പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രലാഭം/ഘോരപാശത്തിൽ പതിപ്പാൻ എന്തു കാരണം?

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇത്ഥം പറഞ്ഞങ്ങിരിക്കും ദശാന്തരേ
ലുബ്ധകാസ്ത്രത്തെ ബ്‍ഭയപ്പെട്ടൊരു മൃഗം
ചിത്രാംഗനെന്നു പേരായവൻ വേഗേന
തത്രാഗമിച്ചോരുനേരത്തു മന്ദരൻ
സ്വാഗതം ചോദിച്ചു സൽക്കാരവും ചെയ്തു
വേഗതോ ഭോജനം നൽകിപ്പറഞ്ഞിതുഃ-
എങ്ങുന്നു താനത്ര വന്നു മഹാമതേ!
ഞങ്ങടെ ദിക്കിനെശുദ്ധമാക്കീടുവാൻ?
പാടവമോടെ പറഞ്ഞു ചിത്രാംഗനും:-
വേടനെപ്പേടിച്ചു മണ്ടിവരുന്നു ഞാൻ;
പ്രൗഢരാം നിങ്ങളെക്കണ്ടനേരം നമു-
ക്കാടലെല്ലാമിന്നു തീർന്നു കൂ‍ർമ്മേശ്വര!
മന്ദരൻ ചൊല്ലിനാനിദ്ദിക്കു തന്നുടെ
മന്ദിരമെന്നു ധരിച്ചുകൊൾക ഭവാൻ.
ഒന്നിനും ദുഃഖമില്ലെന്നോടുകൂടിയാ-
ലിന്നുതുടങ്ങി മൽപ്രാണതുല്യൻ ഭവാൻ.
ആഖുപ്രവരൻ ഹിരണ്യനിദ്ദേഹവും
കാകപ്രവീരനും രണ്ടുപേർ മുന്നമേ
അത്രാഗമിച്ചിതു മിത്രാഭാവാലിന്നു
ചിത്രാംഗനാകും ഭവാനും തഥാവിധൻ.
മാന്യസുഹൃല്ലാഭസമ്പത്തിനെയൊഴി-
ച്ചന്യസമ്പത്തു സമ്പത്തായ് വരുന്നതോ?
അത്രാന്തരേ വനേ ഭക്ഷണാർത്ഥം മുദാ
ചിത്രാംഗസാരംഗമങ്ങു പോയീടിനാൻ.
മദ്ധ്യാഹ്നകാലം കഴിഞ്ഞോരനന്തരം
മന്ദരന്താനും ഹിരണ്യനും കാകനും
എന്തേ വരാഞ്ഞു ചിത്രാംഗനെന്നിങ്ങനെ
സ്വാന്തേ വിചാരിച്ചു ഖേദിച്ചു മേവിനാർ.
കാകൻ മൃഗത്തെത്തിരഞ്ഞു പുറപ്പെട്ടു.
വേഗം വനാന്തരേ ചെന്നു നോക്കുംവിധൗ
വേടൻ കെണിവച്ചു ചർമ്മപാശേ ചെന്നു
ചാടിശ്ശരീരവും കെട്ടുപെട്ടങ്ങനെ
തത്ര കിടക്കുന്ന ചിത്രാംഗനെ കണ്ടു
സത്രാസശോകേന ചോദിച്ചു വായസം:-
ഘോരപാശത്തിൽപ്പതിപ്പതിനെന്തൊരു
കാരണം സാരംഗ വീരചൂഡാമണേ!
കാരണം പിന്നെക്കഥിക്കാം ഹിരണ്യനെ-
പ്പാരാതെ കൂട്ടിച്ചുകൊണ്ടു പോന്നീടുക
ഇത്തരം ചിത്രാംഗഭാഷിതം കേട്ടങ്ങു
സത്വരം കൊണ്ടന്നു മൂഷികാധീശനെ
മൂഷികാധീശനും ചോദിച്ചു; തന്നുടെ
വേഷമെന്തിങ്ങനെ ബദ്ധമായീടുവാൻ?
ചിത്രാംഗനും പറഞ്ഞീടിനാനപന്ന-
മിത്ര ഭവാനെന്റെ പാശം മുറിച്ചാലും
അത്യന്തവൈരിയാം വേടൻ വരുംമുൻപേ
നിത്യമല്ലാതുള്ള ദേഹവും കൊണ്ടുനാം
അങ്ങൊരു ദിക്കിനു മാറിപ്പതുക്കവേ
സംഗതിയൊക്കെപ്പറഞ്ഞുകൊള്ളാം സഖേ!
പ്രൗഢനായുള്ള ഞാനന്തികേ നിൽക്കവേ
വേടനെപ്പേടിക്കരുതെന്നു മൂഷികൻ;
എങ്കിൽ ശ്രവിച്ചാലുമെന്നു ചിത്രാംഗനും
ശങ്കാവിഹീനം പറഞ്ഞു തുടങ്ങിനാൻ:-

ആറുമാസം പുക്കു ബാലനായുള്ളനാൾ
കൂറുള്ള മാതാവു വേർവിട്ടിരിക്കവേ,
വേടൻ വരുന്നതു കണ്ടുഭയപ്പെട്ടു
കൂടെയുള്ള മൃഗക്കൂട്ടങ്ങൾ മണ്ടിനാർ.
