Jump to content

പഞ്ചതന്ത്രം കിളിപ്പാട്ട്/അസംപ്രേക്ഷ്യകാരിത്വം/മനോരാജ്യം ഏറെ തുടങ്ങരുത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പണ്ടൊരു ഭൂസുരബ്രഹ്മചാരീ സുഖം-
പൂണ്ടൊരു വിപ്രന്റെ മന്ദിരം പുക്കുടൻ
ശ്രാദ്ധം ഭുജിച്ചു മലർപ്പൊടി ദക്ഷിണ
മാത്രം ലഭിച്ച മൺപാത്രത്തിലാക്കിനാൻ
തവിടുപൊടി വടിവിനൊടു ഘടമതിൽ നിറച്ചുടൻ
താനേ തലയിൽച്ചുമന്നു നടന്നിതു.
മാർഗ്ഗേ മനോരാജ്യമോരോന്നു ചിന്തിച്ചു
മാനവൻ മെല്ലേ നടന്നു തുടങ്ങിനാൻ
ആപണേ ചെന്നു മലർപ്പൊടി വിറ്റു പെ-
ണ്ണാടിനെ മേടിച്ചുകൊണ്ടുപോയങ്ങു ഞാൻ
സാദരം നന്നായ് വളർത്തുകൊണ്ടീടുവൻ.
സംവത്സരത്തിലീരണ്ടു ശിശുക്കളെ-
സ്സംഭവിപ്പിക്കുമിപ്പെണ്ണാടുമിങ്ങനെ
ആട്ടിൻകിടാങ്ങളെ വിറ്റു പശുവിനെ-
പ്പാട്ടിൽ നമുക്കൊന്നു മേടിക്കണം ദൃഢം.
പശുവിനൊരുശിശു ഭവതി ശിശുവിനു ശിശുക്കളും
പാരാതെ നാലഞ്ചു കാളക്കിടാങ്ങളും,
അങ്ങിനെ വാണാൽ കൃഷി തുടങ്ങാനുള്ള
സംഗതിവന്നുഭവിക്കും നമുക്കിനി.
നല്ലകണ്ടത്തിൽ കൃഷിചെയ്തുകൊണ്ടു ഞാൻ
നെല്ലും വളരെ സ്വരൂപിച്ചനന്തരം;
ഇരവുപകലധികതരസുഖമൊടു വസിക്കയും
ഇല്ലവും പുത്തനായിപ്പണിയിക്കയും
നല്ലൊരു പെണ്ണിനെ വേളികഴിക്കയു-
മില്ലത്തു മെല്ലെക്കുടിവെച്ചു കൊൾകയും;
ഇപ്രകാരം രമിക്കുംവിധൗ ഭാര്യക്കു
ഗർഭകുണ്ടാകും പ്രസവിക്കുമുണ്ണിയെ;
സുതനുടയജനനമതിശുഭകരമവന്നു ഞാൻ
സോമശർമ്മാവെന്നു പേരിട്ടുകൊള്ളുവാൻ.
അക്കാലമുണ്ണിയെ നോക്കാതെ മാതാവു
പയ്ക്കുറപ്പാനങ്ങു പൊയ്ക്കളഞ്ഞാകിൽ ഞാൻ
കോപിച്ചു കോൽകൊണ്ടു താഡനം കൂട്ടുവൻ
ഗോശാലയിൽച്ചെന്നകത്തു പുക്കീടിലും
പൊണ്ണനീവണ്ണം മനോരഥം ചിന്തിച്ചു
ദണ്ഡുകൊണ്ടൊന്നങ്ങടിച്ചു കുംഭോദരേ;
മൺകുടം പൊട്ടിത്തകർന്നു മലർപ്പൊടി
അടിമുടികൾ മുഴുവനഥ വെളുവെളെയണിഞ്ഞുകൊ-
ണ്ടങ്ങനെ ചെന്നു ഗൃഹം പുക്കു വാണവൻ.
എന്നതുകൊണ്ടു പറഞ്ഞു മനോരാജ്യ-
മേറെത്തുടങ്ങരുതെന്നു ഞാൻ ബ്രാഹ്മണാ!

അഞ്ചാറുമാസം കഴിഞ്ഞനാ-
ളഞ്ചാതെ പെറ്റു കുമാരനുണ്ടായിതു;
നളിനമുഖി കനിവിനൊടു ദശമിദിവസോദയേ
സ്നാനത്തിനായിപ്പുറപ്പെട്ടു മെല്ലവേ,
പുത്രനെസ്സൂക്ഷിച്ചു തത്ര പാർത്തീടുവാൻ
ഭർത്താവിനെപ്പറഞ്ഞാക്കിഗ്ഗമിച്ചിതു.
