പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രലാഭം/അന്യമായിട്ടൊരു കാരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഞാനൊരു വിപ്രന്റെ മന്ദിരേ ചെന്നുടൻ
സ്നാനവും ചെയ്തു വസിക്കും ദശാന്തരേ,
ചൊന്നാൻ ഗൃഹസ്‍ഥൻ ഗൃഹിണിയോടിങ്ങോട്ടു
വന്നാലുമൊന്നുണ്ടു വേണ്ടൂ നമുക്കെടോ!
നാളെക്കറുത്തവാവൂട്ടുവാനൊന്നുര-
ണ്ടാളെ ക്ഷണിച്ചേച്ചുപോന്നു ഞാനിന്നെടോ!
എള്ളുപുല്ലാജ്യഭോജ്യാദിസംഭാരങ്ങ-
ളെല്ലാം വഴിപോലെ സംഭരിച്ചീടുക.
ചൊല്ലിനാളപ്പോൾ ഗൃഹിണിയും നമ്മൂടെ-
യില്ലത്തൊരുവസ്തുവില്ല സംഭാരങ്ങൾ.
കോപംകലർന്നുചൊന്നാൻ ദ്വിജൻ നിന്നുടെ
ലോഭം ചിതമല്ല പോടീ വിലക്ഷണേ!
അന്നുന്നു കൃത്യം കഴിക്കേണമല്ലാതെ-
യിന്നേയ്ക്കു നാളേയ്ക്കു മറ്റന്നാളേയ്ക്കെന്നും
അങ്ങനെ സംഭരിക്കുന്ന മർത്ത്യന്നു മാ-
ലെങ്ങനെ കർമ്മമെന്നാരാനറിഞ്ഞിതോ!
പണ്ടൊരുകാട്ടാളനസ്ത്രവും ചാപവും-
കൊണ്ടുപുറപ്പെട്ടു കാടുപുക്കീടിനാൻ
മാനിനെശ്ശസ്ത്രം പ്രയോഗിച്ചുകൊന്നുടൻ
താനേ ചുമന്നു നടന്നുപോകും വിധൗ,
വമ്പനായുള്ളൊരു പന്നിയെക്കണ്ടു ന-
ല്ലമ്പു പ്രയോഗിച്ചനേരമപ്പന്നിയും
വേടനെച്ചാടിക്കടിച്ചുകൊന്നാശുതാൻ
കൂടെപ്പതിച്ചു മരിച്ചു വീണീടിനാൻ
ദംഷ്ടികനെന്നു നാമത്തെദ്ധരിച്ചൊരു
ക്രോഷ്‍ടാവുമപ്പോളവിടേക്കു വന്നിതു
ഇന്നേയ്ക്കു ഭക്ഷണം വേടന്റെ വിഗ്രഹം.
പിന്നേ നാളേയ്ക്കു മൃഗത്തിന്റെ ഭക്ഷണം
പന്നിയെക്കൊണ്ടു മറ്റേന്നാളുമിങ്ങനെ,
തിന്നീടുമാറൊന്നുറച്ചു മനക്കാമ്പിൽ,
ഇന്നിനി പ്രാതൽക്കു വില്ലിന്റെ ഞാണിതു
നന്നെന്നു കല്പിച്ചു ചെന്നു കടിച്ചുടൻ
കുത്തിക്കുഴിയെക്കുലച്ചു വിൽജ്യാവിന്മേ-
ലെത്തിക്കടിച്ചവൻ ഖണ്ഡിച്ചനേരത്തു
വില്ലിൽമുനകൊണ്ടു മാറത്തുനല്ലൊരു
തല്ലുകൊണ്ടപ്പൊഴേ ചത്തുവീണീടിനാൻ
എന്നതുകൊണ്ടുപറഞ്ഞു ഞാൻ ബ്രാഹ്മിണി-
യന്നന്നു കൃത്യംകഴിച്ചേ ചിതംവരൂ.
എള്ളോടുകൂടെപ്പചിച്ചീടുമോദന-
മല്ലോ കൃസരമെന്നുള്ളൊരു സാധനം
ആയതിന്നു തിലം കുത്തിത്തൊലികള-
ഞ്ഞായവണ്ണം നീയുണക്കീടണം പ്രിയേ!
