Jump to content

പഞ്ചതന്ത്രം കിളിപ്പാട്ട്/സന്ധിവിഗ്രഹം/തദ്വിധന്മാരെച്ചെറ്റും വിശ്വസിക്കരുത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അന്തികേ വരികെടോ ശാരികേ! മൂന്നാംതന്ത്രം
സന്ധിവിഗ്രഹമെന്നു ചൊന്നതു കഥിക്ക നീ.
സോമശർമ്മാഖ്യദ്വിജൻ ഭൂമിപാത്മജന്മാരെ-
സ്സാമപൂർവമാംനയം ബോധിപ്പിച്ചുരചെയ്തുഃ-
സന്ധിവിഗ്രഹമാകും തന്ത്രത്തിലാദ്യശ്ലോകേ
ബന്ധിച്ചോരർത്ഥം കേട്ടുകോൾകെടൊ ബാലന്മാരേ!
മുന്നമേതന്നെ മഹാശത്രുവാം ജനം വന്നു
തന്നുടെ സുഹൃത്ഭാവം പൂണ്ടുമേവുന്നാകിലും,
തദ്വിധന്മരെച്ചെറ്റും വിശ്വസിക്കരുതെന്നു
തന്ത്രവേദികൾ പറഞ്ഞീടുന്നു ശിശുക്കളേ!
കാകന്മാർ മുന്നമുലൂകങ്ങടേ വാസസ്ഥാന-
മാകവേ ദഹിപ്പിച്ചു ഭസ്മമാക്കിനാരല്ലോ.
തൽപ്രകാരത്തെക്കേൾപ്പാനിച്ഛിച്ചു കുമാരന്മാർ
വിപ്രസത്തമനുരചെയ്തിതു വഴിപോലെ-

പണ്ടൊരു മഹാവനം തന്നിലങ്ങൊരുദിക്കി-
ലുണ്ടൊരു വടവൃക്ഷമെത്രയും മഹത്തരം.
കൊണ്ടൽ തൻനിറംപോലെ നീലയാം പത്രാവലി-
കൊണ്ടഹോ മുഴുത്തൊരുകൊമ്പുകൾ കനംകൊണ്ടു
താണുപോമെന്നുള്ളൊരു ശങ്കകൊണ്ടെന്നുതോന്നും
തൂണുപോൽച്ചുഴലവും വേരുകൾ നിലത്തൂന്നി,
കാടുകൾക്കോരോ പുരകെട്ടിയപോലെ നാലു
കോടുകളൊക്കെ മൂടിക്കൊണ്ടഹോ നിന്നീടുന്നു.
കൂടുകൾ കെട്ടിപ്പക്ഷിക്കൂട്ടങ്ങൾ മറ്റും മഹാ-
കോടരങ്ങളിൽ നിറഞ്ഞെപ്പൊഴും പാർത്തീടുന്നു.
പോടുകൾ തന്നിൽ ബഹുസർപ്പങ്ങൾ തങ്ങൾക്കുള്ള
വീടുകളാക്കികൊണ്ടു സന്തതം മേവീടുന്നു.
മേഘമാർഗ്ഗത്തോളമങ്ങുയർന്ന പേരാലിന്മേൽ
മേഘവർണ്ണനെന്നൊരു കാകലോകാധിനാഥൻ
ആകുലംവിനാ ബഹുകാകസൈന്യങ്ങളോടും
സാകമദ്ധ്വാങ്‍ക്ഷശ്രേഷ്ഠൻ സ്വൈരമായ്‍വാണീടുന്നു.
ചാരുവാം പേരാൽമരം തന്നിൽനിന്നരക്കാതം
ദൂരവേയൊരു മഹാശ്വത്ഥപാദപന്തന്നിൽ
കൗശികാഖ്യങ്ങളാകും പക്ഷിവൃന്ദങ്ങൾക്കെല്ലാ-
മീശനാമമർദ്ദനനെന്നു പേരായുള്ളവൻ
തത്ര മേവുന്നു ബഹുമൂങ്ങാകൂട്ടങ്ങളോടെ.
