പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രലാഭം/കാക്ക,ആമ മുതലായവരുടെ ബന്ധുത്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പഞ്ചവർണ്ണക്കിളിപ്പെൺ കിടാവേ! ശുഭേ!
പഞ്ചതന്ത്രം മഹാശാസ്ത്രം മനോഹരം
രണ്ടാമതാകും സുഹൃല്ലാഭതന്ത്രവും
കൊണ്ടാടി വർണ്ണിച്ചുചൊൽകെടോ! ശാരികേ!
സോമശർമ്മാഖ്യനാം ഭൂമിദേവോത്തമൻ
ഭൂമിപാലാത്മജന്മാരോടു ചൊല്ലിനാൻ:-
എങ്കിൽ സുഹൃല്ലാഭമെന്നുള്ള തന്ത്രവു-
മെങ്കൽനിന്നാകർണ്ണനം ചെയ്ക ബാലരേ!
വിത്തമില്ലെങ്കിലും വിദ്യയില്ലെങ്കിലും.
ചിത്തത്തിലന്യോന്യബന്ധുത്വമുള്ളോരു
സത്തുക്കൾക്കെത്തും സമസ്തകാര്യങ്ങളും.
വസ്തുഭേദം ജാതിഭേദവുമില്ലെടോ!
കാകകൂർമ്മാദി ജന്തുക്കൾക്കു തങ്ങളി-
ലേകാന്തബന്ധുത്വമുണ്ടാക കാരണം.
ശോകസന്ത്രാസാദിസങ്കടം വേർവിട്ടു
സാകമെല്ലാവരും സാധു മേവീടിനാർ.
അക്കഥ കേൾക്കണമെന്നു ഭൂപാലന്റെ
മക്കൾ ചോദിച്ചു; പറഞ്ഞു മഹീസുരൻ.
ചൊൽക്കൊണ്ട മിഹിളാരൂപ്യഗേഹാങ്കണേ
പൊക്കത്തിൽ നിർക്കും മഹാമരത്തിലൊരു
വായസശ്രേഷ്ഠൻ വസിക്കുന്നു തന്നുടെ
ജായയും മക്കളുമൊക്കെയും കൂടവേ.
ലഘുപതനനെന്നു പേരായ കാകൻ മുദാ
ലഘുതരമുദിച്ചു സൂര്യൻ വിളങ്ങുംവിധൗ,
ശരവുമൊരുവില്ലും ധരിച്ചൊരുവേടന്റെ
വരവുകഥകണ്ടുപേടിച്ചു ചിന്തിച്ചുതാൻ,
ഇവനൊരു മഹാപാപി ദുഷ്ടശീലൻ ശഠൻ
ശിവശിവ! മൃഗങ്ങളെക്കൊന്നുതിന്നുന്നവൻ
പറവകൾ പറക്കുന്ന ദിക്കിലും ചെന്നിവൻ
പലവകവധിച്ചു ഭക്ഷിക്കുമിക്കശ്മലൻ.
ഇവനുടെ സമാരംഭമെന്തെന്നറിവോളം
ഇവിടെയതിഗൂഢമായ്‍‍പ്പാർക്കയുള്ളൂ വയം.
ഇതി മനസി കാകനും ചിന്തചെയ്തീടിനാൻ.
വലയുമഥ കൊണ്ടുവന്നാകവേ കാനനേ
നലമൊടുപതുക്കവേ കെട്ടിപ്പരക്കവേ
അടിയിലരിയും നെല്ലുമാകെ വിതച്ചുതാൻ
വടിവൊടു മരമറഞ്ഞങ്ങു നിന്നീടിനാൻ.
വലയിലടിപ്പെട്ടു ചിത്രഗ്രീവനെന്നുള്ള
വലിയൊരുകപോതവും തന്നുടെ കൂട്ടരും.
വിരവൊടു കിരാതനും മാടപ്പിറാക്കളെ
തരമൊടു പിടിപ്പതിന്നോടിയെത്തുംവിധൗ,
വലയിലകപ്പെട്ടൊരു മാടപ്പിറാക്കുട്ടങ്ങൾ
വലയുമഥ കൊണ്ടുമേൽപ്പോട്ടുയർന്നീടിനാർ.
