പഞ്ചതന്ത്രം കിളിപ്പാട്ട്/സന്ധിവിഗ്രഹം/ഉത്തരം നമുക്കിപ്പോളാശ്രിതത്രാണം തന്നെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

തിങ്ങിന തിമിരത്താൽ പൂർണ്ണമായൊരു നിശി
ദുഷ്ടനാമൊരു ചോരൻ വിപ്രനു പ്രതിഗ്രഹം
കിട്ടിയ പശുരണ്ടുണ്ടായതു മോഷ്ടിപ്പാനായ്
ബ്രാഹ്മണഗൃഹം നോക്കിപ്പോകുമ്പോൾ മാർഗ്ഗേയൊരു
ബ്രഹ്മരാക്ഷസനെയും കണ്ടെത്തി യദൃച്ഛയാ;
ആരെടോ! താനെന്നഥ ചോദിച്ചു ചോരൻ ധീരൻ;
ആരെടോ! താനെന്നവൻ; ബ്രഹ്മരക്ഷസ്സും ചൊന്നാൻ:
തസ്കരൻ ഞാനെന്നവൻ, രാക്ഷസൻ ഞാനെന്നന്യൻ;
തസ്കരൻ ഭവാനെങ്ങു പോകുന്നു പറകേടോ!
വിപ്രന്റെ ഗൃഹംതന്നിൽ രണ്ടുഗോക്കളുണ്ടതു
ക്ഷിപ്രം മോഷ്ടിപ്പാനായിപ്പോകുന്നു; താനെങ്ങെടോ?
ഞാനുമദ്വിജേന്ദ്രനെ ക്കൊന്നുതിന്മാൻ പോകുന്നു;
നൂനമെന്നവർ തമ്മിൽപ്പറഞ്ഞു തത്ര ചെന്നാർ
നില്ലെടാ മുമ്പിൽ ഞാൻ പോയ് വിപ്രനെ ഹനിക്കണം;
നില്ലെടാ ഞാമ്പോയ് മുമ്പേ ഗോക്കളേ ഹനിക്കണം;
ഇങ്ങനെ തമ്മിൽ വാദിക്കുന്നതു കേട്ടു വിപ്രൻ
തിങ്ങിന ഭയത്തോടേ പുറത്തുവന്നനേരം,
ബ്രഹ്മരാക്ഷസൻ ചൊന്നാൻ തസ്കരനിവൻ തവ
ബ്രഹ്മസ്വം പശുക്കളെ മോഷ്ടിപ്പാൻ വന്നു വിപ്രാ!
തസ്കരൻ ചൊന്നാനെടൊ ബ്രാഹ്മണാ! ഭവാനെയും
മക്കളേയുമിന്നിവൻ കൊന്നുതിന്മാനായ്പന്നു.
അമ്മൊഴികേട്ടു മുദാഭൂസുരൻ രണ്ടുപേർക്കും
സമ്മാനം നല്കിയയച്ചീടിനാൻ വിരവോടേ.
ഞാനതുകൊണ്ടു ചൊന്നേൻ ജ്ഞാനമില്ലാതുള്ളോർക്കും
ദീനരിൽ കൃപയുണ്ടാം പിന്നെയെന്തീശന്മാർക്കോ?
ഉക്തവാൻ ദീപ്താക്ഷനെന്നുള്ളൊരു മഹാമാത്യൻ:-
യുക്തമേവ തൽ ബകാമാത്യനാലുദീരിതം.
പ്രത്യക്ഷമപരാധം ചെയ്തുവന്നാലും പിന്നെ
പ്രത്യക്ഷസ്തുതികൊണ്ടു ദുർജ്ജനം പ്രസാദിക്കും.
ഇത്തരമമാത്യന്മാരൊക്കവേ പറഞ്ഞപ്പോ_
ളുത്തമം നമുക്കിപ്പോളാശ്രിതത്രാണം തന്നേ.
എന്നു നിശ്ചയിച്ചുടൻ സാദരം ചിരഞ്ജീവി-
ക്കന്നുതൊട്ടധികാരം കൊടുത്താനമർദ്ദനൻ.
ഉക്തവാൻ ചിരഞ്ജീവി- കൗശികാധീശ! വിഭോ!
ശക്തനാം ഭവാനെ ഞാൻ വർണ്ണിച്ചു പറകയാൽ
ക്രുദ്ധനാം കാകാധീശൻ നമ്മെയങ്ങുപേക്ഷിച്ചാ-
നുദ്ധതന്മാരാമവരൊക്കവേ ദുഷ്ടക്കൂട്ടം;
ഒന്നു ഞാൻ നിശ്ചയിച്ചേനിന്നു ഞാനെന്റെ ദേഹം
വഹ്നിയിൽ ദഹിപ്പിച്ചു വൈകാതെ പുനർജ്ജന്മം
ആശു ഞാനൂലൂകമായ്‍പ്പിറന്നു കാകന്മാരെ-
യാകവെ കൊലചെയ്യുന്നുണ്ടു ഞാൻ കണ്ടുകോൾവിൻ.
ആയതുകേട്ടു പറഞ്ഞീടിനാനമർദ്ദനൻ
നീയതുഭാവിച്ചതു നിഷ്‍ഫലമെന്നേ വരൂ
തന്നുടെ ജാതി വെടിഞ്ഞന്യജാതിയിൽച്ചെന്നു
പിന്നെയുത്ഭവിക്കയില്ലേവനെന്നാലും സഖേ!
സൂര്യനെ പ്രാപിച്ചിട്ടും മേഘത്തെ പ്രാപിച്ചിട്ടും
മാരുതം പ്രാപിച്ചിട്ടും ശൈലത്തെ പ്രാപിച്ചിട്ടും
നിഷ്‍ഫലം പിന്നെത്തന്റെ ജാതിയിൽത്തന്നെ വന്നി-
ങ്ങുത്ഭവിച്ചതേയുള്ളൂ മൂഷികസ്ത്രീതാൻ മുന്നം.
എങ്ങനെയതെന്നുടൻ ചോദിച്ചു ചിരഞ്ജീവി;
മൂങ്ങകൾക്കധീശ്വരൻ ചൊല്ലിനാനമർദ്ദനൻ.