രാത്രിയിൽക്കണ്ണുകാണ്മാൻ ദണ്ഡമില്ലവകൾക്കു;
വായസങ്ങൾക്കു രാത്രൗ കൺകൊണ്ടു ഫലമില്ല;
കൗശികങ്ങൾക്കു പകൽ കൺകൊണ്ടു ഫലമില്ല;
രണ്ടുകൂട്ടക്കാരവർ തങ്ങളിൽ മഹാവൈരം
കണ്ടുവെന്നാകിൽത്തമ്മിലപ്പൊഴേ കൊത്തിക്കൊല്ലും;
തങ്ങളിൽക്കണ്ടെത്തുവാൻ സംഗതിവരായ്കയാ-
ലങ്ങനെ ജീവിച്ചിരിക്കുന്നിരുകൂട്ടക്കാരും
ഏകദാ രജനിയിൽ വീര്യവാനമർദ്ദനൻ
കാകവൃന്ദത്തെക്കൊലചെയ്‍വതിന്നൊരുമ്പെട്ടു.
തൽക്ഷണം ലക്ഷം മൂങ്ങാകൂട്ടങ്ങളോടു പേരാൽ-
വൃക്ഷത്തെ പ്രവേശിച്ചു വളഞ്ഞു ചുഴലവും.
കണ്ണുകാണാതുള്ളൊരു കാകവൃന്ദത്തെക്കൊത്തി
ഖണ്ഡിച്ചു കൊലചെയ്തു ചണ്ഡമാം കോപത്തോടേ.
മേഘവർണ്ണനും തന്റെ തന്ത്രീവീരന്മാരാകും
കാകന്മരഞ്ചു പേരുമേതാനും പ്രജകളും
തെറ്റെന്നു ഭയപ്പെട്ടു മറ്റൊരുമരംചെന്നു
പറ്റിനിന്നൊരുവണ്ണം ചാകാതെ ശേഷിച്ചിതു.
പിറ്റേന്നാൾ പുലർക്കലേ വന്നിങ്ങു വടമേറി-
ച്ചറ്റുമങ്ങിരുന്നവർ കാര്യത്തെ വിചാരിച്ചു.
അഞ്ചുപേർ സ്വരൂപികൾ മന്ത്രികൾ മനക്കാമ്പിൽ-
ച്ചഞ്ചലം കൂടാതവർ സ്വാമിയെ പ്രണമിച്ചു.
ഏകനങ്ങുദ്ദീപകൻ, രണ്ടാമൻ സന്ദീപകൻ,
മൂന്നാമൻ പ്രദീപകൻ, നാലാമനാദീപകൻ,
അഞ്ചാമൻ ചിരംജീവിയിങ്ങനെ സചിവന്മാ-
രഞ്ചുപേർ സമർത്ഥന്മാരെല്ലാരുമിരിക്കുമ്പോൾ
ആരെയും ഭേദംകൂടാതാസ്ഥയാ മേഘവർണ്ണൻ
ധീരതകൊണ്ടു പറഞ്ഞീതിനാന്മനോഗതം:-
മന്ത്രിവീരന്മാരാകും നിങ്ങടെ നിഗൂഢമാം
മന്ത്രശക്തികൊണ്ടല്ലോ നമ്മുടെ രാജ്യങ്ങളിൽ
സ്ഥാനവും മാനങ്ങളുമങ്കവും ചുങ്കങ്ങളു-
മൂനമെന്നിയേ വർത്തിച്ചിങ്ങനെ ചേർന്നിടുന്നു.
ഇക്കാലം ശത്രുക്കൾ വന്നിങ്ങനെ ബഹുതരം
ധിക്കാരം പ്രവർത്തിച്ചു നിഗ്രഹമേറ്റം ചെയ്തു.
വന്നതു വന്നു വിധി, മേല്പോട്ടു പരിഭവം
വന്നുപോകാതെ വൈരിനിഗ്രഹം ചെയ്തുകൊൾവാൻ
എന്തിനി നല്ലൂ? നമുക്കെന്നതു മനക്കാമ്പിൽ-
ച്ചിന്തിച്ചു പറഞ്ഞാലും മന്ത്രിപുംഗവന്മാരേ!
എന്നതുകേട്ടു പറഞ്ഞീടിനാനുദ്ദീപകൻ
എന്നുടെ മതമുള്ളിൽത്തോന്നിയതുണർത്തിക്കാം’-
ഉഗ്രവിക്രമന്മാരാം ശത്രുക്കൾ വന്നു നേർത്താൽ
നിഗ്രഹം ചെയ്തു ജയിച്ചീടുവാൻ പരാധീനം.