വനചരനു കുണ്ഠിതം പക്ഷിവൃന്ദങ്ങൾമേൽ
വലയുമഥ കൊണ്ടുപോയെന്തു ചേയ്യേണ്ടു ഞാൻ?
ഒരു ദിശിയിലൊക്കവേ താഴത്തുവീഴുമി-
തതുകരുതി വേടനും താഴേ നടന്നിതു.
ലഘുപതനകാഖ്യനാം കാകാനും പിന്നാലെ
ലഘുതരമുടൻ പറന്നെത്തിനാനങ്ങനെ,
അതുസമയമന്തിയുമായിതു; വേടനും
അതുവഴി നടന്നുടൻ വീടു പുക്കീടിനാൻ.
കനിവൊടു കപോതരാജൻ പറഞ്ഞീടിനാ-
നിനിയൊരുപദേശമിങ്ങുണ്ടെടൊ കൂട്ടരേ!
മമ സഖി ഹിരണ്യനെന്നുണ്ടൊരു മൂഷികൻ;
മമതയുമവന്നുണ്ടു കണ്ടുകൊള്ളാമിനി;
വലയിൽ വലയുന്ന നാം തത്ര ചൊന്നാലവൻ
വലയിതു കടിച്ചു ഖണ്ഡിക്കുമേ മൂഷികൻ.
എലിയൊടു നമുക്കു ബന്ധുത്വമുണ്ടാകയാൽ
ഫലമിതു ഭവാന്മാർക്കു കണ്ടുകൊള്ളാമുടൻ
ഇതി ബത പറഞ്ഞു ചിത്രഗ്രീവപക്ഷിയും
ഹിതജനവുമൊക്കവേ തത്ര ചെന്നിടീനാർ
വിവിധപതഗങ്ങളെക്കണ്ടുപേടിച്ചുടൻ
വിവരമഥ ഹിരണ്യനമ്പോടു പുക്കീടിനാൻ.
നലമൊടു കപോതവും ചെന്നു വിലമുഖേ
എലിവരനെയും വിളിച്ചീടിനാൻ മെല്ലവേ.
വെളിയിലഥ വന്നുടൻ മൂഷികാഗ്രേസരൻ
തെളിവൊടു പറഞ്ഞു ചിത്രഗ്രീവനോടവൻ:-
പ്രിയസഖ! ഭവാന്മാർക്കിതെന്തൊരാപത്തഹോ!
നയഗുണനിധേ സഖേ! ചൊൽകെടോ സത്വരം.
വിരവൊടു കപോതവും ചൊല്ലിനാൻ മൂഷികാ!
"വിധിവിഹിതമേവനും ലംഘിച്ചു കൂടുമോ?"
"ഇവനിതു ഭവിക്കേണമിന്നകാലം വേണ-
മവശത ഭവിക്കേണമർത്ഥനാശം വേണം;
ഇതി വിധി വിധിച്ചതിപ്രാണികൾക്കൊക്കെയും
ഹിതമഹിതമെങ്കിലും ലംഘ്യമല്ലേതുമേ"
തദനു ച ഹിരണ്യനും തത്വമെന്നൂചിവാൻ;
തവ വചനമെത്രയും സത്യമല്ലൊ സഖേ!
അനവരതമംബരേ നിന്നു ദൂരസ്ഥമാം
അവനിയിലെ വൃത്താന്തമൊക്കെ ഗ്രഹിപ്പവൻ
പടുതരവിദഗ്ദ്ധനാം ഗൃദ്‍ധ്രനും പാശത്തിൽ
അടിപെടുമൊരിക്കലെന്നോർത്തുകൊൾക ഭവാൻ.
വലിയകൊലയാനയും ഘോരസർപ്പങ്ങളും
ബലികളവരെങ്കിലും മാനുഷന്മാരുടെ
വചനമതു കേൾക്കയും തല്ലുകൾ കൊൾകയും
അവരുടെ നിയോഗേന നിന്നു കൂത്താടിയും
ശിവ! ശിവ! തരംകെടുന്നില്ലയോ പിന്നയെ-
ന്തതിലൊരു ശതാംശമുൽക്കർഷമില്ലാത്ത നാം?
