പഞ്ചതന്ത്രം കിളിപ്പാട്ട്/ലബ്ധനാശനം/വനവിടപിയുടെ മുകളിൽ മമ ഹൃദയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ശുകതരുണി വരിക തവ സുകവിതകൾ കേൾക്കയാൽ
ശുദ്ധമെന്മാനസം മാനനീയാകൃതേ;
ലളിതതരമഭിലഷിതവരമരുളുമീശ്വരൻ.
ലബ്‍ധനാശാഖ്യമാം തന്ത്രം കഥിക്ക നീ.
സുമതികുലമകുടമണി ധരണിസുരപുംഗവൻ.
സോമശർമ്മാഖ്യൻ പറഞ്ഞു തുടങ്ങിനാൻ,
ധനമപി ച ജനമപി ച നിജകരതലാഗതം
ധർമ്മബുദ്ധ്യാ വെടിഞ്ഞീടുന്ന പൂരുഷൻ
അധികതരമധമനവനവനിപതിബാലരേ!
ആയവൻ വഞ്ചിതനായ്‍വരും നിർണ്ണയം.
വനനദിയിലിയലുമൊരു വലിയ ജലജന്തുവേ
വഞ്ചനം ചെയ്തുപോൽപ്പണ്ടൊരു വാനരൻ.
അവനിപതിവരനുടയതനയരതി കൗതുകാ-
ലായതു കേൾക്കണമെന്നു ചൊല്ലീടിനാർ.
കനിവിനൊടു ധരണിസുരവരനുമിദമൂചവാൻ:-
കാനനേ പണ്ടൊരു വൃദ്ധനാം വാനരൻ
ചപലബഹുകപികളുടെ നികരമതിൽ നിന്നുടൻ
ചാട്ടം പിഴയ്ക്കയാൽ കൂട്ടം പിരിഞ്ഞുപോയ്
കടലുടയനികടഭുവി വളരുമൊരുദുംബരേ
കായും പറിച്ചുതിന്നങ്ങനെ മേവിനാൻ.
"അതിമധുരമതിസരസമധികതരമോഹനം
അത്തിപ്പഴം ഭക്ഷണത്തിന്നുമുത്തമം"
ഇതി മനസി കുതുകമൊടു മദമുടയ മർക്കടൻ
ഇച്ഛയാ ചാടിത്തകർത്തു തുടങ്ങിനാൻ.
അതു സമയമതിബഹുള ഗുളുഗുളുരവത്തൊടും
അംഭസ്സിലാശു പൊഴിഞ്ഞു ഫലങ്ങളും.
നിഖിലജലപതിതഫലമതു ബത ഭുജിച്ചുടൻ.
ശിംശുമാരാഖ്യൻ ജലജന്തുപുംഗവൻ
അമൃതിനൊടു സദൃശമിതു മമ സതതഭോജനം
അത്രതന്നേ വാസസൗഖ്യമെന്നിങ്ങനെ.
അതികുതുകമകതളിരിലിയലുമഥ ശിംശുമാ-
രാഖ്യനാം ജന്തുരാജാവത്ര മേവിനാൻ.
പരിചിനൊടു പറക മമ കപിവര! തനിക്കെന്തു
പേരെന്നു ചോദിച്ചു ശിംശുമാരൻ മുദാ.
സലിലചര! സരസ! ശൃണു മമ ഖലു ബലിമുഖൻ
എന്നു പേരെന്നു പറഞ്ഞിതു വാനരൻ.
അധികതര കനിവിനൊടു പുനരിരുവരും മുദാ
അന്യോന്യബന്ധുത്വമോടു വാണീടിനാർ
ഭവനമതിൽ മരുവുമഥ ജലചരമഹേന്ദ്രന്റെ
ഭാര്യയാം ശിംശുമാരിക്കഹോ സങ്കടം
അവനുടയ ചരിതമിദമറിവതിനു ദൂതിയെ
ആശു നിയോഗിച്ചു ശിംശുമാരീ തദാ
അവളുമഥ നികടഭുവി കനിവിനൊടു ചെന്നുടൻ
ആലോകനം ചെയ്തു ശിംശുമാരേന്ദ്രനെ
സഖിയുടയ രമണനിവനൊരു കപിവരസ്ത്രിയാ
സാകം രമിച്ചു വാഴുന്നഹോ കശ്മലൻ
ഇതി മനസി കരുതി ബത കുപിതമതി ദൂതിയും
ഇങ്ങോട്ടു വന്നു സഖിയോടു ചൊല്ലിനാൾ:-
സഖിയെ തവ രമണനൊരു വിജനഭുവി വാനരീ-
സംഗമം ചെയ്തു വസിക്കുന്നു സന്തതം.