മറ്റൊരു ദിക്കിൽ മാറിപ്പാർക്കയെന്നതും കൊള്ളാം;
മറ്റൊരു ബലവാനെ സ്സേവചെയ്കിലും കൊള്ളാം;
വന്നുപദ്രവിക്കുന്ന വൈരിയെത്തന്നെ ശീഘ്രം
ചെന്നങ്ങു സമാശ്രയം ചെയ്കയെന്നാലും കൊള്ളാം.
ഇങ്ങനെ മൂന്നു നയം ദുർബ്ബലന്മാർക്കു യോഗ്യം
തിങ്ങിനബലമുള്ള വൈരികൾ വരുന്നേരം
ചൊല്ലിനാൻ സന്ദീപകനിദ്ദേഹം പറഞ്ഞതു
നല്ലൊരു നീതിമാർഗ്ഗമെങ്കിലും ചിതം വരാ.
തന്നുടെ രാജ്യം വെടിഞ്ഞന്യദിക്കിനു പോകും-
മന്നവന്മാരും പിന്നെ ശ്വാക്കളുമൊരുപോലെ.
നാട്ടിലങ്ങിരിക്കുമ്പോൾ നല്ലവന്താനും മറു-
നാട്ടിലായ്‍വരുന്നേരമെല്ലാർക്കും പരിഹാസം
കൈക്കലുള്ളതും വിറ്റുതിന്നൊക്കെ വകയാക്കി-
ദുർഘടസ്ഥലങ്ങളിൽ ദുഃഖിച്ചു തനിക്കൊരു
ചൊക്കനും കൂടെച്ചൊൽക്കീഴില്ലാതയ്‍വരും ക്രമാ-
ലക്കണക്കാകും നാടുവിട്ടുപോകുന്ന നൃപൻ.
കട്ടിലും വിട്ടു കലഹിക്കുന്ന പുരുഷനെ-
ക്കെട്ടിയ പെണ്ണുംകൂടിപ്പെട്ടെന്നു വെടിഞ്ഞീടും,
തന്നുടെ പ്രജകളും രാജ്യവും നഗരവു-
മെന്നുള്ള പരമാർത്ഥമൊന്നുമേ ചിന്തിക്കാതെ,
മാറ്റാനെക്കണ്ടപ്പോഴെ മണ്ടിയങ്ങൊളിച്ചഹോ
മറ്റൊരു ദിക്കിൽപ്പോകും മന്നവന്മാർക്കും പിന്നെ
തങ്ങടെ നാട്ടിൽ വന്നു വസിപ്പാന്താനുള്ളന്നും
സംഗതി വരികയില്ലെന്നതു ബോധിക്കണം.
എന്നതുകൊണ്ടു രാജ്യം വിട്ടുപോകരുതെന്ന-
ങ്ങെന്നുടെ പക്ഷമെന്നു പറഞ്ഞു സന്ദീപകൻ.
ഉക്തവാൻ പ്രദീപകൻ നമ്മുടെ പക്ഷം പിന്നെ-
ശ്ശക്തിമാനായുള്ളൊരു ശത്രു വന്നെതിർക്കുമ്പോൾ
വാശ്ശതും ചൊല്ലുംപോലെ കേട്ടുകൊണ്ടദ്ദേഹത്തെ-
സംശ്രയച്ചിട്ടു തന്റെ രാജ്യത്തെ രക്ഷിക്കണം.
ബാലരും വൃദ്ധന്മാരും സ്ത്രീകളും ദീനന്മാരും
കാലിനു മുടന്തുള്ളോർ കണ്ണുകാണാതുള്ളവർ,
ഇങ്ങനെ ബഹുവിധം രാജ്യവാസികളെല്ലാ-
മെങ്ങനെ പൊറുക്കുന്നു മന്നവന്മണ്ടിപ്പോയാൽ?
ആയതു വിചാരിക്കാതോടുന്ന നൃപൻ ദൂരെ-
പ്പോയെന്നാലെങ്ങും പിന്നെപ്പറ്റുകയില്ല ദൃഢം.
നാട്ടിലെ പ്രജകൾക്കു തങ്ങളെദ്ദണ്ഡിപ്പിച്ചു
കൂട്ടിച്ചുകൊണ്ടു വരാനുത്സാഹമുണ്ടാകില്ല.
വിശ്രുതന്മാരായുള്ള ഭൂപാലന്മാരെചെന്ന-
ങ്ങാശ്രയിച്ചതുകൊണ്ടു ഹാനിയും വരാനില്ല.