അന്നേരമാശു രാജാവിന്റെ ദൂതനും
വന്നു ഗൃഹസ്ഥദ്വിജനോടു ചൊല്ലിനാൻ
ഇന്നങ്ങമാവാസ്യ കാൽകഴുകിബ്‍ഭുജി-
ക്കുന്നവർക്കീരണ്ടുരൂപാ പ്രതിഗ്രഹം
വെക്കം വരേണമെന്നിങ്ങനെ തമ്പുരാൻ
തൃക്കൺമുനകൊണ്ടു കല്പിച്ചയച്ചു മാം
ഇതി നൃപതിഭടനുടയ വചനമതു കേട്ടുട-
നിഷ്ടനാം പുത്രനെക്കാത്തു വാണീടുവാ-
നെത്രയും വിശ്വാസമുള്ളോരു കീരിയെ-
ത്തത്ര പാർപ്പിച്ചു ഗമിച്ചു മഹീസുരൻ.
ഉണ്ണിയെനോക്കിസ്സമീപേ നകുലവും
കണ്ണടയാതങ്ങു പാർക്കും ദശാന്തരേ
ശിശുവിനുടെ നികടഭുവി വലിയൊരു ഭുജംഗമം
ശീഘ്രം വരുന്നതും കണ്ടൊരു കീരിയും
സത്വരം ചെന്നുടൻ നാലഞ്ചുഖണ്ഡിച്ചു
രക്തവും മെയ്യിലണിഞ്ഞു പാർത്തീടിനാൻ.
ശ്രാദ്ധം കഴിഞ്ഞു വരുന്നോരു വിപ്രന്റെ
കാൽത്തളിർചെന്നു വണങ്ങി നകുലവും
കീരിതൻ മേനിയിൽ ചോരകണ്ടപ്പൊഴേ
പാരം കയർത്തു വിചാരമില്ലാത്തവൻ
അതിചപലമതി നകുലമഹഹ മമ പുത്രന്റെ-
യംഗംമുറിച്ചു ഭുജിച്ചു മഹാശഠൻ
എന്നു കല്പിച്ചു തടിക്കൊണ്ടടിച്ചാശു
കൊന്നാനസംപ്രേക്ഷ്യകാരി നകുലത്തെ.
ചെന്നങ്ങകം പുക്കു നോക്കുന്ന നേരത്തു
നന്ദന‍ൻ കൈകാൽ കുടഞ്ഞു ക്രീഡിക്കുന്നു,
സർപ്പഖണ്ഡങ്ങളും കണ്ടാൻ സമീപത്തു;
വിപ്രനും പാരം വിഷാദിച്ചു നിന്നിതു.
ഉരഗതനു വിരവിനൊടു വിശകലിതമാക്കിയെ-
ന്നുണ്ണിയെപ്പാലനം ചെയ്തൊരു കീരിയെ
യഷ്ടികൊണ്ടാശു വധിച്ചൊരു നമ്മുടെ
ചേഷ്ടിതമെത്രയും കഷ്ടം ശിവ! ശിവ!
അന്നേരമമ്മയും വന്നു ചോദിച്ചു പൊ-
ന്നുണ്ണിക്കുതുല്യനാം കീരിക്കുമാരനെ
അതികുടിലചപലമതി മനുജവരനാരുവാ-
നയ്യോ ശിവ! ശിവ! തല്ലിവധിച്ചതും?
എത്രയും പാരം വിഷണ്ണനാം വിപ്രനും
വൃത്താന്തമെല്ലാം പറഞ്ഞറിയിച്ചിതു
ബ്രാഹ്മിണിതാനും പറഞ്ഞിതു സാഹസം
ബ്രാഹ്മണ! നിങ്ങൾക്കു വേണ്ടുന്നതല്ലിതു;
കണ്ടതും കേട്ടതുമൊക്കെ പ്രമാണമായ്
കൊണ്ടുവിചാരവും കൂടാതെ ചെയ്‍വവൻ
പണ്ടൊരു മൂഢക്ഷുരകനു വന്നൊരു
ചെണ്ടത്വമെന്നതു പോലെ തരം കെടും.
അതുപറക വിരവിലിതി ധരണിസുരനൂചിവാ-
നായതു കേട്ടലുമെന്നു തത്ഭാര്യയും