പഞ്ചതന്ത്രം കിളിപ്പാട്ട്/സന്ധിവിഗ്രഹം/പക്ഷിയും ശശകനും അന്തികേ ചെന്ന നേരം
വായസം പറഞ്ഞിതു; ഞാനൊരുകാലം മുന്നം
കാനനം തന്നിലൊരു വൃക്ഷത്തിൽ കൂടുംകെട്ടി;
ദീനമെന്നിയേ പല വാസരം വസിച്ചിതു;
കോടരേ കപിഞ്ജലമെന്നൊരു പക്ഷിവന്നു,
കൂടുമുണ്ടാക്കിത്തത്ര വാണിതു യഥാസുഖം.
സോഹമക്കപിഞ്ജലപക്ഷിയും തമ്മിൽ പ്രാണ-
സ്നേഹമായ്‍ച്ചമഞ്ഞിതു കൂടവേ വസിക്കയാൽ
ഏകദാ സന്ധ്യാഗമേ വന്നില്ല കപിഞ്ജലൻ;
ശോകകുണ്ഠിതം പൂണ്ടു വാണു ഞാൻ പുലരോളം.
അക്കാലം കപിഞ്ജലൻ പാർക്കുന്ന കോടരത്തിൽ
ദീർഘകർണ്ണനെന്നൊരു മുയൽ വന്നകംപുക്കു
യോഗമല്ലെടൊ ശശ! നമ്മുടെ സുഹ്രത്താകും
ഭാഗ്യവാൻ കപിഞ്ജലൻ തന്നുടെ ഗൃഹംതന്നിൽ
വന്നു നീ വസിപ്പതു നിന്നുടെ നിർമ്മര്യാദ-
മെന്നു ഞാൻ വിരോധിച്ചേനായവൻ കയ്ക്കൊണ്ടില്ല
മൂന്നുനാളഹോ രാത്രമിങ്ങനെ കഴിഞ്ഞപ്പോൾ
വന്നിതു കപിഞ്ജലൻ ദീർഘകർണ്ണനെക്കണ്ടു,
ആരെടൊ മമ സ്ഥാനേ വന്നിരുന്നിതു മൂഢാ
ദൂരെ മാറിപ്പൊകെന്നു പറഞ്ഞു കപിഞ്ജലൻ.
ദീർഘകർണ്ണനും ചൊന്നാനീദൃശസ്ഥാനങ്ങളി-
ലാർക്കുമേ ഭേദമില്ലെന്നുത്തമന്മാർ ചൊല്ലുന്നു
വാപികൾ തടാകങ്ങൾ കൂപങ്ങൾ വൃക്ഷങ്ങളും
പ്രാപിക്കുന്നവർക്കെല്ലാമാവാസസ്ഥലം തുല്യം.
ഞാനിതിനുടയവനെന്നുരചെയ്‍വാനൊരു
സ്ഥാനിയില്ലെന്നു മനുമന്നവനുര ചെയ്തു.
മന്നവന്മാർക്കും മറ്റും മാദൃശന്മാർക്കുമിന്നു
മാനവസ്‍മൃതിയല്ലാതെന്തൊരു പ്രമാണവും?
നാലുപേർ തടസ്സന്മാരിക്കാര്യം കേട്ടാലനു-
കൂലമായ്പറഞ്ഞീടിലായതു ഞാനും കേൾക്കാം
ഇങ്ങവകാശമില്ലെന്നായവൻ വിധിച്ചെങ്കി-
ലിങ്ങൊരു ശഠതയില്ലാശു ഞാൻ വാങ്ങിക്കൊള്ളാം
എങ്കിൽ നാം പോക സഖേ! നാല്ലൊരു വിശേഷജ്ഞൻ
തങ്കലാക്കേണം കാര്യമെന്തിനു മടിക്കുന്നു?
ഇങ്ങനെ കപിഞ്ജലപക്ഷിയും ശശകനും
തങ്ങളിലൊരുമിച്ചു തൽക്ഷണം പുറപ്പെട്ടു.
ഞാനുമങ്ങവരുടെ പിന്നാലേ പുറപ്പെട്ടു
ജ്ഞാനമുള്ളവർ വിധിക്കുന്നതു കേൾപ്പാനായേ.
ഏതൊരു തടസ്സരെച്ചെന്നു ഞാൻ സേവിക്കേണ്ടൂ?
കൈതവമില്ലാതവരെങ്കിലേ ഗുണം വരൂ.