ഓടുവാൻ കൂടാഞ്ഞുഴലുമെന്നത്തദാ
വേടൻ പിടിച്ചങ്ങു കൊണ്ടുപോയീടിനാൻ
കേടുവരുത്താതേ കൊണ്ടുചെന്നാദരാൽ
നാടുവാഴിക്കവൻ കാഴ്ചവച്ചീടിനാൻ.
ആടും പശുക്കളും രാത്രൗ വസിക്കുന്ന
കൂടു തുറന്നതിലാക്കിനാന്മന്നവൻ
പുല്ലും ജലവും നമുക്ക നൽകിസ്സദാ
തെല്ലും മുഷിക്കാതേ നമ്മെ വളർത്തിതു.
ഏകദാ രാത്രൗ ശയിക്കുന്നനേരത്തു
മേഘശബ്ദംകേട്ട സന്തുഷ്ടനായി ഞാൻ
താനേ മനോരഥം ചിന്തിച്ചു ചൊല്ലിനേൻ:-
ഞാനേവമെത്രനാൾ പാർക്കേണ്ടു? ദൈവമേ!
കാനനേ വൃഷ്ടി ചൊരിയുന്ന നേരത്തു
ഞാനനേകമൃഗക്കുട്ടത്തിലൊന്നിച്ചു-
കൂടിക്കളിക്കയും ചാടിമേളിക്കയും
ഓടിത്തിരിക്കയും തേടിനടക്കയും
എന്നുള്ള ലീലാവിധങ്ങൾക്കഹോ നമു-
ക്കെന്നുവാൻ സംഗതീ കൂടുന്നു? ദൈവമേ!
എന്നു ഞാൻ താനേ പറഞ്ഞതു ഭൂപാല-
നന്ദനൻ കേട്ടിങ്ങെഴുന്നള്ളി നിന്നുടൻ
നാലുഭാഗം നോക്കിയാരെയും കണ്ടീല;
ബാലസാരംഗം മനുഷ്യരെപ്പോലൊരു
വാക്കു പറകയോയെന്തൊരു വിസ്മയം!
പേക്കുലദേവത വന്നു ബാധിക്കയോ?
പേക്കൂത്തു കാട്ടും പിശാചുക്കൾ വന്നിങ്ങു
രാക്കൂറ്റിൽ മാനിനെക്കൊണ്ടു മിണ്ടിക്കയോ?
നീതിജ്ഞനെങ്കിലുമിങ്ങനെ ശങ്കിച്ചു
ഭീതിജ്വരം പിടിപെട്ടു വിറച്ചുകൊ-
ണ്ടന്തഃപുരത്തിൽപ്പതുക്കെ പ്രവേശിച്ചു.
സന്തപ്തനായിശ്ശയിച്ചു നൃപാത്മജൻ.
പേയും പിരാന്തും പറഞ്ഞു തിരുമേനി
കായുന്നിതെന്തൊരു കഷ്ടമെന്നിങ്ങനെ
സേവകന്മാരും ജനനിയുമുണ്ണിക്കു
ദേവതാപീഡയെന്നോർത്തു ഗണകനെ
കൂട്ടിച്ചുകൊണ്ടെന്നു പ്രശ്നവും വെപ്പിച്ചു
കേട്ടുവിചാരം തുടർന്നോരനന്തരം,
ദൈവജ്ഞനാമൊരു വിദ്വാനുര ചെയ്തു:-
വൈവശ്യമെന്തിനു? രാജപുത്രാ വിഭോ!
മർത്യരെപ്പോലെ മൃഗങ്ങളും മന്ത്രിക്കു-
മത്യന്തസങ്കടേ ശങ്കകൂടാതവർ.
ഗൂഢസ്ഥലങ്ങളിൽത്തന്റെ മനോരാജ്യ-
മൂഢപ്രമോദം കഥിക്കും മൃഗങ്ങളും.
എന്നതു കേട്ടു ഭയപ്പെടേണ്ടാ ഭവാ-
നിന്നുതുടങ്ങി ജ്വരം ശമിക്കും ദൃഢം
തത്വം ഗ്രഹിച്ചൊരുനേരം കുമാരനും
ചിത്തം തെളിഞ്ഞു; പനിയും ശമിച്ചിതു.
അന്നേരമേ വന്നു കെട്ടഴിച്ചാദരാ-
ലെന്നെയും ഗോപിച്ചയച്ചു നൃപാത്മജൻ.
അങ്ങനെ ബാല്യകാലത്തു നമുക്കൊരു
സംഗതിയുണ്ടായി ബദ്ധനായീടുവാൻ.
അന്നങ്ങനുഭൂതമായുള്ള ബന്ധന-
മിന്നു നമുക്കുഭവിച്ചു ഹിരണ്യകാ!
എന്നതുകൊണ്ടു പറഞ്ഞു ശരീരികൾ-
ക്കിന്നതേ വന്നുഭവിക്കുമെന്നില്ലെടോ!