ഗംഗയും താനേചെന്നു സാദരം സമുദ്രത്തെ
സ്സംഗിച്ചു സേവിച്ചീടുന്നില്ലയോ കാകേശ്വരാ!
സ്വാമിയെ കൂപ്പിത്തൊഴുതീടിനാനാദീപകൻ:
സാമദാനാദി നമുക്കൊട്ടുമേ മതമല്ല
ചണ്ഡരാമുലൂകന്മാരിജ്ജനങ്ങൾക്കു രാത്രൗ
കണ്ണുകാൺകയില്ലെന്നു കല്പിച്ചു നിമ്മര്യാദം
നമ്മെ വന്നുപദ്രവം ചെയ്തതു ചിന്തിച്ചാലും;
ദുർമദന്മാരെച്ചെന്നു സേവിപ്പാൻ ചിതമുണ്ടോ?
അണ്ഡജാധമന്മാരാമക്കൂട്ടക്കാർക്കും പകൽ
കണ്ണുകാണ്കയില്ലെന്നു തമ്പുരാനോർക്കുന്നില്ലേ?
കാകസംഘത്തെ യോഗം തികച്ചു പകൽ ചെന്നാ-
ലാകവേ കൊത്തിക്കൊന്നു പോന്നുകൊള്ളരുതായോ?
ഇങ്ങനെ നാലുമന്ത്രിപ്രൗഢന്മാരുടെ മതം
സംഗ്രഹിച്ചനന്തരം വായസാദീശൻ മുദാ
അർത്ഥശാസ്ത്രങ്ങളെല്ലാമഭ്യസിച്ചവറ്റിലു-
ള്ളർത്ഥത്തെ വെളിവാക്കിച്ചൊല്ലുവാൻ സമർത്ഥനാം
മന്ത്രിപുംഗവൻ ചിരഞ്ജീവിതൻ മനോഗത-
മന്ത്രമെന്തെന്നു ചോദ്യം ചെയ്തപ്പോളവൻ ചൊന്നാൻ;-
നാലുപേരമാത്യന്മാരൊന്നിച്ചു പറഞ്ഞിതു
നാലുമാർഗ്ഗമെന്നാലും നന്നിതുവഴി നാലും.
എന്നതിൽ വിശേഷിച്ചൊന്നങ്ങോട്ടു ഗ്രഹിപ്പിപ്പാൻ
മന്ദനാമടിയനു മാനസേ തോന്നുന്നില്ല.
എങ്കിലുമൊരുവിധം ശാസ്ത്രമങ്ങറിയിക്കാ-
മെന്നുടെ ഗുരുക്കന്മാരഭ്യസിപ്പിച്ച വഴി.
മന്ത്രഗോപനത്തോളമാവശ്യം മറ്റില്ലെന്നു
മന്ത്രിപുംഗവന്മാരും സ്വാമിയും ബോധിക്കേണം.
കുംഭങ്ങൾ പിളർക്കുമ്പോളായതിന്നകത്തുള്ളോ-
രംഭസ്സു ചോർന്നു ചോർന്നു നാസ്തിയായ് വരുമല്ലോ.
കേവലം ചാർച്ചക്കാരെ ഗൂഢമായുള്ള മന്ത്രം
കേൾപ്പിച്ചു തുടങ്ങിയാൽ മന്ത്രഭംഗവും വരും
ചേർച്ചക്കാർ പലരുണ്ടാമായവർ കേൾക്കും ചില-
ചാർച്ചക്കാരവരുടെ വാഴ്ചക്കാരൊരുകൂട്ടം.
ചേർച്ചക്കാരവർക്കുള്ള ചാർച്ചക്കാരവരുടെ
വേഴ്‍ചക്കാരെന്നുവേണ്ട, കേട്ടുകേട്ടൊരുപോലെ
ഗൂഢസംസാരം നാട്ടിലൊക്കവേ വെളിവായാൽ
കൂടലർകുലം ബലപ്പെട്ടു പോമതുമുലം
സന്ധിവിഗ്രഹം യാനമാസനം ദ്വൈധീഭാവം
സംശ്രയം നയങ്ങളിച്ചൊന്നതു നാലും രണ്ടും,
സാരമാം മന്ത്രത്തിനുമംഗങ്ങളഞ്ചാകുന്നു;
കാര്യമാരംഭിപ്പാനുള്ളുപായം പ്രഥമാംഗം,
വിത്തവും പുരുഷാകാരങ്ങളും സ്വരൂപിപ്പാ-
നുത്തമം വിചാരമെന്നുള്ളതു രണ്ടാമംഗം;
ദേശകാലങ്ങൾ വിചാരിപ്പതു മൂന്നാമംഗം;
നാശത്തിൻ പ്രതിക്രിയാചിന്തനം നാലാമംഗം;
കാര്യസാദ്ധ്യത്തെക്കുറിച്ചുദ്യോഗമഞ്ചാമംഗം;
കാര്യസാരജ്ഞന്മാർ പണ്ടിങ്ങനെ പറയുന്നു.