ദീർഘകർണ്ണനോടേവം ചോദിച്ചു കപിഞ്ജലൻ;
ദീർഘകർണ്ണനും ചൊന്നാനുണ്ടൊരു മാർജ്ജാരകൻ
യമുനാതീരെ തപം ചെയ്തുകൊണ്ടിരിക്കുന്നു.
മാമുനീശ്വരന്മാരിലൊന്നുപോൽ വസിക്കുന്നു.
ചോദിച്ചു കപിഞ്ജലൻ പൂച്ചമാമുനി കാര്യം
ബോധിച്ചകണക്കിന്നു തീർക്കുമോ വിവാദങ്ങൾ?
ധൂർത്തനാം വിലാളത്തെ വിശ്വസിക്കാമോ വ്യാജ-
മൂർത്തികൾ മാർജ്ജാരന്മാരെന്നു ഞാൻ കേട്ടിടുന്നു.
ചൊല്ലിനാൻ ദീർഘകർണ്ണൻ നല്ലൊരു പൂച്ചശ്രേഷ്ഠൻ
തെല്ലുമേ കപടമില്ലെന്നു ഞാനറിയുന്നു.
വാശ്ശതും കണ്ടാൽ കാണുമീശ്വരനല്ലോ സാക്ഷി?
വിശ്വസിക്കരുതെന്നു നമ്മുടെ സത്യം സഖേ!
ഇങ്ങനെ പറഞ്ഞു കൊണ്ടായവരിരുവരും
തങ്ങളിലൊരുമിച്ചു യമുനാതീരേ ചെന്നു
ധൂർത്തനാം ദധികർണ്ണനെന്നുള്ള മാർജ്ജാരനെ-
പ്പാർത്തുകണ്ടടിമലർ വന്ദിച്ചു നിന്നീടിനാർ.
കണ്ണുകൾ തുറന്നു നോക്കീടിനാൻ ദധികർണ്ണൻ;
കർണ്ണങ്ങൾ വഴിപോലെ കേൾക്കയില്ലെനിക്കെടോ
അന്തികേ വന്നു കാര്യം ചൊല്ലുവിൻ ധർമ്മാധർമ്മം
ചിന്തിയാതൊരു കാര്യം കല്പിക്കില്ലെടോ ഞാനും
ധർമ്മത്തെദ്വേഷിച്ചെങ്കിൽ ധർമ്മവും ദ്വേഷിച്ചീടും
ധർമ്മത്തെ രക്ഷിച്ചെങ്കിൽ ധർമ്മവും രക്ഷിച്ചീടും;
ധർമ്മത്തെ വഴിപോലെ സേവിക്കുന്നവർകളെ-
ധർമ്മമെന്നുള്ള ദൈവം പാലനം ചെയ്യും ദൃഢം,
മറ്റുള്ള ബന്ധുക്കളിദ്ദേഹമുള്ളന്നേയുള്ളൂ.
മറ്റുമീധർമ്മബന്ധു ചത്താലും കൂടെപ്പോരും.
പ്രാണിഹിംസനത്തോളമധർമ്മം മറ്റൊന്നില്ലാ;
പ്രാണരക്ഷണത്തോളം ധർമ്മവും മറ്റൊന്നില്ലാ;
മാതവെപ്പോലെ പരസ്ത്രീകളെക്കണ്ടീടണം;
മാറോടുപോലെ പരദ്രവ്യത്തെക്കല്പിക്കണം;
തന്നെപ്പോൽ മറ്റുള്ളോരെക്കൂടവേ കാണുന്നവൻ
ധന്യപൂരുഷനെന്നു ചൊല്ലുന്നു മഹത്തുക്കൾ
ധർമ്മമീവണ്ണം പറയുന്നൊരു മാർജ്ജാരനെ-
ധർമ്മവാനിവനെന്നു വിശ്വാസമുണ്ടാകയാൽ
പക്ഷിയും ശശകനുമന്തികേ ചെന്നനേരം.
തൽക്ഷണം പിടിപെട്ടു മാർജ്ജാരൻ മഹാപാപി.
രക്ഷണം മോഹിച്ചങ്ങു ചെന്നവർകളെക്കൊന്നു
ഭക്ഷണം കഴിച്ചവൻ പിന്നെയും തപം ചെയ്‍താൻ
അത്തൊഴിലെല്ലാംകണ്ടു ദൈവമേ! അയ്യോയെന്നു
ചിത്തത്തിലുറപ്പിച്ചു ഞാനുമിങ്ങോട്ടു പോന്നു.
