പഞ്ചതന്ത്രം കിളിപ്പാട്ട്/ആമുഖം
←ഉള്ളടക്കം | പഞ്ചതന്ത്രം കിളിപ്പാട്ട് രചന: ആമുഖം |
പഞ്ചതന്ത്രം കഥാരംഭം→ |
പാടലീപുത്രം എന്ന മഹാനഗരത്തിൽ വിദ്യാസമ്പന്നനും, വീര്യവാനും ഇന്ദ്രസദൃശനുമായ സുദർശനൻ എന്നു പ്രസിദ്ധനായ ഒരു രാജാവുണ്ടായിരുന്നു. സൽക്കർമ്മനിരതനായ അദ്ദേഹത്തിന് തന്റെ സുകൃതഫലങ്ങളെന്നോണം എട്ടോ പത്തോ പുത്രന്മാരുണ്ടായിരുന്നു. എന്നാൽ ആ മഹാരാജാവിന്റെ പുത്രന്മാരെല്ലാം സുഖലോലുപരും, വിദ്യാവിമുഖരും ദുർമാർഗ്ഗസഞ്ചാരികളുമായി ജീവിതം കഴിച്ചുവന്നു. ഭാഗ്യശാലിയാണെങ്കിലും ആ മഹാരാജാവിനെ പുത്രന്മാരുടെ വിദ്യാവിമുഖത, മന്ദഭാഗ്യനും, ദുഃഖിതനുമാക്കിത്തീർത്തു. വിദ്യയും വിവേകവും നീതിയും വിനീതിയും സന്ധിവിഗ്രഹാദികളും മനസ്സിലാക്കാത്ത രാജകുമാരന്മാരെക്കൊണ്ട് എന്തു ഫലമാണുള്ളത്, ഗർഭമുണ്ടാകാത്ത പശുവിനെ വളർത്തുമ്പോലെ നിഷ്ഫലമാണല്ലോ, ദുർഗുണമുള്ള പുത്രന്മാരെ വളർത്തിയെടുക്കുന്നത്. തന്റെ പുത്രന്മാർക്ക്, നീതിശാസ്ത്രമുപദേശിച്ച് പുനർജന്മം കൊടുക്കുവാൻ കരുത്തനായ ഒരാചാര്യനെ എവിടെക്കിട്ടും, എന്നെല്ലാം വിലപിച്ച് കഴിഞ്ഞുകൂടുമ്പോൾ, ഒരു നാൾ സോമശർമ്മാവെന്ന് പേരുള്ളവനും, നീതിശാസ്ത്രത്തിന്റെ മറുകരകണ്ടവനുമായ വിശിഷ്ടബ്രാഹ്മണൻ, രാജാവിനെ സമീപിച്ച് വിനീതനായി പറഞ്ഞു:
“ | "മഹാരാജാവേ, അങ്ങ് വിഷമിക്കേണ്ട, ഞാൻ ആറുമാസത്തിന്നകം അങ്ങയുടെ പുത്രന്മാരെ, നീതിശാസ്ത്രം മുഴുവൻ പഠിപ്പിച്ചേക്കാം. അങ്ങയുടെ പുത്രന്മാർ ഉന്നതന്മാരും ഉത്തമന്മാരുമായിത്തീരും. പുത്രന്മാർക്ക് അപ്രകാരമുള്ള പരിവർത്തനം ആറുമാസത്തിനകം വരാത്തപക്ഷം അങ്ങ് എന്നെ നാടുകടത്തിയാലും". | ” |
സോമശർമ്മാവിന്റെ വാക്കുകേട്ട രാജാവ് അത്യധികം സന്തോഷിച്ചു. അദ്ദേഹം അന്നുതന്നെ പുത്രന്മാരെ അയാളുടെ പക്കൽ വിദ്യാഭ്യാസത്തിനായി ഏല്പിച്ചുകൊടുത്തു. രാജ്യതന്ത്രത്തിൽ അതിപ്രധാനഘടകങ്ങളായ മിത്രഭേദം, സുഹൃല്ലാഭം, സന്ധിവിഗ്രഹം, ലബ്ധനാശനം, അസംപ്രേക്ഷ്യകാരിത്വം എന്നീ അഞ്ചു തന്ത്രങ്ങളും കുമാരന്മാരെ അദ്ദേഹം അതിവേഗം മനസ്സിലാക്കി. സരസമായ കഥകൾ വഴി രാജകുമാരന്മാരുടെ മനസ്സിൽ ആഞ്ഞുപതിക്കത്തക്കവണ്ണം പ്രതിപാദിക്കുന്ന ബോധനരീതിയാണ് സോമശർമ്മാവ് സ്വീകരിച്ചത്. തന്മൂലം രാജകുമാരന്മാർക്ക് നീതിശാസ്ത്രത്തിൽ അഭിരുചിയും അവഗാഹവും സിദ്ധിച്ചു. സോമശർമ്മാവ് വാഗ്ദത്തം ചെയ്തപോലെ രാജകുമാരന്മാർ ആറുമാസത്തിനകം ഉന്നതന്മാരും ഉത്തമന്മാരുമായിത്തീർന്നു. സരസങ്ങളും രാജ്യതന്ത്രപ്രധാനങ്ങളും ലോകപ്രസിദ്ധങ്ങളുമായ ആ കഥകളാണ് "പഞ്ചതന്ത്രകഥകൾ" എന്ന് പ്രഖ്യാതമായിട്ടുള്ളത്.
