പഞ്ചതന്ത്രം കിളിപ്പാട്ട്/സന്ധിവിഗ്രഹം/നാവടക്കുവാൻ കഴിയാത്തതുകൊണ്ടുള്ള ദോഷം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പണ്ടൊരു രജകന്റെ വസ്ത്രഭാണ്ഡവും പേറി-
ക്കൊണ്ടൊരു കഴുതയുണ്ടങ്ങാടിത്തെരുവതിൽ;
കണ്ടങ്ങൾ തോറും ചെന്നു ധാന്യങ്ങൾ തിന്നുന്നേരം
കണ്ടവരെറിഞ്ഞാട്ടി ദൂരവേ മണ്ടിക്കുന്നു.
തന്നുടെ കഴുതയ്‍ക്കു ഭക്ഷണമില്ലായ്കയാൽ
തന്നുടെ ഭാണ്ഡം പേറാൻ ശക്തിയില്ലാതായല്ലോ,
ഇത്തരം വിചാരിച്ചങ്ങേകദാ നിർണ്ണേജകൻ
പുത്തനാം പുലിത്തോലും കൊണ്ടുവന്നതുകൊണ്ടു
ഗർദ്ദഭത്തിന്റെ ദേഹമൊക്കവേ മൂടിക്കെട്ടി-
ത്തദ്ദിശി സസ്യം തിന്മാൻ വിട്ടിതു രജനിയിൽ.
കണ്ടത്തിൽച്ചാടിസ്സസ്യം ഭക്ഷിച്ചു തുടങ്ങിനാൻ;
കണ്ടെത്തി പ്രഹരിപ്പാൻ വരുന്ന കാവൽക്കാരും
വ്യഘ്രമെന്നോർത്തു പേടിച്ചോടിനാർ കഴുതയ്‍ക്ക-
ങ്ങാക്രമിപ്പാനും പരാധീനമില്ലാതായ്‍വന്നു
അങ്ങനെ നാലുപത്തുരാത്രികൾ കഴിഞ്ഞപ്പോ-
ളങ്ങൊരു കാവൽക്കാരൻ കൗശലക്കാരൻ തദാ
ചിത്രകംബളംകൊണ്ടു തന്നുടെ ഗാത്രം മൂടി-
ത്തത്ര ചെന്നുടൻ വില്ലൂം ശരവും മറച്ചുടൻ
ഗർദ്ദഭമതുകണ്ടു ഗർദ്ദഭസ്ത്രീയെന്നോർത്തു
ഗർജ്ജനം ചെയ്തു മദനാർത്തനായണഞ്ഞിതു.
ഗർദ്ദഭമിതെന്നറിഞ്ഞസ്ത്രത്തെ പ്രയോഗിച്ചാൻ,
ശബ്ദദോഷത്താലങ്ങഗ്ഗർദ്ദഭം ശരമേറ്റു
ചത്തുവീണിതു ഭോഷനിങ്ങനെയവസാനം.
എന്നതുകൊണ്ടു ചൊന്നേൻ കാകകൗശികന്മാർക്കും
തന്നുടെ വാഗ്ദോഷംകൊണ്ടുണായി മഹാവൈരം.
പക്ഷിജാതികളൊക്കെക്കൂടവേ വിചാരിച്ചു,
രക്ഷിതാവൊരു യജമാനനെക്കല്പിക്കേണം.
പക്ഷിവർഗ്ഗത്തിൽപ്പടുവാകിയ പുരൂഷനെ-
പക്ഷിരാജ്യാഭിഷേകം ചെയ്തിഹ വർത്തിക്കേണം.
ഇത്ഥമങ്ങെല്ലാവരും കൂടവേ വിചാരിച്ചു
സ്തിഗ്ദ്ധനാമുലൂകത്തെക്കൊള്ളിക്കാമെന്നുറച്ചു,
പക്ഷിപട്ടാഭിഷേകത്തിന്നുള്ള പദാർത്ഥങ്ങൾ
പക്ഷപാതികൾ ചെന്നു കൊണ്ടന്നു വട്ടംകൂട്ടി.
ഉത്തമൻ ചകോരവും വന്നിതു മന്ത്രിദ്വിജൻ;
സത്വരം കലശങ്ങൾ പൂജിച്ചു തുടങ്ങിനാൻ.
അന്നേരം വന്നാനൊരു വൃദ്ധനാം മഹാകാകൻ;
സന്നാഹമിതുകണ്ടു ചോദിച്ചു സഭാന്തരേ
എന്തൊരു ഭാവം നിങ്ങൾക്കേവനെ പ്രഭുവാക്കാ-
നന്തരം വിനാ വട്ടംകൂട്ടുന്നു? കഥിച്ചാലും
പക്ഷികളുരചെയ്താർ ഞങ്ങളിന്നുലൂകത്തെ-
പ്പക്ഷിരാജനായ്‍വച്ചു വാഴിപ്പാൻ തുടങ്ങുന്നു.
ചൊല്ലിനാൻ വൃദ്ധദ്ധ്വാങ്‍ക്ഷൻ നല്ലൊരു നീതിമാർഗ്ഗ-
മല്ലിതുഭവാന്മാർക്കെന്തിങ്ങനെ തോന്നീടുവാൻ?
വംശശുദ്ധിയില്ലാത്ത കൗശികന്മാർക്കു രാജ്യം
സംശയം കൂടാതഹോ കൊടുത്താൽ സുഖം വരാ.
എന്തൊരു പരമ്പരാബന്ധമിദ്ദിവാന്ധന്മാ-
ർക്കെന്തൊരു സദാചാരമാചരിക്കുന്നോരവർ?
സർവദാ കോപംകൊണ്ടു കറുത്തഭാവത്തോടേ
പർവതഗുഹകളിലൊളിച്ചു പകലെല്ലാം,
രാത്രിയിൽപ്പുറപ്പെട്ടു ഭക്ഷണം തേടിക്കൊണ്ടു
രാത്രിയിലിരുട്ടത്തു സഞ്ചരിക്കുന്നകൂട്ടം
പക്ഷികൾക്കെജമാനനായ് വരുന്നേരം പകൽ
കുത്ര നിന്നിവൻ രാജ്യം രക്ഷിച്ചു പുലർത്തുന്നു?
യൽക്കുലന്തന്നിലൊരു വിശ്രൂതനുണ്ടെങ്കിലേ
തല്ക്കുലേ ജനിക്കുന്നോർക്കുൽക്കർഷമുണ്ടായ് വരു.
ചന്ദ്രസേവിയാം ശശപ്രൗഢനങ്ങണ്ടാകയാ-
ലന്യനാമൊരു ശശം ദന്തിയെജ്ജയിച്ചല്ലോ.
എങ്ങനെ ജയിച്ചെന്നു പക്ഷികൾ ചോദിച്ചപ്പോ-
ളെങ്കിലോ കേൾക്കെന്നുരചെയ്തിതു കാകാധീശൻ.