എന്നതുകൊണ്ടു ചൊന്നേൻ ക്ഷുദ്രാനാമുലൂകത്തെ
മന്നവനാക്കിവച്ചാൽ ഭദ്രമായ്‍വരത്തില്ല.
വൃദ്ധവായസത്തിന്റെ വാക്കുകൾ കേട്ടനേരം
ബദ്ധസന്തോഷം പക്ഷിക്കുട്ടങ്ങൾ പറഞ്ഞിതു:-
ധ്വാങ്‍ക്ഷവൃദ്ധന്റെ വാക്യമൊക്കവേ പരമാർത്ഥം;
കാംക്ഷയില്ലഭിഷേകം കൗശികത്തിന്നു ചെയ്‍വാൻ;
വേഗമിസ്സംഭാരങ്ങൾകൊണ്ടങ്ങു പൊയ്ക്കൊണ്ടാലും;
യോഗവും പിരിഞ്ഞാലും കൗശിക! നീയും പോക.
ബുദ്ധിയും കെട്ടു വൈരം മുഴുത്തോരുലൂകവും
വൃദ്ധകാകനോടുരചെയ്തിതു കോപത്തോടെ:-
എന്തൊരുദോഷം ചെയ്തേനിന്നു ഞാൻ നിനക്കെടോ
ചിന്തിതം കർമ്മം മുടക്കീടുവാനെന്തു മൂലം?
അമ്പുകൊണ്ടുള്ള വ്രണം കാലത്താൽ നികന്നീടും;
കൊമ്പുകൾ കണ്ടിച്ചാലും പാദപം കിളിർത്തീടും;
കാട്ടുതീവെന്താൽ വനം പിന്നെയും തളിർത്തീടും;
കേട്ടുകൂടാത്തവാക്കാമായുധം പ്രയോഗിച്ചാൽ
കർണ്ണങ്ങൾക്കകം പുക്കു പുണ്ണായാലതു പിന്നെ-
പ്പൂർണ്ണമായ് ശമിക്കയില്ലൊട്ടുനാൾ ചെന്നാൽപ്പോലും
എന്നെല്ലാമുരചെയ്തു കൗശികൻ നടകൊണ്ടാ-
നന്നുതൊട്ടുണ്ടായൊരു വൈരമെത്രയും ഘോരം.
തങ്ങളിൽ കാകോലൂകന്മാർക്കതു ശമിക്കയി-
ല്ലിങ്ങനെ ചിരഞ്ജീവി പറഞ്ഞു കൂപ്പീടിനാൻ.
മേഘവർണ്ണനുമുരചെയ്തിതു മഹാത്മാവേ!
കാകമന്ത്രീശ! ഭവാനാകുലന്മാരായുള്ള
കാകന്മാർക്കൊരു ജയം കിട്ടുവാനുപായത്തെ
വൈകാതെ രാത്രി വരുംമുന്നമേ ചിന്തിക്കണം.
ഉക്തവാൻ ചിരഞ്ജീവി സന്ധി വിഗ്രഹം രണ്ടും
യുക്തമല്ലെന്നുവച്ചാൽപ്പിന്നെ നാലുണ്ടു നയം;
എന്നതിൽ യാനം ബലവാന്മാരിൽ വൃഥാഫലം:
തന്നുടെ നാശം ഫലമാസനം പ്രയോഗിച്ചാൽ,
ആശ്രയിച്ചിട്ടുവേണം വൈരിഷു ദ്വൈധീഭാവ-
മാശ്രയംതന്നെ മുന്നം ചെയ്‍കയെന്നെന്റെ പക്ഷം,
ജീവനെത്യജിച്ചിട്ടുമാശ്രയംകൊണ്ടു കാര്യം
കേവലം സാധിക്കുന്നേനിന്നു രാത്രിയിൽത്തന്നെ
വഞ്ചകപ്രവരന്മാർ വൈരികളുലൂകന്മാർ,
കിഞ്ചന പ്രയാസമുണ്ടാശ്രയിപ്പാനും വിഭോ!
ഇഷ്ടിക്കുവേണ്ടി ദ്വിജൻ കൊണ്ടന്ന മേഷത്തിനെ-
പ്പട്ടിയെന്നാക്കിത്തീർത്തു ദുഷ്ടന്മാർ ചിലർകൂടി.
എങ്ങിനെയതെന്നു ചോദിച്ചിതു മേഘവർണ്ണൻ;
സംഗതി പറഞ്ഞീടാമെന്നങ്ങു ചിരഞ്ജീവി