സാമവും ദാനം ഭേദം ദണ്ഡവുമുപായങ്ങൾ;
സാമോപായികന്മാർക്കു സാദ്ധ്യങ്ങളിവയെല്ലാം
ഉത്സാഹശക്തി പ്രഭുശക്തിയും മന്ത്രശക്തി
മത്സ്വാമി ഗ്രഹിക്കേണമീദൃശം നീതിശാസ്ത്രം,
സംഗരം ചെയ്പാനിപ്പോൾ സാമർത്ഥ്യം നമുക്കില്ല;
സംഗരത്തിന്നുള്ളൊരു കാലവും വന്നീലിപ്പോൾ,
ആഹവും ചെയ്തില്ലെന്നാൽ നിശ്ചയം മൃതിയെന്നു-
മാഹവം ചെയ്താൽ മൃത്യു സംശയമെന്നും വരും.
അങ്ങനെയുള്ളേടത്തു സംഗരംതന്നെ വേണ;-
മിങ്ങിപ്പോളപ്രകാരമാവശ്യം വന്നില്ലല്ലോ.
നമ്മുടെ രിപുക്കളാം കൗശികന്മാർക്കുമിപ്പോൾ
നമ്മേക്കാൾ ബലവീര്യം വിത്തസമ്പത്തുമേറും.
എന്നതുകൊണ്ടു ബകോടത്തിന്റെ ധർമ്മം കൈയ്ക്കൊ-
ണ്ടൊന്നുമേ ഭാവിക്കാതെ നിന്നുകൊണ്ടനുക്രമാൽ
സംഗതി വരുന്നേരം സിംഹധർമ്മത്തെപ്പൂണ്ടു
സംഗരേ രിപുക്കളെസ്സംഹരിക്കയും ചെയ്യാം.
വർദ്ധനം രിപുക്കൾക്കു തങ്ങൾക്കു ശക്തിക്ഷയം
ബുദ്ധികൊണ്ടിതു രണ്ടുമോർക്കാതെ പുറപ്പെട്ടു.
യുദ്ധത്തിന്നൊരുമ്പെട്ടു ചൊല്ലുന്നോരവിവേകി-
ക്കൗദ്ധത്യം മാറുമെന്നല്ലൂർദ്ധ്വമായ് മണ്ടിപ്പോരും.
വൈരികൾ ദൂരസ്ഥന്മാരെങ്കിലുമവരുടെ
ഗൗരവം നിലപ്പിക്കുമുൽകൃഷ്ടൻ മഹീപാലൻ
എത്രയും വികൃഷ്ടനായുള്ളവൻ സമീപത്തെ-
ശ്ശത്രുവെപ്പോലും ജയിച്ചീടുവാനാളല്ലല്ലോ.
ദൂരവേ വന്നങ്ങുദിച്ചീടുന്ന ദിവാകരൻ
പാരിലെത്തിമിരങ്ങളൊക്കവേ നീക്കീടുന്നു.
അല്പമാം പ്രദീപത്തെക്കത്തിച്ചാലടുക്കെയു-
ള്ളന്ധകാരവും നിഴൽ പിടിച്ചു നിൽക്കേയുള്ളു.
ശത്രുക്കളുടെ ശക്തി വർദ്ധിക്കുംകാലം ധീരൻ
കുത്രചിൽ ക്ഷമിച്ചിരുന്നീടുകതന്നേ നല്ലൂ.
തത്ര വൈരികൾക്കല്പം താഴ്‍ചകാണുമ്പോൾത്തന്റെ
മിത്രസമ്പത്തും കൂടിച്ചേർന്നങ്ങു നേർത്തീടണം.