സകലഭുവനങ്ങളിൽ പ്രൊഢതേജോവര-
പ്രകടതരമൂർത്തിയാം സൂര്യനും ചന്ദ്രനും
ഒരു ദശയിലങ്ങഹോ രാഹുവക്‌ത്രാന്തരേ
വിരവൊടു പതിച്ചുഴന്നീടുന്നതില്ലയോ?
സലില നിധിവാരിതന്നുള്ളിലുള്ളിൽചെന്നു
സിലളിത സുഖംപുണ്ടുസന്തതം മേവുന്ന
വലിയജലജന്തുവൃന്ദങ്ങളും വന്നിങ്ങു
വലകളിലകപ്പെട്ടു ചാകുന്നതില്ലയോ?
സകലദിശി മേവുന്ന സർവജന്തുക്കളും
സപദി വിഷയാനലേ ചെന്നു ചാടിദ്രുതം
സതതമപി വെന്തു ഭസ്മീഭവിക്കും ദൃഢം;
സുഖമസുഖമെന്നുതോന്നുന്നതും നിഷ്ഫലം.

(വൃത്തഭേദം)

ഇത്ഥം പറഞ്ഞു ഹിരണ്യക മൂഷികൻ
ബദ്ധനായുള്ള ചിത്രഗ്രീവപക്ഷിതൻ-
പാശം കടിച്ചു മുറിച്ചു സഖിയുടെ
ക്ലേശംകളഞ്ഞു മറ്റുള്ളമാടപ്പിറാ-
സ്സംഘത്തിനുള്ളോരു ബന്ധനം ഖണ്ഡിച്ചു
സങ്കടം തീർത്തു സുഖിച്ചു മേവീടിനാൻ,
മാടപ്പിറാക്കൾക്കു നാഥൻ കപോതവും
കൂടെത്തുടർന്നൊരു പക്ഷിവൃന്ദങ്ങളും
അന്നത്തെ രാത്രിയിൽത്തത്ര വസിച്ചുകൊ-
ണ്ടന്നപാനാദികഴിച്ചു യഥാസുഖം,
യാത്രയും ചൊല്ലിഗ്ഗമിച്ചോരനന്തരം
തത്ര വൃത്താന്തങ്ങൾ കാൺകയാൽ കാകനും
എത്രയുംപാരം പ്രസാദിച്ചു മൂഷികം
മിത്രമാക്കീടുവാനിച്ഛിച്ചു ചൊല്ലിനാൻ:
ഭോ! ഭോ! ഹിരണ്യക! വിസ്മയം വിസ്മയം
ശോഭനം തദ്ഭവാൻ മൂഷികാഗ്രേസരൻ;
നിന്നോടുകൂടെസ്സഖിത്വം ലഭിക്കണ-
മെന്നുണ്ടു മോഹം നമുക്കിതു ചെയ്ക നീ.
എന്നതു കേട്ടു പറഞ്ഞു ഹിരണ്യകൻ:
നിന്നെ ഞാനാരെന്നറിഞ്ഞീലെടോ സഖേ!
ചൊന്നാൻ പതനകൻ കാകനാകുന്നു ഞാൻ.
എന്നാൽ ചിതം വരത്തില്ലെന്നു മൂഷികൻ
തങ്ങളിൽച്ചേരുവാൻ സംഗതിയില്ലാത്ത-
നിങ്ങളും ഞങ്ങളും തമ്മിലൊന്നിക്കുമോ?
ഭോക്താക്കൾ നിങ്ങളും ഭോജനം ഞങ്ങളും;
ഓർത്താൽ സഖിത്വമുണ്ടാകുമോ വായസാ!
മൂഷികന്മാരെ ബ്‍ഭുജീക്കുന്ന് കാക്കയ്ക്കു
മൂഷികന്മാരിൽക്കനിവു ജനിക്കുമോ?
കാകൻ പറഞ്ഞിതു നിന്നെബ്‍ഭുജിപ്പതി-
ന്നേകനുണ്ടന്തകനെന്നു പേരായവൻ.
പക്ഷിപ്പരിഷയെ രക്ഷിച്ച നിന്നെയി-
പ്പക്ഷിയാകുന്ന ഞാൻ ഭക്ഷിക്കുമോ സഖേ!
തങ്ങളിലേകൻ കയർത്തുവെന്നാകിലും
തങ്ങളിലേതും ഫലിക്കയില്ല ദൃഢം.
