പഞ്ചതന്ത്രം കിളിപ്പാട്ട്/ലബ്ധനാശനം/ശിവശിവ! കിമിതി വദതി ചപലഹൃദയൻ ഭവാൻ?

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഗഹനഭുവി മരുവുമൊരു ഗജരിപു മൃഗാധിപൻ
ഗോമായുവാം തന്റെ ഭൃത്യനോടുക്തവാൻ
കുരു കിമപി മമ രുചിതമതി ചതുരജംബുകാ!
ഗർദ്ദഭത്തെക്കൊന്നു തന്നേ ശമം വരൂ.
കഴുതയുടെ രുദിതമിഹ വനഭുവി നമുക്കഹോ!
കാണ്മാനുമില്ല കേൾപ്പാനുമില്ലെങ്ങുമേ.
വരികരികിലയി സുഭഗ! കഴുതയുടെ മാംസത്തെ
വല്ലേടവും ചെന്നു കൊണ്ടുവാ നീ സഖേ!
ഹരിവരനെ നിമിഷമൊടു തൊഴുതഥ സൃഗാലവു-
മങ്ങാടിയിൽച്ചെന്നു രാത്രികാലേ മുദാ
രജകനുടെ കഴുതയൊടു രഹസി ഗിരമൂചിവാൻ:-
രാജസേവയ്ക്കു മോഹം നിനക്കില്ലയോ?
രജകനുടെ വസനഭരമനവധി വഹിച്ചു നീ
രാപകൽ ദുഃഖിക്കവേണ്ടെടോ രാസഭാ!
ഭയരഹിതമിഹ വരിക ഹരിനൃപതിസന്നിധൗ
ഭക്ഷണത്തിന്നെത്ര സൗഖ്യം ദിനേ ദിനേ?
അശനമപി വസനമപി സകലമിഹ സാധിക്കു-
മത്രമാത്രം കൈക്കലുണ്ടായ്‍വരും ക്രമാൽ
അവനുടയ ചതിവചനമതിജളതകൊണ്ടുട-
നങ്ങനെയെന്നു പുറപ്പെട്ടു ഗർദ്ദഭം
കുടിലമതി കുറുനരിയുമതിജളനെ വൈകാതെ
കൂട്ടിച്ചുകൊണ്ടങ്ങു ചെന്നുകൂപ്പിടിനാൻ.
അതിമുദിതഹൃദയനഥ മൃഗപതിയുമാദരാ-
ലത്താഴമൂണിന്നു കൊള്ളാമെനിക്കിവൻ:
സരസതരമിതി കരുതി മനസി മൃഗപുംഗവൻ
സന്ധ്യാനിയമം കഴിപ്പാൻ ഗമിച്ചിതു.
അതുസമയമതുലഭയതരളഗതി ഗർദ്ദഭ-
മാരും ഗ്രഹിയാതൊളിച്ചുമണ്ടീടിനാൻ.
കഴുതയുടെ ഗമനമതു വിരവൊടു ഗ്രഹിക്കയാൽ
കണ്ഠീരവേന്ദ്രനും കുണ്ഠിതം പൂണ്ടിതു.
അതിചപലനവ,നവനെയിനിയുടനൊരിക്കൽ നീ-
യാഗമിപ്പിക്കെന്നയച്ചു ക്രോഷ്ടാവിനെ.
പുനരപി ച കഴുതയുടെ നികടഭുവി ചെന്നവൻ
പുത്രാ! വരികെന്നനുവദിച്ചീടിനാൻ
ഗതസുകൃതനതിവികൃതദുരിതനിധിയാകയാൽ
ഗർദ്ദഭഗർഭേ പിറന്നു നീയർഭക!
രജകനുടെ വിടുപണിയുമുടയ വിടുഭോഷനു
രാജസേവാരസജ്ഞാനമില്ലാ ദൃഢം.
വിപിനതലമതിലധികമനവധിസുഖം സഖേ!
വിശ്വാസവഞ്ചനം സിംഹത്തിനില്ലെടോ!
കിമപി സുഖമറിവതിനു മതി ബത നിനക്കില്ല.
കിം കാരണം നീയൊളിച്ചു പോന്നൂ വൃഥാ?
കഴുത പുനരവനൊടൊരുവചനമഥ ചൊല്ലിനാൻ:-
കശ്മലൻ നമ്മെക്കടിച്ചുതിന്നു ശഠൻ.
കരിവികരരിപുവിനുടെ കണ്ണുമദ്ദംഷ്ട്രവും
കണ്ടുപേടിച്ചു ഞാൻ മണ്ടീ സൃഗാലക!
ശിവശിവ! കിമിതി ചപലതരളഹൃദയൻ ഭവാൻ
ശീലം ഗ്രഹിക്കാതെ ശങ്കിച്ചതെന്തഹോ!
ഗുരുവിനയനയജലധിഗുണഗണമഹത്തരൻ
ഗോബ്രാഹ്മണപ്രിയൻ ഗോമായുസേവിതൻ
സകലജനഹിതകരണനിപുണമതിനീതിമാൻ
സർവദാ സൗമ്യൻ മൃഗാധിരാജൻ സഖേ!
അമലഗുണനവനപി ച വിരവൊടു ഭവാനെവ-
ന്നാലിംഗനം ചെയ്‍വതിന്നു ഭാവിച്ചിതു
കുശലമതു പറവതിനു തുനിയുമളവേഷ നീ
കൊല്ലുവാനെന്നു ശങ്കിച്ചുപോയീ വൃഥാ.
മഹിതഗുണമുടയ തവ കുലമഹിമ കേട്ടു ഞാൻ
മർക്കടപ്പെണ്ണിന്റെ വേളിക്കു പാടുവാൻ
കഴുതകളിലഴകുടയ പരിഷ പലതുണ്ടുപോൽ;
കള്ളമല്ലിങ്ങനെ നിങ്ങടെ വൈഭവം.
നലമുടയകുലമിയലുമതിസുഭഗ നിന്നുടെ
നാദങ്ങൾ കേൾക്കാൻ കൊതിക്കുന്നു തമ്പുരാൻ.
നിഖിലവനമൃഗനികരമതികുതുകമോടഹോ!
നിന്മുഖം കാണ്മാൻ കൊതിച്ചുവന്നൂ തദാ
ചലഹൃദയനതു പൊഴുതിലതിഭയമിയന്നു നീ
ചാടിയോടിപ്പോന്നതെന്തൊരു സാഹസം?
ഇഹ ജഗതി വൃഷലികടെ തുണികഖിലം ചുമ-
ന്നിങ്ങനെ കാലം കഴിക്കുന്നതെന്തെടോ?
ഇതി കപടപടുവിനുടെ പടുമൊഴികൾ കേൾക്കയാ-
ലിന്നിയും പോകെന്നുറച്ചിതു ഗർദ്ദഭം.
പുനരപിച വിപിനഭുവി ഹരിണരിപുസന്നിധൗ
പുണ്യഹീനൻ ചെവികൂപ്പി നിന്നീടിനാൻ
മൃഗപതിയുമതിരഭസമവനെ നിഹനിച്ചങ്ങു
മൃത്യുലോകത്തേക്കയച്ചാനസംശയം.