ധീരന്മാരായുള്ളൊരു മേദിനീപാലന്മാർക്കു
ചാരന്മാർ കണ്ണാകുന്നു; ദൂതന്മാർ വദനവും;
മന്ത്രമെന്നതു ചട്ട; ബുദ്ധിതാനസ്ത്രങ്ങളും;
മന്ത്രികളകമ്പടി കൂടുവാൻമാത്രം കൊള്ളാം.
ജൃംഭിച്ചുമേവും രിപുശ്രീയാകും ഭുജംഗിയെ
സ്തംഭിപ്പിപ്പതിന്നൊരു മന്ത്രമായ്പരും മന്ത്രം.
അങ്ങനെയുള്ള മന്ത്രം ഛിദ്രിച്ചുപോയെന്നാകി-
ലെങ്ങുമേ നിലനില്പാൻ കെല്പുമില്ലാതായ്‍വരും.
സ്വായത്തസിദ്ധി സചിവായത്തസിദ്ധിയെന്നും
നായകരെന്നുമുഭയായത്തസിദ്ധിയെന്നും
താനുതന്നെ കാര്യക്ലേശം ചെയ്യുന്നോനാദ്യൻ നൃപൻ;
മന്ത്രിയെത്തന്നെ കല്പിച്ചാക്കുന്നോൻ രണ്ടാം നൃപൻ;
താനുമസ്സചിവനും കൂടവേ വിചാരിച്ചു
സ്ഥാനങ്ങൾ നടത്തുന്ന മന്നവൻ മൂന്നാം നൃപൻ;
മന്നവൻതന്റെ പാട്ടിലേതൊരു കാര്യത്തിനും
തന്നുടെ സചിവന്മാർ നിൽക്കുമെന്നാകിൽ ഗുണം.
മന്ത്രഗുപ്തിയും നമുക്കെത്രയും പാരം കൃച്‍ഛ്രം;
മന്ത്രിപുംഗവന്മാർക്കു മന്ത്രകൗശലം നാസ്തി,
ദ്രവ്യവുമില്ല പുരുഷാരവും പാതി ചത്തു;
ദുർവ്യയം കൂടാതിനിക്കോപ്പുകൾ കൂട്ടാൻ മേലാ
സന്ധിയെന്നതും പിന്നെസ്സാധിപ്പാൻ പരാധീനം
സന്തതം വർദ്ധിക്കുന്ന മത്സരംകൊണ്ടു പാരം
അന്ധന്മാരുലൂകന്മാർ വൈരികളവർക്കിപ്പോ-
ളന്തരംഗത്തിലൊരു ശാന്തത തെല്ലുമില്ലാ
സന്ധിക്കും സംസാരിപ്പാനില്ലൊരു നേരം പാർത്താ-
ലന്തിക്കുമുമ്പേ കണ്ണുകാണാതാം നമുക്കെല്ലാം
അക്കാര്യം പകൽ ചെന്നു സാധിപ്പാനതു കൂടാ;
അക്കൂട്ടക്കാർക്കും പകൽ കണ്ണു കാണ്കയില്ലല്ലോ;

മേഘവർണ്ണനും ചൊന്നാനെന്തൊരു ഹേതുകൊണ്ടു
കാകലോകവുമുലൂകങ്ങളും തമ്മിൽ വൈരം?
ഇങ്ങനെ ദേവാസുരമെന്നതുപോലെ മുന്നം
സംഗതിവരാനെന്തു കേട്ടറിയുന്നോ ഭവാൻ?
മന്ദഹാസവും പൂണ്ടു പറഞ്ഞു ചിരഞ്ജീവിഃ-
മന്ദഭാഗ്യന്മാർ പക്ഷികൂട്ടങ്ങളെന്നേ വേണ്ടൂ.
വ്യാഘ്രചർമ്മത്തെക്കൊണ്ടു കുപ്പായമിട്ടുംകൊണ്ടു
ശീഘ്രചാരിയായൊരുഗർദ്ദഭം വേനൽക്കാലം
സൗഖ്യമായ് സസ്യങ്ങളും ഭക്ഷിച്ചു നടക്കുമ്പോൾ
വാക്കുദോഷത്തെക്കൊണ്ടു തനിക്കു നാശം വന്നു.
മേഘവർണ്ണനുമതു കേൾക്കേണമെന്നു ചൊന്നാൻ;
കാകമന്ത്രീശൻ ചിരഞ്ജീവിയുമുരചെയ്തു.