ചൂട്ടെരിച്ചങ്ങു സമീപത്തു കാട്ടിയാൽ
ചൂടുപിടിക്കുമോ സാഗരവാരിയിൽ
ക്ഷീണനായുള്ള ചിത്രഗ്രീവപക്ഷിയെ
ത്രാണനം ചെയ്ത ഭവാനെച്ചതിപ്പതി-
ന്നാണുങ്ങളായുള്ള ഞങ്ങൾ ചിന്തിക്കുമോ?
നാണമില്ലാത്തവനാണല്ല നിർണ്ണയം.
മൂഷികൻ ചൊല്ലിനാൻ ചാപല്യമെന്നുള്ള-
ദോഷമിക്കാകജാതിക്കൊക്കെയുണ്ടെടോ.
ചാപല്യമുള്ളവൻ ബന്ധുവായാൽ ജന്മ-
സാഫല്യമില്ല വിനാശവും നിർണ്ണയം.
ശക്യമല്ലാതുള്ളകാര്യം പ്രയത്നേന
ശക്യമാക്കീടുവാൻ മോഹം വൃഥാഫലം,
വെള്ളമില്ലാദ്ദിക്കിൽ വള്ളം നടക്കുമോ?
വെള്ളത്തിലോടുമോ ചാടും രഥങ്ങളും?
ദുർജ്ജനം വന്നുനിറഞ്ഞു ഭൂമണ്ഡലേ;
സജ്ജനം പാരം ചുരുങ്ങിച്ചമഞ്ഞിതു;
എന്തെന്നുമേതെന്നുമാരെന്നുമില്ലാത്ത
ജന്തുക്കൾ ബന്ധുക്കളായാൽ ശരീരികൾ-
ക്കെന്തുള്ളു സൗഖ്യം മഹാമൂഢതാരൂപ-
സിന്ധുതോയത്തിൽക്കിടക്കയെന്യേ സഖേ!
പണ്ടുള്ള ശബ്ദമീ ബന്ധുവെന്നുള്ളൊരു
രണ്ടക്ഷരം കൊണ്ടു കെട്ടിച്ചമച്ചിതു.
ഇക്കാലമായതിന്നർത്ഥമെന്തായതെ-
ന്നുൾക്കാമ്പിലോർക്കുന്ന മാനുഷൻ ദുർല്ലഭം
സാരനെന്നാകിലും മുന്നം തനിക്കുപ-
കാരങ്ങൾ ചെയ്തൊരുദേഹമെന്നാകിലും
വീരനെന്നാകിലും വിദ്യാവിശേഷേണ,
ധീരനെന്നാകിലും നല്ലപുരുഷനെ-
ക്കണ്ടാൽ മനുഷ്യർക്കു ഞാനിപ്പുരുഷനെ-
പ്പണ്ടു കണ്ടിട്ടുമില്ലെന്നഭാവം സഖേ!
വേണ്ടാതനത്തിന്നൊരുത്തൻ തുടങ്ങിയാൽ
രണ്ടാമനായിപ്പുറ്റപ്പെടും മറ്റവൻ.
അന്നവും പാലും കൊടുത്തങ്ങു തന്മടി-
തന്നിൽക്കിടത്തി ലാളിക്കും മനുഷ്യനെ-
ത്തന്നെ കടിച്ചുകൊന്നീടുകെന്നല്ലാതെ
പന്നഗത്തിന്നൊരു സംസാരമില്ലെടോ
എന്നതുപോലിന്നൊരുത്തനൊരുത്തനോ-
ടന്യോന്യസൗഹാർദ്ദമില്ല ഭൂമണ്ഡലേ,
സ്നേഹമില്ലാതുള്ള പെണ്ണിന്നു തന്നുടെ
ദേഹത്തിലർദ്ധം പകുത്തുകൊടുക്കിലും,
തെല്ലുപോലും വശത്താകയില്ലെന്നല്ല
കൊല്ലുവാൻകൂടെ ശ്രമിച്ചുവെന്നും വരും.