നിഭൃതമഥ ഹരിണരിപു കുറുനരിയൊടുചിവാൻ:-
നിത്യകർമ്മം കഴിച്ചാശുവരുന്നു ഞാൻ.
അതിനിടയിലപരമൃഗമിതുബത ഭുജിക്കാതെ-
യാമിഷം സൂക്ഷിച്ചു നില്ലു നീ ജംബുക!
നിജസചിവനൊടു സരസമിതി കില പറഞ്ഞുടൻ
നിത്യകർമ്മത്തിനു പോയി സിംഹേന്ദ്രനും.
തദനു ഹതകഴുതയുടെ ഹൃദയമഥ കണ്ഠവും
താനങ്ങു ഭക്ഷിച്ചു ഗോമായു തസ്കരൻ.
നിയമവിധി വിധിവദഥ വിരവൊടു കഴിച്ചവൻ
നിക്ഷേപഭക്ഷണത്തിന്നു വന്നൂ ഹരി.
ഇതിനുടയഹൃദയമപി ഗളമപി കുതസ്സഖേ!
ഇങ്ങനെ ചോദിച്ചു കേസരീന്ദ്രൻ തദാ.
ഹൃദയഗളയുഗളമപി നഹി നഹി മഹാരാജൻ
ഇക്കഴുതയ്ക്കെന്നു ഗോമായു ചൊല്ലിനാൻ.
ഗജരിപുവുമതിനിഭൃതമവസദതുകാരണം;
ഗർദ്ദഭമല്ല ഞാനെന്നു ചൊന്നേനഹം
ശൃണു കുടില ചടുല തവ ഹിതമിതു വൃഥാഫലം
ശിംശുമാരാധമാ പൊയ്ക്കൊൾകെടോ ഭവാൻ.
ലഘുതവരുമളവു കപിവചനമതു കേട്ടുടൻ
ലബ്ധനാശാതുരൻ ശിംശുമാരൻ യയൗ
ലളിതതരചരിതമിതു നരവരകുമാരരേ!
ലബ്ധനാശാഖ്യമാം തന്ത്രം ശുഭം ശുഭം.

ചതുർത്ഥതന്ത്രം സമാപ്തം*

  • സംസ്കൃതം പഞ്ചതന്ത്രത്തിൽ ശിംശുമാരനും കുരങ്ങും പത്തിലധികം കഥകൾ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അതിൽ ഒരു ശ്ലോകം ഇവിടെ ചേർക്കുന്നു.

ഉപകാരിഷു യഃ സാധുഃ സാധുത്വേ തസ്യ കോ ഗുണഃ?; അപകാരിഷു യഃ സാധുഃ സഃ സാധുഃ സദ്‍ഭിരുച്യതേ