സഖിയുടയ വചനമിതു സപദി ബത കേൾക്കയാൽ
സന്താപകോപേന ശിംശുമാരീ തദാ
അധികതരപരവശത കലരുമൊരു ഭാവേന
അഭ്യംഗവും തേച്ചുരോഗം നടിച്ചുടൻ
സഖികളുടെ നടുവിലവളവശതരമെത്രയും
സന്താപമോടെ ശയിക്കും ദശാന്തരേ
ശിരസി ബഹുഫലനികരമഴകൊടു വഹിച്ചുടൻ
ശിംശുമാരൻ ചെന്നു ചോദിച്ചു മെല്ലവേ.
മമഹൃദയരമണിയുടെ വിവിശതയിതെന്തഹോ!
മാനിനിമാരേ വിരവോടു ചൊല്ലുവിൻ.
വടിവിനൊടു സഖിയുമഥ വചനമിദമോതിനാൾ.
വല്ലാത്ത രോഗം പിടിപെട്ടു സാമ്പ്രതം
വയമപിച സഖിയുടയ പരവശത കാണ്കയാൽ
വൈദ്യനെക്കൊണ്ടന്നു കാട്ടീ മഹാമതേ!
അവനുടയ വചനമതുമതിവിഷമമായ് വരും;
അങ്ങാടിയിൽപ്പോലുമില്ലാത്തൊരൗഷധം
ഇതിനു പുനരതിവിഹിതമതു ബത ലഭിക്കുമോ?
ഇന്നതെന്നുള്ളതു ചൊല്ലാം മഹൗഷധം
കപിയുടെയ ഹൃദയമതിനുചിതതരമൗഷധം.
കല്പിച്ചു വൈദ്യൻ കഷായത്തിനിങ്ങനെ.
അതിവിഷമമതു കിമപി വിരവൊടു ലഭിച്ചെങ്കിൽ
അപ്പൊഴേ രോഗം ശമിക്കുമെന്നുക്തവാൻ.
സഖിയുടെയ കപടമൊഴി വടിവിനൊടു കേട്ടുടൻ
സഞ്ചിന്തനം ചെയ്തു ശിംശുമാരൻ തദാ
അപരമൊരു കപിഹൃദയമതിനു നഹി ബലിവദന-
നല്ലാതെ മറ്റൊരു മർക്കടൻ നാസ്തി മേ
അവനുടയ നിധനമതു ശിവ ശിവ മഹാകഷ്ടം!
അത്യന്തബന്ധു മേ ശുദ്ധൻ ബലിമുഖൻ
തരുണിയുടെ തനുവിനകളൊഴിവതിനുവേണ്ടീട്ടു
തന്നുടെ ബന്ധുവെക്കൊല്ലുന്നതെത്രയും
അധമമൊരു വിധമധികദുരിതഫലമെങ്കിലും
ആയതു ചെയ്കെന്നു വന്നുകൂടി ദൃഢം.
മികവിനൊടു മനസി സഖമുതകിന കളത്രവും,
മിത്രവും തമ്മിൽ വിശേഷമുണ്ടായ്‍വരും.
നിജതരുണിയുടെയപഹരണമതു നിമിത്തമായ്
നിഗ്രഹിപ്പിച്ചു സുഗ്രീവനും ബാലിയെ
പ്രണയിനിയിലനിശമൊരു കനിവുടയ പൂരുഷൻ
പ്രാണിഹിംസയ്ക്കു മടിക്കയില്ലേതുമേ.
ഇതി മനസി കരുതി ജളകുമതി ജലജന്തുത-
ന്നിഷ്ടനാം കീശനെ പ്രാപിച്ചു മെല്ലവേ,
കപിവരനുമവനുടയ വരവുമവലോകയൻ
കല്യാണവാർത്തയും ചോദിച്ചു സാദരം
ജലചരനുമവൊടഥ കപടമിദമൂചിവാൻ:-
ജന്തുക്കൾ ബന്ധുക്കളന്യോന്യമിങ്ങനെ
വിധിവിഹിതമവനധികസുഖസഖിസമാഗമം
വേർപെടുന്നേരം മഹാദുഃഖമായ്‍വരും.
മമ തരുണിയുടെ മതിയിലധികതരമാഗ്രഹം
മർക്കടാധീശ്വരാ! നിൻമുഖം കാണുവാൻ.
വരിക മമ വപുഷി ഖലു സുഖമൊടു വസിക്ക നീ;
വാനരാ! നിന്നെ വഹിക്കുന്നതുണ്ടു ഞാൻ
മമ ഭവനമപി ച മമ കമനിയുടെ രൂപവും
മാനിച്ചു കണ്ടുപോരേണം സഖേ! ഭവാൻ.
പരിചിനൊടു കപിവരനുമുപരി ജലജന്തുതൻ-
പൃഷ്ഠേ കരേറി വസിച്ചോരനന്തരം.
നിജവപുഷി കപിവരനെ വിരവൊടു വഹിച്ചുടൻ
നീന്തിത്തിരിച്ചിതു ശിംശുമാരൻ തദാ,
കപിവരനുമവനൊടഥ കിമപി ഗിരമൂചിവാൻ:-
കാന്തയ്ക്കു സൗഖ്യമോ? ശിംശുമാരാ സഖേ!