ജാത്യാ വിരുദ്ധരായുള്ളവർ തങ്ങളിൽ-
ചേർത്താലുമായവർ ചേരുകില്ലാ ദൃഢം,
പൂച്ചയൊടിജ്ജനം മൂഷികന്മാർ ചെന്നു
ചേർച്ചയ്ക്കു ഭാവിക്ക നന്നായ്‍വരുന്നതോ
അങ്ങോട്ടപകൃതി ചെയ്തതില്ലെങ്കിലു-
മിങ്ങോട്ടുപദ്രവിച്ചീടുന്നു ദുർജ്ജനം.
വ്യഘ്രത്തെയാരാനുപദ്രവിച്ചോ ചെന്നു
ശീഘ്രംകടിച്ചുകൊല്ലുന്നു പശുക്കളെ?
എന്നതുകൊണ്ടു പറഞ്ഞു ഞാൻ വായസ!
നന്നല്ല നാം തമ്മിലുള്ള സമ്മേളനം
വായസം ചൊല്ലിനാൻ വാക്കിനു ഹന്ത തേ
മായസംബന്ധമില്ലേതും മഹാമതേ
സാധോ! ഹിരണ്യക! സഖ്യം ഭവാനോടു
സാധിക്കയില്ലെങ്കിലെന്തിനുജീവിതം?
പ്രായോപവേശേന കേവലം നമ്മുടെ
കായോപസംഹൃതി ചെയ്യുന്നതുണ്ടു ഞാൻ
ലോഹവും ലോഹവും തങ്ങളിൽച്ചേരുവാൻ
മോഹമുണ്ടെങ്കിൽ ദ്രവിപ്പിച്ചു ചേർക്കണം
പക്ഷിമൃഗാദിയെ സ്വാധീനമാക്കുവാൻ
ഭക്ഷണം മാധുര്യമോടു കൊടുക്കണം
വിത്തംകൊടുത്തും ഭയപ്പെടുത്തും മൂഢ-
മർത്യരെ സ്വാധീനമാക്കും പതുക്കവേ
സാധുക്കൾ തങ്ങളിൽച്ചേരുവാനേകദാ
സന്ദർശനമ്മാത്രമേ വേണ്ടു മൂഷികാ
മൺകുടം വെക്കം പിളർക്കാമിദം പുനഃ-
സംഘടിപ്പിപ്പാൻമഹാപ്രയത്നം സഖേ!
പൊൻകുടം പൊട്ടിക്കാൻ വൈഷമ്യമായതു
സംഘടിപ്പിക്കാൻ പരാധീനമില്ലെടോ
ദുർജ്ജനാശ്ലേഷവും സജ്ജനാശ്ലേഷവു-
മിച്ചൊന്നപോലെ ഭവിക്കും ഹിരണ്യകാ!
എന്നതുകൊണ്ടു ഭവദ്ദർശനാദേവ
വന്നിതുനമ്മുടെ സംബന്ധമുത്തമം.
ചൊന്നാൻ ഹിരണ്യകൻ നന്നെടൊ വായസാ!
നിന്നോടു സംഗമം ഭംഗമില്ലേതുമേ.
സോപകാരം മിത്രലക്ഷണം പ്രായേണ;
സാപകാരം ശത്രുലക്ഷണം കേവലം.
ആജീവനാന്തം ഭവിക്കേണമേ പിണ്ഡ-
ഭോജിയാംനിന്നോടു സഖ്യം നമുക്കെടോ!
ഇത്ഥം നഖത്തോടു മാംസം കണക്കിനെ-
ബ്ബദ്ധം തദാ കാകമൂഷികസ്നേഹവും.
അന്നപാനാദിചെയ്തീടുവാൻ മൂഷികൻ-
തന്നുടെ പൊത്തിന്നകത്തു പുക്കീടിനാൻ.
തോഷിച്ചു കാകൻ കടുവാ ഭുജിച്ചതിൽ-
ശേഷിച്ച മാംസം ഭുജിച്ചുവന്നീടിനാൻ.
കാകൻ പറഞ്ഞു ഹിരണ്യനോടേകദാ:-
പോകുന്നു ഞാനെടോ! മറ്റൊരുകാനനേ.
‌ഇദ്ദിക്കിലഷ്ടിക്കു കഷ്ടിച്ചു കിട്ടുന്ന-
തൊട്ടും നമുക്കു സുഖംവരുന്നില്ലെടോ!
