പഞ്ചതന്ത്രം
ദൃശ്യരൂപം
ജീവിതത്തിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച വിവരങ്ങൾ കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശർമ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം. ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഇതിന്റെ ഉത്ഭവത്തിനു നിദാനമായ വസ്തുത പ്രതിപാദിച്ചിരിയ്ക്കുന്നു. അമരശക്തി എന്ന രാജാവിന് മൂന്നു പുത്രന്മാർ ജനിച്ചു. മഠയന്മാരായിരുന്നു അവർ. ഈ അവസ്ഥയിൽ വിഷണ്ണനായ രാജാവ് സഭ വിളിച്ചു കൂട്ടി പരിഹാരം ആരാഞ്ഞു. സഭാവാസികളിൽ ഒരു വിദ്വാന്റെ അഭിപ്രായം ഓരോ ശാസ്ത്രപഠനവും നീരസജനകം ആയതിനാൽ പലഹാരരൂപത്തിൽ എല്ലാം കൂട്ടിക്കുഴച്ച് കൊടുക്കുന്നതാണ് ഉത്തമം. അതിന് ആചാര്യൻ ആയി നിയമിയ്ക്കപ്പെട്ടതാണ് വിഷ്ണുശർമ്മൻ. രാജകുമാരന്മാരെ ആറുമാസം കൊണ്ട് കഥകളിലൂടെ രാജ്യതന്ത്രം മുതലായ എല്ലാശാസ്ത്രങ്ങളും പഠിപ്പിച്ചു. ഈ കഥാസമാഹാരമാണ് പഞ്ചതന്ത്രം.