പിറ്റേദ്ദിനമവളെള്ളുകുത്തിച്ചേറി
മുറ്റത്തുണക്കുവാൻ ചിക്കി നിൽക്കുംവിധൗ,
കുക്കുടംവന്നു തൊട്ടങ്ങമിങ്ങും ചിന്തി-
ദ്ദുർഘടമാക്കിച്ചമച്ചോരനന്തരം
ശോധനചെയ്യാത്തൊരെള്ളു വാങ്ങീടുവാൻ
ഭാവിച്ച ശാണ്ഡലിമാതാവിനോടങ്ങു
ചോദിച്ചു മെല്ലെ ഗൃഹസ്ഥൻ ദ്വിജോത്തമൻ :-
എങ്ങുപോവാൻ തുടങ്ങുന്നു നീയെന്നവ-
നെള്ളുമാറാൻ ഗമിക്കുന്നു ഞാനെന്നവൾ;
അങ്ങനെയല്ല ഞാൻ ബോധിച്ച മറ്റൊരു
സംഗതികൂടുവാൻ പോകുന്നുവെന്നവൻ
എന്നതുകൊണ്ടിഹ മൂഷികന്റെസ്ഥിതി-
ക്കന്യം പ്രയോജനമുണ്ടെന്നു നിർണ്ണയം.

ഇത്ഥം പറഞ്ഞു ഖനിത്രേണ ഭൂതലേ
കുത്തിക്കുഴിച്ചോരു നേരത്തു കാണായി.
നമ്മുടെപക്കൽ പ്രയത്നേന ലബ്‍ധമാം
സ്വമ്മുള്ളതൊക്കെക്കരസ്ഥാമാക്കീടിനാൻ;
അന്നുതുടങ്ങി ദരിദ്രനായേഷ ഞാ-
നിന്നും നിലയ്ക്കുവന്നീലെടോ മന്ദിരാ!
അഷ്‍ടിയില്ലായ്കകൊണ്ടെന്റെ ശരീരവും
പുഷ്‍ടിയില്ലാതെയായെന്തുചെയ്യാവതും?
വൃഷ്ടിയില്ലാഞ്ഞാൽ നദികളും വറ്റിടു-
മിഷ്ടിയില്ലാഞ്ഞാൽ ദ്വിജന്മാരിളപ്പെടും;
തുഷ്ടിയില്ലാഞ്ഞാൽ മനുഷ്യൻ മഹാജളൻ;
കൃഷ്ടിയില്ലാഞ്ഞാൽ വിളവും കുറഞ്ഞുപോം;
യഷ്ടിയില്ലാഞ്ഞാൽ നടക്കുമോ വൃദ്ധരും?
സൃഷ്ടിയില്ലാഞ്ഞാൽ പ്രജകളുണ്ടാകുമോ?
പട്ടിയില്ലാഞ്ഞാൽ ഗൃഹസ്‍ഥനുറപ്പില്ല;
ചെട്ടിയില്ലാഞ്ഞാൽ മുഴുക്കുമോ വാണിഭം?
കുട്ടിയില്ലാഞ്ഞാൽ പശുക്കൾ കറക്കുമോ?
ചട്ടിയില്ലാഞ്ഞാൽ ദരിദ്രൻ പചിക്കുമോ?
കേട്ടു ചൂഡാകർണ്ണനാകുന്ന സന്യാസി
കേവലന്താനേ പറയുന്ന വാർത്തകൾ,
അർത്ഥമുണ്ടെങ്കിൽ സമസ്തജന്തുക്കളും
സാർത്ഥരായിടുമതില്ലാത്തപുരുഷൻ
വ്യർത്ഥം ശരീരംവഹിക്കുന്നു സർവം നി-
രർത്ഥമജ്ജീവന്റെ ജീവസന്താരണം.
നമ്മുടെ ഭിക്ഷാന്നഭോജിയാം മൂഷികൻ
സ്വമ്മു നശിച്ചതുമൂലം പരവശൻ.
ദ്രവ്യമുണ്ടെങ്കിലേ ബന്ധുക്കളുണ്ടാവൂ;
ദ്രവ്യമില്ലത്താവനാരുമില്ല ഗതി,
ദിവ്യനെന്നാകിലും ഭവ്യനെന്നാകിലും
ദ്രവ്യമില്ലാഞ്ഞാൽത്തരംകെടും നിർണ്ണയം,
ഏവംപറയുന്ന സന്യാസിയെച്ചെന്നു
സേവിച്ചു ജീവനും രക്ഷിക്ക ദുർഘടം
മറ്റൊരുദിക്കിനു പോകയ്‍കിൽ നമ്മുടെ
മാറ്റിത്തമിപ്പോളൊഴികയില്ലെന്നു ഞാൻ
തെറ്റന്നു ചിന്തിച്ചുറച്ചു പുറപ്പെട്ടു;
മുറ്റും ഭവാനെസ്സമാശ്രയിച്ചേനഹം.