കപടമതി ജലചരനുമവനൊടു കഥിച്ചു മേ
കാന്തയ്ക്കു ദേഹസൗഖ്യം നാസ്തി വാനരാ!
ഉദരമതിലതികഠിനമനിശമൊരു വേദന;
ഊണുമില്ലിപ്പോളുറക്കവുമില്ലഹോ!
അതിനു ചിലപൊടികളഥ ഗുളികകൾ കഷായമോ
ആശു വൈദ്യന്മാർ വിധിച്ചില്ലയോ സഖേ!
അതിവിഷമമതിനുടയശമനതരമൗഷധം
അങ്ങാടിതന്നിലും കിട്ടാത്ത സാധനം.
കപിയുടയ ഹൃദയപലലമൊരു പലമശിക്കാതെ
കായരോഗം ശമിക്കില്ലപോൽ വാനരാ!
സഖിയുടെയവചനമിതി സപദി ബത കേൾക്കയാൽ
സാരം ഗ്രഹിച്ചു വിചാരിച്ചു വാനരൻ.
ശിവനുടെയ ചരണമിഹ ശരണമധുനാ ശഠൻ
ശിംശുമാരൻ ചതിപ്പാൻ തുടങ്ങുന്നു മാം.
അപരനൊരു കപിയുമിഹ നഹി മമ വധം നൂന-
മാഗതം ദൈവമേ കാത്തുകൊള്ളേണമേ.
ഇവനുടെയ ഹൃദയമതികഠിനമിതി ഹന്ത ഞാ-
നിത്രനാളും ഗ്രഹിക്കാതെ പോയെന്തഹോ!
വിപിനഭുവി തപമിയലുമൃഷികളെയുമാർക്കുമേ
വിശ്വസിപ്പാൻ മേല! പിന്നെയെന്തന്യനെ?
കരളിടയിലധികശമഗുണമുടയമർത്ത്യനു
കാനനം വേണമെന്നുണ്ടോ തപസ്സിനു?
നിജഭവനമതിലുമിഹ നിയമഗുണമുള്ളവർ
നിത്യം ഭജിച്ചു മോക്ഷം വരുത്തീടുവോൻ.
ഹൃദയമതിലമിതഗുണമതു കിമപി നാസ്തിയാ-
മിദ്ദേഹമെത്രയും മൂഢൻ മഹാജളൻ.
മമ മനസി കപടമതു നഹി നഹി കിനാവിലും;
മത്സ്വാമി നമ്മെച്ചതിക്കയില്ലീശ്വരൻ.
ഒരു കപടമിവനൊടിഹ കിമപി കഥയാമി ഞാ-
നോർത്തുകൊണ്ടേവം പറഞ്ഞു ബലീമുഖൻ:-
കമനിയുടെ ഗദമതിനു കപിഹൃദയമൗഷധം
കല്പിതം മുന്നമേ ചൊല്ലാഞ്ഞതെന്തെടോ?
വനവിടപിയുടെ മുകളിൽ മമ ഹൃദയമങ്ങു ഞാൻ
വച്ചേച്ചുപോന്നു; ഞാനെന്തു ചെയ്യാമിനി?
പ്രഥമമിതു കിമപി മമ നഹി കഥിതമെങ്കിലും
പ്രസ്ഥാനകാലത്തുമെന്തു ചൊല്ലാഞ്ഞു നീ?
കപിയുടെയ കപടമൊഴി കനിവിനൊടു കേട്ടവൻ
കാര്യമെന്നോർത്തു മഹാജളൻ ചൊല്ലിനാൻ.
അതിസുഭഗ കപിവൃഷഭ! തവ ഹൃദയമത്തിമേ-
ലങ്ങു വച്ചേച്ചു പോന്നെങ്കിലങ്ങോട്ടുതാൻ
വരവിനൊടു ഗമനമിഹ സമുചിതമയേ സഖേ!
വിക്രമാംഭോധേ! തിരിച്ചു നാം പോകെടോ!
അഥ സപദി പുനരപിച കടലുടെ തടേ നില്ക്കു-
മത്തിമേൽച്ചെന്നു കരേറി കപീന്ദ്രനും,
ബലിവദന! ഝടിതി തവ ഹൃദയമതുകൊണ്ടു നീ
വന്നാലുമെന്നുരചെയ്തു ജലചരൻ
നിപുണമതി കപിവരനുമവനൊടിദമൂചിവാൻ:-
നിന്നെക്കണക്കേ മഹാഭോഷനല്ല ഞാൻ;
ഗഹനഭുവി പുനരപി ച ഗമനമതുകാരണം
ഗർദ്ദഭത്തെപ്പോലെ ചാകയില്ലേഷ ഞാൻ.
അതു കഥയ കനിവൊടിതി ജലചരനുമൂചിവാൻ.
അക്കഥ കേട്ടലുമെന്നു കപീശ്വരൻ