പഞ്ചതന്ത്രം കിളിപ്പാട്ട്/അസംപ്രേക്ഷ്യകാരിത്വം/അന്തണശ്രേഷ്ഠനു കീരിമൂലം യഥാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ശാരികപ്പൈതലേ! പഞ്ചമതന്ത്രവും
പാരാതെ ചൊൽക നീ പാരമുണ്ടാഗ്രഹം
ചതുരതരമധുരമൊഴി കിളിമകളുമാദരാൽ
ചൊന്നാളസമ്പ്രേക്ഷ്യകാരിത്വതന്ത്രവും
സോമശർമ്മാദ്വിജൻ ഭൂപാലപുത്രരോ-
ടാമോദമോടെ പറഞ്ഞുതുടങ്ങിനാൻ
യാതൊരു പൂരുഷൻ തത്വം ഗ്രഹിക്കാതെ
ജാതരോഷം പ്രവർത്തിക്കുന്നു ഭൂതലേ,
അവനു പുനരുപരി വരുമധിക പരിതാപവു-
മന്തണശ്രേഷ്ഠനു കീരിമൂലം യഥാ.
അക്കഥ കേൾക്കണമെന്നു ഭൂപാലന്റെ
മക്കൾ ചോദിച്ചു; പറഞ്ഞു മഹീസുരൻ.

"അപരീക്ഷ്യ ന കർത്തവ്യം
കർത്തവ്യം സുപരീക്ഷിതം;
പശ്ചാദ് ഭവതി സന്താപോ
ബ്രാഹ്മണ്യാ നകുലാദ്യഥാ"

ഗൗഡദേശേ ദേവശർമ്മനെന്നെത്രയും
പ്രൗഢനാം ബ്രാഹ്മണശ്രേഷ്ഠനുണ്ടായിപോൽ.
യമനിയമഗുണമുടയ ധരിണിസുരനാഥനും
യജ്ഞസേനാഖ്യയാം പത്നിയും ജാതയായ്.
ഭാര്യയ്ക്കു ഗർഭം പതുക്കെത്തികഞ്ഞിതു
ഭർത്താവു മോദാൽപ്പറഞ്ഞു മനോരഥം.
ഉഭയകുലശുഭകരണനിപുണനൊരുനന്ദന-
നൂനം വരാതെ ജനിക്കും നമുക്കെടോ.
അന്തണസ്ത്രീയും പറഞ്ഞു മനോരഥം:-
സന്തതിക്കാകാ സദാനന്ദഭൂസുര!
ഉപരിവരുമധികതരവിഭവശതമാഗ്രഹി-
ച്ചുക്തി ഘോഷിക്കുന്നു ദുർമ്മോഹി പൂരുഷൻ
സോമശർമ്മാവിന്റെ പിതാവിനെപ്പോലവൻ
ഭൂമിയിൽ ഖേദിച്ചു മേവുമാറായ്‍വരും
കഥയ മമ കമലമുഖി! കഥമിതി മഹീസുരൻ
കാർമുകിൽവേണി കഥിച്ചു തുടങ്ങിനാൾ:-