പൊയ്യല്ലിരപ്പാളിയായാൽ മഹാകഷ്ട-
മയ്യോ മരിച്ചെങ്കിലാപത്തൊഴിഞ്ഞിതു,
കയ്യുമ്പരത്തിപ്പിടിച്ചങ്ങു യാചനം-
ചെയ്യുന്നദീനത്വമോർത്താൽ ജ്വലിക്കുന്ന
തീയിൽപ്പതിച്ചു ശരീരം ദഹിപ്പിക്കു-
മീയൽക്കുലത്തിൽ ജനിക്കതന്നേ സുഖം
കണ്ട ഭോഷ്കൊക്കവേ ജല്പിക്കയെക്കാട്ടിൽ
മിണ്ടാതൊരടത്തിരിക്ക തന്നേ ഗുണം.
കണ്ടപെണ്ണുങ്ങളെദ്ദോഷപ്പെടുക്കയിൽ-
ഷ്‍ഷണ്ഡനായിട്ടു പിറക്കതന്നേശുഭം
ബൗദ്ധനെസ്സേവിച്ചു ജീവക്കയെക്കാട്ടി-
ലൂർദ്ധംവലിച്ചു മരിക്കതന്നേ ശുഭം.
ചെമ്മേ ദരിദ്രനായുത്ഭവിക്കെക്കാട്ടി-
ലമ്മയ്ക്കു ഗർഭംസ്രവിക്കതന്നെ ഗുണം.
രോഗംപിടിച്ചു വപുസ്സിന്റെ വക്കത്തു
വേഗംക്ഷയിച്ചുപോകെന്നകണക്കിനെ,
ദേഹിയെന്നക്ഷരം ചൊല്ലും ജനത്തിന്റെ
ദേഹത്തിൽനിന്നു മാറും മഹാലക്ഷ്മിയും
ലബ്‍ധമായുള്ളതിൽ തൃപ്തിയില്ലാതുള്ള
ലുബ്‍ധന്നൊരിക്കലും സൗഖ്യമില്ലാ സഖേ!
അല്പമെന്നാലും ലഭിച്ചതിൽസ്സന്തോഷ-
മുല്പന്നമാകുന്ന മാനുഷൻ മാനുഷൻ.
ഇങ്ങനെയുള്ളൊരു സന്തോഷിയാമവ-
നെങ്ങുമേ ചെന്നാൽ ദുഃഖം വരാനില്ലെടോ!
തോൽകൊണ്ടു പാദേ ചെരിപ്പുള്ളവനു ഭൂ-
ലോകങ്ങൾ ചർമ്മസംഭൂതങ്ങളല്ലയോ?
കിട്ടുന്നതിൽ തൃപ്തിയുണ്ടെങ്കിൽ മാനുഷ-
ന്നൊട്ടും മനഃക്ലേശമില്ലെടോ മന്ദരാ!
എന്നതുകൊണ്ടു ഞാനെപ്പൊഴും വൈരാഗ്യ
മെന്നുള്ള സദ്ഗുണം കൈക്കൊണ്ടു സാമ്പ്രതം
ധർമ്മമേതെന്നു ചോദിച്ചേ,നൊരുനരൻ
നിർമ്മലം കാരുണ്യമെന്നതിനുത്തരം
മുഖ്യം മഹാവ്യാധികൂടാതെ വർത്തനം;
സാദ്ധ്യമേതെന്നു ചോദിച്ചതിനുത്തരം
സാധുസംസർഗ്ഗേണ വൈരാഗ്യ സംഭവം.
ബോദ്ധ്യമേതെന്നു ചോദിച്ചതിന്നുത്തരം,
ബുദ്ധ്യാ പരാല്പരവിജ്ഞാനമുത്തമം.

ശാസ്ത്രം ഗ്രഹിച്ചതുകൊണ്ടു മതിയല്ല;
ശാസ്ത്രോക്തമാചരിക്കതേ ഫലം വരാ.
എത്രയും നല്ല കഷായമെന്നാകിലും
മാത്രം കുടിക്കാതേ രോഗം ശമിക്കുമോ?
ഗ്രന്ഥം കരത്തിലുണ്ടായാൽ മതിയല്ല,
ചന്തത്തിലർത്ഥം ഗ്രഹിച്ചേ മതിവരൂ.
അന്ധനായുള്ളവൻ ദീപം കരത്തിങ്ക-
ലേന്തിനടന്നാൽ വഴിയറിഞ്ഞിടുമോ?
