഞു പാർത്തില്ലയോ?
കന്യകാവിവാഹത്തെക്കാംക്ഷിച്ചു ധനഞ്ജയൻ
സന്യസിച്ചഹോ വസിച്ചീലയോ ബഹുകാലം?
ശത്രുമാർഗ്ഗേണ മദ്ധ്യേ വാസമെന്നതു നൃണാ-
മെത്രയും പരാധീനമായതു നിരൂപിച്ചാൽ
ഖഡ്‍ഗധാരാഖ്യവ്രതം സാധിച്ചു പണിപ്പെട്ടു
സൽഗതിവരുത്തുന്ന യോഗിക്കു സമംതന്നെ.
ആസനം സ്‍ഥാനം യാനം ഭോജനം പാനം സ്നാന-
മായതു സർവം മഹാസങ്കടം ശത്രുസ്‍ഥലേ
സർവദിക്കിലും വിഷം സംഗമിപ്പിക്കുമതു
സർവദാ സമാധാനം ചെയ്തു സൂക്ഷീച്ചീടണം
ഏതൊരു ദുർമ്മന്ത്രിക്കു ദുർന്നയം ഭവിക്കാത്തൂ?
ഏതൊരു പുരുഷനെ സ്ത്രീ മദിപ്പിച്ചീടാത്തൂ?
ഏതൊരു മനുഷ്യന്മാരപഥ്യം ഭവിക്കയാ-
ലാതുരന്മാരല്ലാതെ സംഭവിക്കുന്നു വിഭോ?
ഏതൊരു നരന്മാർക്കു മൃത്യു സംഭവിക്കാത്തൂ?
യാത്രൊരു വിഷയിക്കു വിപത്തുമുണ്ടാകാത്തൂ?
സാവധാനത്വംകൂടാതുള്ളർക്കൊരുനാളും
സാധ്യമില്ലരിപുരേ ചെന്നുപോരികപോലും
വൈരിയെ സ്തുതിക്കേണം വൈരിയെബ്‍ഭജിക്കേണം.
വൈരിയെശ്ശിരസ്സിങ്കൽ വഹിച്ചു നടക്കേണം.
വൈരിയെച്ചതിക്കേണമെങ്കിലീവിധമെല്ലാം
വൈകാതെ ചെയ്തുപോക വാശ്ശജാതിയെന്നാലും.