അങ്ങൊരു ദിക്കിൽ സരസ്സുണ്ടു നിർമ്മല-
മങ്ങൊരു ചങ്ങാതിയുമുണ്ടു ബുദ്ധിമാൻ;
മന്ദരനെന്നുപേരായുള്ള മദ്‍ബന്ധു
സുന്ദരൻ ധാർമ്മികൻ കൂർമ്മാധിനായകൻ,
മത്സഖിയാകുന്ന മന്ദരൻ വേണ്ടുന്ന
മത്സ്യാദിമാംസം നമുക്കു നല്കീടുവോൻ
എന്നതുകേട്ടു പറഞ്ഞു ഹിരണ്യനു-
മെന്നെയും തത്ര നീ കൊണ്ടുപോയീടണം;
കൊറ്റിനു ദുഃഖം നമുക്കുമുണ്ടിദ്ദിക്കിൽ,
മറ്റൊരുകൂട്ടുകാരില്ലാഞ്ഞു പാർക്കുന്നു;
അത്ര ദുഃഖം തനിക്കെന്തെന്നു വായസം;
തത്ര ചെന്നാൽ കഥിക്കാമെന്നു മൂഷികൻ.
കാകൻ ഹിരണ്യനെക്കൊക്കിലാക്കിക്കൊണ്ടു
വേഗം പറന്നങ്ങു ചെന്നുപറ്റീടിനാൻ.
സ്വച്ഛമായുള്ള മഹാതടാകത്തിന്റെ
കച്ഛപ്രദേശേ സുഖിച്ചു വസിക്കുന്ന
കച്ഛപശ്രേഷ്ഠനേക്കണ്ടു കുശലവും
പൃച്ഛിച്ചു മൂഷികം താഴത്തിറക്കിനാൻ.
മന്ദരൻ ചോദിച്ചു താനെന്തെടോ! മർത്യ
മന്ദിരംതന്നിൽക്കരണ്ടുകിടക്കുന്ന
മന്ദേതരോത്സാഹിയാമാഖുവൃദ്ധനെ
സ്സന്ദേഹമെന്യേ പിടിച്ചുകൊണ്ടന്നതും?
കാകൻ പറഞ്ഞിതു മൂഷികന്മാരിൽവ-
ച്ചേകൻ മഹാരാജരാജൻ ഹിരണ്യകൻ
ലോകപ്രസിദ്ധനിദ്ദേഹവും ഞാനുമാ-
യേകാന്തബന്ധുത്വമുണ്ടായി സാമ്പ്രതം.
തദ്‍ഗുണം വർണ്ണിച്ചുചൊല്ലുവാൻ വാക്കിനു
വൽഗുത്വാമേതും മതിയല്ല മന്ദരാ!
ദൈവാനുകൂല്യേന സഖ്യം തുടങ്ങിയാൽ
ജീവാവസാനാന്തമല്ലോ മഹാത്മനാം?
ഏവം മഹാഗുണം മറ്റുള്ളഭൂവാസി-
ജീവജന്തുക്കൾക്കു കാണുന്നതില്ലെടോ!
പാശേ പതിച്ചൊരു മാടപ്പിറാക്കളെ-
പ്പാശങ്ങൾ ഖണ്ഡിച്ചു രക്ഷിച്ചു മൂഷികൻ
ദേശാന്തരേഷു പ്രസിദ്ദനാമിദ്ദേഹ-
മീശാനപുത്രനാം വിഘ്നന്റെ വാഹനം.
രണ്ടുശരീരമെന്നേയുള്ളു ഞങ്ങൾക്കു
രണ്ടുപേർക്കും പ്രാണനൊന്നെന്നറിക നീ.
പണ്ടുപണ്ടേ മമ ബന്ധുവാകും ഭവാൻ
കണ്ടുബോധിക്കുമി മൂഷികന്റെ ഗുണം.
എന്നതുകേട്ടു പ്രസാദിച്ചു കച്ഛപം
മന്ദരൻ മന്ദം പറഞ്ഞുതുടങ്ങിനാൻ;
അങ്ങുന്നിവിടേയ്ക്കു പോരുവാനുള്ളൊരു
സംഗതിയെന്തെന്നുരചെയ്ക മൂഷികാ!
ചൊന്നാൻ ഹിരണ്യകൻ കൂർമ്മരാജൻ ഭവാ-
നെന്നാലതും കേട്ടുകൊൾക മഹാമതേ!