എന്തിന്നനേകം പറയുന്നു താനെന്റെ
ബന്ധുവായെന്നെപ്പൊറുപ്പിക്കിലുത്തമം.
തങ്ങടെ സ്ഥാനങ്ങൾ വിട്ടുപോകുന്നവ-
ക്കെങ്ങുമേ ചെന്നാൽ സുഖം വരത്തില്ലെടോ!
ദന്തം നഖം കേശമിത്യാദി നല്ലൊരു
ചന്തമുണ്ടംഗേഷു ചേർന്നിരിക്കം വിധൗ,
പെട്ടെന്നു ഗാത്രത്തിൽ നിന്നുവിട്ടാലത്
തൊട്ടാൽ കുളിക്കേണമെന്നുവന്നീലയോ?

എന്നതുകേട്ടു പറഞ്ഞിതു മന്ദരൻ:-
തന്നുടെ ദിക്കു വെടിഞ്ഞു പോയീടിലും
തെല്ലും മനോദോഷമില്ലാത്ത പൂരൂഷൻ
ചെല്ലുന്നദിക്കിൽ സ്സുഖിച്ചിരിക്കായ്‍വരും,
അന്നങ്ങളാകാശഗംഗാതടേ നല്ല
പൊന്നും സരോജാകരത്തെ ത്യജിച്ചിങ്ങു
മന്നിടന്തന്നിലെ പ്പങ്കജപ്പൊയ്കയിൽ
തന്നെ സുഖിച്ചു വസിക്കുന്നതില്ലയോ?
മന്ദത്വവും മഹാവ്യാധിയും സർവദാ
സുന്ദരിമാരുമായുള്ള സംസർഗ്ഗവും
ജന്മഭൂമി സ്നേഹമെന്നുള്ളതും മഹാ-
ദുർമ്മോഹികൾക്കേ ഭവിപ്പൂ ഹിരണ്യകാ!
ഉത്സാഹവും നല്ലവിദ്യയും ബോധവും
സത്സംഗമങ്ങളും സൽക്കർമ്മധർമ്മവും,
ഇങ്ങനെയുള്ള ഗുണങ്ങൾ തികഞ്ഞവർ-
ക്കെങ്ങുമേ ചെന്നാലുമല്ലലില്ലേതുമേ.
തന്നുടെ ദിക്കെന്നുമന്യദിക്കെന്നുമി-
ദ്ധന്യരാം നിങ്ങൾക്കു ഭേദമില്ലാ ദൃഢം.
എന്നതുകൊണ്ടു പറഞ്ഞു ഞാൻ മൂഷികാ!
നന്നിഹ നമ്മോടുകൂടേ നിവാസവും,
മേഘത്തണലിലിരുന്നു സുഖിക്കയും
ശാകാദി സസ്യങ്ങൾകൊണ്ടു മോദിക്കയും
യൗവനമുള്ളൊരു നാരിയോടൊന്നിച്ചു
നിർവേദഹീനം വിനോദിച്ചിരിക്കയും
അല്പകാലംകൊണ്ടു നാസ്തിയാമൊട്ടും വി-
കല്പമില്ലെന്നു ധരിച്ചുകൊൾക ഭവാൻ,
കാകൻ പറഞ്ഞിതു സത്യം കഥിപ്പതി-
ന്നേകൻ ഭവാനേവ കൂർമ്മചൂഡാമണേ!
സത്തുക്കൾക്കാപത്തു വന്നാൽ നികത്തുവാൻ
സത്തുക്കൾതന്നെ സമർത്ഥരാകും ദൃഢം.
ആനക്കുഴിയിൽ നിന്നാനയെക്കേറ്റുവാ-
നാനയല്ലാതെ കണ്ടേകനുണ്ടാകുമോ?
കുണ്ടുള്ള കായലും തോടുമന്വേഷിച്ചു-
കൊണ്ടു നടക്കുന്ന മത്സ്യാദിജന്തുക്കൾ
വേണ്ടും മധുവുള്ള പുഷ്പങ്ങളിൽച്ചെന്നു
വണ്ടും മധുരസമുണ്ടു മേവീടുന്നു.
രാജഹംസങ്ങളും രാജീവവൃന്ദത്തി-
ലാജീവനാന്തം വസിക്കുന്നു മന്ദരാ!
എന്നതുപോലേ ഹിരണ്യൻ തവാന്തികേ
വന്നു വസിക്കുന്നു ഞാനുമവ്വണ്ണമേ.