ഇതിലെ കഥാപാത്രങ്ങൾ പക്ഷിമൃഗാദികളാണെന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സംസ്കൃതത്തിൽ വിരചിച്ച ഈ അമൂല്യഗ്രന്ഥത്തെ തുള്ളൽ പാട്ടുകളായി അവതരിപ്പിച്ച് കൈരളിയുടെ ഈടുവെയ്പിലേക്ക് സംഭാവന ചെയ്തിട്ടുള്ളത് മഹാകവി കുഞ്ചൻ നമ്പ്യാരത്രേ.
അധികവും പക്ഷിമൃഗാദികളുടെ കഥയായ "പഞ്ചതന്ത്ര"ത്തിൽ നിന്ന് ജീവിതോപയോഗിയായ പലതും പഠിക്കുവാനുണ്ട്. അതാണ് ഈ കഥകളെ ലോകപ്രസിദ്ധങ്ങളാക്കീട്ടുള്ളതും. മനുഷ്യരുടെ വിഭിന്നസ്വഭാവങ്ങൾ, ജീവിതവിജയത്തിനാവശ്യമായ നയങ്ങൾ, രാജ്യം ഭരിക്കേണ്ടവർ അനുസരിക്കേണ്ട തന്ത്രങ്ങൾ എന്നിങ്ങനെ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അനായാസമായും സരസമായും ഈ കഥകളിൽ പ്രതിപാദിച്ചിരിക്കുന്നു. രാജ്യം ഭരിക്കുന്നവർ പ്രത്യേകം ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനുപേക്ഷണീയമാണ്.
“ | "അധീതേ യ ഇദം നിത്യം നീതിശാസ്ത്രം ശൃണോതി ച ന പരാഭവമാപ്നോതി ശക്രാദപി കദാചന" |
” |
(ഈ നീതിശാസ്ത്രം പാരായണം ചെയ്യുകയും കേൾക്കുകയും ചെയ്യുന്നവന് ഒരിക്കലും, ദേവേന്ദ്രനിൽ നിന്നുകൂടി, പരാജയം ഏൽക്കുകയില്ല) എന്ന് ഗ്രന്ഥത്തിന്റെ മൂലകർത്താവു തന്നെ ഇതിന്റെ പ്രയോജനത്തെപ്പറ്റി പറഞ്ഞിരിക്കുന്നു. വിശിഷ്യ സന്മാർഗോപദേശപരമായ ഗുണപാഠങ്ങളുടെ വിളനിലമാണ് ഈ കൊച്ചുഗ്രന്ഥം. അതുകൊണ്ടുതന്നെ മറ്റെല്ലാ കഥാസമാഹാരങ്ങളെക്കാൾ സമാരാദ്ധ്യമായിരിക്കുന്ന ഈ ഭാരതീയകൃതി ലോകമൊട്ടുക്കും മാനിക്കപ്പെടുന്നുവെന്നുള്ളത് നമുക്കഭിമാനകരമാണ്. എങ്കിലും തക്കവിധം ഇതിന്റെ മാഹത്മ്യം മനസ്സിലാക്കി നമ്മുടെ യുവതലമുറ ഇതു പാരായണം ചെയ്യുന്നുണ്ടോ എന്ന് സംശയമാണ്. അവിടവിടെ ചിലത് ഊന്നിപ്പറയുക മാത്രം പോരാ. നമ്മുടെ വിദ്യാർത്ഥികൾ ലോകമാകമാനം ഇതിനെ ഹൃദിസ്ഥമാക്കുന്നത് ഏറ്റവും പ്രയോജനകരമായിരിക്കുമെന്നത് സംശയരഹിതമാണ്.